ഒരു നന്ദി വാക്കില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ക്രിക്കറ്റിനു മഹേന്ദ്ര സിംഗ് ധോണി എന്ന നായകനോടുള്ള കടപ്പാട്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ടീം ഇന്ത്യയുടെ സമാനതകളില്ലാത്ത നായകന്‍ തന്റെ നിയോഗം ഇവിടെ അവസാനിക്കുന്നൂവെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ ഹര്‍ഷ ഭോഗ്‌ലയെ പോലുള്ളവര്‍, ഇതു തന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും നിരാശാജനകമായ വാര്‍ത്തയെന്നു പറയുന്നതില്‍ തന്നെയുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ആ ജാര്‍ഖണ്ഡുകാരന്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നതിന്റെ ആഴം. ഉചിതമായ തീരുമാനം എന്നും ബുദ്ധിപൂര്‍വമായ നീക്കമെന്നും പറയുന്നവരുണ്ട്. വിരാട് കോഹ്ലി എന്ന അതിപ്രതിഭാശാലിയായ പിന്‍ഗാമിയെ ഓര്‍ത്തു ആശ്വാസം കൊള്ളുന്നവരുമുണ്ട്. പക്ഷേ ധോണി എന്നും പകരക്കാരനില്ലാത്തൊരു നായകന്‍ തന്നെയാണ്. നിര്‍വികാരവും അചഞ്ചലവുമായി അയാള്‍ എടുത്ത തീരുമാനങ്ങള്‍, അയാള്‍ക്ക് നല്‍കിയത് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം മാത്രമല്ല, ആരൊരാളും കൊതിക്കുന്ന നേട്ടങ്ങളാണ്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം, ഏകദിന ലോകകിരീടം, ട്വന്റി-20 ലോകകിരീടം, ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഐപിഎല്‍ കിരീടങ്ങള്‍…കാല്‍പനിക ഭാഷയില്‍ പറഞ്ഞാല്‍ ധോണി ധരിച്ചിരുന്ന നായക കിരീടത്തില്‍ നേട്ടങ്ങളുടെ പൊന്‍തൂവലുകള്‍ നിറയെ ഉണ്ടായിരുന്നു.
ഫോമിനെ ആശ്രയിച്ചാണ് ഒരു കളിക്കാരന്റെ മേല്‍ ടീം പ്രതീക്ഷവയ്ക്കുന്നത്. എന്നാല്‍ ക്യാപ്റ്റന്റെ കാര്യത്തില്‍ ആ കളിക്കാരന്റെ ഫോം മാത്രമല്ല, നായകനെന്ന നിലയില്‍ അയാള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൂടിയാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണയകമാകുന്നത്. അവിടെയാണ് ധോണി എന്നും വ്യത്യസ്തനായിരുന്നത്.
2007 ല്‍ നടന്ന ആദ്യ ട്വന്റി20 ലോക കപ്പിന്റെ ഫൈനല്‍ മത്സരം ഓര്‍ക്കുക. ഇന്ത്യക്കെതിരേ ജയിക്കാന്‍ അവസാന ഓവറില്‍ പാകിസ്താനു വേണ്ടത് ആറു പന്തില്‍ 13 റണ്‍സ്. ക്രീസില്‍ ഏറ്റവും മികച്ച ഫോമോടെ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ്. അവസാന ഓവര്‍ എറിയാന്‍ ഹര്‍ഭജന്‍ സിംഗ് എന്ന പരിചയസമ്പന്നായ ബൗളറെ ഒഴിവാക്കി ജോഗീന്ദര്‍ ശര്‍മ എന്ന ശരാശരി മീഡിയം പേസറെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നിയോഗിച്ചത്. ഏവരെയും അമ്പരപ്പിച്ച ഒരു തീരുമാനം. ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ധോണിയെടുത്ത ഏറ്റവും മോശം തീരുമാനം അയാളുടെ ഭാവി തന്നെ തകര്‍ക്കുമെന്ന പ്രവചനം അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു. പക്ഷേ നിര്‍വികാരനായി അതോസമയം അചഞ്ചലമായ മനസോടെയും ജോഗീന്ദര്‍ ശര്‍മയുടെ അരികില്‍ എത്തിയ ധോണി പതിഞ്ഞതെങ്കിലും ഉറച്ചശബ്ദത്തോടെ അയാളോടു പറഞ്ഞു ആഭ്യന്തര ക്രിക്കറ്റില്‍ നിങ്ങള്‍ ഏറ്റവും മികച്ച ആത്മാര്‍ത്ഥതയോടെ പല ഓവറകളും എറിഞ്ഞിട്ടുണ്ടാകാം.പക്ഷേ അപ്പോഴൊന്നും ആരും നിങ്ങളെ ശ്രദ്ധിച്ചു കാണില്ല. അതേക്കുറിച്ച് ഓര്‍ത്തു വിഷമിക്കേണ്ട, ക്രിക്കറ്റ് നിങ്ങളെ നിരാശപ്പെടുത്തില്ല’.ജോഗീന്ദറിന്റെ മനസില്‍ ഒരു രാജ്യത്തിനു വിജയം നേടിക്കൊടുക്കാനുള്ള ആത്മവിശ്വാസം നിറയ്ക്കാന്‍ ആ വാക്കുകള്‍ കൊണ്ടു കഴിഞ്ഞു. പിന്നീട് നടന്നത് എന്താണെന്നു ചരിത്രം.
