കടവും കേസുമായി വലയുന്ന അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിന്റെ പദ്ധതി; വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

എല്‍.ഐ.സിയുടെ മൂന്നരലക്ഷം കോടി രൂപ അദാനി കമ്പനികളിലേയ്ക്ക് നിക്ഷേപിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Narendra Modi government protecting Adani by putting LIC in danger

ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഏറ്റവും വലിയ അടുപ്പക്കാരനായി അറിയപ്പെട്ടുന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്ന് കൈക്കൂലി, തട്ടിപ്പ് തുടങ്ങിയ കേസുകള്‍ നേരിടുന്ന അദാനി ഗ്രൂപ്പിന്റെ കടങ്ങള്‍ ഈ അടുത്ത കാലത്ത് വലുതായി വര്‍ദ്ധിക്കുകയും കുടിശ്ശികയുടെ സമയ പരിധി കടക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ കേസ് മൂലം ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന പല യു.എസ്, യൂറോപ്യന്‍ ബാങ്കുകളും ഇപ്പോള്‍ അദാനിയെ സഹായിക്കാന്‍ മടിക്കുകയാണ്. ആ ഘട്ടത്തിലാണ് ഗൗതം അദാനിയെ സഹായിക്കാന്‍ ഇന്ത്യയിലെ പാവപ്പെട്ട, ഗ്രാമീണ ജനങ്ങളുടെ നിക്ഷേപ പദ്ധതിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ അഥവാ എല്‍.ഐ.സിയില്‍ നിന്ന് 390 കോടി ഡോളര്‍ അഥവാ ഏതാണ്ട് മൂന്നര ലക്ഷം കോടി രൂപ അദാനി കമ്പനികളിലേയ്ക്ക് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതിയിടുന്നതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ട നിക്ഷേപങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

എല്‍.ഐ.സി. വഴിയുള്ള നിക്ഷേപം
‘വാഷിങ്ടണ്‍ പോസ്റ്റി’നു ലഭിച്ച രേഖകള്‍ പ്രകാരം ഈ മേയ് മാസത്തിലാണ് എല്‍.ഐ.സിയില്‍ നിന്ന് അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള നിര്‍ദ്ദേശം ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. അദാനി പോര്‍ട്ടിന് മേയ് മാസത്തില്‍, അവരുടെ നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനായി ബോണ്ടുകള്‍ വഴി ഏകദേശം 585 ദശലക്ഷം ഡോളര്‍ സമാഹരിക്കേണ്ടിയിരുന്നു. അതേ മാസം തന്നെയാണ് എല്‍ ഐ സി വഴിയുള്ള സഹായത്തിന്റെ പദ്ധതി ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കുന്നത്. മെയ് 30-ന്, ഈ ബോണ്ടുകള്‍ക്ക് പൂര്‍ണമായ ധനസഹായം എല്‍.ഐ.സി എന്ന ഒറ്റ നിക്ഷേപകര്‍ നല്‍കിയതായി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഒരു പൊതുഫണ്ടിന്റെ ദുരുപയോഗമാണ് നടന്നതെന്നാണ് അതിനെതിരേ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ ഈ 58.5 കോടി ഡോളറിന്റെ (5000 കോടി രൂപയോളം) നിക്ഷേപം ഒരു വലിയ പദ്ധതിയുടെ ചെറിയ ഭാഗം മാത്രമാണെന്ന് ‘വാഷിംഗ്ടണ്‍ പോസ്റ്റിന്’ ലഭിച്ച രേഖകളും അഭിമുഖങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തേറ്റവും ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള വ്യവസായ അധിപന്റെ സ്ഥാപനത്തിലേക്ക് നികുതിദായകരുടെ പണം എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു വലിയ പദ്ധതിയുടെ ഭാഗമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീര്‍ഘകാല ബന്ധമുള്ള ഗൗതം അദാനിയുടെ സ്വാധീനത്തിന്റെ വ്യക്തമായ ചിത്രമാണിത്. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുടെ കേന്ദ്രമായി അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ രാജ്യ തലസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കാണുന്നു എന്നതിന്റേയും.

