UPDATES

ട്രെന്‍ഡിങ്ങ്

പ്രണയിച്ചും ചുംബിച്ചും കൊണ്ടല്ലാതെ ഒരു യുദ്ധവും ഫലവത്താവില്ല; കാരണവന്മാര്‍ അനുഗ്രഹിച്ചാലും ഇല്ലെങ്കിലും

പ്രണയവും ലൈംഗികതയും സ്ത്രീ ശരീരവും അവളുടെ സ്വാതന്ത്ര്യവും തിരിച്ചറിവുകളും തന്നെയാണ് മതങ്ങളുടെ ഉറക്കം കെടുത്തുന്നത്.

ലാ ജെസ്‌

ലാ ജെസ്‌

                       

ഒരു വനിതാ ദിനം കൂടി കടന്നു പോയി. പല വനിതാദിനങ്ങളിലുമെന്ന പോലെ ഈ ദിനത്തിലും ഉയർന്നു കേട്ടതാണ് എന്തിനു ഇങ്ങിനെയൊരു പ്രത്യേക ദിനം, അതൊന്നും വേണ്ട എല്ലാ ദിനവും ഞങ്ങളുടേതാണ് എന്ന ഒഴുക്കൻ വാദങ്ങൾ.

Intersectional feminism എന്താണെന്നറിയാത്തവരായിരിക്കാം ഭൂരിഭാഗം പേരും. ഫെമിനിസം എന്നുള്ളത് ബോക്സിനുള്ളിൽ നിർവ്വചിക്കപ്പെട്ട ഒറ്റ മുഖം മാത്രമായുള്ള ഭൂതമല്ല. പല മുഖങ്ങളുള്ള വർത്തമാനമാണത്. പല കൈവഴികളുള്ള ഭൂതത്തിൽ നിന്നും വർത്തമാനത്തിലൂടെ ഒഴുകുന്ന നമ്മുടെ ഭാവിയാണത്. സ്ത്രീകളിൽ തന്നെ പലവിധ പ്രിവിലേജുകൾ അനുഭവിക്കുന്നവരുണ്ട്. നാനാവിധ ജീവിത പരിസരത്തു നിന്ന് വരുന്നവരുണ്ട്. അവർക്കിടയിൽ ജാതി, മത, വർഗ്ഗ, വർണ്ണ വേര്‍തിരിവുകളുണ്ട്. വ്യത്യസ്ത സബ്ജെക്റ്റീവ് പോസിഷനിൽ നിൽക്കുന്നവരാണ്. എല്ലാവരെയും ഒറ്റ നുകത്തിൽ വലിച്ചു കെട്ടിക്കൊണ്ട് പോകുന്ന മെയിൻസ്ട്രീം ഫെമിനിസത്തിനു അതുകൊണ്ട് തന്നെ വിമർശനങ്ങളൊഴിഞ്ഞ നേരമില്ല.

വനിതാ ദിനവും അതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ, ആഘോഷങ്ങൾ, ചർച്ചകൾ തുടങ്ങിയവ പ്രത്യക്ഷവും  പെട്ടെന്നുള്ളതുമായ ഫലങ്ങൾ പ്രകടിപ്പിക്കുന്നുണ്ടാവണമെന്നില്ല. എങ്കിലും പരോക്ഷവും പരിണിതവുമായ ഫലങ്ങൾ തരുന്നു എന്നുള്ളതാണ് ലോകത്താകമാനം സംഭവിക്കുന്ന ചലനങ്ങൾ തെളിയിക്കുന്നത്.

