കാലത്തിന്റെ കഥാകാരന്‍ വിടപറയുന്ന മാസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതേ പോലൊരു ഡിസംബറിലാണ് മലയാളത്തിന്റെ മഹാകാവ്യങ്ങളിലൊന്നായ രണ്ടാമൂഴം ആദ്യ പതിപ്പ് ഇറങ്ങുന്നത്. മഹാഭാരതമെന്ന ഇതിഹാസത്തില്‍ നിന്ന് ഇറങ്ങി വന്ന മനുഷ്യരുടെ കഥയായ രണ്ടാമൂഴം മലയാള സാഹിത്യത്തില്‍ ആസ്വാദകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ട് 40 വര്‍ഷം തികയുന്നു. അതേ കാലത്തില്‍ തന്നെ കഥാകാരന്‍ അരങ്ങൊഴിയുന്നു.
ലോക സാഹിത്യത്തില്‍ തന്നെ സ്ഥാനം നേടാവുന്ന മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്ക് നോവലാണ് എം.ടി.യുടെ രണ്ടാമൂഴം. 64 പതിപ്പുകളായി ജൈത്ര യാത്ര തുടര്‍ന്നു കൊണ്ട് മലയാള സാഹിത്യ ചരിത്രത്തില്‍ വിസ്മയം തീര്‍ക്കുകയാണ് ഇപ്പോഴും രണ്ടാമൂഴം.
കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകള്‍ തീരത്ത് തലതല്ലിക്കൊണ്ടലറി. അത്ഭുതത്തോടെ അവിശ്വാസത്തോടെ, അവര്‍ പാറക്കെട്ടുകളുടെ മുകളില്‍ താഴെക്ക് നോക്കിക്കൊണ്ട് നിന്നു. അകലെ പഴയ കൊട്ടാരത്തിന്റെ ജയമണ്ഡപത്തിന്റെ മുകളിലാവണം. കുറച്ചു സ്ഥലത്ത് ജലം നിശ്ചലമായിരുന്നു. ഉത്സവ ക്രീഡകള്‍ കഴിഞ്ഞ് കാലം വിശ്രമിക്കുന്ന കളിക്കളം പോലെ. അതിന് മുന്‍പ് ചൈതന്യ സ്തംഭത്തിന്റെ ചരിഞ്ഞ ശീര്‍ഷം ആകാശത്തിലേക്ക് ഉയര്‍ന്നു നിന്നു. താഴെ നോക്കെത്താവുന്ന കരയോരത്തിലെല്ലാം പ്രാകാരങ്ങളുടെ നുറുങ്ങിയ കല്‍ക്കെട്ടുകള്‍. തിരകള്‍ എടുത്തെറിഞ്ഞപ്പോള്‍ തകരാതെ രക്ഷപ്പെട്ട ഒരൊറ്റത്തേര് മണലില്‍ നുകം പൂഴ്ത്തി ചരിഞ്ഞ് കിടക്കുന്നു.
യുധിഷ്ഠിരന്‍ ഇടറാന്‍ തുടങ്ങുന്ന മനസിനെ ശാന്തമാവാന്‍ ശാസിച്ചു: ഓര്‍മ്മിക്കുക, ആരംഭത്തിനെല്ലാം അവസാനമുണ്ട്. മഹാപ്രസ്ഥാനത്തിന് മുന്‍പ് പിതാമഹന്‍ കൃഷ്ണ ദ്വൈയ് പായനന്‍ പറഞ്ഞതെല്ലാം മനസേ ഓര്‍മിക്കുക!
‘യാത്ര’ രണ്ടാമൂഴം.
നാല് പതിറ്റാണ്ട് മുന്‍പ് ദൈവത്തിന്റെ വരദാനം പോലെ എം.ടി വാസുദേവന്‍ നായരുടെ മഹത്തായ ഇതിഹാസം കലാകൗമുദി വാരികയില്‍ ‘രണ്ടാമൂഴം’ നോവല്‍ തുടങ്ങുകയാണ്. മലയാള സാഹിത്യത്തില്‍ ഒരു ഇതിഹാസത്തിന്റെ ഇതള്‍ വിടരുകയാണ്. വ്യാസന്റെ മഹാഭാരതത്തിലെ, അര്‍ത്ഥഗര്‍ഭമായ നിശബ്ദതകളും മാനുഷിക പ്രതിസന്ധികളും പ്രമേയമാക്കി, ഭീമനെ നായകനാക്കി എംടി എഴുതിയ രണ്ടാമൂഴം എന്ന നോവല്‍ കലാകൗമുദി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരണമാരംഭിക്കുന്നു.
ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലായ രണ്ടാമൂഴം വായനക്കാരെ പൗരാണിക മായാലോകത്തേക്ക് കൂട്ടി കൊണ്ട് പോയിട്ട് ഈ ഡിസംബറില്‍ നാല്‍പ്പത് വര്‍ഷം തികയുന്നു. 1984 ഡിസംബറില്‍ രണ്ടാമൂഴത്തിന്റെ ആദ്യത്തെ പതിപ്പ് വായനക്കാരുടെ മുന്നിലെത്തി. അതിന് മുന്‍പ് 1984 ജൂണ്‍ 25 ലക്കത്തില്‍ കലാകൗമുദിയില്‍ നോവല്‍ ആരംഭിച്ചപ്പോള്‍ തന്നെ വായനയില്‍ നവ്യാനുഭവമായി മാറിക്കഴിഞ്ഞ രണ്ടാമൂഴം ആഘോഷമായി മലയാള സാഹിത്യലോകവും വായനക്കാരും രണ്ടാമൂഴം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
ഒ.വി.വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസത്തിന്” ശേഷം ഇത്രയധികം വായിക്കപ്പെട്ട ഒരു നോവല്‍ മലയാള സാഹിത്യത്തില്‍ വേറെയില്ല. രണ്ടാമൂഴത്തിന് ഓരോ വര്‍ഷവും വായനക്കാര്‍ വര്‍ദ്ധിക്കുകയാണ്.
1984 ഡിസംബറില്‍ ആദ്യ പതിപ്പ് ഇറങ്ങിയ രണ്ടാമൂഴം നാല്‍പ്പത് വര്‍ഷത്തിന് ശേഷം ഈ സെപ്റ്റംബറില്‍ 64ാം പതിപ്പിലെത്തി നില്‍ക്കുന്നു. മലയാള സാഹിത്യത്തില്‍ മറ്റൊരു നോവലിനും സമാനമായി ഒപ്പമെത്താന്‍ ഒരു ഊഴവും കൊടുക്കാതെ സാഹിത്യാസ്വാദകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു എം.ടി യുടെ ഈ ക്ലാസിക്ക്.
‘സൂതരേ, മഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകള്‍ നമുക്കിനിയും പാടാം’, ദൈവത്തിന്റെ വരകള്‍ പോലെ രണ്ടാമൂഴത്തിന്റെ ചിത്രീകരണം നടത്തിയ നമ്പൂതിരിയുടെ കലാകൗമുദിയിലെ ആദ്യ ചിത്രം തന്നെ നോവലിനെ മറ്റൊരു തലത്തിലേക്കെത്തിച്ചു. കഥാപാത്രങ്ങളെ മനുഷ്യപക്ഷത്ത് നിര്‍ത്തി വരച്ച രണ്ടാമൂഴത്തിലെ രേഖാചിത്രങ്ങള്‍ വായനക്കാരുടെ മനസില്‍ എന്നും തുടിക്കുന്ന അനശ്വര കഥാപാത്രങ്ങളായി മാറി. വാസ്തവത്തില്‍ നമ്പൂരിയെന്ന ചിത്രകാരന്റെ കലാരംഗത്തെ രണ്ടാമൂഴമായി മാറി ആ നോവലിന്റെ ചിത്രീകരണം. ഇതിന് മുന്‍പ് സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്തമായ ‘ലങ്കാ ലക്ഷ്മി’ നാടകം ഒറ്റ ലക്കമായി കലാകൗമുദിയില്‍ വന്നപ്പോള്‍ ചിത്രീകരണം നടത്തിയത് നമ്പൂതിരിയായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിന്റെ വരകള്‍ നമ്പൂതിരിയെന്ന ചിത്രകാരനെ വ്യത്യസ്തമായ ചിത്രവരക്കാരനായി മാറ്റി. അവിടെ നിന്നാണ് നമ്പൂതിരിയെന്ന ചിത്രകാരന്‍ വരയില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.
