December 13, 2024 |
Avatar
കെ എം സീതി
Share on

മുനമ്പം തര്‍ക്കഭൂമി: നിയമപരവും മതപരവും സാമൂഹികവുമായ സങ്കീര്‍ണതകള്‍

മുനമ്പം ഭൂമിതര്‍ക്കം വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുക മാത്രമല്ല, ചരിത്രപരമായ സ്വത്തവകാശങ്ങളുടെയും ഇസ്ലാമിക നിയമ തത്വങ്ങളുടെയും ആധുനിക നിയമ ചട്ടക്കൂടുകളുടെയും സങ്കീര്‍ണ്ണതകളുമാണ് ഉയര്‍ത്തിക്കാട്ടുന്നത്

600-ലധികം കുടുംബങ്ങളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ അകപ്പെടുത്തിയിരിക്കുകയാണ് മുനമ്പം ഭൂമിയെ ചൊല്ലിയുള്ള നിയമപരമായ തര്‍ക്കം(Munambam land dispute). സംസ്ഥാനം നിര്‍ണായകമായ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നേരിടുമ്പോള്‍ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കം വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ വേദിയായി മാറിയിരിക്കുകയാണ്. കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികള്‍ രാഷ്ട്രീയ മുതലെടുപ്പിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ വിഷയം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്,അതിന്റെ ഭാഗമായി പൊതുജനാഭിപ്രായം സമാഹരിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. 1950-ല്‍ ഫറോക്ക് കോളേജിന് വഖഫ് സ്വത്തായി ലഭിച്ച 404.76 ഏക്കര്‍ ഭൂമിയാണ് ഈ തര്‍ക്കത്തില്‍ ഉള്‍പ്പെടുന്നത്. മുനമ്പം ഭൂമിതര്‍ക്കം വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുക മാത്രമല്ല, ചരിത്രപരമായ സ്വത്തവകാശങ്ങളുടെയും ഇസ്ലാമിക നിയമ തത്വങ്ങളുടെയും ആധുനിക നിയമ ചട്ടക്കൂടുകളുടെയും സങ്കീര്‍ണ്ണതകളുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. Munambam land dispute

ഇസ്ലാമിക നിയമത്തില്‍ വഖഫ്
മതപരമോ ജീവകാരുണ്യപരമോ വിദ്യാഭ്യാസപരമോ ആയ ആവശ്യങ്ങള്‍ക്കായി സ്വത്ത് എഴുതി നല്‍കുന്നതിനെയാണ് ഇസ്ലാമിക നിയമശാസ്ത്രത്തിലെ ‘വഖ്ഫ്’ എന്ന ആശയം സൂചിപ്പിക്കുന്നത്. കേരളത്തിലെ കച്ചി മേമന്‍ സമുദായം പിന്തുടരുന്ന ഹനഫി മദ്ഹബിന്റെ കീഴില്‍ ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ദൈവത്തിന്റേതായാണ് കണക്കാക്കപ്പെടുന്നത്. അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. ഇസ്ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി അതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ട്രസ്റ്റി (മുതവല്ലി)യായിരിക്കും തുടര്‍ന്നു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

