വാക്കുകളുടെ പെരുന്തച്ചനായിരുന്നു എം.ടി. കഥാപാത്രങ്ങള്‍ തേടി അധികം അലയേണ്ടി വരാത്ത മലയാളത്തിന്റെ സ്വന്തം കഥാകാരന്‍. ജനിച്ച കൂടല്ലൂരിലും, ജീവിച്ച നാലുകെട്ടിലും തന്നെ അവര്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു. നാലാമനായി, ഇളയവനായി ജനിച്ചു. പ്രത്യേകിച്ച് പരിഗണനയൊന്നും ഇല്ലാതെ വളരുന്നു. ഇടയില്‍ പുസ്തകങ്ങള്‍ ഒരു പാട് വായിക്കുന്നു. അക്ഷരങ്ങള്‍ക്ക് പ്രസക്തി ഉണ്ടായിരുന്ന ആ കാലത്ത് എഴുത്തുകാരന് കിട്ടുന്ന ബഹുമാനം എംടി വാസുദേവന്‍ നായര്‍ എന്ന യുവാവ് അന്നേ തിരിച്ചറിഞ്ഞിരുന്നു. അത് തന്നെയായിരുന്നു അന്നത്തെ നിത്യജീവിതപരിസരങ്ങളില്‍ പലയിടത്തും തീര്കസ്‌കൃതനായ അയാളുടെ ടൂള്‍. ജീര്‍ണിച്ച തറവാടുകളില്‍ വീര്യം കുറഞ്ഞു തുടങ്ങിയ മരുമക്കത്തായതിന്റെ, ഇരുണ്ട ലോകത്തിലേക്ക് എത്തപ്പെട്ട മലയാളികള്‍ക്ക് എംടി സാഹിത്യം ഒരു ജ്വരമായി മാറി. അവിടെ നമ്മളറിയാത്ത ഒരായിരം കഥകളും, മനുഷ്യരും, അവരുടെ രഹസ്യങ്ങളും, അവരനുഭവിക്കുന്ന അവഗണനകളും, മേല്‌കോയ്മകളും ഉണ്ടായിരുന്നു. പലരും വായനയുടെ ലോകത്ത് എത്തിയത് എംടി കാരണമാണെന്ന് കുമ്പസാരിച്ചിട്ടുണ്ട് പണ്ട്. കാവ്യാത്മകമായ ഭാഷയിലൂടെ, മനോഹരമായ ഇമേജറികളിലൂടെ, സൂക്ഷ്മമായ കഥാപാത്രനിര്‍മിതികളിലൂടെ, അവരുടെ വികാരപ്രപഞ്ചത്തിലൂടെ, എംടിയുടെ കഥാപാത്രങ്ങള്‍ മനുഷ്യരോട് ചേര്‍ന്ന് നിന്നു. മറ്റൊരു ഡിസ്ട്രക്ഷനും ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ എഴുത്തുകാരെല്ലാം ഭാഗ്യം ചെയ്തവരായിരുന്നു. എംടി ആകട്ടെ അവരില്‍ ഏറ്റവും ശ്രദ്ധ നേടുകയും, ആ ‘കാലം’ പിന്‍തലമുറക്കാര്‍ക്കും അപ്പീലിങ് ആക്കി ക്യൂറേറ്റ് ചെയ്യുകയും ചെയ്തു.

പിന്നീട്, അക്കാലത്തെ സാഹിത്യകാരന്മാര്‍ അധികം കൈവെക്കാത്ത മറ്റൊരു പൊതുജന മാധ്യമമായ സിനിമകളിലൂടെയും സ്വന്തം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും, ഒരു പാട് കഥാപാത്രങ്ങളെ അഴിച്ചു പണിയുകയും ചെയ്തു. അങ്ങിനെ പുരാണത്തിലെ ഭീമന്‍, അഹന്തയും,, ശക്തിയും വിട്ടു, ദുര്‍ബലനായ, അപകര്‍ഷതാബോധമുള്ള രണ്ടാമൂഴക്കാരനായി… മോഹിപ്പിക്കുന്ന വരകളിലൂടെ, നമ്പൂതിരിയും മദനനും അവരെ വീണ്ടും അനശ്വരമാക്കി. അങ്ങിനെ, വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തു നമുക്ക്, ചെറുബാല്യക്കാര്‍ വന്നു അസ്വസ്ഥമാക്കിയ വര്‍ത്തമാനത്തില്‍ നിന്നും പുറകോട്ടു പോയി, പുത്തൂരം വീടിന്റെ മറ്റൊരു കഥ പറഞ്ഞ മമ്മൂട്ടി ആയി. ഉണ്ണിയാര്‍ച്ചക്കു ചുവന്ന മുല്ലക്കച്ചയണിഞ്ഞു, മഞ്ഞളില്‍ നീരാടുന്ന, ചന്ദനലേപ സുഗന്ധമുള്ള മാധവിയുടെ മുഖവുമായി. നിര്‍മാല്യത്തില്‍ ഉറഞ്ഞുതുള്ളി, വിഗ്രഹത്തിനു നേരെ കാര്‍പ്പിച്ചു തുപ്പുന്ന വെളിച്ചപ്പാട്, പിജെ ആന്റണിയുടെ ക്രോധവും, പരിഹാസവും നിറഞ്ഞ കണ്ണുകളും, ഉടലുമായി. ദേശീയ അവാര്‍ഡുകളുടെ, അഭിമാനകരമായ ക്രാഫ്റ്റിന്റെ മലയാള സിനിമ തുടക്കവും, ഇവിടുന്നു തന്നെ. എഴുത്തും, സംവിധാനവും എംടി.
