എം ടി ആദ്യമായും അവസാനമായും ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. മറ്റൊരു സാഹിത്യകാരന് വേണ്ടി. സാക്ഷാല്‍ എസ് കെ പൊറ്റെക്കാട്ടിന് വേണ്ടി. സാഹിത്യകാരനായ എസ്. കെ. പൊറ്റെക്കാട്ട് രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു പ്രസിദ്ധനായ സാഹിത്യകാരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് 1957 ലാണ്. തലശ്ശേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു എസ് കെ പൊറ്റെക്കാട്ടായിരുന്നു അത്.
കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. എതിരാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ ജിനചന്ദ്രന്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു. ഒരാള്‍ കൂടി അന്ന് മത്സരിക്കാനുണ്ടായിരുന്നു. മുസ്ലിം ലീഗ് പിന്തുണയുള്ള പി എസ് പി സ്ഥാനാര്‍ഥി പത്മപ്രഭാ ഗൗണ്ടര്‍ (എം പി വീരേന്ദ്രകുമാറിന്റെ പിതാവ്). മണ്ഡലത്തിലെ ഭിത്തികളില്‍ ‘എസ് കെ പൊറ്റെക്കാട്ടിന് വോട്ടു ചെയ്യുവിന്‍’ എന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടു പിന്നാലെ പൊറ്റെക്കാട്ടിനെതിരെയുള്ള എതിരാളികളുടെ പ്രചരണ വാക്യവും പ്രത്യക്ഷപ്പെട്ടു, ‘സര്‍വ്വതന്ത്രകുതന്ത്ര സ്വതന്ത്രനെ തോല്‍പ്പിക്കുക’.
പൊറ്റെക്കാട്ടിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഒട്ടുമിക്ക എഴുത്തുകാരും രംഗത്തിറങ്ങി. എന്‍ വി കൃഷ്ണവാര്യര്‍, എം ടി വാസുദേവന്‍ നായര്‍, വയലാര്‍ രാമവര്‍മ, എം വി ദേവന്‍ എന്നിവര്‍ എസ് കെയുടെ പല യോഗങ്ങളിലും പ്രസംഗിച്ച് ജനങ്ങളെ ആവേശഭരിതരാക്കി. എം.ടി. വാസുദേവന്‍ നായര്‍ ആദ്യമായും അവസാനമായും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രസംഗം ചെയ്തത് എസ്.കെയ്ക്ക് വേണ്ടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ എസ് കെ യുടെ പ്രാധാന്യവും പ്രസക്തിയും, എസ്. കെ ജയിക്കേണ്ടത് സാഹിത്യ ലോകത്തിന്റെ ആവശ്യമാണെന്നുമൊക്കെയായിരുന്നു പ്രസംഗം. പിറ്റേന്ന് മാതൃഭൂമിയില്‍ ചെന്നപ്പോള്‍ മാനേജിംഗ് എഡിറ്റര്‍ വി.എം. നായര്‍ എം.ടി.യെ വിളിച്ചു. മാതൃഭൂമിയുടെ അക്കാലത്തെ ശക്തനായ മേധാവിയാണ് വി.എം. നായര്‍. കവിയത്രി ബാലാമണിയമ്മയുടെ ഭര്‍ത്താവ്, മാധവിക്കുട്ടിയുടെ അച്ഛന്‍. മാതൃഭൂമിയില്‍ ട്രെയിനിയായ എം.ടി. എസ്. കെ യുടെ ഇലക്ഷന്‍ പ്രചരണത്തില്‍ പങ്കെടുത്തു. അതും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലുള്ള, സ്ഥാനാര്‍ത്ഥിയായ എം.കെ. ജിനചന്ദ്രന്‍ അതേ ഇലക്ഷനില്‍ മത്സരിക്കുമ്പോള്‍. പ്രശ്നമാണ്. വി.എം നായരുടെ മുറിയില്‍ എം.ടി കയറിച്ചെന്നു.