പ്രത്യേക വ്യവസ്ഥകളില്‍ ഈ വിഷയങ്ങളിലൊക്കെ വ്യത്യാസങ്ങള്‍ വരുത്താനും ഹനഫി സ്‌കൂള്‍ അനുവാദം നല്‍കുന്നുണ്ട്. ഉദാഹരണത്തിന് സാമ്പത്തിക പരിമിതികളോ മറ്റ് പ്രായോഗിക വെല്ലുവിളികളോ കാരണം വഖഫിന്റെ യഥാര്‍ത്ഥ ചാരിറ്റബിള്‍ ഉദ്ദേശ്യം നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ കരാറില്‍ പരിഷ്‌ക്കരണമോ ഒരുപക്ഷേ ഭൂമിയുടെ വില്‍പ്പനയോ പോലും അനുവദനീയമായേക്കാം. പക്ഷെ ഈ പഴുത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തടയുന്നതിന് വളരെ കര്‍ശനമായിത്തന്നെ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1950-ല്‍ ഫറോക്ക് കോളേജിന് നല്‍കപ്പെട്ട മുനമ്പം ഭൂമി ഈ നിയമചട്ടക്കൂടിനുള്ളില്‍ എവിടെയാണ് എന്ന ചോദ്യം തന്നെയാണ് നിയമപരമായ ഈ തര്‍ക്കത്തിന്റെ കേന്ദ്രം. രേഖാപരമായി നോക്കുമ്പോള്‍ കോളേജ് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഭൂമി യഥാര്‍ത്ഥ ദാതാവിന്റെ അവകാശികള്‍ക്ക് തന്നെ തിരികെ നല്‍കുമെന്ന സോപാധികമായ വ്യവസ്ഥ രേഖയില്‍ ഉള്ളതിനാല്‍ തര്‍ക്കം കൂടുതല്‍ മുറുകുന്നു.

waqf board

തര്‍ക്കത്തിന്റെ തുടക്കം
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലാണ് മുനമ്പം സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ന് തര്‍ക്കത്തില്‍ ഉള്‍പ്പെട്ട വഖഫ് ഭൂമിയുടെ കഥ തുടങ്ങുന്നത്. അക്കാലത്ത് ഗുജറാത്തില്‍ നിന്നുള്ള വ്യാപാരി സമൂഹമായ കച്ചി മേമന്‍മാര്‍ കേരളത്തിലേക്ക് കുടിയേറുകയും കൊച്ചി-തിരുവിതാംകൂര്‍ മേഖലകളില്‍ കാലുറപ്പിക്കുകയും ചെയ്തു. 1902-ല്‍ മേമന്‍ സംഘത്തിലെ പ്രമുഖനായ അബ്ദുള്‍ സത്താറിന് മുനമ്പത്ത് 400 ഏക്കറിലധികം ഭൂമിക്ക് പട്ടയം അനുവദിച്ചു. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്‍ഷിക തീരപ്രദേശത്തുള്ള ഈ ഭൂമി 1948-ല്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് സിദ്ദിഖ് സെയ്ത് ഔപചാരികമായി രജിസ്റ്റര്‍ ചെയ്തു. Munambam land dispute

1950-ല്‍ സിദ്ദിഖ് സെയ്ത് ഒരു വഖഫ് രേഖ മുഖേന ഫാറൂക്ക് കോളേജിന് ഭൂമി പതിച്ചുനല്‍കി. സ്വത്ത് വിദ്യാഭ്യാസത്തിനും ജീവകാരുണ്യത്തിനും മാത്രമായി ഉപയോഗിക്കണമെന്നായിരുന്നു രേഖയില്‍ വ്യവസ്ഥ ചെയ്തിരുന്നത്. അതേ രേഖയില്‍ സവിശേഷമായ ഒരു വ്യവസ്ഥയും ഉണ്ടായിരുന്നു: കോളേജ് അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഭൂമി സെയ്തിന്റെ വരും അവകാശികള്‍ക്ക് തിരികെ നല്‍കും. ഈ നിബന്ധന വഖഫിന്റെ ഉടമ്പടികളെ അവ്യക്തതമാക്കി. തുടര്‍ന്നങ്ങോട്ടുള്ള നിയമ വ്യാഖ്യാനങ്ങളെയും അത് സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്.