വര തുടങ്ങും മുന്‍പ് കലാകൗമുദി എഡിറ്റര്‍ ജയചന്ദ്രന്‍ നായര്‍ നിര്‍ദേശിച്ച പ്രകാരം എം.ടിയെ നേരില്‍ കണ്ടു. എ.ടി നേരത്തെ തന്നെ കാണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘മനുഷ്യന്റെ ദുഃഖമായാണ് എം.ടി. ഭീമന്റെ ദുഃഖത്തെ നോക്കിക്കണ്ടത്. അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. നമുക്കൊക്കെ സംഭവിക്കുന്നതു പോലെ, കാര്യങ്ങളെല്ലാം ചെയ്യേണ്ടി വരിക. ഒടുക്കം അതിന്റെയൊക്കെ അംഗീകാരം മറ്റു പലരും കൊണ്ടു പോകുന്നത് കണ്ടു നില്‍ക്കേണ്ടി വരിക. അതെന്റെ മനസ്സില്‍ പതിഞ്ഞു.’ നമ്പൂതിരി ആ വരകളുടെ മാസ്മരിക കാലം ഓര്‍ത്തു. ‘എന്നാലും കഥാപാത്രങ്ങള്‍ക്ക് ഒരു പൗരാണികത്വം വേണമെന്ന് ഞാന്‍ നിശ്ചയിച്ചു. ഭീമനെ ഭീമന്‍ നായരായിട്ട് വരച്ചാല്‍ ശരിയാവില്ല. നാടകത്തിലെ കഥാപാത്രങ്ങള്‍ പോലെയാവരുതെന്ന് നിശ്ചയിച്ചു. മഹാബലിപുരത്തേയും മറ്റു ക്ഷേത്രങ്ങളിലേയും ശില്‍പ്പങ്ങളും ചിത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. അങ്ങനെ പുതിയ രീതി രണ്ടാമൂഴത്തിനായി മനസ്സില്‍ ഉണ്ടാക്കിയെടുത്തു. കിരീടവും ആഭരണവുമൊക്കെ ഒഴിവാക്കി. വാസുദേവന്‍ നായരുടെ കയ്പ്പടയില്‍ ഓരോ അദ്ധ്യായം വായിക്കുമ്പോഴും ചിത്രം മനസിലങ്ങനെ തെളിഞ്ഞു വന്നു. ജയചന്ദ്രന്‍ നായര്‍ക്കു ശേഷം കൈയ്യെഴുത്ത് പ്രതി വായിക്കുന്നത് ഞാനാണല്ലോ. അത് തന്നെ ഭാഗ്യമായി തോന്നി. എം.ടി യുടെ അക്ഷരങ്ങള്‍ നമ്മളോട് സംസാരിക്കുന്നതു പോലെ ഒരു തോന്നല്‍. അങ്ങനെ ചിന്തിച്ചു ഭീമന്റെ രൂപം ശരിപ്പെടുത്തി. പിന്നെയെല്ലാം മനസ്സില്‍ വന്നു കൊണ്ടിരുന്നു.’ നോവലിന്റെ ആമുഖമാണ് ആദ്യം വരച്ചത്. എം.ടി യുമായി സംസാരിച്ചപ്പോള്‍ കിട്ടിയ ഒരാശയം രണ്ട് നാള്‍ മനസിലിട്ടു നടന്നപ്പോള്‍ ദ്വാരക മുങ്ങുന്ന ചിത്രം ഉള്ളില്‍ തെളിഞ്ഞു വന്നു. ഗോപുരം തേര് മുങ്ങുന്നതിന്റെ ചിത്രവും അങ്ങനെ വന്നു.
രേഖാചിത്രങ്ങള്‍ കൊണ്ട് രണ്ടാമൂഴത്തില്‍ നമ്പൂതിരി മുഴക്കിയ പെരുമ്പറ ശബ്ദം. തകര്‍ന്നടിഞ്ഞ കുരുക്ഷേത്ര ഭൂമിയും ഭീമനും. രണ്ടാമൂഴം, കുരുവംശത്തിന്റെ ഗാഥകള്‍ ആരംഭിക്കുകയാണ്.
രണ്ടാമൂഴം അച്ചടിക്കാന്‍ പ്രത്യേക രീതി തന്നെ കലാകൗമുദി എഡിറ്ററായ എസ്. ജയചന്ദ്രന്‍ നായര്‍ തെരഞ്ഞെടുത്തു. ‘രണ്ടാമൂഴം’ എന്ന ശീര്‍ഷകം രൂപകല്‍പ്പന ചെയ്ത് എഴുതിയത് അന്ന് കാലിഗ്രാഫിയില്‍ പ്രശസ്തനായിക്കൊണ്ടിരിക്കുന്ന നാരായണ ഭട്ടതിരിയാണ്. കലാകൗമുദിയുടെ 1984 ജൂണ്‍ 25, 445ാം ലക്കത്തില്‍ മലയാള സാഹിത്യത്തിലെ ചരിത്രമായി മാറിയ രണ്ടാമൂഴം കലാകൗമുദി ഖണ്ഡശ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു.
1977 കാലത്തിലാണ് കലാകൗമുദിയുടെ എഡിറ്ററായ ജയചന്ദ്രന്‍ നായര്‍ എം. ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു എഴുത്തുകാരനും ആനുകാലികത്തിന്റെ എഡിറ്ററും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ ദൃഢമായി തുടരുന്ന ബന്ധമായി പിന്നീടത്. കഥകള്‍ ചോദിച്ചാല്‍ കൃത്യമായി എം.ടി മറുപടി അയക്കും. കഥ തരും. 1981 ഫെബ്രുവരിയില്‍ മാതൃഭൂമി എം.ടിയെ പുറത്താക്കിയപ്പോള്‍ കലാകൗമുദി മാത്രമാണ് പ്രതിഷേധിച്ച് എഡിറ്റോറിയല്‍ എഴുതിയത്. ആ സ്‌നേഹവായ്പ്പ് എന്നും കലാകൗമുദിയോട് എം. ടി. പ്രകടിപ്പിച്ചിരുന്നു. കലാകൗമുദി വാരിക അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന വടവൃക്ഷത്തിന്റെ കീഴില്‍ വളരുന്ന ഒരു കൊച്ചു മരം മാത്രം.
