മ്യാൻമറിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് വൻ നാശനഷ്ടം. തൗങ്‌നൂ നഗരത്തിലുള്ള കാണ്ഡവ് പള്ളി തകർന്ന് വീണ് മൂന്ന് പേർ മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തങ്ങൾ പ്രാർത്ഥന നടത്തുമ്പോഴാണ് ഭൂചലനം ആരംഭിച്ചതെന്നും മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും റോയിട്ടേഴ്‌സിനോട് സംസാരിച്ച ആളുകളിൽ ഒരാൾ പറഞ്ഞു. ഭൂചലനത്തെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 43 തൊഴിലാളികൾ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ബാങ്കോക്കിൽ സർക്കാർ ഓഫീസുകൾക്കായി നിർമാണത്തിലിരുന്ന 30 നിലകളുള്ള കെട്ടിടമാണ് തകർന്നുവീണത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.
ബാങ്കോക്കിൽ തായ് അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി പാറ്റോങ്താർ ഷിനവത്ര പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 17 ദശലക്ഷത്തിലധികം ആളുകളാണ് ബാങ്കോക്ക് പ്രദേശത്ത് താമസിക്കുന്നത്. അതിൽ ഭൂരിഭാഗംപേരും ഉയർന്ന പ്രദേശങ്ങളിലുള്ള അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നത്. ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളിൽ താമസിച്ചിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂകമ്പം കഴിഞ്ഞ് മിനിട്ടുകൾ കഴിഞ്ഞും അവർ തെരുവുകളിൽ തന്നെ തുടരുകയാണ്.
ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ നിർത്തിവച്ചു. തായ്‍ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി അടിയന്തര യോഗം വിളിച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം നിലം പതിക്കുന്നതിന്റെയും വീടുകളും മറ്റും തകർന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. നാശനഷ്ടത്തിന്റെയും മരണങ്ങളുടെയും കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല.
Content Summary: Myanmar earthquake, Multi-storey buildings collapse; Three dead, many trapped, reports