ഇന്ത്യയിലെ വഖഫ് നിയമങ്ങളുടെ തുടക്കവും വളര്‍ച്ചയും
ഈ തര്‍ക്കത്തെ ചുറ്റിപ്പറ്റിയുള്ള നിയമ ചട്ടക്കൂട് മനസ്സിലാക്കാന്‍ ഇന്ത്യയിലെ വഖഫ് നിയമങ്ങളുടെ പരിണാമവഴി കാണേണ്ടതുണ്ട്. ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ ശ്രമമായിരുന്നു 1954 ലെ വഖഫ് നിയമം. ഈ സ്വത്തുക്കളുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാനും ദുരുപയോഗം തടയാനും സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 1995-ലെ വഖഫ് നിയമത്തിലെ ഭേദഗതികള്‍ വഖഫ് സ്വത്തുക്കളുടെ അനധികൃത വില്‍പനയോ കൈമാറ്റമോ തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. നിയമത്തിലെ 51-56 വകുപ്പുകള്‍ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വഖഫ് ഭൂമി വില്‍ക്കുന്നതും അന്യാധീനപ്പെടുത്തുന്നതും വിലക്കുന്നുണ്ട്. 2013-ലെ ഭേദഗതി ഈ വ്യവസ്ഥകള്‍ പാലിക്കാത്തതിന് പിഴ ചുമത്തുകയും കൈയേറ്റ സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു.

കേരള വഖഫ് ചട്ടങ്ങളിലെ റൂള്‍ 95 അനധികൃത വില്‍പ്പന, കൈയേറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്താന്‍ വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരം നല്‍കുന്നതാണ്. ഒരു പ്രോപ്പര്‍ട്ടി അനുചിതമായി വിറ്റതായി സിഇഒ കണ്ടെത്തുകയാണെങ്കില്‍ ബോര്‍ഡിന് അത് വീണ്ടെടുക്കാന്‍ ഉത്തരവിടാം. മുനമ്പം തര്‍ക്കത്തില്‍ ഫാറൂഖ് കോളേജ് അനുമതിയില്ലാതെ വിറ്റതായി ആരോപിക്കപ്പെടുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ വഖഫ് ബോര്‍ഡ് ഈ നിയമ വ്യവസ്ഥകള്‍ തന്നെയാണ് പ്രയോഗിക്കുന്നത്.

ഫാറൂഖ് കോളേജിന്റെ പങ്ക്
കേരളത്തിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസ ദൗത്യത്തെ പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് നിലവിലെ തര്‍ക്ക ഭൂമി വഖഫ് എഴുതി നല്കിയിരുന്നത്. പക്ഷേ പതിറ്റാണ്ടുകളായി ഈ ഭൂമിയുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് നടത്തിയ ഇടപാടുകളില്‍ അനധികൃതമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. വഖഫ് ബോര്‍ഡില്‍ യഥാസമയം വസ്തു റജിസ്റ്റര്‍ ചെയ്യുന്നതില്‍ കോളജിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായി.

farook college

1998 ഡിസംബറില്‍ കാര്യങ്ങള്‍ വിവാദമായ സമയത്ത് കോളേജ് മാനേജിംഗ് കമ്മിറ്റി അഭിഭാഷകന്‍ എം.വി. പോളിന് വഖഫ് സ്വത്തിന്റെ ഭാഗങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഒരു അധികാരപത്രം അനുവദിച്ചു. വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമായ വഖഫ് ചട്ടങ്ങളുടെ ലംഘനമായിരുന്നു ഈ നടപടി. ഇതേ തുടര്‍ന്ന് അനധികൃത ഇടപാടുകള്‍ നിയമപരമായ തര്‍ക്കങ്ങളിലേക്ക് നയിക്കുകയും പിന്നീട് അസാധുവായി കണക്കാക്കുകയും ചെയ്തു. Munambam land dispute

2008ല്‍ മുന്‍ വഖഫ് ബോര്‍ഡ് അംഗം നല്‍കിയ പരാതിയിലാണ് ഈ അനധികൃത ഇടപാടുകള്‍ പുറത്തായത്. 2009-ല്‍ ജസ്റ്റിസ് എം.എ.നിസാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ വഖഫ് രേഖയിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് വില്‍പന നടത്തിയതെന്ന് സ്ഥിരീകരിച്ചു. പക്ഷേ കേരളസര്‍ക്കാരും ഫറൂഖ് കോളേജും ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ഈ കണ്ടെത്തലുകളെ തുടര്‍ന്ന് 2019-ല്‍ കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതുപ്രകാരം ഭൂമി വഖഫ് സ്വത്തായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും മുമ്പത്തെ വില്‍പ്പന അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.

