തന്റെ 86-മത്തെ വയസില്‍ വിട പറഞ്ഞ രത്തന്‍ ടാറ്റ, ഇന്ത്യന്‍ ബിസിനസ് രംഗത്തും അതുപോലെ, ജീവകാരുണ്യ മേഖലയിലും തന്റെ സവിശേഷമായ നേതൃത്വ ഗുണം കൊണ്ട് ഒരു പരിവര്‍ത്തന വ്യക്തിത്വത്തിന് ഉടമയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണ സമയം, നഗരത്തിന്റെയും ജനങ്ങളുടെയും പ്രതിരോധ മികവിനെ പരീക്ഷിച്ച ആ പ്രതിസന്ധിഘട്ടത്തില്‍ രത്തന്‍ ടാറ്റയുടെ സ്വാധീനം പ്രത്യേകിച്ചും പ്രകടമായിരുന്നു.
2008 നവംബര്‍ 26, പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പത്ത് ഭീകരന്മാര്‍ മുംബൈയിലേക്ക് നുഴഞ്ഞുകയറി ദിവസം. 166 മനുഷ്യരെയാണ് അവര്‍ കൊന്നൊടുക്കിയത്. 300-ലധികം പേര്‍ക്ക് ആ ഭീകരാക്രമണത്തില്‍ പരിക്കേറ്റു. ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു താജ് മഹാല്‍ പാലസ് ഹോട്ടല്‍, രത്തന്‍ ടാറ്റയുടെ മുത്തച്ഛന്‍ നിര്‍മിച്ച ഒരു നാഴികകല്ല്. ഭീകരവാദികള്‍ കൊലവിളി നടത്തിയ ആ ദിനത്തില്‍ താജ് ഹോട്ടലിലെ ജീവനക്കാര്‍ അസാധാരണമായ ധീരതയായിരുന്നു പ്രകടിപ്പിച്ചത്. സ്വന്തം ജീവനെക്കാള്‍ അവര്‍ വില കല്‍പ്പിച്ചത് തങ്ങളുടെ അതിഥികളുടെ സുരക്ഷയ്ക്കായിരുന്നു. തീവ്രവാദികളുടെ തോക്കിന് ഇരയാകാതെ രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നിട്ടും പല ജീവനക്കാരും ചെയ്തത്, തങ്ങളുടെ ഹോട്ടലില്‍ താമസത്തിനെത്തിയവരുടെ സുരക്ഷ ഉറപ്പു വരുത്താനായിരുന്നു. അത് വഴി തങ്ങളില്‍ നിക്ഷിപ്തമായ കടമയില്‍ അവര്‍ ഉറച്ചു നിന്നു.
ഭീകരാക്രമണത്തിന് ശേഷം, രത്തന്‍ ടാറ്റയുടെ പ്രതികരണം വളരെ വേഗത്തിലും അനുകമ്പ നിറഞ്ഞതുമായിരുന്നു. പരിക്കറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചു, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അദ്ദേഹം വൈകാരിക പിന്തുണ വാഗ്ദാനം ചെയ്തു. ദുരന്തം അവശേഷിപ്പിച്ച ആഴത്തിലുള്ള മുറിവുകള്‍ അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിച്ചു. അത് ഉണക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിക്കുന്നതിന് പിന്നിലെ കാരണവും അതായിരുന്നു. മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 36 ലക്ഷം രൂപ മുതല്‍ 85 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ അതിലൂടെ അദ്ദേഹം വഴിയൊരുക്കി. മരണമടഞ്ഞ ജീവനക്കാര്‍, അവര്‍ എന്നായിരുന്നോ സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്നത്, അന്ന് വരെയുള്ള ശമ്പളം കുടുംബത്തിന് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. മാത്രമല്ല, ആക്രമണത്തില്‍ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ടാറ്റ ഏറ്റെടുത്തു.
അന്നത്തെ ആക്രമണത്തില്‍ താജ് മഹല്‍ പാലസ് ഹോട്ടലിന് ഉണ്ടായത് 400 കോടിയുടെ നഷ്ടമാണ്. എങ്കിലും അവിടെ സവിശേഷമായി കണ്ടത്, ജീവനക്കാര്‍ കാണിച്ച അര്‍പ്പണബോധവും അവരുടെ ധീരതയുമായിരുന്നു. അതിഥികളെ സംരക്ഷിക്കാന്‍ അവര്‍ അസാധാരണമായ കാര്യങ്ങള്‍ ചെയ്തു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ അതിഥികളെ മേശകള്‍ക്കടിയില്‍ ഒളിപ്പിച്ചു. സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് ആളുകളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. താജിലെ ഒരു ജീവനക്കാരന്‍ അദ്ദേഹത്തിന്റെ പിതാവിനോട് പറഞ്ഞ വാചകം, എല്ലാക്കാലവും ഓര്‍ത്തിരിക്കുന്നതാണ്. ഈ ഹോട്ടല്‍ ഇടിഞ്ഞു വീഴുകയാണെങ്കില്‍, അതില്‍ നിന്ന് ഏറ്റവും അവസാനം പുറത്തു കടക്കുന്നയാളായിരിക്കും ഞാന്‍’. സ്വന്തം ഭാര്യയും മകനും തനിക്ക് നഷ്ടമായിരിക്കുന്നു എന്നറിഞ്ഞതിനും ശേഷമാണ് ആ മനുഷ്യനില്‍ നിന്നും അത്തരം വാക്കുകള്‍ പുറത്തുവന്നതെന്നു കൂടിയോര്‍ക്കണം.