ഒരൊറ്റ ദിവസം കൊണ്ടാടപ്പെടുന്ന വനിതാ ദിനം താമസിയാതെ ഒരാഴ്ചത്തെ ക്യാമ്പുകളായും പിന്നീട് 365 ദിവസങ്ങളിലും അനുസ്യൂതം തുടരുന്ന സ്വാഭാവിക പ്രക്രിയയായും മാറേണ്ടതുണ്ട്. അപ്പോൾ അത് സ്ത്രീ എന്ന എസ്സെൻഷ്യലിസ്റ്റ് വാദത്തെ സാധൂകരിക്കുകയല്ലേ എന്നൊരു സംശയം ഉണരാം. ഒരാൾ പുരുഷനോ സ്ത്രീയോ ഭിന്നലിംഗമോ അങ്ങനെ ആരുമായി മാറുന്നത് ചില സാമൂഹ്യ ബന്ധങ്ങൾക്കുള്ളിൽ മാത്രമാണ് (അത്തരം മേൽവിലാസങ്ങളെ വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തുകയും കാലാകാലത്തേക്കുമായി നിലനിർത്തുകയും ചെയ്യുക, ആരോ എപ്പോഴോ ഉണ്ടാക്കി വെച്ചിട്ടുള്ള ആ മേൽവിലാസമാണ് ശാശ്വതസത്യം  എന്ന് തെറ്റിദ്ധരിപ്പിക്കുക ഇവയൊക്കെയാണ്  മതങ്ങളുടെ ജോലി). വനിതാ ദിനം ഉണ്ടായത് തന്നെ അവിടെ പുരുഷൻ ഉണ്ടായതുകൊണ്ടാണ്. പുരുഷനില്ലാതെ വനിതയും  ഇല്ല.

ഈ ദിനത്തോടനുബന്ധിച്ചു വായിക്കപ്പെടാനും പ്രശ്നവൽക്കരിക്കാനും ഏറ്റവും യോഗ്യതയുള്ള ഒരാചാരമുണ്ട്. സദാചാരം എന്ന സാമൂഹ്യക്കണ്ണ്. Big brother is watching എന്ന അധികാര സംജ്ഞയുടെ പനോപ്റ്റികോൺ (panopticon), അതിന്റെ  കണ്ണുകൾ തുറന്നു വച്ചിരിക്കുന്നത് സ്ത്രീയുടെ നേർക്കാണ്. അവളുടെ സ്വാതന്ത്ര്യത്തിന്റെയും ശരീരത്തിന്റെയും സന്തോഷങ്ങളുടെയും ആനന്ദങ്ങളുടെയും ജന്മാവകാശങ്ങളുടെയും നേർക്കാണ്. അതിനു ആൺകോയ്മാ പൊതുസമൂഹം നൽകുന്ന പിന്തുണ തന്നെയാണ് മറൈൻ ഡ്രൈവിലുണ്ടായ ചൂരൽ പ്രയോഗത്തിന്റെ ഊർജ്ജം. അതിന് വനിതാ ദിനം തന്നെ തെരഞ്ഞെടുത്തു എന്നുള്ളത് രസകരം തന്നെ. അവർക്കറിയാം ഇത്ര ശതമാനം വരുന്ന കേരള മധ്യവർഗ്ഗ പൊതുബോധത്തിന്റെ പൾസ്. ആ പൾസിനെക്കുറിച്ചുള്ള ബോധം തന്നെയാണ് കോടിയേരിയുടെ സത്യസന്ധമായ ആശങ്ക പേറുന്ന വരികളിലൂടെ പുറത്തേക്ക് വമിച്ചത്. അവിടെ വോട്ടു ബാങ്കും രാഷ്ട്രീയാധികാരവും വരവ്  വരച്ചിട്ടുണ്ടാകാം. എന്നാൽ അനില്‍ അക്കര പോലുള്ള നമ്മുടെ നേതാക്കന്മാർക്ക് വിഡ്ഢിത്തം വിളമ്പുന്നതിനു  രാഷ്ട്രീയമൊന്നുമല്ല കാര്യം. അത് പച്ചയായ കുരു പൊട്ടൽ  ആചാരം തന്നെ.

ഒരാൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? (അവിടെ പിശാച് വന്നിരിക്കുമെന്നാണ് ചിലർ പറയുന്നത്). അവിടെ സൗഹൃദം ഉണ്ടാകാം, പ്രണയം സംഭവിക്കാം, ലൈംഗികത സംഭവിക്കാം. വെറുപ്പോ വിദ്വേഷമോ ഇല്ല. ഹിംസയില്ല. ഒരു പൂവിരിയുന്ന മനോഹാരിത മാത്രം. പിന്നെ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാവുന്നതെവിടെ? കുരു പൊട്ടുന്നതെന്തു കൊണ്ട്? പൊട്ടിയ ചലത്തിലൂടെ ഒലിച്ചിറങ്ങുന്നത് ഈ പ്രണയം കണ്ട് വേദനിച്ച് ഞെളിപിരി കൊണ്ട മതബോധമാണ്. അപ്പോൾ രാഷ്ട്രീയക്കാരോ എന്ന് ചോദിക്കൂ. പ്രത്യേകിച്ചും മതേതര രാഷ്ട്രീയത്തിന്റെ വക്താക്കൾ! ഒരു മതാധിഷ്ഠിത രാജ്യത്തു ജീവിക്കുന്ന, മതേതരത്വം  എന്നുള്ളത് എല്ലാ മതങ്ങളെയും കൂട്ടിപ്പിടിച്ചുമ്മ വെക്കുന്നതാണ് എന്ന് ഭരണഘടനയാൽ തന്നെ സൂചിപ്പിച്ചിട്ടുള്ള ഒരു രാജ്യത്ത്, വളർന്നു വരുന്ന ഒരു പൗരന് അതിൽ  നിന്ന് രക്ഷയുണ്ടാകുമോ? രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഒരു ഇന്ത്യൻ പൗരൻ നേടുന്ന വലിയ മഹത്വം.

ഇന്ത്യൻ  സെക്കുലറിസത്തിൽ നിന്ന് വെസ്റ്റേൺ സെക്കുലറിസത്തിനുള്ള വ്യത്യാസം അവിടെ സ്‌റ്റേറ്റും മതവും രണ്ടാണ് എന്നതാണ്. അവിടെ മതങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സ്റ്റേറ്റിനില്ല. മതം വ്യക്തികളുടെ തെരഞ്ഞെടുപ്പും സ്വകാര്യതയുമാണ്. ഇന്ത്യയിലെ ചുറ്റുപാടിൽ ജനിച്ചു വളരുന്ന ഒരാളെ നയിക്കുന്നത് കുടുംബത്തിൽ നിന്ന്, കൂട്ടുകാരിൽ നിന്ന്, സിനിമകളിൽ നിന്ന്, സാഹിത്യങ്ങളിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന്, പാഠപുസ്തകങ്ങളിൽ നിന്ന്, അധ്യാപകരിൽ നിന്ന്, സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ദൂരദർശനും ആകാശവാണിയും പോലുള്ള  പൊതുമാധ്യമങ്ങളിൽ നിന്ന്, സൺഡേ സ്‌കൂളുകളിൽ നിന്നും മദ്രസകളിൽ നിന്നും ശാഖകളിൽ നിന്നും ലഭിക്കുന്ന ജ്ഞാനമാണ്. ഈ ബോധവും ബോധ്യവും പേറുന്ന ആ ജ്ഞാനപരിസരത്തു നിന്ന് കൊണ്ട് ചിന്തിക്കുന്ന ഏതൊരാളും കക്ഷി  രാഷ്ട്രീയ ഭേദമന്യേ ഇക്കാര്യത്തിൽ ഐക്യദാർഢ്യപ്പെടും.