‘അദാനിക്ക് അകമഴിഞ്ഞ പിന്തുണയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ഒരു പ്രതിസന്ധിയും അദാനിക്ക് വരാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എന്തും ചെയ്യും’ -യു.ബി.എസ്. റെയ്മണ്ട് ജെയിംസ് എന്നിവിടങ്ങളില്‍ റിസര്‍ച്ച് അനലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള, കോര്‍പ്പറേറ്റ് ധനകാര്യ വിദഗ്ധന്‍ ഹേമിന്ദ്ര ഹസാരി പറഞ്ഞു.

എല്‍.ഐ.സിക്ക് അപകടസാധ്യത
ഒരു സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഇത്രയധികം തുക നിക്ഷേപിക്കുന്നത് എല്‍.ഐ.സിയെ സംബന്ധിച്ചടത്തോളം ‘അസ്വാഭാവിക’മാണ് എന്ന് ഹസാരി കൂട്ടിച്ചേര്‍ത്തു. അദാനിക്ക് കൂടുതല്‍ ബിസിനസ്സ് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, ഇന്ത്യന്‍ ഗ്രാമീണ/ദരിദ്ര ജനതയുടെ രക്ഷാകേന്ദ്രമായ എല്‍.ഐ.സി ‘ഗുരുതരമായ അപകടസാധ്യതയി’ലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്‍.ഐ.സിക്ക് എന്തെങ്കിലും സംഭവിച്ചാല്‍… സര്‍ക്കാരിന് മാത്രമേ അതിനെ രക്ഷിക്കാന്‍ കഴിയൂ.’

ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ വരുന്ന ബോണ്ട് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന്റെ രണ്ട് ഉപസ്ഥാപനങ്ങളിലേക്ക് വിഭജിച്ചു നല്‍കാനാണ് ഇന്ത്യന്‍ ധനമന്ത്രാലയം എല്‍.ഐ.സിയോട് നിര്‍ദ്ദേശിച്ചത്. ഒന്നമത്തേത് അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ട്രിപിള്‍ എ റേറ്റിംഗ് നല്‍കിയ ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ 7.5 മുതല്‍ 7.8 ശതമാനം വരെ വരുമാനം ലഭിക്കും. 10 വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന 7.2 ശതമാനം വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്. രണ്ടാമത്തേത് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്; ഈ സ്ഥാപനത്തിന് ഇന്ത്യന്‍ ഡബിള്‍ എ ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്. ഇതില്‍ നിക്ഷേപിച്ചാല്‍ 8.2 ശതമാനം വരെ വരുമാനം നല്‍കാന്‍ കഴിയും.

അദാനിയുടെ പ്രധാന ബിസിനസ്സുകളുടെ വിലയിരുത്തലില്‍ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ അത്ര ഔദാര്യം കാണിച്ചിട്ടില്ല. ഫിച്ച് അദാനിയുടെ തുറമുഖ ഉപസ്ഥാപനത്തിനും അദ്ദേഹത്തിന്റെ രണ്ട് ഗ്രീന്‍ എനര്‍ജി നിക്ഷേപങ്ങള്‍ക്കും ട്രിപ്പിള്‍ ബി റേറ്റിംഗ് ആണ് നല്‍കിയിട്ടുള്ളത്.

‘പാവപ്പെട്ടവര്‍ക്കും ഗ്രാമീണ പൗരന്മാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് നല്‍കാന്‍ ചുമതലപ്പെട്ട എല്‍.ഐ.സി. പോലുള്ള കുറഞ്ഞ അപകടസാധ്യതയുള്ള ഒരു ധനകാര്യ സ്ഥാപനത്തിന് ഇത് വളരെയധികം അപകടസാധ്യതയുള്ള നിക്ഷേപമാണ്’-അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിലെ നിയമ വിദഗ്ധനായ കുഷ് അമിന്‍ പറഞ്ഞു. ‘നിങ്ങള്‍ ഒരു യഥാര്‍ത്ഥ സ്വതന്ത്ര സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍, നിങ്ങളുടെ കടമയുടെ ഏറ്റവും നല്ല താല്‍പ്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ നിക്ഷേപം എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല.’

