January 22, 2025 |
Share on

ചുരമിറങ്ങുന്ന വിനോദ സഞ്ചാരം; വയനാടിന്റെ ടൂറിസം മേഖല പ്രതിസന്ധിയിലോ?

മലയാളികളുടെ ടൂറിസം ഡെസ്റ്റിനേന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വയനാട്. കോടമഞ്ഞില്‍ മൂടപ്പെട്ട മലനിരകളും, തണുത്ത കാലാവസ്ഥയുമെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു.

മലയാളികളുടെ ടൂറിസം ഡെസ്റ്റിനേന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് വയനാട്. കോടമഞ്ഞില്‍ മൂടപ്പെട്ട മലനിരകളും, തണുത്ത കാലാവസ്ഥയുമെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം സഞ്ചാരികള്‍ വയനാടിനെ കൈവിട്ട അവസ്ഥയാണ്. ദുരന്തം നടന്ന പ്രദേശം ഉള്‍പ്പെടുന്ന മേപ്പാടി വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. ദുരന്തം നടന്ന പ്രദേശം വയനാട്ടിലെ നൂറുകണക്കിന് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്ന് മാത്രമാണെങ്കിലും, ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത മറ്റനേകം സ്ഥലങ്ങള്‍ വയനാട്ടില്‍ ഉണ്ടെങ്കിലും, സഞ്ചാരികള്‍ ചുരം കയറുന്നില്ല. mundakkai-disaster-effects-wayanad-tourism

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഏറ്റവും സജീവമായിരിക്കുന്ന സമയമാണ് അവധിക്കാലം. ഓണത്തിന്റെ പത്തു ദിവസത്തെ അവധി ആഘോഷിക്കാന്‍ സഞ്ചാരികള്‍ പലപ്പോഴും വയനാട് തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഈ ഓണക്കാലത്ത് അതില്‍ നിന്നെല്ലാം വത്യസ്തമായി വീഥികള്‍ വിജനമാണ്. കച്ചവടക്കാരും, യാത്രക്കാരും, വാഹനങ്ങളുമെല്ലാം കൊണ്ട് നിറഞ്ഞ, ഉത്സവ പ്രതീതിയുണ്ടായിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മൂകമാണ്. വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കച്ചവടക്കാര്‍,ഡ്രൈവര്‍മാര്‍, ടൂര്‍ ഗൈഡുകള്‍, റിസോര്‍ട്ടിലെ തൊഴിലാളികള്‍ എന്നിങ്ങനെ അനവധി ആളുകള്‍ക്കാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. mundakkai-disaster-effects-wayanad-tourism

‘മുന്‍പത്തെ വര്‍ഷങ്ങളെ അപേക്ഷിച്ച് എടക്കല്‍ ഗുഹയില്‍ ആളുകളുടെ എണ്ണം വളരെ കുറവാണ്. ഞങ്ങളെപ്പോലുള്ള കച്ചവടക്കാരൊക്കെ ഈ വരുമാനം കൊണ്ടാണ് ജീവിച്ച് പോകുന്നത്. കടമുറികളും മറ്റുമൊക്കെ വാടകക്കെടുത്ത് നടത്തുന്ന കച്ചവടക്കാര്‍ക്ക് വാടക നല്‍കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. വളരെ ചെറിയ കച്ചവടം നടത്തുന്ന എനിക്ക് പോലും ഒത്തിരി ബുദ്ധിമുട്ടുകള്‍ വന്നിട്ടുണ്ട്, അപ്പോള്‍ വലിയ കച്ചവടം നടത്തുന്നവരുടെ കാര്യമോ?. ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പോലുള്ള സാധനങ്ങളാണ് ഞാന്‍ കച്ചവടം ചെയ്തുകൊണ്ടിരുന്നത്, അതില്‍ പകുതിയും കേടായിപ്പോയി ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങിവെക്കാന്‍ പേടിയാണ്’. എടക്കല്‍ ഗുഹക്ക് സമീപം കച്ചവടം നടത്തുന്ന റീന പറയുന്നു.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ്, ട്രക്കിങ് സ്‌പോട്ടുകളായ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. എടക്കല്‍ ഗുഹ വെള്ളിയാഴ്ചകളില്‍ മാത്രം തുറക്കും എന്ന നിയമം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്യുന്ന ആളുകള്‍ വളരെ പാവപ്പെട്ടവരാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്നവര്‍. ഇവരുടെ ജീവിതമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