ഇതാണു ധോണി. ഇതുപോലൊരു ധീരമായ തീരുമാനമായിരുന്നു 2011 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ യുവരാജിനെ കടന്നു ബാറ്റിംഗ് ഓഡറില്‍ മാറ്റം വരുത്തി കളത്തില്‍ ഇറങ്ങിയതും. അതിന്റെ ഫലമായിരുന്നു നീണ്ട 23 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ക്രിക്കറ്റ് കീരീടം ഇന്ത്യ സ്വന്തമാക്കിയതും. പിഴച്ചിട്ടില്ലെന്നല്ല, പലവട്ടം അതുണ്ടായിട്ടുണ്ട്. പക്ഷേ പഴവുകളെക്കാള്‍ മികവുകളായിരുന്നു എംസ്ഡി കാട്ടിയിരുന്നത്.
വിജയങ്ങളുടെയും നേട്ടങ്ങളുടെയും കഥകള്‍ ധോണിക്കൊപ്പം ഉള്ളതുപോലെ, മറ്റൊരു ഇന്ത്യന്‍ നായകനും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തവിധം ആരോപണങ്ങളും അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കിയെന്നതായിരുന്നു ധോണി നേരിട്ട പ്രധാന ആരോപണം. ലക്ഷ്മണ്‍, സേവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍, പത്താന്‍ തുടങ്ങി വലിയ ആരാധകവൃന്ദങ്ങള്‍ സ്വന്തമായിട്ടുണ്ടായിരുന്ന താരങ്ങളെയാണ് ഒഴിവാക്കെയതെന്ന ആരോപണായിരുന്നു ധോണിക്കു നേരിടേണ്ടി വന്നത് എന്നതിനാല്‍ ധോണി ഹെയ്‌റ്റേഴ്‌സിന്റെ നിരയും വളരെ വലുതായിരുന്നു.
മനസുകൊണ്ടല്ല, തലച്ചോറുകൊണ്ടാണ് ഒരു ലീഡര്‍ ചിന്തിക്കേണ്ടതെന്ന തത്വമായിരുന്നു ധോണി പിന്തുടര്‍ന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പ്രതിഭ എല്ലാക്കാലവും ഒരാള്‍ക്കൊപ്പം നില്‍ക്കുന്നില്ല. എത്ര ഉയരത്തില്‍ നില്‍ക്കുന്നവര്‍ക്കും കാലിടറുന്നൊരു കാലം വരും. അവിടെ തന്നെ നില തിരച്ചറിയാന്‍ കഴിയാതെ വരുന്നൊരാള്‍ സ്വയം അപമാനിക്കപ്പെടും. നൂറുകോടിയിലേറെ ജനങ്ങളുള്ള ഒരു രാജ്യത്തിനുവേണ്ടി കളിക്കാന്‍ ഭാഗ്യം കിട്ടുന്ന 11 പേരാണ് ടീം ഇന്ത്യയുടെ കുപ്പായത്തില്‍ കളത്തില്‍ ഇറങ്ങുന്നത്. ആ 11 പേര്‍ ഏറ്റവും മികച്ച 11 പേര്‍ തന്നെയായിരിക്കണം എന്നൊരു ക്യാപ്റ്റന്‍ ചിന്തിച്ചുപോയാല്‍ അയാളുടെ സ്വാര്‍ത്ഥത സ്വന്തം രാജ്യത്തിനോട് മാത്രമായിരിക്കാം. ഒരുപക്ഷേ ഈ കാര്യം തിരിച്ചറിയുന്നൊരു നാള്‍ ധോണിയോടു കാലം മാപ്പു പറഞ്ഞേക്കാം. ഒന്നുറപ്പാണ്, ധോണിയുടെ നിര്‍ബന്ധം ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടില്ല. അത് നേട്ടങ്ങളിലേക്ക് കുതിക്കുക മാത്രമാണ് ചെയ്തത്. ചെത്തിമിനുക്കി ഒരുക്കിയെടുത്തൊരു ടീമിനെയാണ് വിരാട് കോഹ്ലി എന്ന നായകനു കിട്ടിയിരിക്കുന്നത്, അതിനു നന്ദി പറയേണ്ടത് ധോണിയോടാണ്.
