June 05, 2026 |
Share on

തോമസിന്റെ മന്ത്രിക്കസേര തകര്‍ത്തത് കോഴ ആരോപണം; വിശദമായ അന്വേഷണം ഉണ്ടാകുമോ?

ആന്റണി രാജുവാണ് എല്ലാത്തിനും പിന്നിലെന്നാണ് എന്‍സിപി എംഎല്‍എയുടെ ആരോപണം

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം പോയത് കോഴ ആരോപണത്തിന്റെ പുറത്ത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും തമ്മില്‍ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും, മന്ത്രിയാരാകണം എന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയാണെങ്കിലും, ആരോപണം വന്ന സ്ഥിതിക്ക് കാത്തിരിക്കണം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് തോമസ് കെ തോമസ് എംഎല്‍എ വെള്ളിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും ആര്‍ക്കും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നുമാണ് കുട്ടനാട് എംഎല്‍എ ഉറപ്പിച്ച് പറയുന്നത്.

കോഴ നല്‍കാന്‍ സമീപിച്ചെന്ന് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ മുന്‍ മന്ത്രികൂടിയായ ആന്റണി രാജുവിനെയാണ് തോമസ് കെ തോമസ് ശത്രുപക്ഷത്ത് നിര്‍ത്തുന്നത്. കുട്ടനാട് സീറ്റ് ലക്ഷ്യം വച്ച് ആന്റണി രാജു കളിക്കുന്ന കളിയാണെന്നാണ് ആരോപണം. ആന്റണി രാജുവിന്റെ ജനാധിപത്യ കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് തോമസിന്റെ ആരോപണം. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഘടകകക്ഷി എംഎല്‍എയ്‌ക്കെതിരേ തോമസ് ആരോപണം ഉയര്‍ത്തുന്നു. എന്നാല്‍ തനിക്കെതിരേ ഉയരുന്ന ആക്ഷേപങ്ങള്‍ ആന്റണി രാജു തള്ളിക്കളയുകയാണ്. തോമസിന്റേത് അപക്വമായ ആരോപണങ്ങളാണെന്നും, സത്യം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് തോമസ് കെ തോമസും, കോവൂര്‍ കുഞ്ഞുമോനും പറയുന്നത്. കുഞ്ഞുമോനെയും കൂറു മാറ്റാനായി തോമസ് കെ തോമസ് സമീപിച്ചെന്ന് ആരോപണമുണ്ട്. എന്നാല്‍ കുഞ്ഞുമോന്‍ ഇത് നിഷേധിക്കുകയാണ്. അന്വേഷണം ഉണ്ടായാല്‍ സഹകരിക്കാമെന്നാണ് ആന്റണി രാജുവും അറിയിച്ചിട്ടുള്ളത്.

ജനാധിപത്യ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ ആയ ആന്റണി രാജുവിനെയും ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോനെയും എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറു മാറ്റാനായി നിയമസഭയിലെ എംഎല്‍എ ലോബിയില്‍ വച്ച് കോഴ വാഗ്ദാനം ചെയ്ത് തോമസ് കെ തോമസ് സമീപിച്ചുവെന്നാണ് പരാതി. രണ്ട് എംഎല്‍എമാര്‍ക്കും 50 കോടി വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനം രണ്ടു പേരും തള്ളിക്കളയുകയായിരുന്നു. ഈ വിവരം മുഖ്യമന്ത്രി അറിഞ്ഞു. അദ്ദേഹം സിപിഎം സംസ്ഥാന സമിതിയില്‍ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു.

