ജോലിയിലിരിക്കെ മരണപ്പെട്ട മകന്റെ 35ലക്ഷത്തിലധികം വരുന്ന കടബാധ്യത, ഭര്‍ത്താവും ഒരു മകനും മരിച്ചതിന്റെ വേദന, പിന്നാലെ ഹൃദ്രോഗം കൊണ്ട് അവശനിലയിലായ മകള്‍, കടം തീര്‍ക്കാനായി വീടിന്റെ ഫര്‍ണിച്ചര്‍ വരെ വിറ്റു… old lady suicide after attempting to kill daughter
നെയ്യാറ്റിന്‍കര വഴതൂരില്‍ അമ്മ മകളുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് അമ്മ അനുഭവിച്ച അതി ഭീകരമായ ദുരിത ജീവിതം. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് 77-കാരിയായ ഒരു അമ്മയുടെ ചുമലിലുണ്ടായിരുന്ന ബാധ്യതകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഇതിനിടെയാണ് റെയില്‍വേ വികസനത്തിന്റെ പേരില്‍ ഉള്ള കിടപ്പാടം കൂടി നഷ്ടമാവുമെന്ന വാര്‍ത്ത ആ സാധു സ്ത്രീയെ കൂടുതല്‍ പരിഭ്രാന്തയാക്കിയത്. പറയാനുള്ളതും അറിയാത്തതുമായി ഇനിയുമേറെയാണ്.
നെയ്യാറ്റിന്‍കര വഴതൂരില്‍ റെയില്‍വേ പാലത്തിനടുത്തുള്ള അറക്കുന്ന് സ്വദേശി ലീലയാണ് കിടപ്പ് രോഗിയായ മകള്‍ ബിന്ദുവിന്റെ കഴുത്തറത്ത ശേഷം തീകൊളുത്തി മരിച്ചത്. 51കാരിയായ ബിന്ദു ആശുപത്രിയില്‍ തുടരുകയാണ്. പലരോടും മാറി മാറി നിസ്സാഹായവസ്ഥ വെളിപ്പെടുത്തിയിട്ടും ശാശ്വതമായ പരിഹാരം ആ അമ്മയ്ക്ക് കിട്ടാത്തതാണ് അവരെക്കൊണ്ട് ഇത്തരമൊരു വഴി തെരഞ്ഞെടുപ്പിച്ചത്..
മരിക്കുന്നതിന്റെ അന്ന് പകലും ലീലയെ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് വാര്‍ഡ് മെമ്പറായ എല്‍ എസ് ഷീല അഴിമുഖത്തോട് പറയുന്നത്. അടുത്തിടെ കാണുമ്പോഴൊക്കെ മരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആരോഗ്യം നശിച്ചു. മരിക്കാറായി. മരിച്ചാല്‍ ബിന്ദു എന്തു ചെയ്യും? അവളെ ശാന്തികവാടത്തില്‍ കൊണ്ട് ചെന്ന് ആക്കണം എന്നൊക്കെയായിരുന്ന പറഞ്ഞിരുന്നത്. അങ്ങനെയൊന്നും സംഭവിക്കില്ലെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. മകന്‍ അനില്‍ കുമാറിന് 37 ലക്ഷത്തോളം കടമുണ്ട്. അത് തീര്‍ക്കാത്തതിന്റെ പിരിമുറുക്കവും ഉണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് കണ്ടപ്പോള്‍ അനില്‍ കുമാറിന് ഇന്‍ഷുറന്‍സ് ഉണ്ടെന്നും അപകടത്തില്‍ മരിച്ചാല്‍ വലിയ തുക കിട്ടുന്ന ഇന്‍ഷുറന്‍സ് ആണത്. പക്ഷെ സര്‍വീസില്‍ ഇരിക്കെ മരിച്ചത് കൊണ്ട് 10 ലക്ഷമെങ്കിലും കിട്ടുമെന്ന് പറഞ്ഞു. അതിന് അനിലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ചെല്ലണം എന്നുമാണ് ലീല പറഞ്ഞിരുന്നതെന്ന് മെമ്പര്‍ ഓര്‍ക്കുന്നു. ഒരുമിച്ച് അക്കാര്യത്തിന് പോവാമെന്നും പറഞ്ഞിരുന്നു.