80 കളുടെ ആവസാനം എം.ടി യുടെ കത്ത് ജയചന്ദ്രന്‍ നായര്‍ക്ക് കിട്ടുന്നു. ഒരു പുതിയ നോവല്‍ എഴുതിയിട്ടുണ്ട്. ‘വന്നാല്‍ തരാം.’ അപ്പോഴേക്കും എം.ടി. മാതൃഭൂമി വിട്ടിരുന്നു. ‘സാധാരണ രീതിയില്‍ പോസ്റ്റില്‍ അയക്കേണ്ടത് നേരില്‍ തരാമെന്ന് പറയുന്നതില്‍ നിന്ന് തന്നെ നോവല്‍ പ്രത്യേകതയുള്ളതാണെന്ന് തോന്നി.
സന്തോഷത്തോടെ ജയചന്ദ്രന്‍ നായര്‍ കോഴിക്കോട് എത്തി. എം.ടി. കോപ്പി കയ്യില്‍ കൊടുത്തു. വലിയ ഷീറ്റില്‍ ഡോട്ട് പെന്‍ കൊണ്ട് എഴുതിയ കയ്യെഴുത്ത് പ്രതിയാണ്. വെട്ടലും തിരുത്തലും ഉണ്ട്. ‘വായിച്ചു നോക്കൂ ‘ എം.ടി. പറഞ്ഞു. ‘എനിക്ക് വാസുദേവനെ ( ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ) ഒന്ന് കാണണം’ എന്ന് മാത്രം കൂട്ടിചേര്‍ത്തു. അപ്പോള്‍ നോവലില്‍ ഒളിപ്പിച്ചു വച്ച കൊടുങ്കാറ്റുകളെപ്പറ്റി എം.ടിയുടെ വാക്കുകളാകുന്ന ചിമിഴില്‍ ഒരു സൂചനയും ഇല്ലായിരുന്നു.
അന്ന് രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിരുന്ന് ജയചന്ദ്രന്‍ നായര്‍ വായന തുടങ്ങി. രണ്ടാമൂഴത്തിന്റെ കയ്യെഴുത്തു പ്രതി ആദ്യമായി വായിച്ച ജയചന്ദ്രന്‍ നായര്‍ മുപ്പത്തൊമ്പതു വര്‍ഷത്തിന് ശേഷം ഒരിക്കലും മറക്കാത്ത ആ വായനാനുഭവം ഓര്‍മിച്ചു. എം.ടിയുടെ പ്രിയ മിത്രമായ എഴുത്തുകാരനും നോവലിസ്റ്റുമായ എന്‍.പി. മുഹമ്മദാണ് ശരിക്കും രണ്ടാമൂഴത്തിന്റെ ആദ്യ വായനക്കാരന്‍. താന്‍ എഴുതുന്ന സമയത്ത് എം.ടി അദ്ധ്യായങ്ങളായി എന്‍ .പിക്ക് വായിക്കാന്‍ കൊടുത്തിരുന്നു.
”വായിച്ച് പോകും തോറും എനിക്ക് വെപ്രാളമായി. സാമാന്യം വേഗത്തില്‍ വായിക്കുന്ന ആളാണ് ഞാന്‍. ഈ നോവല്‍ എന്നെ പരിഭ്രമിപ്പിച്ചു. അന്ധാളിപ്പിച്ചു. ഭീമനെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട്, കുടുംബ കഥയിലേക്ക് പോകുന്ന നോവല്‍ വായന എന്നെ എതോ ലോകത്തേക്ക് കുട്ടിക്കൊണ്ട് പോയി, മനസ്സൊരു പാരാവാരമായി. പുലര്‍ച്ചെ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു. സന്തോഷം കൊണ്ട് കണ്ണു കാണാതായി. ഈ നോവല്‍ പ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായല്ലോ. പത്രപ്രവര്‍ത്തകനായതിലെ സകല അഭിമാനവും ഉണര്‍ന്നെഴുന്നേറ്റ സന്ദര്‍ഭം.”
താന്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമുണ്ട് എന്ന തോന്നിയത് രണ്ടാമൂഴം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്നാണ് ജയചന്ദ്രന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്.
ഒരു മലയാള വാരിക അന്ന് ഒരിക്കലും എത്തിച്ചേരാത്ത പ്രചാരം, 90000 കോപ്പികളായി കലാകൗമുദി വാരിക ഉയര്‍ന്നു. മലയാള പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട സംഭവമാണത്. അതിന് വഴി തെളിച്ചത് രണ്ടാമൂഴവും. മറ്റൊരു സംഭവം കൂടിയുണ്ടായി. കലാകൗമുദിയുടെ പ്രചാരം ആദ്യമായി ഭാരതപ്പുഴ കടന്നു തെക്ക് മലബാറിലേക്ക് എത്തി. അത് വരെ മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു അവരുടെ വായനാ ലോകം. അവിടെയാണ് രണ്ടാമൂഴം കലാകൗമുദി വാരികയെ പ്രതിഷ്ഠിച്ചത്. ഇതിന്റെയെല്ലാം നിശബ്ദനായ സാക്ഷിയും കാരണക്കാരനുമായിരുന്നു കലാകൗമുദിയുടെ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായര്‍.