എന്നാല്‍ അദാനി ഗ്രൂപ്പ് അവരുടെ പ്രസ്താവനയില്‍ വാദിക്കുന്നത്, ‘അദാനി പോര്‍ട്സ്, അംബുജ സിമന്റ്സ്, ഗ്രീന്‍ എനര്‍ജി, പവര്‍ ട്രാന്‍സ്മിഷന്‍ ഉപസ്ഥാപനങ്ങളിലെ ആസ്തികള്‍ക്ക് മേലുള്ള കടം കുറയുന്നുവെന്നും ഇവയ്ക്ക് ട്രിപ്പിള്‍ എ റേറ്റിംഗുകള്‍ ഉണ്ട്’ എന്നുമാണ്. ഏത് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയെയാണ് ഈ ട്രിപ്പിള്‍ എ നല്‍കിയത് എന്ന് കമ്പനി വ്യക്തമാക്കിയില്ല.

അദാനിയുടെ കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഏകദേശം 507 മില്യണ്‍ ഡോളര്‍ എല്‍.ഐ.സി. ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയിലെ എല്‍.ഐ.സിയുടെ ഓഹരി 1.3 ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ അദാനിയുടെ തന്നെ സ്ഥാപനമായ അംബുജ സിമന്റ്സിലെ ഓഹരി 5.69 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന കേസുകള്‍ക്ക് ശേഷം ‘വിലകള്‍ സ്ഥിരത കൈവരിച്ചാല്‍’ അദാനിയുടെ ഗ്യാസ്, പവര്‍ ട്രാന്‍സ്മിഷന്‍ ഉപസ്ഥാപനങ്ങളിലും നിക്ഷേപം നടത്തുന്നത് എല്‍.ഐ.സി പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ 250 ദശലക്ഷത്തിലധികം പോളിസി ഉടമകള്‍ക്ക് വരുമാനം ലഭിക്കുന്ന പദ്ധതിയായതിനാല്‍ ഈ നിക്ഷേപങ്ങള്‍ ‘സമയബന്ധിതമായി’ നടത്തുന്നതിന് ‘വേഗത്തിലുള്ള അവലോകനത്തിനും അംഗീകാരത്തിനും’ സൗകര്യമൊരുക്കണമെന്ന് എല്‍.ഐ.സി. ഇന്ത്യന്‍ ധനകാര്യ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിക്കുന്ന കത്ത് ‘വാഷിംഗ്ടണ്‍ പോസ്റ്റി’ന് മെയ് മാസത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ കത്തിനെ തുടര്‍ന്ന് പദ്ധതിക്ക് ധനമന്ത്രാലയം വേഗത്തില്‍ അംഗീകാരം നല്‍കിയതായും അനുബന്ധവൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തേ തന്നെ അദാനിയുടെ ഒട്ടേറെ കമ്പനികളില്‍ ഓഹരികള്‍ വാങ്ങിയിട്ടുള്ള എല്‍.ഐ.സിക്ക്, അദാനി ഗ്രൂപ്പ് പുറത്തിറക്കിയ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും, കൂടാതെ 507 മില്യണ്‍ ഡോളര്‍ ഉപയോഗിച്ച് പല ഉപസ്ഥാപനങ്ങളിലെയും ഓഹരി പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിപ്പിക്കാനുമാണ് ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉപദേശം നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അദാനിയുടെ സ്ഥാപനം പുറത്തിറക്കിയ ബോണ്ടുകളെ അപേക്ഷിച്ച്, 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് ‘പരിമിതമായ നേട്ടം’ മാത്രമേ നല്‍കാന്‍ കഴിയൂ എന്നും നിക്ഷേപ പദ്ധതിയുടെ വിശകലനത്തില്‍ ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

തുറമുഖ ബോണ്ട് ഇടപാട് കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷവും, എല്‍.ഐ.സി ശുപാര്‍ശ ചെയ്ത അധിക നിക്ഷേപങ്ങളില്‍ ഏതൊക്കെയാണ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമപരമായി, ഭാവിയിലെ പൊതു അറിയിപ്പുകളില്‍ എല്‍.ഐ.സിക്ക് ഈ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായി വരും.

