കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ സീറ്റ് ക്രമീകരണത്തെക്കുറിച്ച് നടന്ന ചർച്ചയിൽ എട്ടാം നിരയിൽ സീറ്റനുവദിച്ചതിൽ എതിർപ്പറിയിച്ച് മുതിർന്ന ടിഡിപി എംപി മഗുന്ത ശ്രീനിവാസലു. ബിജെപി സഖ്യകക്ഷിയായ ടിഡിപിയിലെ അംഗവും അഞ്ച് തവണ എംപിയുമായ തന്റെ ആവശ്യം പരിഗണിക്കണമെന്ന് മഗുന്ത ശ്രീനിവാസലു ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭയിൽ രണ്ടാം നിരയിലായിരുന്നു മഗുന്ത ശ്രീനിവാസലുവിന്റെ ഇരിപ്പിടം. Lok Sabha seating arrangement issue
ഇരിപ്പിട പ്രശ്‌നങ്ങൾക്കായി പാർലമെന്റിലെ നടപടികൾ തടസപ്പെടുത്തരുതെന്നും ഇത്തരം പ്രശ്‌നങ്ങൾക്ക് പാർലമെന്ററികാര്യ മന്ത്രാലയത്തെ സമീപിക്കണമെന്നും മഗുന്ത ശ്രീനിവാസലുവിന് ലോക്‌സഭ സ്‌പീക്കർ ഓം ബിർല മറുപടി നൽകി. സീറ്റ് ക്രമീകരണത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള നിരവധി എംപിമാർ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എംപിമാർക്ക് മുൻനിര സീറ്റുകൾ അനുവദിച്ചതിൽ പലരും വിമർശനമറിയിച്ചിട്ടുണ്ട്. സ്‌പീക്കറുടെ കസേരക്ക് തൊട്ടടുത്തുള്ള എട്ടാം ബ്ലോക്കിൽ കോൺഗ്രസ് എംപിമാർക്ക് സീറ്റനുവദിച്ചത് യുക്തി രഹിതമായ തീരുമാനമാണെന്ന് മറ്റ് പാർട്ടികളിലെ എംപിമാർ അഭിപ്രായപ്പെട്ടു. പുതിയ സീറ്റ് ക്രമീകരണം അനുസരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ എട്ടാം ബ്ലോക്കിലെ പ്രമുഖ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചപ്പോൾ കോൺഗ്രസിന്റെ സഖ്യകക്ഷികളിൽ പലരും പ്രാധാന്യമില്ലാത്ത ഇരിപ്പിടത്തിലേക്ക് മാറി. ഡിഎംകെയുടെ എ രാജ മാത്രമാണ് രണ്ടാം നിരയിൽ ഇരിപ്പിടമുള്ള മറ്റൊരാൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഇരിപ്പിടം നാലാം നിരയിലാണ്. അതേസമയം കോൺഗ്രസ് ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയിയുടേയും ചീഫ് വിപ്പ് സുരേഷ് കൊടിക്കുന്നിലിന്റേയും സീറ്റുകൾ മുൻനിരയിലാണ്.
സഭാനടപടികൾ സംപ്രേക്ഷണം ചെയ്യുമ്പോൾ തങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് എംപിമാർ ഉയർത്തുന്ന പ്രധാന ആശങ്ക. ട്രെഷറി ബെഞ്ചുകളിലും എട്ടാം ബ്ലോക്കിലുമാണ് ക്യാമറകൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. സ്വാഭാവികമായും അവർക്ക് കൂടുതൽ എക്‌സ്‌പോഷർ ലഭിക്കുന്നു. ഒരു എംപിയുടെ പ്രതിഛായ നിലനിർത്തുന്നതിൽ സഭാനടപടികളുടെ സംപ്രേക്ഷണം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും എംപിമാർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭയിൽ പ്രധാന ഇരിപ്പിടങ്ങൾ ലഭിച്ചിരുന്നവരുടെ സീറ്റ് മാറ്റം പ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ട്. അവസാന ബ്ലോക്കുകളിലായിരുന്ന ഡിഎംകെയുടെ നേതാക്കളായ കനിമൊഴിയും ദയാനിധി മാരനും ഇപ്പോൾ ഏഴാം ബ്ലോക്കിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സീറ്റ് മാറ്റത്തിൽ സമാജ്വാദി പാർട്ടിക്കും എതിർപ്പുണ്ട്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, അവദേശ് പ്രസാദ് തുടങ്ങിയ മുതിർന്ന നേതാക്കൾ മുൻപ് കോൺഗ്രസിനൊപ്പം മുൻനിരകളിലിരുന്നിരുന്നു. നിലവിൽ ആറാമത്തെ ബ്ലോക്കാണ് സമാജ്വാദി പാർട്ടി എംപിമാർക്ക് നൽകിയിരിക്കുന്നത്.
പ്രതിപക്ഷത്തിനായിട്ടുള്ള സീറ്റ് ക്രമീകരണത്തിൽ കോൺഗ്രസ് കാര്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് സ്‌പീക്കറുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം. കോൺഗ്രസിന്റെ സഖ്യകക്ഷികളും ഇതിൽ എതിർപ്പറിയിച്ചിട്ടുണ്ട്. ഇത് ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനുള്ളിലും വിഷയത്തിൽ എതിർപ്പുകളുണ്ട്. മനീഷ് തിവാരിയെയും ശശി തരൂരിനെയും പോലുള്ള മുതിർന്ന നേതാക്കൾ മൂന്നും നാലും നിരകളിലേക്ക് ഒതുക്കപ്പെട്ടു. വർഷങ്ങൾ കൊണ്ട് നേടിയെടുത്ത സ്റ്റാറ്റസിന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണ് സീറ്റ് ക്രമീകരണമെങ്കിൽ അത് തങ്ങളുടെ ഈഗോയെ ഹെർട്ട് ചെയ്യുമെന്ന് ഒരു കോൺഗ്രസ് എംപി പറഞ്ഞു. മഗുന്ത ശ്രീനിവാസലുവിനെ പോലെ പല ടിഡിപി എംപിമാരും സീറ്റ് ക്രമീകരണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
ടിഡിപി നേതാവ് ലവു കൃഷ്‌ണദേവരയ്യ തന്റെ മുൻ പാർട്ടിയായ വൈ എസ് ആർ കോൺഗ്രസിലെ മിഥുൻ റെഡ്ഡിയുടെ സമീപം ഇരിക്കുന്നതിൽ അതൃപ്‌തിയുണ്ടെന്നറിയിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഭരണകക്ഷിയായ ബിജെപിയിലും സീറ്റ് മാറ്റങ്ങൾ നടന്നിട്ടുണ്ട്. സീറ്റിങ് ലിസ്റ്റ് പുറത്തുവന്നതോടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയുടെ സീറ്റിലും മാറ്റമുണ്ട്. ചില എംപിമാർ തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പുതിയ സീറ്റ് ക്രമീകരണം എംപിമാർക്കിടയിൽ സംസാരവിഷയമായിട്ടുണ്ട്. Lok Sabha seating arrangement issue
Content sumamry: MPs expressed disappointment with the seating arrangement in Parliament
Discontent Seating arrangement Parliament Parliamentary session