നേരിടേണ്ടി വന്നതില്‍ വച്ച് ഏറ്റവും വലിയൊരു പ്രതിസന്ധി ഘട്ടത്തിലും രത്തന്‍ ടാറ്റ കാണിച്ച നേതൃത്വം അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധം മാത്രമല്ല, തന്റെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തോടുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നതായിരുന്നു. മുംബൈയിലെ പൗരന്മാരുടെ ഐക്യത്തെയും സഹിഷ്ണുതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് സമൂഹത്തിന്റെ ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആക്രമണം കഴിഞ്ഞുള്ള ദിവസങ്ങളിലും ടാറ്റ തന്റെ ഉത്തരവാദിത്തം തുടര്‍ന്നു. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന ജീവനക്കാരെ സന്ദര്‍ശിക്കുകയും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്ത് അദ്ദേഹം തന്റെ പ്രതിബദ്ധത പ്രകടമാക്കി.
ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍, താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് നിര്‍ണായക പിന്തുണ നല്‍കാന്‍ ട്ര്സ്റ്റിന് സാധിച്ചു. ട്രസ്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക മാത്രമല്ല, അവര്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും ചെയ്തു. തന്റെ ജീവനക്കാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല രത്തന്‍ ടാറ്റയുടെ പ്രതിബദ്ധത. ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തിയതിലൂടെ, അവരുടെ നല്ലൊരു ഭാവിക്കും അദ്ദേഹം അടിത്തറയിട്ടു.
രത്തന്‍ ടാറ്റയുടെ പാരമ്പര്യത്തെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ ബിസിനസ്സ് വിജയം മാത്രമല്ല പരാമര്‍ശിക്കേണ്ടത്, മുംബൈയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നില്‍, ആ സാഹചര്യത്തെ അനുകമ്പയോടെ നയിക്കാന്‍ പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ സവിശേഷമായ കഴിവും എന്നും ഓര്‍ക്കപ്പെടണം. 2008ലെ ആക്രമണസമയത്തുള്ള രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവായും ഓര്‍മിക്കപ്പെടും.
ഈ സംഭവത്തിന് മുമ്പ് തന്നെ രത്തന്‍ ടാറ്റ ഇന്ത്യയിലും ലോകത്തിലും അടയാളപ്പെട്ടു കഴിഞ്ഞൊരു വ്യക്തിത്വം ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകൃത ബിസിനസുകാരില്‍ ഒരാള്‍. രണ്ട് പതിറ്റാണ്ടിലേറെയായി 100-ലധികം കമ്പനികളും ഏകദേശം 660,000 തൊഴിലാളികളുമുള്ള ടാറ്റ ഗ്രൂപ്പിനെ നയിച്ച നേതാവ്. ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം 100 ബില്യണ്‍ ഡോളറിനും (76.5 ബില്യണ്‍ പൗണ്ട്) മുകളിലായിരുന്നു. ഉപ്പ് മുതല്‍ ടാറ്റ സ്റ്റീല്‍, വ്യോമയാനം, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം തുടങ്ങി പ്രശസ്തമായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഒരു സാമ്രാജ്യമാണ് ഇന്ത്യന്‍ വ്യവസായത്തിന്റെ മാര്‍ഗദര്‍ശിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷഡ്ജി ടാറ്റ സ്ഥാപിച്ചത്.
‘ദ സ്റ്റോറി ഓഫ് ടാറ്റ’യുടെ രചയിതാവായ പീറ്റര്‍ കേസി ടാറ്റ ഗ്രൂപ്പിന്റെ ധാര്‍മ്മികതയെ മുതലാളിത്തത്തെ ജീവകാരുണ്യവുമായി സംയോജിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായാണ് അവതരിപ്പിക്കുന്നത്. ഇത്തരമൊരു തത്ത്വചിന്ത മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന രീതിയില്‍ ബിസിനസ്സ് ചെയ്യുന്നതിലാണ് പ്രധാന്യം കല്‍പ്പിക്കുന്നത്. രത്തന്‍ ടാറ്റയുടെ നേതൃത്വ കാലത്ത്, ഈ ധാര്‍മികത കേവലം ഒരു കോര്‍പ്പറേറ്റ് മുദ്രാവാക്യമായിരുന്നില്ല; കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, അത് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമായിരുന്നു.
രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിന്റെതായ നിരവധി ഗുണങ്ങളും കാഴ്ച്ചപ്പാടുകളും ഉണ്ടായിരുന്നു. എങ്കിലും 2008ലെ മുംബൈ ഭീകരാക്രമണത്തിലുള്ള രത്തന്‍ ടാറ്റയുടെ പ്രതികരണം അദ്ദേഹത്തിന്റെ അസാധാരണമായ നേതൃഗുണങ്ങളെയാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടനടിയുള്ള ആവശ്യങ്ങള്‍ പരിഹരിക്കുക മാത്രമല്ല ചെയ്തത്, ദീര്‍ഘകാലത്തേക്കുള്ള പിന്തുണ ഉറപ്പാക്കുകയും സമൂഹത്തിന്റെ പ്രതിരോധത്തിന് ഒരു ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് ചെയ്തത്. രത്തന്‍ ടാറ്റ തന്റെ വ്യവാസ വിജയത്തിലെ മിടുക്ക് കൊണ്ടു മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ച അഗാധമായ അനുകമ്പയുടെയും പ്രതിബദ്ധതയുടെയും പേരിലും എല്ലാക്കാലത്തേക്കുമായി ഓര്‍മിക്കപ്പെടും, തീര്‍ച്ച. Mumbai terror attack: A Crisis that showed Ratan Tata’s real leadership
Content Summary; Mumbai terror attack: A Crisis that showed Ratan Tata’s real leadership