ആത്യന്തികമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശുപാര്‍ശ അനുസരിച്ച്, അദാനിയുടെ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. കാരണം അത് ‘എല്‍.ഐ.സിയുടെ ലക്ഷ്യവുമായി യോജിക്കുന്നതും’ ‘ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതുമാണ്’ എന്നും രേഖകള്‍ പറയുന്നു.

ഓസ്ട്രേലിയന്‍ തിങ്ക് ടാങ്കായ ക്ലൈമറ്റ് എനര്‍ജി ഫിനാന്‍സിന്റെ ഡയറക്ടറും അദാനിയുടെ കോര്‍പ്പറേറ്റ് പണമിടപാടുകളില്‍ വലിയ അറിവുള്ള ആളുമായ ടിം ബക്ക്‌ലി പറയുന്നത് ഇന്ത്യ ഈ ശതകോടീശ്വരന് നല്‍കുന്ന പിന്തുണയില്‍ നിന്ന് വ്യക്തമാകുന്നത് അദാനിക്കായി ഇന്ത്യയില്‍ ‘വ്യത്യസ്തമായ നിയമങ്ങള്‍’ ഉണ്ട് എന്നും അദ്ദേഹത്തിന് സാധാരണ നിയമങ്ങള്‍ ബാധകമല്ല എന്നുമാണ്. ‘സാധാരണ നിലയില്‍ അദാനിയേക്കാള്‍ പരിഗണന നല്‍കേണ്ട പല കാര്യങ്ങളും ഇന്ത്യയിലെ സര്‍ക്കാരിന് മുന്നിലുണ്ട്, പക്ഷേ ചങ്ങാത്ത മുതലാളിത്തം സജീവമായി തുടരുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

സര്‍ക്കാര്‍ രേഖകളും അദാനിയുടെ പ്രതികരണവും
എല്‍.ഐ.സിയുടേയും ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സാമ്പത്തിക സേവന വകുപ്പി (ഡി.എഫ്.എസ്)ന്റേയും രേഖകളുടേയും ഏജന്‍സികളിലെ ഇപ്പോഴത്തെയും മുന്‍പത്തെയും ഉദ്യോഗസ്ഥര്‍, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിയാവുന്ന മൂന്ന് ഇന്ത്യന്‍ ബാങ്കര്‍മാര്‍ എന്നിവരുമായുള്ള കൂടിക്കാഴചകളില്‍ നിന്നുള്ള വിവരങ്ങളുടേയും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

‘എല്‍.ഐ.സി. ഫണ്ടുകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍ പദ്ധതിയെന്ന് ആരോപിക്കപ്പെടുന്ന ഈ വിഷയവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.’- ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദാനി ഗ്രൂപ്പ് പറഞ്ഞു. ‘എല്‍.ഐ.സി. നിരവധി കോര്‍പ്പറേറ്റ് ഗ്രൂപ്പുകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. അദാനിക്ക് പ്രത്യേക പരിഗണന നല്‍കുന്നു എന്ന് പറയുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. മാത്രമല്ല, ഞങ്ങളുടെ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളില്‍ നിന്ന് എല്‍.ഐ.സിക്ക് ലാഭം ലഭിച്ചിട്ടുണ്ട്.’-അവര്‍ പറഞ്ഞു. ‘അനാവശ്യമായി രാഷ്ട്രീയപരമായ പിന്തുണ ലഭിക്കുന്നു എന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്’ എന്നും ‘ഞങ്ങളുടെ വളര്‍ച്ച മോദി ദേശീയ നേതൃത്വത്തിലേക്ക് വരുന്നതിനും മുന്‍പേയുള്ളതാണ്’ എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

എല്‍.ഐ.സി, ഡി.എഫ്.എസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ പ്രതികരണത്തിനായി പലതവണ ബന്ധപ്പെട്ടുവെങ്കിലും ലഭിച്ചില്ല.