നിയമവെല്ലുവിളികളുടെ വര്‍ഷങ്ങള്‍
1960-കളില്‍ മുനമ്പം നിവാസികളുടെ ഇടപെടലില്‍ ഭൂമിയുടെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. അതില്‍ ഫാറൂഖ് കോളേജിന്റെ അധികാരവും ചോദ്യം ചെയ്യപ്പെട്ടു. 1967-ല്‍ പറവൂരിലെ സബോര്‍ഡിനേറ്റ് കോടതിയില്‍ ഭൂമിയുടെ വഖഫ് പദവി ചോദ്യം ചെയ്ത് ഒരു കേസ് ഫയല്‍ ചെയ്തു. 1971-ല്‍ ഫാറൂഖ് കോളേജിന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചുക്കൊണ്ട് ഈ സ്വത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ചു. ഈ വിധി 1975-ല്‍ കേരള ഹൈക്കോടതി ശരിവച്ചു. അതുവഴി ഭൂമിയുടെ വഖഫ് പദവി ഉറപ്പിക്കപ്പെട്ടു.

ഈ വിധികള്‍ ഉണ്ടായിരുന്നിട്ടും ഭൂമി ഒരു ഇഷ്ടദാനം മാത്രമാണെന്ന വ്യാജേന ഫറോക്ക് കോളേജ് മാനേജ്മെന്റ് ഭൂമി ഇടപാടുകള്‍ തുടര്‍ന്നു. വില്‍പനയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹര്‍ജികള്‍ വന്നപ്പോള്‍ കേരള ഹൈക്കോടതി ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. വഖഫ് ബോര്‍ഡിന്റെ 2019-ലെ ഭൂമി രജിസ്‌ട്രേഷനോട് പ്രതികരിച്ച് കോളേജില്‍ നിന്ന് പ്ലോട്ട് വാങ്ങിയ താമസക്കാര്‍ വഖഫ് ബോര്‍ഡിന്റെ നടപടികള്‍ തങ്ങളുടെ സ്വത്തവകാശം ലംഘിക്കുന്നുവെന്ന് അവകാശപ്പെട്ട് ഹര്‍ജികള്‍ നല്‍കി. ഒറിജിനല്‍ വഖഫ് രേഖയില്‍ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് കൈമാറിയിട്ടില്ലെന്നും പകരം കോളേജിന്റെ മാനേജിംഗ് കമ്മിറ്റിക്കാണ് നിക്ഷിപ്താവകാശം നല്‍കിയിട്ടുള്ളതെന്നും അവര്‍ വാദിച്ചു.

2022-ല്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് താമസക്കാര്‍ക്ക് വസ്തുനികുതി അടയ്ക്കുന്നത് പുനരാരംഭിക്കാന്‍ അനുവാദം നല്‍കി. ഇത് ഭൂമിയുടെ മേലുള്ള അവരുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നൊരു നീക്കമായിരുന്നു. പക്ഷെ ഇത്തരത്തില്‍ നികുതി അടവ് തുടരുന്നത് സ്വത്ത് തിരിച്ചുപിടിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്ന് വാദിച്ച കേരള വഖഫ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ അപ്പീലിനെ തുടര്‍ന്ന് ഈ വിധി പെട്ടെന്ന് സ്റ്റേ ചെയ്യപ്പെട്ടു.

അടുത്തിടെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് മുനമ്പം നിവാസികള്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയില്‍ നിന്ന് സ്ഥലം വാങ്ങിയ മുനമ്പം സ്വദേശി ജോസഫ് ബെന്നിയും മറ്റ് ഏഴുപേരുമാണ് ഹര്‍ജി നല്‍കിയത്. ഭൂമി തങ്ങളുടേതാണെന്ന് പറഞ്ഞ് വഖഫ് ബോര്‍ഡ് തങ്ങളെയും മറ്റ് 600 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ആവശ്യപ്രകാരം ഭൂമിയുടെ രേഖകള്‍ മ്യൂട്ടേറ്റ് ചെയ്യാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു.

ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്
2022 ഡിസംബറില്‍ വഖഫ് ചുമതലയുള്ള എല്‍.ഡി.എഫ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (IUML) നേതാവ് കെ.പി.എ. മജീദിന്റെ സബ്മിഷനോട് വഖഫ് ഭൂമിയായി അവകാശപ്പെട്ടതു തിരിച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. ഈ പ്രതികരണം സ്ഥിതിഗതികളുടെ അനിശ്ചിതത്വം വീണ്ടും വര്‍ദ്ധിപ്പിച്ചു. പക്ഷെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകാം തുടര്‍ന്ന് എല്‍ഡിഎഫ്, ഐയുഎംഎല്‍ നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റി ബാധിത കുടുംബങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ഭൂമിയുടെ വഖഫ് പദവിയെ ചോദ്യം ചെയ്യുകയും ചെയ്തു.

മുനമ്പം ഭൂമി തര്‍ക്കം സുപ്രധാന രാഷ്ട്രീയ വിഷയമായി മാറിയതോടെ സിപിഐഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിപക്ഷത്തെയും വെല്ലുവിളിക്കാനുള്ള ഒരു അവസരമായിക്കണ്ട് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സാഹചര്യം മുതലെടുക്കാന്‍ തുടങ്ങി. ബിജെപി ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ക്രിസ്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍പില്‍ ഭൂമിയുടെ സംരക്ഷകരായി അവതരിച്ചിരിക്കുകയാണ്. വഖഫ് നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനുള്ള പാര്‍ട്ടിയുടെ കേന്ദ്രഅജണ്ടയുമായി ഈ തന്ത്രം ഒത്തുപോവുന്നുമുണ്ട്.

suresh gopi

സമുദായ സ്വത്തുക്കള്‍ക്ക് മുകളിലുള്ള വഖഫ് കൈയേറ്റങ്ങളില്‍ കത്തോലിക്കാ സഭ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചാരണം ശക്തമായത്. 2024-ലെ തീര്‍പ്പാക്കാത്ത വഖഫ് (ഭേദഗതി) ബില്‍ താമസക്കാരുടെ സ്വത്തവകാശം സംരക്ഷിക്കുമെന്നാണ് സംഘപരിവാറിന്റെ വാദം. പക്ഷേ ഈ ബില്‍ ലക്ഷ്യമിടുന്നത് വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനും ഭരണപരമായ കെടുകാര്യസ്ഥത തടയാനുമാണ്. അല്ലാതെ കാലങ്ങളായി നീണ്ടു നില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനല്ല. അങ്ങനെ വരുമ്പോള്‍ 2024ലെ വഖഫ് ഭേദഗതി ബില്‍ മുനമ്പം തര്‍ക്കം പരിഹരിക്കുമെന്ന സംഘപരിവാറിന്റെ വാദം തെറ്റാണ്.

കോളേജ് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ എഴുതി നല്‍കിയ സ്വത്ത് യഥാര്‍ത്ഥ ദാതാവിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കുന്ന ഒരു ക്ലോസ് ഉള്‍പ്പെടുന്ന 1950 ലെ ഡീഡിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകളിലാണ് ഈ തര്‍ക്കത്തിന്റെ വേരുകള്‍. ഈ വ്യവസ്ഥയാകട്ടെ ഇസ്ലാമിക നിയമത്തിന് കീഴിലുള്ള വഖഫിന്റെ സമ്പൂര്‍ണ സ്വഭാവത്തെയും വെല്ലുവിളിക്കുന്നതുക്കൊണ്ട്തന്നെ ഇത് പൊതുവായ നിയമനിര്‍മ്മാണ ഭേദഗതികളിലൂടെ പരിഹരിക്കാന്‍ ബുദ്ധിമുട്ടാണ്.