ചെറുപ്പം മുതലേ എ.ടി.യുടെ ആഗ്രഹമായിരുന്നു മഹാഭാരതം പ്രമേയമാക്കി ഒരു കൃതിയെഴുതുക. എഴുത്തച്ഛന്റെ ഭാരതം വായിച്ചു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ വായിച്ചു. 1,24,000 ശ്ലോകങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥം. 873 ദിവസങ്ങള്‍ കൊണ്ട് ഒറ്റയ്ക്ക് തമ്പുരാന്‍ പരിഭാഷപ്പെടുത്തിയ മഹാഗ്രന്ഥം. പിന്നെ രാജാജിയുടെ മഹാഭാരതം. ഓരോ വായനയിലും പുതിയ മാനങ്ങള്‍ അകക്കണ്ണില്‍ തെളിഞ്ഞു. കിട്ടാവുന്ന മഹാഭാരത വിവര്‍ത്തനങ്ങള്‍ മുഴുവന്‍ വായിച്ചു. ഒരുപാടു ഗവേഷണം നടത്തി. 1977 ആയപ്പോഴേക്കും എം.ടിയുടെ മനസ്സിലുണ്ടായിരുന്ന മഹാഭാരത കഥയുടെ ഘടന രൂപാന്തരപ്പെട്ടു.
സമകാലീന പ്രമേയങ്ങള്‍ ഉപേക്ഷിച്ച് ഇതിഹാസത്തിലെ ദേവഗണങ്ങളെ മനുഷ്യരായി ഒരു രചന എഴുതാന്‍ സമയമായെന്ന് തോന്നി. വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടു നടന്ന വരികളില്‍ ‘കടലിന് കറുത്ത നിറമായിരുന്നു’ എന്ന തുടക്കം തന്നെ. അങ്ങനെ രണ്ടാമൂഴം എഴുതാന്‍ ആരംഭിച്ചു. നോവലിന്റെ ഘടന, കുറിപ്പുകളായി എഴുതി വെച്ചിരുന്നു. കിസരി മോഹന്‍ ഗാംഗുലിയുടെ ഗദ്യ പരിഭാഷയായ മഹാഭാരതമാണ് എറ്റവും പ്രചോദിപ്പിച്ചത്.
അര്‍ഹിക്കുന്നത് കിട്ടാതെ പോയവര്‍ എം. ടിയുടെ കഥകളിലും നോവലുകളിലും ധാരാളമുണ്ട്. അത് തന്നെയാണ് ഭീമന്‍ എം.ടിയെ ആകര്‍ഷിച്ചത്. ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും ആരാധ്യനായ രണ്ട് പുരാണ കഥാപാത്രങ്ങളാണ് ഭീമനും ഹനുമാനും ശക്തിയുടെ മൂര്‍ത്തിമദ് ഭാവങ്ങള്‍.
കുട്ടിയോട് പറയുന്ന കഥയില്‍ പണ്ട് ദുദ്യോധനന്‍ ഭീമന് കിടക്കാന്‍ കൊടുത്തത് ചെറിയ പായയാണ്. ‘കാല് പുറത്തിട്ട് കിടന്നാല്‍ ശക്തി കുറയും’. ഭീമന്‍ കാലു പായയില്‍ വെച്ച് തല പുറത്തേക്കിട്ട് കിടന്നു. കുട്ടി ചിരിക്കുന്നു, അത്ഭുതപ്പെടുന്നു. ഇത്തരം കഥകള്‍ ധാരാളമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഹാഭാരത ഭീമന്‍ മനുഷ്യനാണ്. അത് തന്നെയാണ് എം.ടിക്ക് ഭീമന്‍ പ്രിയപ്പെട്ടവനായത്.
‘യുദ്ധം ജയിച്ച നീയാണ് രാജ്യം ഭരിക്കേണ്ടതെന്ന് മൂത്ത സഹോദരന്‍ പറയുന്നു. അയാള്‍ രാജ്യം ഭരിച്ചില്ല. അപ്പോള്‍ ഇയാളില്‍ എന്തോ ഉണ്ട് എന്ന് എനിക്ക് തോന്നി. അതാണ് എന്റെ മനസ്സില്‍ രണ്ടാമൂഴത്തിലെ നായകനായി വളര്‍ന്ന് വികസിച്ചത്. എ.ടി. ഒരിക്കല്‍ പറഞ്ഞു.
