July 14, 2026 |
Share on

ഇരകളുടെ സമ്മതം വാങ്ങിയുള്ള കൊലപാതകം, 9 പേരുടെ ശരീരം കഷ്ണങ്ങളാക്കി സൂക്ഷിച്ചു; ആരാണ് ജപ്പാനെ നടുക്കിയ ട്വിറ്റർ കില്ലർ?

ട്വിറ്ററിലൂടെ ആത്മഹത്യയെക്കുറിച്ചുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നവരെയാണ് ഷിറൈസി ലക്ഷ്യം വെച്ചത്

2017ൽ ലോകത്തെ നടുക്കിയ ട്വിറ്റർ കില്ലർ എന്ന് അറിയപ്പെടുന്ന ടകാഹിരോ ഷിറൈസിയെ വധശിക്ഷയ്ക്ക് വിധേയനാക്കി ജപ്പാൻ. 2022ന് ശേഷം ആദ്യമായാണ് ജപ്പാനിൽ വധശിക്ഷ നടപ്പാക്കുന്നത്. എട്ട് യുവതികളുൾപ്പെടെ ഒൻപത് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ടകാഹിരോ ഷിറൈസിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

2017 ഓ​ഗസ്ററിനും ഒക്ടോബറിനും ഇടയിലായിരുന്നു ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള അരുംകൊലകൾ 29 കാരനായ ഷിറൈസി നടത്തിയത്. 15 നും 26നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഷിറൈസി കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളായി മുറിച്ചത്. ട്വിറ്ററിലൂടെ ആത്മഹത്യയെക്കുറിച്ചുള്ള കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നവരെയാണ് ഷിറൈസി ലക്ഷ്യം വെച്ചത്. ട്വിറ്ററിലെ തന്റെ വ്യാജ അക്കൗണ്ടിലൂടെ ഇരകൾക്ക് സന്ദേശമയക്കുകയും അവരെ ആത്മഹത്യയ്ക്ക് സഹായിക്കാമെന്ന് വാ​ഗ്ദാനം നൽകുകയുമായിരുന്നു. തുടർന്ന് ടോക്കിയോയ്ക്കടുത്തുള്ള തന്റെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വെച്ച് അവരെ കൊലപ്പെടുത്തുകയാണ് ചെയ്തത്. കൊല ചെയ്യപ്പെട്ട സ്ത്രീകൾ ലൈം​ഗികമായ പീഡനത്തിനിരയായിരുന്നുവെന്ന് പിന്നീടുള്ള പരിശോധനയിൽ തെളിഞ്ഞിരുന്നു.

ഉറക്ക ​ഗുളികയും മദ്യവും നൽകി ബോധം കെടുത്തിയ ശേഷമാണ് ഷിറൈസി കൊല നടത്തിയിരുന്നത്. നിങ്ങളോടൊപ്പം താനും ആത്മഹത്യ ചെയ്യുമെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഐകോ തമൂറ എന്ന ഇരുപത്തിമൂന്നുകാരിയുടെ തിരോധനത്തെ തുടര്‍ന്നാണ് പൊലീസ് ഷിറൈസിയിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഷിറൈസിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് കൂളറുകളിലായി സൂക്ഷിച്ചുവെച്ചിരുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ തെളിവുകളുടെയും അയൽവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പിന്നീട് ഷിറൈസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2020ൽ താൻ നടത്തിയ ഒൻപത് കൊലപാതങ്ങളിലും ടകാഹിരോ ഷിറൈസി കുറ്റസമ്മതം നടത്തി. കവർച്ച, ബലാത്സംഗം, കൊലപാതകം, മൃതദേഹങ്ങൾ വികൃതമാക്കൽ എന്നിവ ഉൾപ്പെടുത്തിയാണ് അന്ന് പൊലീസ് കേസെടുത്തിരുന്നത്. കൊലപാതകത്തിന് മുൻപ് ഇരകളുടെ അനുമതി വാങ്ങിയിരുന്നുവെന്നും അതിനാൽ പ്രതിയുടെ ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നുമായിരുന്നു ഷിറൈസിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. എന്നാൽ കൊലപാതകം ആസൂത്രണമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൊലപ്പെടുത്തുന്നതിനെക്കുറിച്ചും ശരീരം കഷ്ണങ്ങളായി മുറിക്കുന്നതിനെക്കുറിച്ചും ഇൻർനെറ്റിൽ തിരഞ്ഞതായി കണ്ടെത്തിയിരുന്നു.

ഒൻപത് ഇരകളെ മർദിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും വികൃതമാക്കുകയും ചെയ്തതിനാലാണ് പ്രതിക്ക് ജപ്പാനിലെ പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നതെന്ന് നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി മാധ്യമങ്ങളോട് പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ജി7 രാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങൾ ജപ്പാനും അമേരിക്കയുമാണ്.

Content Summary: Murder with the consent of victims: Who is Japan’s Twitter killer?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×