മതങ്ങളുടെയെല്ലാം പൊതുശത്രുവും ശക്തനായ എതിരാളിയും ആയിട്ടുള്ളത് പ്രണയം ആണ്. ഹിന്ദു, ഹിന്ദുമതം ആയി മാറുന്നതിനു മുൻപ് ഏറ്റവും വിലമതിച്ചിരുന്നത് പ്രണയത്തെയും ലൈംഗികതയെയും മനുഷ്യന്റെ ജൈവികമായ ആനന്ദങ്ങളെയുമായിരുന്നു. ഒരേ സമയം പതിനായിരം  ദൈവങ്ങളും ശിവൻ എന്ന  ശൂന്യതയും ഭൗതികവാദവും ആനന്ദവാദവും ആത്മീയതയും നിരീശ്വരവാദവും യുക്തിവാദവുമൊക്കെയായി സമ്പന്നമായ സംസ്കാരം അന്നായിരുന്നു. ഇന്നത്തേക്കാൾ  മെച്ചപ്പെട്ട ജനാധിപത്യ ബോധമുള്ള സമൂഹമുണ്ടായിരുന്നു. വേദിക് കാലഘട്ടത്തിൽ ശൈശവ  വിവാഹങ്ങൾ ഉണ്ടായിരുന്നില്ല. സ്ത്രീകളെ ഉത്പന്നങ്ങളും ചരക്കുകളായും കണ്ടിരുന്നില്ല. അന്നത്തെ ഇതിഹാസങ്ങളിൽ സ്വയംവര സ്വാതന്ത്ര്യമുള്ള  സ്ത്രീകളെ  കാണാം. സ്വയംവര വേദിയിൽ ജാതിയും മതവും ഉരച്ചു നോക്കിയിരുന്നില്ല. ഗുപ്ത കാലഘട്ടത്തില്‍ ശക്തിയാർജ്ജിച്ച, കാലക്രമേണ മറ്റു മതസ്ഥരിൽ നിന്ന് കടം കൊള്ളുകയും റിവൈവൽ ഓഫ് ഹിന്ദുയിസം എന്ന പേരിൽ നടപ്പിലാക്കപ്പെടുകയും ചെയ്ത രാഷ്ട്രീയ അജണ്ടയുടെ ഇരയാണ് ഹിന്ദുയിസം. അതിന്റെ ഉപോല്പന്നമാണ് ഹിന്ദുമതം. അങ്ങിനെ  മതം സംരക്ഷിക്കുക എന്നുള്ളതിന്റെ ഭാഗമായി, ശുദ്ധിവാദത്തിന്റെ ഭാഗമായി, അധികാര സംരക്ഷണത്തിന്റെ ഭാഗമായി ലൈംഗികത അടിസ്ഥാനമായി വരുന്ന പ്രണയം എന്ന മാനുഷികവികാരം ഇന്ത്യയിൽ സാമൂഹ്യ ജീര്‍ണ്ണതകളുടെ ലിസ്റ്റിൽ എഴുതിച്ചേർക്കപ്പെട്ടു.

എന്തുകൊണ്ടാണ് മതങ്ങൾ പ്രണയത്തെ ഇത്രമാത്രം ഭയപ്പെടുന്നത്? രണ്ടുപേർ തമ്മിൽ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നത് തന്നെയാണവരെ ഭയചകിതരാക്കുന്നത്. പ്രണയത്തിൽപെട്ടാൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും മതത്തെ വകവെക്കാതിരിക്കുകയും ചെയ്യും എന്നുള്ള ഭീതിയാണതിന് പിന്നിൽ. സംഗതി വളരെ സിംപിൾ ആണ്, പക്ഷെ പവർഫുൾ ആണ്.

ഏതൊരു മതവും കെട്ടിപ്പടുത്തിട്ടുള്ളത് പെണ്ണിന്റെ ചുമലിലാണ്. കുടുംബം മതത്തിന്റെ ആയുധവും. അവളുടെ ആർത്തവവും ശരീരവും ഉപയോഗിച്ച് കൊണ്ടാണ് ലോകം ഇന്ന് വരെ നിലനിന്നിട്ടുള്ളത്. അതേ ടൂളുകൾ ഉപയോഗിച്ചാണ് മതങ്ങൾ പ്രവർത്തിക്കുന്നതും ദൈവവചനങ്ങളും ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുള്ളതും. ആർട്ടിഫിഷ്യൽ  ഇൻസെമിനേഷനും ലബോറട്ടറിയിലെ കൃത്രിമ  ഗര്‍ഭപാത്രങ്ങളും സറൊഗസിയും ‌ഒക്കെ മതങ്ങൾ എതിർത്തു കൊണ്ടേ ഇരിക്കും. ഇതൊക്കെ സ്ത്രീക്കുള്ള വലിയ സാധ്യതകളും മതങ്ങളുടെ അന്തകരുമാണ്. അതിനെ എത്തിക്സ് എന്ന് പേരിട്ട് വിളിച്ചെതിർക്കുന്നത് നിലനില്പിന്റെ ഈ ഭീതി കാരണമാണ്.