എടക്കല്‍ഗുഹ സന്ദര്‍ശിക്കാന്‍ നാലായിരത്തോളം ആളുകള്‍ എത്തുമായിരുന്നുവെങ്കിലും അതില്‍ നിന്ന് 1,900 ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ബാക്കിയുള്ളവര്‍ ഗുഹ കാണാനാവാതെ മടങ്ങും, എങ്കിലും അവര്‍ അവിടെ അടുത്ത് നിന്ന് ഭക്ഷണം കഴിക്കുകയും, കരകൗശല വസ്തുക്കള്‍ വാങ്ങിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇത് കച്ചവടക്കാര്‍ക്ക് ആശ്വാസമേകിയിരുന്നു, എന്നാല്‍ ഇവയെല്ലാമിപ്പോള്‍ ആശങ്കയിലാണ്.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തന്നെ വയനാട്ടില്‍ 50 ശതമാനം വിനോദസഞ്ചാരികളുടെ കുറവുണ്ടായിരുന്നു. ഓണക്കാലത്തിന്റെ വരവ് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) കണക്കുകള്‍ പ്രകാരം, ഇപ്പോഴും തുറന്നിരിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തില്‍, വിനോദസഞ്ചാരികളുടെ ശരാശരി എണ്ണം പ്രതിദിനം 300 പേര്‍ എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് മാറി. സീസണിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത്, പൂക്കോട് തടാകത്തില്‍ നാലായിരത്തോളം വിനോദസഞ്ചാരികള്‍ എത്താറുണ്ടായിരുന്നു . 1000ലധികം ടാക്‌സി ജീപ്പുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും ഇത് ടൂറിസം വ്യവസായത്തെ സഹായിക്കുന്നുണ്ടെന്നും ഡ്രൈവര്‍മാരുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയിലെ ടൂറിസം വ്യവസായത്തിന് മാത്രമായി 100ലധികം ടൂറിസ്റ്റ് ടാക്‌സികള്‍ ‘സ്‌പോട്ട് ടാക്‌സി കോള്‍ സെന്ററില്‍’ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post Thumbnail
154 ദിവസങ്ങള്‍ക്ക് ശേഷം വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രംവായിക്കുക

വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ടൂറിസം വകുപ്പ് വ്‌ളോഗര്‍മാരുമായി കൈകോര്‍ത്ത് ക്യാംപെയിന്‍ ഒരുക്കുകയാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തി ഷൂട്ട് ചെയ്ത ശേഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവക്കുന്നു. ഇത് വയനാടിനെക്കുറിച്ചുള്ള സഞ്ചാരികളുടെ തെറ്റിധാരണ മാറാന്‍ സഹായിക്കുന്നു. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഈ പരിപാടി 2024 സെപ്തംബര്‍ 17 ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ വച്ച് നടന്ന പരിപാടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെയുള്ള വ്‌ളോഗര്‍മാര്‍ പങ്കെടുത്തു.

ഓണത്തിന്റെ അവധിക്കാലത്ത് പൂക്കോട് തടാകത്തില്‍ എത്തിയ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുടെ കണക്ക് 509 ഉം, എടക്കല്‍ ഗുഹ കാണാനെത്തിയത് 2756 പേരുമാണ്. തിരുവോണ ദിനത്തില്‍ സാധാരണ കണക്കാക്കപ്പെടുന്ന കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. മുണ്ടക്കൈ ചൂരല്‍മല ഭാഗത്തുണ്ടായ ഉരുള്‍പൊട്ടല്‍ വയനാട് ജില്ലയെ മൊത്തത്തില്‍ ബാധിച്ചു എന്ന തരത്തില്‍ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ ജില്ലയിലെ ടൂറിസം മേഖലക്ക് ലഭിച്ച ഏറ്റവും വലിയ അടിയായിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ എന്ന ടാഗ്‌ലൈനോടുകൂടി വന്ന വാര്‍ത്തകള്‍ തകര്‍ത്തത് ജില്ലയുടെ മൊത്തം ടൂറിസത്തെയാണ്. ഈ ഓണക്കാലത്ത് സാധാരണയില്‍ നിന്ന് വത്യസ്തമായി 80 ശതമാനം ആളുകളുടെ കുറവാണ് വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