രണ്ടാമൂഴത്തിലെ സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങള്‍ക്കാധാരം വ്യാസന്റെ നിശബ്ദതകളാണ്. മഹാഭാരതമെന്ന കഥയില്‍ മറ്റൊരു മാറ്റവും നോവലിന്റെ ചട്ടക്കൂടില്‍ എം.ടി. വരുത്തിയിട്ടില്ല. പുതിയ കഥാപാത്രങ്ങളും കൂട്ടി ചേര്‍ത്തിട്ടില്ല. നോവല്‍ വാരികയില്‍ ഖണ്ഡശ വന്നു കൊണ്ടിരിക്കെ കലാകൗമുദിക്ക് വന്ന വായനക്കാരുടെ കത്തുകള്‍ ഏറെയായിരുന്നു. പുതിയ വായനാനുഭവം എറ്റ് വാങ്ങിയ വായനക്കാര്‍ ആഖ്യാനപാടവത്തില്‍ മുഴുകിപ്പോയിരുന്നതിന്റെ പ്രതിഫലനമായിരുന്നു അത്.
രണ്ടാമുഴത്തിന്റെ മനസ്സില്‍ത്തട്ടിയ ഒരു വായനാനുഭവം എം.ടി തന്നെ ഒരിക്കല്‍ പറഞ്ഞു. ഒരിക്കല്‍ കോഴിക്കോട് സംസ്ഥാന യുവജനോത്സവം നടക്കുകയാണ്. അതില്‍ മത്സരാര്‍ഥികള്‍ക്ക് ഭക്ഷണമൊരുക്കുന്ന മുഖ്യ പാചകക്കാരന്‍ എം.ടിയെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒന്ന് കാണണം നമസ്‌ക്കരിക്കണം. അത്രമാത്രം. എം.ടി സമ്മതം മൂളി. അദ്ദേഹം വന്നു. ആഗ്രഹം സാധിപ്പിച്ചു. പിന്നെ അയാള്‍ സ്വന്തം അനുഭവം വിവരിച്ചു.
80 കളില്‍ ബിസിനസ് നടത്തി പൊളിഞ്ഞു. ഒന്നും നേടാനായില്ല. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല. ജീവനൊടുക്കാന്‍ തീരുമാനിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി പുറപ്പെട്ട് പോകുമ്പോള്‍ കലാകൗമുദി വാരിക കണ്ടു. രണ്ടാമുഴം പ്രസിദ്ധീകരിച്ച ലക്കം. അത് വാങ്ങി വായിച്ചു. വല്ലാത്ത അനുഭവമായിരുന്നു. അടുത്ത ലക്കത്തിനായി കാത്തിരുന്നു. അങ്ങനെ എല്ലാ ലക്കവും കാത്തിരുന്ന് വായിച്ചു. അങ്ങനെ ഓരോ ആഴ്ചയും ആത്മഹത്യ മാറ്റിവെയ്ക്കപ്പെട്ടു. ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പുതിയ ജീവിതം തുടങ്ങി അതില്‍ ജയിച്ചു കയറി. അന്ന് അയാള്‍ എം .ടിയെ കലാവേദിയിലേക്ക് ക്ഷണിച്ചു. എം.ടിക്ക് ഭക്ഷണം വിളമ്പി കൊടുത്തു.
ഇന്നയാള്‍ കേരളമറിയുന്ന പ്രശസ്ത പാചകക്കാരനാണ്. പേര് പഴയിടം മോഹനന്‍ നമ്പൂതിരി. എസ്. ജയചന്ദ്രന്‍ നായര്‍ ഒരിക്കല്‍ എഴുതി’ ഒരാള്‍ മരിക്കുന്നതിന് മുന്‍പ് വായിക്കേണ്ട ഒരേ ഒരു നോവലാണ് രണ്ടാമൂഴം’.
മഹാഭാരത കാലഘട്ടം നോവലിന്റെ പശ്ചാത്തലമാകുമ്പോള്‍ എഴുത്തുകാരനെ കുഴക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ഭൂപ്രകൃതി, കൃഷി, ജീവിത രീതികള്‍, ഭക്ഷണരീതികള്‍, ആഭരണങ്ങള്‍, യുദ്ധ മുറകള്‍, ആയുധങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. നിരവധി റഫറന്‍സ് ഗ്രന്ഥങ്ങള്‍ സഹായത്തിയതൊക്കെ എ.ടി. രണ്ടാമൂഴത്തിന്റെ ഉപസംഹാരമായ’ ഫലശ്രുതി’ എന്ന അവസാന ഭാഗത്തില്‍ വിശദമായി തന്നെ എഴുതിയിട്ടുണ്ട്.