റെയില്‍വേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ ലീലയുടെ പുരയിടവും അതില്‍ വരുന്നുണ്ടായിരുന്നു. പുരയിടത്തിന്റെ കുറച്ച് ഭാഗം ബാക്കിയാവും. ആ സ്ഥലത്ത് ചെറുതെങ്കിലും വീടുണ്ടാക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് അവരെ വിട്ടത്. പക്ഷെ ഇത്തരമൊരു കടും കൈ ചെയ്യുമെന്ന് കരുതിയില്ല എന്നും മെമ്പര്‍ കൂട്ടിചേര്‍ത്തു. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെയും റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെയും പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇറക്കി വിടുമെന്ന് പേടിച്ചിരുന്നതായി അയല്‍വാസിയോട് പറഞ്ഞതായും കഴിഞ്ഞ ദിവസം അറിഞ്ഞു. പെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ പണമില്ലാതായപ്പോ ഒരു അലമാരിയും രണ്ട് ഫര്‍ണിച്ചറും വിറ്റിരുന്നു.
വര്‍ഷങ്ങളായി ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങളായിരുന്നു മരിച്ച ലീലയുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത്. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രാജമണിയാണ് ലീലയുടെ ഭര്‍ത്താവ്. ഹൃദ്രോഗത്തെ തുടര്‍ന്ന് രാജമണി മരിച്ചതോടെയാണ് കഷ്ടപ്പാടുകള്‍ ലീലയുടെ ജീവിതത്തിലെത്തിയതെന്ന് വാര്‍ഡ് മെമ്പറായ എല്‍ എസ് ഷീല പറയുന്നു. പിന്നീട് ലീല പണിയ്ക്ക് പോയിട്ടാണ് മൂന്ന് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും. പഠനം കഴിഞ്ഞപ്പോള്‍ മകന്‍ അനില്‍ കുമാറിന് അച്ഛന്റെ ജോലി കിട്ടി. ഇതായിരുന്നു പിന്നീട് കുടുംബത്തിന്റെ ആശ്രയം. ഇതിനിടെ പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചു. പക്ഷെ അവിടെയും നിര്‍ഭാഗ്യം വേണ്ടയാടി. ബിന്ദുവിന്റെ ഭര്‍ത്താവ് രോഗം വന്ന് മരിച്ചു. പിന്നാലെ ബിന്ദു പ്രമേഹവും ഹൃദ്രോഗവും വന്ന് അവശനിലയിലായി.
സാമ്പത്തിക പരാധീനത കൊണ്ട് ബിന്ദുവിനെ കുടുംബം ജനറല്‍ ആശുപത്രിയില്‍ ആക്കി. അവിടെയായിരുന്നു ബിന്ദു കുറേക്കാലം. ഇതിനിടെയാണ് 2023 നവംബറില്‍ മകന്‍ അനില്‍ കുമാര്‍ അച്ഛന്റെ അതേ അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ആ സമയത്ത് ലീല മകളായ ബിന്ദുവിനെ കാണണമെന്ന് വാര്‍ഡ് മെമ്പറെയും നാട്ടുകാരെയും അറിയിച്ചു. മെമ്പര്‍ ഷീലയും നാട്ടുകാരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ലീലയെ എത്തിച്ചു. അപ്പോഴേക്കും തീര്‍ത്തും അവശനിലയിലായിരുന്നു ബിന്ദു. വേണമെങ്കില്‍ കൊണ്ട് പോവാമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഷീല മകളെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. ബിന്ദുവിനെ കൊണ്ട് വന്ന അവര്‍ അടുത്തുള്ള ഗേള്‍സ് സ്‌കൂളില്‍ പാചകക്കാരിയായി. അതിലെ വരുമാനവും ഭര്‍ത്താവ് സര്‍വീസില്‍ ഇരിക്കെ മരിച്ചതില്‍ കിട്ടുന്ന പെന്‍ഷന്‍ കാശുമായിരുന്നു മരുന്നിനും മുന്നോട്ടുള്ള ജീവിതത്തിനും ഉപയോഗിച്ചത്.
ബിന്ദുവിനെ ഇവിടെ എത്തിച്ച ശേഷം വെറേ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് നേരത്തെ നല്‍കിയിരുന്ന മരുന്നുകള്‍ തെറ്റായിരുന്നുവെന്ന് മനസിലാക്കിയത്. ഒപ്പം ഹൃദ്രോഗത്തിനും ചികില്‍സ തേടി. കുറച്ച് കാലം ഇടയ്ക്കിടെ നെഞ്ച് വേദന ബിന്ദുവിനെ അലട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യവതിയായി
കൊണ്ടിരിക്കുകയായിരുന്നുവെന്നും ഷീല പറയുന്നു. പരസഹായമില്ലാതെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതിരുന്ന ബിന്ദു എഴുന്നേറ്റ് നടക്കാവുന്ന അവസ്ഥയിലേക്ക് മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Mother commits suicide after attempting to kill daughter in Neyyattinkara
old lady suicide after attempting to kill daughter