മുസ്ലിം വിരോധംകൊണ്ട് കുപ്രസിദ്ധി നേടിയ, തീവ്രഹിന്ദുത്വവാദത്തിന്റെ വക്താവായ അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലാക്കിയതിന്റെ ‘ കുറ്റം’ സിപിഎമ്മിനുമേല്‍ ചാരി വഴിക്കടവ് പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി. പഞ്ചായത്ത് ഭരിക്കുന്ന ലീഗും കോണ്‍ഗ്രസും എല്ലാക്കുറ്റവും സിപിഎമ്മിന്റെതാണെന്ന വാദവുമായാണ് ഇപ്പോഴത്തെ വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും കടുത്ത വര്‍ഗീയ പ്രാചരണം നടത്തുന്നയാളാണ് അഡ്വ. കൃഷ്ണരാജ്. മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന കൃഷ്ണരാജിനെപോലൊരാളെ പഞ്ചായത്തിന്റെ നിയമകാര്യ വിദഗ്ധനായി നിയമിച്ചതിനു പിന്നിലെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ്, എല്ലാം കുറ്റവും സിപിഎമ്മിലേക്ക് ചാരാന്‍ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ ശ്രമിച്ചത്.
ജാതിയും മതവുമായി ബന്ധപ്പെട്ട ഒരു കേസല്ല ഇത്. അങ്ങനെ കാണേണ്ട കാര്യവുമില്ലെന്നാണ് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് പ്രതിനിധിയുമായ റെജി ജോസഫ് അഴിമുഖത്തോട് പറഞ്ഞത്. ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മ്മാണത്തിന് നമ്പര്‍ കൊടുക്കാത്തതുമായി ബന്ധപ്പെട്ട കേസാണ്. അനധികൃത നിര്‍മ്മാണമായത് കൊണ്ട് ഇതിന് ടെന്‍ഡര്‍ കൊടുക്കാന്‍ സാധിക്കില്ല. ഈ ഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പു തന്നെ ഉണ്ടായ കേസാണ്. ആദ്യം ആ കേസ് കൈകാര്യം ചെയ്തിരുന്ന വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. ഞങ്ങള്‍ ഭരണത്തില്‍ എത്തിയതിന് ശേഷം അഡ്വ. നിഷാന്തിനെ കേസ് ഏല്‍പ്പിച്ചു. അദ്ദേഹവും വക്കാലൊഴിഞ്ഞു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയില്‍ വ്യവഹാരങ്ങള്‍ നടക്കുകയാണ്. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത കെട്ടിടം. ലീഗ് നേതാവിയിരുന്നിട്ടും, കെട്ടിടമുടമ ലീഗിന്റെ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ പോയി. ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കോടതിയലക്ഷ്യത്തിന് കേസ് വരുന്നത്. സ്വാഭാവികമായും പഞ്ചായത്ത് സെക്രട്ടറിയെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിന് ഭരണസമിതി ചുമതലപ്പെടുത്തി. പഞ്ചായത്ത് ഭരണസമിതി അല്ലല്ലോ നേരിട്ട് പഞ്ചായത്തില്‍ പോവുകയും വ്യവഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത്. പഞ്ചായത്ത് സെക്രട്ടറിയാണ് അഡ്വ. കൃഷ്ണരാജിനെ കണ്ടെത്തുന്നത്; പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫിന്റെ വിശദീകരണമാണ്.
കുറച്ചു കൂടി മുതിര്‍ന്ന ഒരു അഭിഭാഷകനെ കേസ് ഏല്‍പ്പിക്കണമെന്ന കാഴ്ച്ചപ്പാടില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് കൃഷ്ണരാജിനെ നിര്‍ദേശിക്കുന്നതെന്നണ് വൈസ് പ്രസിഡന്റ് പറയുന്നത്. സെക്രട്ടറിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി കൂടിയാലോചിച്ചാണ് കൃഷ്ണരാജിനെ നിയമിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് സമ്മതിക്കുന്നു.
