കയ്യടി വാങ്ങി നടികർ സംഘം
തമിഴ് താര സംഘടനയായ നടിഗർ സംഘം ബുധനാഴ്ച്ച പ്രത്യേക യോഗം വിളിച്ച് ചേർത്തു. തമിഴ് സിനിമ വ്യവസായത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പ്രമേയം പാസാക്കുന്നതിനായാണ് ആർട്ടിസ്റ്റ് അസോസിയേഷൻ ഓഫ് കോളിവുഡ് യോഗം വിളിച്ചു ചേർത്തത്. മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലിംഗ ബോധവത്കരണത്തിന്റെയും, ഇന്റേണൽ കമ്മിറ്റി യോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
നടൻ നാസർ നടികർ സംഘത്തിന്റെ പ്രസിഡന്റും വിശാൽ ജനറൽ സെക്രട്ടറിയും കാർത്തി, പൊൻബന്നൻ, കരുണാസ് എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്. തമിഴ് സിനിമ മേഖലയിലെ ലൈംഗിക അതിക്രമത്തിന് വിധേയരായ എല്ലാവർക്കും നിയമസഹായം നൽകുമെന്ന് നടികർ സംഘടന വ്യക്തമാക്കുന്നു. ഒരു സ്ത്രീ ലൈംഗിക അതിക്രമമോ മറ്റ് കുറ്റകൃത്യങ്ങളോ സംബന്ധിച്ച് പരാതിയുമായി വന്നാൽ വിശദമായി അന്വേഷിക്കാനും, തെളിയിക്കപ്പെട്ടാൽ കുറ്റവാളിയെ അഞ്ച് വർഷത്തേക്ക് വിലക്കാൻ നിർമ്മാതാക്കളുടെ സംഘത്തോട് ആവിശ്യപ്പെടാനുമുള്ള തീരുമാനം കൈക്കൊണ്ടു.
കുറ്റവാളിക്ക് തുടക്കത്തിൽ ഒരു മുന്നറിയിപ്പ് നൽകുകയും പിന്നീട് നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആക്രമിക്കപ്പെട്ടയാൾക്ക് പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക മെയിൽ ഐഡിയും ഫോൺ നമ്പരും സജ്ജമാക്കിയിട്ടുണ്ട്. യൂടൂബിലെയും സോഷ്യൽ മീഡിയയിലേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്നതിനുമെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള സഹായവും നടികർ സംഘം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 29ന് തന്റെ ജന്മദിനത്തിൽ വിശാൽ മാധ്യമങ്ങളോട് സംസാരിക്കുകയും തമിഴ് സിനിമ മേഖലയിൽ അതിക്രമം നേരിടുന്നവരെ സംഘടന പിന്തുണക്കുമെന്നും അറിയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ കോളിവുഡിലെ സമാന ആശങ്കകൾ പരിഹരിക്കാൻ 10 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും വിശാൽ വ്യക്തമാക്കി. തങ്ങളുടെ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് സംഘടനയിലെ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിഗർ സംഘം പുരുഷന്മാരുടെ മാത്രം സംഘടനയല്ല സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രാധ്യാന്യമുണ്ടെന്നും, എന്നാൽ #metoo തരംഗത്തോടനുബന്ധിച്ച് ഇവർ രൂപീകരിച്ച സംഘടന എവിടെയും എത്താതെ പോവുകയും ചെയ്തതായി നടി കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മറ്റു ദക്ഷിണേന്ത്യൻ സിനിമ മേഖലയിലെ അഭിനയതക്കളും സമാനമായ കമ്മിറ്റികൾ രൂപീകരിച്ച് റിപോർട്ടുകൾ പുറത്തുവിടണമെന്ന ആവിശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content summary; Nadigar Sangam suggests banning offenders for 5 years from Tamil film industry