രേഖകള്‍ പ്രകാരം, ഡി.എഫ്.എസ്. ഉദ്യോഗസ്ഥര്‍ എല്‍.ഐ.സി., നീതി ആയോഗ് എന്നിവരുമായി ഏകോപിപ്പിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കിയത്, ഇത് ധനമന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. നീതി ആയോഗുമായും ബന്ധപ്പെട്ടിരുവെങ്കിലും പ്രതികരണം ലഭിച്ചില്ല.

ഡി.എഫ്.എസ് രേഖകള്‍ പ്രകാരം എല്‍.ഐ.സി അദാനി ഗ്രൂപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് മറ്റ് നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകന്നതായിരിക്കും. 20252026 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കമ്പനി ഫയല്‍ ചെയ്തിട്ടുള്ള രേഖകള്‍ പ്രകാരം കഴിഞ്ഞ ജൂണില്‍ അവസാനിക്കുന്ന പന്ത്രണ്ട് മാസത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം കടം 20 ശതമാനമാണ് വര്‍ധിച്ചത്. ഈ കാലയളവിലാണ് അദാനി ഗ്രൂപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുക എന്ന ‘തന്ത്രപരമായ ലക്ഷ്യം’ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നത്.

യു.എസ്. നിയമനടപടികളും മറ്റ് വെല്ലുവിളികളും
തെറ്റായതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വിവരങ്ങള്‍ നല്‍കി യു.എസ്. നിക്ഷേപകരില്‍ നിന്ന് ഫണ്ട് നേടാന്‍ ‘ബില്യണ്‍ കണക്കിന് ഡോളറുകളുടെ തട്ടിപ്പ്’ നടത്തിയതിന് മാസങ്ങള്‍ക്ക് മുന്‍പ് യു.എസ്. നീതിന്യായ വകുപ്പ് അദാനിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. സമാന്തരമായി, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഓഹരി വിപണി നിയമം ലംഘിച്ചതിനും അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

അമേരിക്കയിലെ നിയമനടപടികള്‍ ‘വ്യക്തികളാണ് നേരിടുന്നത്, അദാനി കമ്പനിയല്ല’ -എന്നാണ് ഈ യാഥാര്‍ത്ഥ്യങ്ങളെ പ്രതിരോധിക്കാനായി അദാനി ഗ്രൂപ്പ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഗുരുതരമായ കേസുകള്‍ നേരിടുന്ന അദാനിയെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡി.എഫ്.എസ് അവരുടെ രേഖകളില്‍ പുകഴ്ത്തുന്നത് ‘ഭാവിയെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകളുള്ള സംരംഭകന്‍’ എന്നാണ്. അദ്ദേഹത്തിന്റെ കമ്പനി ‘പ്രധാന വെല്ലുവിളികള്‍ക്കിടയിലും ശ്രദ്ധേയമായ തിരിച്ചുവരല്‍ ശേഷി കാണിച്ചു’ എന്നും പ്രശംസിക്കുന്നു.

യു.എസ്. കേസുകള്‍ കൂടാതെ മറ്റു ചില വെല്ലുവിളികളും അദാനി ഗ്രൂപ്പ് നേരിട്ടിരുന്നു. 2023-ലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെതിരെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപണം ഉയര്‍ത്തി. ഇത് ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അന്വേഷണത്തിന് കാരണമായി. ഈ അന്വേഷണവുമായി ബന്ധമുള്ള ഒരു സ്രോതസ്സിനെയും കഴിഞ്ഞ മാസം വന്ന റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനെയും ഉദ്ധരിച്ച് പറയുകയാണെങ്കില്‍, സെപ്റ്റംബറില്‍ സെബി രണ്ട് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും, മറ്റുള്ളവ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നുണ്ട്.

‘ബന്ധപ്പെട്ട കക്ഷികളുമായുള്ള ഇടപാടുകളിലെ അന്വേഷണങ്ങള്‍ സെബി ഇതിനോടകം പൂര്‍ത്തിയാക്കുകയും അദാനി പോര്‍ട്സ്, അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയില്‍ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നും’ ആണ് അദാനി ഗ്രൂപ്പ് അവരുടെ പ്രസ്താവനയില്‍ പറഞ്ഞത്. ‘അന്വേഷണങ്ങള്‍ ‘അവസാനിച്ചിട്ടില്ല എന്ന വാദങ്ങളെ സെബിയുടെ ഉത്തരവുകളുടെ തെറ്റായ വ്യാഖ്യാനമായി അവര്‍ പ്രസ്താവനയിലൂടെ ചിത്രീകരിക്കുന്നു. സെബി ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ല.