‘ഇതിലുള്ളത് മറ്റെവിടേയും ഉണ്ടായേക്കാം ഇതിലില്ലാത്തത് മറ്റൊരിടത്തും ഉണ്ടാകില്ല’ – വ്യാസമഹാഭാരതത്തെ കുറിച്ച് പറയുന്ന വാക്യമാണ്. ശരീരശാസ്ത്രം തൊട്ട് കാറ്റിന്റെ ഗതിവിഗതികളെപ്പറ്റി വരെ അതിലുണ്ട്. അതിനോട് കിടനില്‍ക്കാനുള്ള കൃതികള്‍ ലോക സാഹിത്യത്തില്‍ തന്നെ വിരളമാണ്.
എങ്കിലും രണ്ടാമൂഴം എഴുതുമ്പോള്‍ എം.ടിക്ക് സംശയങ്ങള്‍ എറെയായിരുന്നു. വൈദിക കാലത്ത് സ്ത്രീകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരുന്നു ? കഞ്ചുകം ഉപയോഗിക്കാന്‍ തുടങ്ങിയത് എപ്പോഴാണ്? പഴയ ചൂതുകളിയിലെ ആയവ്യയങ്ങള്‍ എന്താണ്? വസ്ത്രാപഹരണ രംഗത്തില്‍ ഭീമന്‍ അനുജനനോട് തീ കൊണ്ടു വരാന്‍ പറയുന്നത് ജ്യേഷ്ഠന്റെ കൈ പൊള്ളിക്കാനല്ല, രോഷം തീര്‍ക്കാന്‍ സ്വന്തം കൈ പൊള്ളിക്കാനാണ് എന്ന് ജര്‍മന്‍ പണ്ഡിതന്‍ കാള്‍ മേയര്‍ പറയുന്നത് ശരിയായാണോ?
എല്ലാ സംശയങ്ങള്‍ക്കും കൃത്യമായി മറുപടി പറയാന്‍ ഒരാളുണ്ടായിരുന്നു. അത് മറ്റാരുമല്ല, സാക്ഷാല്‍ എന്‍.വി. കൃഷ്ണവാര്യര്‍.’ എല്ലാ സംശയങ്ങള്‍ക്കും കൃത്യമായി അദ്ദേഹം മറുപടികള്‍ നല്‍കി. ‘ഏറ്റവും കുറച്ചു വാക്കുകളില്‍, ഏറ്റവും വ്യക്തമായി’ എം.ടി. എഴുതി.
കുഞ്ഞുക്കുട്ടന്‍ തമ്പുരാന്റെ സമ്പൂര്‍ണ വിവര്‍ത്തനമായിരുന്നു എഴുതാന്‍ ആശ്രയിച്ച പ്രധാന ഗ്രന്ഥങ്ങളിലൊന്ന്. കൂടാതെ ആശ്രയിച്ചത് ഇംഗ്ലീഷിലെ ആദ്യത്തെ വിവര്‍ത്തനമായ കിസരി മോഹന്‍ ഗാംഗുലിയുടെ മഹാഭാരതം. 50 വര്‍ഷം മുന്‍പ് മാത്രമാണ് തെറ്റുകള്‍ തിരുത്തി ഇതിന്റെ യഥാര്‍ത്ഥ വിവര്‍ത്തകനായ കിസരി മോഹന്‍ ഗാംഗുലിയുടെ പേര് വെച്ച് മഹാഭാരതം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. അത് വരെ പ്രസാധകനായ ‘പ്രതാപ് ചന്ദ്ര റോയിയുടെ പേരിലാണ് ഈ കൃതി അറിയപ്പെട്ടത്.
സംസ്‌കൃത പണ്ഡിതന്മാര്‍ എഴുതിയ നിരവധി ഗ്രന്ഥങ്ങള്‍ എം.ടിയുടെ രാത്രിയും പകലുമുള്ള വായനയിലൂടെ കടന്നുപോയി. ഒരു ജീപ്പ് നിറച്ച് പുസ്തകവുമായി എം.ടി സ്വദേശമായ കൂടല്ലൂര്‍ക്ക് പോയി. സഹോദരന്‍ ബാലേട്ടന്റെ വീട്ടില്‍ വെച്ചാണ് രണ്ടാമൂഴം എഴുതി തുടങ്ങിയത്. രാത്രി റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍ വരെ എഴുതിയിട്ടുണ്ട്. അവിടെ കറന്റ് എത്തിയിരുന്നില്ല. നാല് മാസം കൊണ്ട് രണ്ടാമൂഴം എഴുതി കഴിഞ്ഞു. പിന്നീട് ചെറുതുരുത്തി ടിബിയില്‍ വെച്ച് ഇരുപത്തഞ്ച് ദിവസം കൊണ്ട് ഫെയര്‍ കോപ്പി എഴുതി പൂര്‍ത്തിയാക്കി. അതൊരു തപസ്യ പോലെയായിരുന്നു. ഒരു ദിവസം പത്തുമണിക്കൂറൊക്കെ എം.ടി. അന്ന് എഴുതിയിട്ടുണ്ട്.