ആണും പെണ്ണും കുട ചൂടിയിരിക്കുന്നത് കാണുമ്പോൾ എല്ലാം അവിഹിതമാണെന്നു തെറ്റിദ്ധരിക്കരുതെന്നും അത് സൗഹൃദമാകാമെന്നുമാണ്‌ ചില പുരോഗമനക്കാരുടെ കണ്ടെത്തൽ. അതായത് അവിഹിതം പൊറുക്കില്ല എന്ന്. അവിഹിതം  കൊണ്ട് ആരുടെ കോണകമാണ് ഊരിപ്പോകുന്നതെന്നു പകൽ പോലെ വ്യക്തം.

പ്രണയത്തിന്റെ അടിസ്ഥാനം ആകർഷണമാണ്. ആണും പെണ്ണും തമ്മിലുള്ള ജൈവിക ചോദനയായ ലൈംഗികത തന്നെയാണ് അതിനടിസ്ഥാനം. അങ്ങനെയാണ് പ്രണയവും ലൈംഗികതയും മതങ്ങളുടെ ശത്രുക്കളാകുന്നത്, അവ പാപങ്ങളുടെ ലിസ്റ്റിൽ പെടുന്നത്. ആ ചോദനയെ, പരസ്പര സമ്മതത്തോടെ ജനാധിപത്യ മൂല്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വിനിയോഗിക്കപ്പെടുമ്പോൾ ആർക്കാണ് എവിടെയാണ് കൊള്ളുന്നത്? അടികൊള്ളുന്നത് ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതത്തിനാണ്. മതത്തിന്റെ നിലനിൽപ്പാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്. പ്രണയത്തിൽ ആയിരിക്കുന്നവരുടെ ഇടയിൽ ജാതി, മത, വർഗീയ ചിന്തകളില്ല, വിദ്വേഷമില്ല എന്നത് തന്നെയാണ് അവരെ പേടിപ്പിക്കുന്നത്.

പ്രണയവും ലൈംഗികതയും സ്ത്രീ ശരീരവും അവളുടെ സ്വാതന്ത്ര്യവും തിരിച്ചറിവുകളും തന്നെയാണ് മതങ്ങളുടെ ഉറക്കം കെടുത്തുന്നത്. അവർ  ജാഗരൂകരായി ഉണർന്നിരിക്കുകയാണ്, ചെവിയോർക്കുകയാണ്, പോലീസ് നായകളായി മണം പിടിക്കുകയാണ്. പേ ബാധിച്ച പട്ടികളായി അലഞ്ഞു നടക്കുകയാണ്. ചൂരൽ, കുറുവടി, വാൾ എന്നിത്യാദി സാമഗ്രികളുമായി നിരന്തരം നിരീക്ഷണത്തിലും സംഘർഷത്തിലുമാണ്. ഇതിനെതിരെ പ്രണയിച്ചും ചുംബിച്ചും കൊണ്ടല്ലാതെ മറ്റൊരു യുദ്ധവും ഫലവത്താവുകയില്ല. അതിനനുവാദം നൽകുന്ന കാരണവന്മാർ  ഉണ്ടാകുന്ന കേരളം തന്നെയാണ് സ്വപ്നം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).

ലാ ജെസ്‌

ലാ ജെസ്‌

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷക

More Posts

Share on

മറ്റുവാര്‍ത്തകള്‍