രൂക്ഷമായി എം.ടി യെ നോക്കിയ അദ്ദേഹം ചോദിച്ചു. ‘കമ്യൂണിസ്റ്റാണോ? എംടി പറഞ്ഞു.’ അങ്ങനെ പാര്‍ട്ടിയൊന്നും ഇല്ല’ രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെങ്കില്‍ ഇവിടെ എന്തിന് ജോലിക്ക് വന്നു? ക്ഷുഭിതനായി വി.എം. നായര്‍ ചോദിച്ചു.
എം.ടി. ഉത്തരം പറയാതെ നിന്നു.”ഇലക്ഷന്‍ വര്‍ക്കിന് നടക്കുകയാണല്ലേ.? എന്നിട്ട് പൊക്കോളാന്‍ എം.ടിയോട് ആംഗ്യം കാണിച്ചു. മുറിയില്‍ നിന്ന് ഇറങ്ങിയ എം.ടി ആലോചിച്ചു, ഈ ജോലി പോയിക്കിട്ടി. ഇനി പുതിയ ഒരെണ്ണം തേടിപ്പിടിക്കണം.
വൈകിട്ട് വി.എം.നായര്‍ ഒരിക്കല്‍ കൂടി എം.ടി യെ മുറിയില്‍ വിളിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം ശാന്തനാണ്. അദ്ദേഹം പറഞ്ഞു ‘ഡയറക്ടര്‍മാര്‍ ചിലര്‍ വിളിച്ച് പറഞ്ഞു. അതാണ്. രാവിലെ പൊട്ടിത്തെറിച്ചതിന്റെ ഖേദം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. അദ്ദേഹം പറഞ്ഞു; ശരി, പിന്നെ സംസാരിക്കാം.
എസ് കെയ്ക്ക് ഒരു വോട്ട് നല്‍കി വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള സാഹിത്യകാരന്മാരുടെ നീണ്ട പ്രസ്താവന മാതൃഭൂമി പത്രത്തില്‍ പരസ്യമായി വന്നു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 1382 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിനചന്ദ്രന്‍ വിജയിച്ചു.
തെരഞ്ഞെടുപ്പില്‍ എസ്. കെ യുടെ ചിഹ്നം, പൂവന്‍ കോഴിയായിരുന്നു. ഫലം പുറത്ത് വന്നതിനു ശേഷം നൂറു കണക്കിന് പൂവന്‍ കോഴികളെ കഴുത്തറുത്താണ് എതിരാളികള്‍ എസ് കെ യുടെ പരാജയം ആഘോഷിച്ചത്.
ഇലക്ഷനില്‍ തോറ്റ പൊറ്റെക്കാട്ട് മാതൃഭൂമി ആഴ്ചപ്പതിന്റെ ഓഫീസില്‍ എം.ടി.യെ കാണാന്‍ വന്നു. സംസാരിച്ചിരിക്കെ വി.എം. നായര്‍ അവിടെ വന്നു. ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു; ‘പൊറ്റെക്കാട്ട് ഇരുന്നിട്ട് നല്ലൊരു നോവലെഴുത്വാ, ഇലക്ഷനൊന്നും നിങ്ങള്‍ക്ക് പറ്റിയതല്ല’. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള കടലാസ് എം.ടിക്ക് കിട്ടി. അതില്‍ ഒപ്പ് വെച്ചിരുന്നത് വി.എം. നായരായിരുന്നു.
പിന്നീട് എം.ടിക്ക് ‘കാലം’ നോവലിന് 1970 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു എന്ന് പ്രഖ്യാപനം വരും മുന്‍പ്, മാതൃഭൂമിയില്‍ വെച്ച് എം.ടിയെ ആദ്യം അറിയിച്ചത് പൊറ്റെക്കാട്ടാണ്. MT Vasudevan nair’s election speech for SK Pottekkatt
Content Summary; MT Vasudevan nair’s election speech for SK Pottekkatt