മാതൃഭൂമിയില്‍ എഡിറ്റര്‍ ആയിരുന്ന കാലത്തു, എംടി ഒരു തിരുത്തല്‍വാദിയായിരുന്നു എന്ന് വായിച്ചിട്ടുണ്ട്. സമകാലികരായ എഴുത്തുകാരെയും, പുതുതലമുറയെയും വളര്‍ത്തി. എംടിക്ക് എന്നും ഒരു മോഡേണ്‍ സെന്‍സിബിലിറ്റി ഉണ്ടായിരുന്നുവല്ലോ സാഹിത്യത്തില്‍. ദിവസവും മുന്നൂറു പേജുകള്‍ വായിച്ചിരുന്ന എംടി, വയസുകാലത്തു അത് അമ്പതു ആയി കുറഞ്ഞതിനെപ്പറ്റി ആശങ്കപ്പെട്ടിരുന്നു. ഏകാന്തതയും, വാക്കുകളുടെ പിശുക്കും എംടി ചെറുപ്പത്തിലേ പ്രാക്ടീസ് ചെയ്തിരുന്നുവല്ലോ. മമ്മൂട്ടി പറഞ്ഞപോലെ, തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. പൊതുവെ, ഇഷ്ടപെട്ടാല്‍ ദുര്‍ബലതയുണ്ട്. കീഴടങ്ങും. അല്ലെങ്കില്‍, ആള്‍ക്കൂട്ടത്തില്‍ എന്നും തനിയെ ആയ ഒരു മനുഷ്യന്‍.

കൃതികളില്‍ കൂടുതല്‍ ഇഷ്ടം രണ്ടാമൂഴത്തോടും, മഞ്ഞിനോടും, കാലത്തോടുമാണ്. ചെറുകഥകള്‍ പലതും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. എല്ലാ പേരുകളും ഓര്‍ത്തെടുക്കാന്‍ പറ്റില്ലെങ്കിലും. ഭീമന്റെ മനുഷ്യാവസ്ഥ പൊള്ളിപ്പിച്ചിട്ടുണ്ട്. മഞ്ഞിന്റെ ഭാഷ, അതിന്റെ ബ്രെവിറ്റി, ഇപ്പോഴും ഒരിക്കലും വരാത്തവര്‍ക്കായി കാത്തിരിക്കുന്നവര്‍ ഇല്ലേ എന്ന യൂണിവേഴ്സാലിറ്റി, പ്രണയത്തിലും, ബന്ധങ്ങളിലും, ദുര്‍ബലകള്‍ ആകുകയും, കുറ്റപ്പെടുത്തുകയും, പിറുപിറുക്കുകയും, സുമിത്രയെപോലെ തത്വശാത്രം പറഞ്ഞു ആശ്വസിക്കുന്നവരും ആയ എംടിയുടെ പെണ്ണുങ്ങള്‍. മറുവശത്തു, ചിരിച്ചു കൊണ്ട് കരയുകയും, കൊഞ്ചിക്കൊണ്ടു ചതിക്കുന്ന പെണ്‍വര്‍ഗവും ഉണ്ട്. എല്ലാം ത്യജിച്ചു ജീവിതം കളയുന്ന അമ്മുക്കുട്ടിമാരും ഉണ്ട്. ചിലരൊക്കെ അടുക്കളയിലെ മുഷിഞ്ഞ കോലങ്ങള്‍.