munambam issue

ഒരു പൊതു തീരുമാനത്തിന്റെ സാധ്യത?
മുനമ്പം തീരത്ത് കാലങ്ങളായി താമസിച്ചു വരുന്നവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്ന് എല്ലാ മുന്നണി കക്ഷികളും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ഭൂമിയുമായുള്ള അവരുടെ ബന്ധത്തെ തള്ളിക്കളഞ്ഞു പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ഈ കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കലിന് വിധേയരാകരുത്. പക്ഷെ ഈ തര്‍ക്കങ്ങളൊക്കെ നടക്കുമ്പോഴും പ്രദേശത്ത് വ്യാപകമായ കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. നിരവധി ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ പ്രദേശത്തിന്റെ സാധ്യത മനസ്സിലാക്കി ഭൂമി കയ്യേറി. ഈ റിസോര്‍ട്ടുകളില്‍ പലതും മുനമ്പം നിവാസികളുടെ ദുരവസ്ഥ കണക്കിലെടുക്കാതെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ മുതലെടുക്കുകയാണ്.
ഈ സാഹചര്യത്തില്‍ പ്രശ്‌നം സമഗ്രമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ഉദ്യോഗസ്ഥര്‍, വഖഫ് ബോര്‍ഡ് എന്നിവരുമായി കേരള സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ നിയമാനുസൃതമായ ഉടമസ്ഥാവകാശ രേഖകള്‍ ഉള്ള മുനമ്പംക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി വീണ്ടെടുക്കുകയും, ശേഷിക്കുന്ന വഖഫ് ഭൂമി പുനഃസ്ഥാപിക്കുകയും നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കുകയും ചെയ്യുക എന്നത് ഈ ചര്‍ച്ചകളുടെ ഉദ്ദേശമാണ്. നിലവില്‍ വിവിധ തല്പരകക്ഷികളില്‍ നിന്നുള്ള ഒന്നിലധികം ഹര്‍ജികള്‍ അവലോകനം ചെയ്യുന്ന കേരള ഹൈക്കോടതിയുടെ വരാനിരിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും ഈ വിഷയത്തിന്റെ പരിഹാരം. Munambam land dispute

കേരളത്തില്‍ സാമുദായികസൗഹാര്‍ദം പുനഃസ്ഥാപിക്കുന്നതിനും പരസ്പര സഹവര്‍ത്തിത്വം വളര്‍ത്തുന്നതിനും സമയബന്ധിതമായ ഒത്തുതീര്‍പ്പ് അത്യന്താപേക്ഷിതമാണ്. ബാധിത കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ അവകാശം നിയമപരം മാത്രമല്ല വ്യക്തിപരവുമാണ്. പരമ്പരകളായി ജനിച്ചു ജീവിച്ചു വന്ന ഭൂമി തര്‍ക്കങ്ങളില്ലാതെ സ്വന്തമാക്കാനും സമാധാനത്തോടെ ജീവിക്കാനും അവര്‍ക്ക് അവകാശമുണ്ട്. ഈ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണത്തേക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണ്. ന്യായമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരാന്‍ കേരള സര്‍ക്കാരും വഖഫ് ബോര്‍ഡും ദുരിതബാധിത സമൂഹങ്ങളും തമ്മില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ അനിവാര്യമാണ്. വഖഫിന്റെ ജീവകാരുണ്യ ലക്ഷ്യങ്ങള്‍ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം സാധുവായ ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവരുടെ അവകാശങ്ങള്‍ അംഗീകരിക്കുക കൂടി വേണം. അതാണ് നീതി.  Munambam land dispute legal religious and social complexities

ദ വയ്ര്‍ പ്രസിദ്ധീകരിച്ച കെ എം സീതിയുടെ ലേഖനമാണ് അഴിമുഖം പരിഭാഷ ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്.   

COntent Summary; Munambam land dispute legal religious and social complexities

Avatar

കെ എം സീതി

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി (MGU) Inter University Centre for Social Science Research and Extension (IUCSSRE) ഡയറക്ടര്‍ . ICSSR Senior Fellow, Senior Professor of International Relations and Dean of Social Sciences at MGU. എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

More Posts

×