സമ്മര്‍ദ്ദത്തിലായ ഒരു സാമ്രാജ്യം
എളിയ നിലയില്‍ നിന്നു തുടങ്ങിയാണ് അദാനി തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. 1991-ല്‍, മിനസോട്ട ആസ്ഥാനമായുള്ള കാര്‍ഗില്‍ എന്ന ഭക്ഷ്യ-കാര്‍ഷിക കമ്പനിക്ക് വേണ്ടി ഗുജറാത്തിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലെ ഉപ്പളങ്ങള്‍(ഉപ്പ് ഖനികള്‍) വികസിപ്പിക്കാന്‍ സഹായിച്ചാണ് അദാനി തുടങ്ങുന്നത്. എന്നാല്‍ കാര്‍ഗില്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ അപ്രതീക്ഷിതമായി ഇല്ലാതാവുകയായിരുന്നു. പിന്നീട് അദാനി ചെയ്തത്, ഏകദേശം 2,000 ഏക്കറോളം വരുന്ന ഉപേക്ഷിക്കപ്പെട്ട ആ മരുപ്രദേശത്തെ മുന്ദ്ര പട്ടണത്തിലെ ആഴക്കടല്‍ തുറമുഖമാക്കി മാറ്റിയെടുക്കുകയായിരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും വളര്‍ച്ചയുടെയും കാലഘട്ടത്തില്‍ ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നട്ടെല്ലായി അതിവേഗം മാറി.

ഈ സമയത്താണ്, വളര്‍ന്നുവരുന്ന ആ ബിസിനസ്സുകാരന്‍ നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മോദി അന്ന് ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 2001-ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, അദ്ദേഹം പ്രചാരണ കേന്ദ്രങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തത് അദാനി ഗ്രൂപ്പിന്റെ ജെറ്റ് വിമാനത്തിലാണ്. ആധുനികവും ആഗോളതലത്തില്‍ മത്സരക്ഷമവുമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടില്‍ അദാനി ഗ്രൂപ്പ് പ്രധാന കേന്ദ്രമായി മാറി.

ഇപ്പോള്‍ ഈ വ്യവസായ പ്രമുഖന്റെ ബഹുരാഷ്ട്ര കമ്പനി ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. അവരുടെ തുറമുഖങ്ങളാണ് രാജ്യത്തെ ചരക്കുനീക്കത്തിന്റെ ഏകദേശം 27 ശതമാനം കൈകാര്യം ചെയ്യുന്നത്. അവരുടെ ഊര്‍ജ്ജ വിഭാഗമാണ് കല്‍ക്കരി, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഉത്പാദകരും വിതരണക്കാരും. 2022-ല്‍, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വി.യുടെ നിയന്ത്രണ ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി. 2022-ല്‍ ഒരു ഘട്ടത്തില്‍, അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാമത്തെയാള്‍ ആയിരുന്നു, ഇലോണ്‍ മസ്‌ക് മാത്രമായിരുന്നു അയാള്‍ക്ക് മുന്നില്‍.

അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച വിവാദങ്ങള്‍
2023-ല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ ഒരു വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിദേശത്തെ ഷെല്‍ കമ്പനികളുടെ ഒരു ശൃംഖല വഴി അദാനി തന്റെ കമ്പനികളുടെ ഓഹരി വിലകള്‍ കൃത്രിമമായി ഉയര്‍ത്തി എന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. അദാനിയുടെ കമ്പനികള്‍ അപകടകരമാംവിധം കടക്കെണിയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയ സ്ഥാപനം അദാനി ഗ്രൂപ്പ് ഓഹരികളില്‍ ‘ഷോര്‍ട്ട് പൊസിഷന്‍’ എടുക്കുകയും (അതായത്, ഓഹരി വില കുറയുമെന്ന് പന്തയം വെക്കുകയും) അതിലൂടെ വിജയം കാണുകയും ചെയ്തു.