‘തനിയാവര്‍ത്തനത്തിനും’ എത്രയോ മുന്‍പ് ‘ഇരുട്ടിന്റെ ആത്മാവിലെ’ വേലായുധന്‍ തിരശീലയില്‍ വന്നു. 1979-ലെ നീലത്താമരയുടെ ക്രാഫ്റ്റ് തന്നെയാണ് മികച്ചത്. ആ ഇളകിയ കോണിപ്പടി. ഇളം പ്രായത്തിലെ അംബിക, യുവാവായ രവികുമാര്‍. എംടി-ഹരിഹരന്‍ ടീമിന്റെ ആ വര്‍ഷം തന്നെയിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ രോഹിണി (ശ്രീവിദ്യ) വളരെ ഇഷ്ടം തോന്നിയ കഥാപാത്രമാണ്. പിഎന്‍ മേനോന്‍ സംവിധാനത്തില്‍ ‘ഓളവും തീരവും’ മുന്നിലോട്ടു സഞ്ചരിച്ച സിനിമയാണ്. എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, സുന്ദരിയായ പ്രേതവുമായുള്ള ആത്മബന്ധം സിനിമയിലും മനോഹരമായിരുന്നു. പരിണയവും, ഓപ്പോളും, വൈശാലിയുമൊക്കെ പല കാലങ്ങളിലെ സ്ത്രീകളാണ്. സദയം, ‘ടാക്‌സി ഡ്രൈവര്‍ ടാഗ്’ പേറുന്നുണ്ടെങ്കിലും മോഹന്‍ലാലിനെ മറക്കാന്‍ പറ്റില്ല. എന്തൊരു സിനിമ എന്ന് തോന്നിയ ഒന്ന്. ‘ഉത്തരം’ ഏറ്റവും ഇഷ്ടപെട്ട എംടി സ്‌ക്രിപ്റ്റാണ്. നഖക്ഷതങ്ങളും, ഋതുഭേദവും, ആരണ്യകവും ഒക്കെ. വിനീതും, മോനിഷയും, സലീമയും ഒക്കെ പുതുമുഖങ്ങളായ കാലം. പെരുംതച്ചന്‍ -തിലകന്‍ ഇക്വാഷന്‍ – ആര് മറക്കാനാണ്. ‘താഴ്വാരത്തില്‍’ തണുത്തുറഞ്ഞു നില്‍ക്കുന്ന പ്രതികാരം ഒരു പുതിയ സിനിമ ഫോര്‍മാറ്റ് ആയിരുന്നു. ‘ഉയരങ്ങളില്‍’ അതിനു മറ്റൊരു ഭാവം. മോഹന്‍ലാല്‍ വീണ്ടും. മമ്മൂട്ടി എണ്ണമറ്റ കഥാപാത്രങ്ങളായി, നിര്‍ത്താതെ എംടി സാഹിത്യം പറഞ്ഞു. സീമയും കൂടെയുണ്ട്. അനലൈസ് ചെയ്തപ്പോള്‍. സിനിമയുടെ ബോഡി മുഴുവന്‍ സ്‌ക്രിപ്റ്റായ ‘സുകൃതത്തെ’ കുറിച്ചു മുന്‍പ് എഴുതിയിട്ടുണ്ട്. ‘ഒരു ചെറുപുഞ്ചിരിയി’ലെ വൃദ്ധദമ്പതികളുടെ മരിക്കാത്ത പ്രണയവും, പായസം കട്ടുകുടിച്ചു ഒരു ചെറുപുഞ്ചിരിയോടെ, ഒരിക്കലും ഉണരാതെ ഉറങ്ങിപ്പോയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഖവും, ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. പുഴയുടെ പരിണാമങ്ങളും, ഏകാന്തമായ ‘കടവും. ഇനിയും എത്രയോ പറയാനുണ്ട്!

എംടിയുടെ തിരക്കഥകള്‍, ഫീല്‍ഡിലേക്കു വരുന്ന, ഇവിടെ നില്‍ക്കുന്ന, എല്ലാ ജനറേഷനും വായിച്ചു പഠിക്കാറുണ്ട്. വ്യക്തിപരമായി, പലതിലും സിനിമയുടെ pauses കുറവാണ് എന്നൊരു അഭിപ്രായം ഉണ്ട്. ആദ്യം അങ്ങിനെ ആയിരുന്നില്ല. സിനിമ കുറെ കാണുകയും പഠിക്കുകയും ചെയ്തപ്പോള്‍ തോന്നിയതാണ്. ഡയറക്ടര്‍ക്ക് ആക്ഷന്‍ -കട്ട് മാത്രം അവശേഷിപ്പിക്കുന്ന, അത്രയേറെ പ്രിസിഷന്‍ ഉള്ള സ്‌ക്രിപ്റ്റുകള്‍!
എംടി വാസുദേവന്‍ നായരുടെ കയ്യൊപ്പു പതിഞ്ഞ എന്തും മലയാളിയുടെ നൊസ്റ്റാള്‍ജിയ ആണ്. ആ സാഹിത്യപ്രപഞ്ചവും, സിനിമകളും, ലോകം അദ്ദേഹത്തെ ആദരിച്ച വഴികളും, ഒന്നും ഇവിടെ ഒതുക്കാനാവില്ല. ഒന്നും പകരം വെക്കാനും ഇല്ല. ഓര്‍മയിലെത്തിയത് കുറിച്ചുവെന്നു മാത്രം. എല്ലാം നിര്‍ത്തണമെന്ന് സ്വയം തോന്നിയ നിമിഷം പണ്ടേ കരുത്തായ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞെങ്കിലും, ഇന്ന് ചിതയില്‍ ഒടുങ്ങുന്നതു മലയാളികളുടെ, ഒരു തുറന്ന അഹങ്കാരം തന്നെയാണ്. ആ എംടി ‘കാലം’ ഒരിക്കലും മരിക്കാതിരിക്കട്ടെ! MT Vasudevan Nair’s- Literature works and Cinema works
Content Summary; MT Vasudevan Nair’s- Literature works and Cinema works