വാര്‍ത്തയായതിനു പിന്നാലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് ആന്റണി രാജു പറയുന്നുണ്ട്. മുഖ്യമന്ത്രിയെ സത്യസന്ധമായി കാര്യങ്ങള്‍ ബോധിപ്പിച്ചു എന്നു മാത്രമാണ് ആന്റണി രാജു പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളുമായി ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രി തന്നെയും വിളിപ്പിച്ചിരുന്നുവെന്ന് കോവൂര്‍ കുഞ്ഞുമോനും പറയുന്നുണ്ട്. കൊട്ടാരക്കരയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. തോമസ് കെ തോമസും ആന്റണി രാജുവും താനുമായി ചേര്‍ന്ന് എന്തെങ്കിലും ചര്‍ച്ച നടത്തിയോടെന്ന് മുഖ്യമന്ത്രി ചോദിച്ചുവെന്നും എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും അന്വേഷിക്കണമെന്നും താന്‍ പറഞ്ഞതായി കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരാതികളും ആരോപണങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഉയരുമ്പോഴും, വ്യക്തമായൊരു കാര്യം, കാത്തു കാത്തിരുന്ന മന്ത്രിസ്ഥാനം തോമസ് കെ തോമസിന് നഷ്ടമാകാന്‍ കാരണം ഈ കോഴ ആരോപണമാണ്. എന്‍ കെ ശശീന്ദ്രനെ മാറ്റി തോമസ് എന്‍സിപി മന്ത്രിയായി അധികാരമേല്‍ക്കും എന്ന് ഉറപ്പിച്ചിരുന്ന സമയത്താണ് കാര്യങ്ങള്‍ മറിയുന്നത്. മന്ത്രിക്കസേരയില്‍ നിന്ന് മാറില്ലെന്ന് കടുംപിടുത്തം പിടിച്ചിരുന്ന ശശീന്ദ്രനെ, ഒടുവില്‍ പിസി ചാക്കോയുടെ കൂടി സമ്മര്‍ദ്ദത്തിലാണ് അനുനയിപ്പിച്ചത്. ചാക്കോ ആദ്യം മുതല്‍ ശശീന്ദ്രനൊപ്പമായിരുന്നുവെങ്കിലും ഒടുവില്‍ തോമസിനോട് അനുകൂല സമീപനം എടുത്തിരുന്നു. പക്ഷേ, തോമസിന്റെ ഭാഗ്യം അതുകൊണ്ടും തെളിഞ്ഞില്ല.

എന്‍സിപിയുടെ തീരുമാനം തോമസ് കെ തോമസിന് അനുകൂലമായതോടെ, മന്ത്രിസഭ പ്രവേശനത്തിന് വാതില്‍ തുറന്നിരുന്നു. എന്നാല്‍, ഇതേ സമയത്താണ് തോമസിനെതിരേ കിട്ടിയ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചുവപ്പ് കൊടി വീശുന്നത്. ആരോപണങ്ങള്‍ കനമുള്ളതാണെന്ന് മനസിലായ മുഖ്യമന്ത്രി ചാക്കോയോടും തോമസിനോടും ഇക്കാര്യങ്ങള്‍ നേരിട്ട് പറയുകയും ചെയ്തു. അതോടെ തോമസ് സ്വപ്‌നം കണ്ടിരുന്ന മന്ത്രിക്കസേര അദ്ദേഹത്തിന് നഷ്ടമായി.

ഈ വിഷയത്തില്‍ സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാത്രമാണ് ഇതുവരെ പരസ്യമായ പ്രതികരണം നടത്തിയിട്ടുള്ളു. ആരോപണം ഗൗരവമുള്ളതും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട സിപിഐ സെക്രട്ടറി, ആരോപണം ശരിയാണെങ്കില്‍, അങ്ങനെയൊരാള്‍ എല്‍ഡിഎഫില്‍ തുടരരുതെന്നും, കാലിചന്തയില്‍ കാളകളെ വിലയ്ക്ക് വാങ്ങുന്നതുപോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും കുറ്റപ്പെടുത്തി. അതേസമയം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഇക്കാര്യത്തില്‍ വിശദമായി ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ പ്രതികരിക്കുമെന്നാണ് തോമസ് പറഞ്ഞതെങ്കിലും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.  money offering allegation against kuttanad ncp mla thomas k thomas

Content Summary; money offering allegation against kuttanad ncp mla Thomas K Thomas

Leave a Reply

Your email address will not be published. Required fields are marked *

×