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്ത ഒരു ‘ഷോര്‍ട്ട് സെല്ലിംഗ് ആക്രമണം’ മാത്രമായിരുന്നു,’ എന്നായിരുന്നു അദാനി ഗ്രൂപ്പ് ‘ദി പോസ്റ്റി’ന് നല്‍കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം, യു.എസ്. നീതിന്യായ വകുപ്പിലെ പ്രോസിക്യൂട്ടര്‍മാര്‍, 2020 നും 2024 നും ഇടയില്‍ കമ്പനിയുടെ ബിസിനസ്സ് രീതികളെക്കുറിച്ച് അമേരിക്കന്‍ ബാങ്കര്‍മാരോടും നിക്ഷേപകരോടും അസത്യമായ കാര്യങ്ങള്‍ പറഞ്ഞതിന്, ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ മരുമകന്‍ സാഗര്‍ അദാനിക്കും ആറ് ബിസിനസ്സ് പങ്കാളികള്‍ക്കുമെതിരെ കുറ്റം ചുമത്തുകയുണ്ടായി. അഞ്ചു കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍, സോളാര്‍ വൈദ്യുതി കരാറുകള്‍ നേടുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയതായും, ‘തെറ്റായ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍’ അദാനിയും കൂട്ടാളികളും ബില്യണ്‍ കണക്കിന് ഡോളര്‍ സമാഹരിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നുണ്ട്. ഇതിനിടെ, ഫെഡറല്‍ സെക്യൂരിറ്റീസ് നിയമത്തിലെ തട്ടിപ്പ് വിരുദ്ധ വ്യവസ്ഥകള്‍ ലംഘിച്ചതിന് എസ്.ഇ.സിയും അദാനിക്കും സാഗറിനുമെതിരെ കേസെടുത്തു.

യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ മില്ലറിന്റെ ഒരു പ്രസ്താവനയില്‍ ഈ അഴിമതിയെ കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ‘യു.എസ്. നിക്ഷേപകരുടെ പണം ചെലവാക്കി, വന്‍തോതിലുള്ള സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണ കരാറുകള്‍ അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും സ്വന്തമാക്കുന്നതിനും അതിനായി ധനസഹായം നേടുന്നതിനും വേണ്ടിയാണ് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ഡയറക്ടര്‍മാരും ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിക്കപ്പെടുന്നത്.’ കൂടാതെ, എഫ്.ബി.ഐ.യുടെ ന്യൂയോര്‍ക്ക് ഫീല്‍ഡ് ഓഫീസിന്റെ ചുമതലയുള്ള ജെയിംസ് ഇ. ഡെന്നഹി പറയുന്നതനുസരിച്ച്, ‘മറ്റ് പ്രതികള്‍ കൈക്കൂലി ഗൂഢാലോചന മറച്ചുവെക്കാന്‍ വേണ്ടി സര്‍ക്കാര്‍ അന്വേഷണത്തെ തടസ്സപ്പെടുത്താനും ശ്രമിച്ചതായി ആരോപണമുണ്ട്.’

നവംബര്‍ 21-ന് അദാനി ഗ്രൂപ്പ് ഒരു പ്രസ്താവന പുറത്തിറക്കി. അതില്‍ അവര്‍ പറയുന്നത്, ആരോപണങ്ങള്‍ ‘അടിസ്ഥാനരഹിതമാണ്’ എന്നാണ്. ‘ഞങ്ങള്‍ നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണ്’ എന്നവര്‍ ഓഹരി ഉടമകള്‍ക്കും, പങ്കാളികള്‍ക്കും, ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ഒക്ടോബറിലെ ഒരു കോടതി രേഖയില്‍ എസ്.ഇ.സി. പറഞ്ഞത്, അദാനിക്കും സാഗറിനും ഇന്ത്യയില്‍ വെച്ച് സമന്‍സും പരാതിയും കൈമാറുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയമ-നീതി മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നുവെന്നും, എന്നാല്‍ ആ രേഖകള്‍ കൈമാറ്റം ചെയ്യപ്പെട്ടില്ല എന്നുമാണ്. കേന്ദ്ര നിയമ-നീതി മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ തയ്യാറായില്ല. അദാനിക്കെതിരായ കേസ് ഫയല്‍ ചെയ്ത, ഡി.ഒ.ജെ.യുടെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്കിലെ വക്താവായ ജോണ്‍ മര്‍സുല്ലി, കേസ് ‘സജീവമാണ്’ എന്നാണ് അറിയിച്ചത്. അതേസമയം എസ്.ഇ.സി പ്രതികരിക്കാന്‍ വിസമ്മതിച്ചു.