‘കൃഷ്ണരാജ് വക്കീലിന്റെ നെറ്റിയില്‍ കുറിയുണ്ടോ കൈയില്‍ ചരടുണ്ടോ എന്നൊന്നും അന്ന് നോക്കിയിരുന്നില്ല. ഭരണസമിതിക്ക് അത് അറിയുകയും ഇല്ലായിരുന്നു’ കോണ്‍ഗ്രസ് പ്രതിനിധി അഴിമുഖത്തോട് പറയുന്ന വാദമാണിത്.
‘ആറു മാസങ്ങള്‍ മുമ്പാണ് കൃഷ്ണരാജിനെ പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴാണ് ഇയാള്‍ സംഘിയാണെന്നുള്ള കാര്യം ഞങ്ങള്‍ പോലും അറിയുന്നത്. പ്രൊഫൈലോ ബയോഡാറ്റയോ നോക്കിയിട്ടല്ല വക്കീലിനെ നിയമിക്കുന്നത്’; റെജി ജോസഫിന്റെ മറ്റൊരു പ്രസ്താവനയാണിത്.
ഈ വിഷയം സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിവാദമാക്കുകയാണെന്നാണ് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോപിക്കുന്നത്. ‘സിപിഎം ഈ വിഷയം ഏറ്റെടുത്തതിന്റെ കാരണം പരാജയഭീതിയാണ്. 13 യുഡിഎഫ് മെമ്പര്‍മാരും 10 എല്‍ഡിഎഫ് മെമ്പര്‍മാരുമാണ് നിലവില്‍ ഭരണസമിതിയിലുള്ളത്. മാത്രമല്ല, സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പറായിരുന്ന അഡ്വ. ഷെരോര റോയിയുടെ ഭര്‍ത്താവ് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ബിഡിഒ ആയിരുന്ന സമയത്താണ് ഈ വക്കീലിനെ നമുക്ക് കണ്ടെത്തി കൊണ്ടുവന്ന് തരുന്നത്. അന്ന് സിപിഎമ്മിന്റെ അംഗങ്ങളടക്കം ഇതിനെ അനുകൂലിച്ചിരുന്നുവെന്ന് റെജി ജോസഫ് പറഞ്ഞു.
ഇത്തരമൊരു ആരോപണം നിഷേധിക്കുകയാണ് അഡ്വ. ഷെരോറ റോയി. ഭര്‍ത്താവിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാറില്ലെങ്കിലും, ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നാണ് ഷെരോര റോയി അഴിമുഖത്തോട് പറഞ്ഞത്. ഭര്‍ത്താവ് വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ അധിക ചുമതല വഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ലീവില്‍ ആയിരുന്ന സമയത്താണ്, കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ആക്കാനുള്ള തീരുമാനം പഞ്ചായത്ത് ഭരണസമിതിയെടുക്കുന്നത്; അഡ്വ. ഷെരോര റോയ് പറയുന്നു.
സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കൃഷ്ണരാജിനെ തിരഞ്ഞെടുത്തതെന്ന വാദം തെറ്റാണെന്നാണ് വഴിക്കടവ് പഞ്ചായത്തിലെ സിപിഎം മെമ്പറായ മുജീബ് റഹ്‌മാന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. കൃഷ്ണരാജിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് മുജീബ് റഹ്‌മാന്‍ പറയുന്നത്. ഈ തീരുമാനത്തോട് ഞങ്ങള്‍ക്ക് പൂര്‍ണമായ വിയോജിപ്പാണ്, അത് വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണപക്ഷത്തിന് പഞ്ചായത്തിലുള്ള ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അവര്‍ കൃഷ്ണരാജിനെ തിരഞ്ഞെടുക്കുകയായിരുന്നു. മുസ്ലിം സംഘടനകള്‍ വര്‍ഗീയ കക്ഷികളെ പിന്തുണയ്ക്കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഇത്തരം തീരുമാനങ്ങള്‍ ജില്ലയുടെ അഖണ്ഡതയെ ബാധിക്കും. വര്‍ഗീയതെ ഞങ്ങള്‍ എക്കാലവും സിപിഎം എതിര്‍ക്കുമെന്നും മുജീബ് റഹ്‌മാന്‍ വ്യക്തമാക്കി.
content summary: Muslim League-led Vazhikkadavu panchayat appoints Sangh Parivar supporter Krishnaraj as High Court standing counsel
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.