ഇംഗ്ലീഷില്‍ ആദ്യമായി രണ്ടാമൂഴം വിവര്‍ത്തനം ചെയ്തത് ബോബെയിലെ മലയാളി പത്രപ്രവര്‍ത്തകനായ പി.കെ. രവീന്ദ്രനാഥായിരുന്നു. The Second Turn(1997). 16 വര്‍ഷത്തിന് ശേഷം ഗീതാ കൃഷ്ണന്‍ കുട്ടി The Bheema : Lone Warrior’ എന്ന പേരില്‍ 2013 ല്‍ പുതിയ പരിഭാഷ ഇംഗ്ലീഷില്‍ പുറത്തിറക്കി. കന്നടയില്‍ ‘ഭീമായനം’ സി. രാഘവന്റെ പരിഭാഷ സാഹിത്യ അക്കാദമി പുറത്തിറക്കി( 2003). തമിഴില്‍ പരിഭാഷ ‘ഇരണ്ടാമിടം’ എന്ന പേരില്‍. രണ്ടാമൂഴം ഹിന്ദിയിലാക്കിയത് വി.ഡി. കൃഷ്ണന്‍ നമ്പ്യാരാണ്.
1984 മുതല്‍ തൃശൂര്‍ കറന്റ് ബുക്‌സിന്റെ നിരവധി പതിപ്പുകള്‍ വന്നു. 1987 ഓഗസ്റ്റില്‍ പുതിയ കവറുമായി എഴാം പതിപ്പ് പുറത്തിറങ്ങി. തൃശൂര്‍ സ്വദേശി വിനയ് ലാലാണ് പുതിയ കവര്‍ വരച്ചത്. ‘ഒറ്റ ദിവസം കൊണ്ട് വരച്ച കവറാണത്.’ വിനയ് ലാല്‍ ഓര്‍മ്മിച്ചു. കവര്‍ എം.ടിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതായി അറിഞ്ഞു. തൃശൂര്‍ കറന്റ് ബുക്‌സിന് വേണ്ടി അനേകം കവറുകള്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനറാണ് വിനയ് ലാല്‍. പിന്നീട് ശ്യാം സാഗര്‍ എന്ന ഡിസൈനര്‍ വരച്ച പുതിയ കവറുമായി രണ്ടാമുഴത്തിന്റെ 53ാം പതിപ്പ് ഇറങ്ങി.
1985 ലെ വയലാര്‍ അവാര്‍ഡ് രണ്ടാമൂഴത്തിനായിരുന്നു. ‘കഥയാട്ടം’ എന്ന മലയാള മനോരമയുടെ എന്റെ മലയാളം പരിപാടിയുടെ ഭാഗമായി ‘100 വര്‍ഷത്തെ മലയാള നോവലുകളില്‍ നിന്ന് തിരഞ്ഞെടുത്ത 10 കഥാപാത്രങ്ങള്‍ മോഹന്‍ ലാല്‍ അവതരിപ്പിച്ചപ്പോള്‍ അതിലൊന്ന് രണ്ടാമൂഴത്തിലെ ഭീമനായിരുന്നു. ടി.കെ. രാജീവ് കുമാറും നമ്പൂതിരിയുമായിരുന്നു ആവിഷ്‌കാരം.
2017 ല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചലച്ചിത്രം എന്ന് അവകാശപ്പെട്ട് ചലചിത്ര വ്യവസായി ബി.ആര്‍. ഷെട്ടി രണ്ടാമൂഴം ചലച്ചിത്രമാക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. പക്ഷേ അത് നടന്നില്ല. ഒടുവില്‍ തിരക്കഥ തിരികെ കിട്ടാനായി എം.ടിക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. ഒടുവില്‍ പദ്ധതി ഉപക്ഷിച്ചു.
‘1977 ല്‍ മരണം വളരെ സമീപമെത്തി പിന്‍മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട് ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ, എഴുതി തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ച് തന്ന കാലത്തിന് നന്ദി. രണ്ടാമുഴമവസാനിച്ചപ്പോള്‍ എം.ടി എഴുതി.
നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യന്‍ സാഹിത്യ ലോകത്ത് ചൈതന്യ സ്തംഭമായി നിത്യവിസ്മയമായി ഇന്നും നിലനില്‍ക്കുന്നു രണ്ടാമൂഴം. ഇതിഹാസത്തിലെ, മനുഷ്യരുടെ കഥ പറഞ്ഞ് തന്ന, മലയാളത്തിന്റെ സുകൃതമായ എം.ടിക്കും രണ്ടാമൂഴത്തിന്റെ വായനയിലൂടെ മലയാള സാഹിത്യലോകം ആദരവോടെ പറയുന്നുണ്ട്, നന്ദി. MT Vasudevan Nair’s classic novel Randamoozham completed 40 years
Content Summary; MT Vasudevan Nair’s classic novel Randamoozham completed 40 years
Mahabharata, Bhima, M.T. Vasudevan Nair, Malayalam literature, Indian epics, modern retelling, epic saga, Bhima’s perspective, Pandavas, literary adaptations, mythological fiction