‘ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍, വയനാട് ഉരുള്‍പൊട്ടല്‍ എന്ന രീതിയില്‍ പ്രചരിച്ചത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ടൂറിസം വകുപ്പ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കച്ചവടം നടത്തുന്നവര്‍ മുതല്‍ റിസോര്‍ട്ട് ഉടമസ്ഥര്‍ വരെയുള്ള ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. വയനാട് ജില്ലയില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീതി മൂലം മാത്രമാണ് ഇത്രയും സഞ്ചാരികളുടെ കുറവുണ്ടായത്. ആളുകള്‍ വളരെയധികം പാനിക് ആണ്, അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ഇങ്ങോട്ട് വരുന്നില്ല. അമ്പലവയലില്‍ പൂപ്പൊലിയൊക്കെ തുടങ്ങുമ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷ. കേരള ടൂറിസം വകുപ്പ് മുന്‍കൈ എടുത്തുകൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നാല്‍പ്പതോളം വ്‌ളോഗര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം’. ഡിറ്റിപിസി വയനാട് വ്യക്തമാക്കി.

‘വയനാട്ടിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ വന്നെത്തുന്ന സമയമാണ് ഓണക്കാലം. എന്നാല്‍ ഈ വര്‍ഷം ഓണത്തിന് ഏറ്റവും കുറവ് ആളുകളാണ് വയനാട്ടിലേക്ക് വന്നിട്ടുള്ളത്. മുണ്ടക്കൈ ദുരന്തത്തിന് ശേഷം അമ്പലവയല്‍ ഭാഗത്തുണ്ടായ പ്രകമ്പനവും ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. എടക്കല്‍ ഗുഹയെ സംബന്ധിച്ച് സഞ്ചാരികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കടകളില്‍ നിന്ന് തൊഴിലാളികളെപ്പോലും ഒഴിപ്പിക്കുകയാണ്. രണ്ടും മൂന്നും ആളുകള്‍ ജോലിക്ക് നിന്നിരുന്ന കടകളിലൊക്കെ ഒരാളാക്കി ചുരുക്കിയിരിക്കുകയാണ്. കച്ചവടത്തില്‍ നിന്ന് ലാഭമുണ്ടാകാതെ എങ്ങനെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കും. നാനൂറോളം വരുന്ന കച്ചവടക്കാരും തൊഴിലാളികളും ഇപ്പോള്‍ ദുരിതമനുഭവിക്കുകയാണ്.’ നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു എടയനാല്‍ ചൂണ്ടിക്കാണിക്കുന്നു.

Post Thumbnail
ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശംവായിക്കുക

ഏറെ പ്രതീക്ഷയോടെ വയനാട്ടിലെ ആളുകള്‍ സഞ്ചാരികളെ വിരുന്നിന് വിളിക്കുകയാണ്. കരുതലും സ്‌നേഹവും നിറച്ച ആ വിളികള്‍ക്ക് ഓരോ സഞ്ചാരികളും കാതുകൊടുക്കുക. പ്രളയവും കോവിഡും അതിജീവിച്ച് വന്ന വയനാട്ടിലെ ആളുകള്‍ക്ക് ഭീഷണിയായി വന്യജീവി ആക്രമണങ്ങളുമുണ്ടായിരുന്നു. മുണ്ടക്കൈ ദുരന്തം കൂടി നേരിടേണ്ടി വന്ന വയനാട്ടുകാര്‍ പയ്യെ വീണ്ടും പിച്ചവെക്കാന്‍ തുടങ്ങുകയാണ്, ഇതിന്റെ ആദ്യ ചുവട്‌വെക്കുന്നത് ടൂറിസം മേഖലയാണ്, വയനാടിന് പണ്ടത്തെക്കാള്‍ മികവോടെ തിരിച്ച് വരാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെ.

Content summary; mundakkai-disaster-effects-wayanad-tourism

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

×