തീരുമാനങ്ങള്‍ എടുക്കുന്നതിലല്ല, അത് എപ്പോള്‍ എത്രവേഗത്തില്‍ എടുക്കുന്നൂ എന്നതിലാണ് കാര്യം. കളത്തില്‍ കണ്ട ശൈലിയാണ് തന്റെ വ്യക്തിപരമായ കാരണത്തിലും ധോണി പുലര്‍ത്തുന്നതെന്നതിന് ഉദാഹരണമായിരുന്നു 2014 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്കു പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനം. ആരും പറഞ്ഞിട്ടില്ല, അത് സ്വയം വന്നതാണ്. സ്വാര്‍ത്ഥനായ ഒരുവന്‍ എന്നു വിമര്‍ശനം കേട്ട ഒരു കളിക്കാരനായിരുന്നു ഒരു നിര്‍ബന്ധവും തന്റെ മേല്‍ ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്യാപ്റ്റന്‍സി കോഹ്ലിക്കു കൈമാറാന്‍ തയ്യാറായത്. ഇന്നിപ്പോള്‍ കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഒന്നാം നമ്പര്‍ പദവിയില്‍ അവരോധിച്ചിരിക്കുന്നു കാണുമ്പോള്‍ അത് മറ്റൊരു നായകന്റെ ഉചിതമായ തീരുമാനത്തിന്റെ കൂടെ ഫലമല്ലേ എന്നു തോന്നിപ്പോകുന്നു.
ഇപ്പോള്‍ ബാക്കിയുള്ള ഫോര്‍മാറ്റുകളുടെ നായകസ്ഥാനം കൂടി ധോണി ഒഴിയുമ്പോള്‍ മനസിലാക്കാം, അയാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് ടീമിനു തന്നെയാണ്. ധോണിയുടെ വിമര്‍ശകര്‍പോലും കരുതിയിട്ടുണ്ടാവുക രണ്ടുവര്‍ഷം കഴിഞ്ഞു വരുന്ന ലോകകപ്പില്‍ കൂടി ധോണി തന്നെ നായകനായി തുടരും എന്നായിരുന്നു. ഒരുപക്ഷേ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുപോലും ധോണിയ്‌ക്കെതിരേ ശബ്ദം ഉയരില്ലായിരുന്നു. പക്ഷേ അവിടെയും ധോണി മികച്ചൊരു തീരുമാനത്തിലൂടെ ഏവരേയും ഒരിക്കല്‍ കൂടി അമ്പരപ്പിച്ചിരിക്കുന്നു.
ഇനി ഒരു കാര്യത്തിലേ ആശങ്കയുള്ളൂ. അടുത്ത ലോകകപ്പ് വരെ ധോണി ടീമില്‍ ഉണ്ടാകുമോ? ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിക്കു പകരം നില്‍ക്കാന്‍ ഇപ്പോള്‍ ടീം ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല. അയാളോളം മികച്ചൊരു വിക്കറ്റ് കീപ്പര്‍ ലോക ക്രിക്കറ്റിലും ഇല്ല. ഇടക്കാലത്ത് പിഴവ് വന്നിട്ടുണ്ടെങ്കിലും ധോണിയെന്ന ഫിനിഷര്‍ക്കൊപ്പം നില്‍ക്കുന്നൊരു ബാറ്റ്‌സ്മാനും ലോക ക്രിക്കറ്റില്‍ വേറെയുണ്ടോയെന്നും നിശ്ചയമില്ല. ഇനിയിപ്പോള്‍ ക്യാപ്റ്റന്‍സിയുടെ ഭാരം കൂടി ഒഴിഞ്ഞ സ്ഥിതിക്ക് ധോണിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാം. ആ പ്രതീക്ഷകള്‍ അയാള്‍ തെറ്റിക്കില്ല. പക്ഷേ ധോണിയുടടെ തീരുമാനങ്ങള്‍ ധോണിയുടേതു മാത്രമാണ്, അതിലെ ഒരു അനിശ്ചിതത്വമാണ് ധോണി ആരാധകരെ ആശങ്കപ്പെടുത്തുന്നത്…