പൊതു രേഖകള്‍ പ്രകാരം, അദാനി അമേരിക്കയില്‍ മൂന്ന് പ്രമുഖ നിയമ സ്ഥാപനങ്ങളെ നിയമിച്ചുകൊണ്ട് ഒരു ശക്തമായ ലോബിയിംഗ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദാനി ‘എക്‌സി’ലൂടെ തന്റെ അഭിനന്ദനം അറിയിക്കുകയും ‘യു.എസ്. ഊര്‍ജ്ജ സുരക്ഷയ്ക്കും പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുമായി’ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ‘ഏകദേശം 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് അദാനി വാഗ്ദാനം ചെയ്തത്.

ആറ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഫെബ്രുവരിയില്‍ യു.എസ്. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് ഒരു കത്തെഴുതി. അദാനിക്കെതിരായ ആരോപണങ്ങള്‍ ‘തെറ്റിദ്ധാരണയിലൂന്നിയുള്ള ഒരു കുരിശുയുദ്ധമാണ്’ എന്നും, ഇത് യു.എസ്-ഇന്ത്യ ബന്ധത്തെ ദോഷകരമായി ബാധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്യും എന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

യു.എസിലെ നിയമപരമായ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യയില്‍ അദാനിയുടെ പ്രശസ്തി മങ്ങിപ്പോകുന്നില്ല. കാരണം, പ്രധാനമന്ത്രി മോദി അധികാരത്തില്‍ വരുന്നതിന് ‘വളരെ മുന്‍പേ’ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളാണ് അദാനി. കേന്ദ്ര സര്‍ക്കാര്‍ അദാനിയില്‍ വിശ്വസിക്കുന്നു എന്നും അഴിമതി വിരുദ്ധ സംഘടനയായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിലെ നിയമ വിദഗ്ധനായ കുഷ് അമിന്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒരാളാണ് അദാനി- അമിന്‍ പറഞ്ഞു. ‘ഇത് അദ്ദേഹത്തെ ആര്‍ക്കും തൊടാനാകാത്ത ആളാക്കി മാറ്റുന്നു’.

‘അപകടസാധ്യതയുള്ള’ നിക്ഷേപം

ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധികള്‍ അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര തലത്തില്‍ പണം സമാഹരിക്കുന്നതിന് തടസമായിട്ടുണ്ട്. യു.എസ്. അന്വേഷണങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് പേരുദോഷമുണ്ടാക്കുമോ എന്ന് പ്രമുഖ അമേരിക്കന്‍, മറ്റ് പാശ്ചാത്യ ബാങ്കുകള്‍ ആശങ്കപ്പെടുന്നുണ്ടെന്നാണ് ഈ വിഷയത്തില്‍ അറിവുള്ള മൂന്ന് ഇന്ത്യന്‍ ബാങ്കര്‍മാരും ഒരു റോയിട്ടേഴ്സ് റിപ്പോര്‍ട്ടും പറയുന്നത്.

ഡി.ഒ.ജെ.യുടെ കുറ്റപത്രം ഒരു പ്രതിച്ഛായ പ്രശ്നം ആയിരുന്നെങ്കില്‍ എസ്.ഇ.സി. തുടരുന്ന അന്വേഷണമാണ് അദാനിയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്- ഒരു ബാങ്കര്‍ പറയുന്നു. കാരണം ഈ അന്വേഷണത്തില്‍ അദാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, യു.എസ്. ഡോളര്‍ വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതില്‍ നിന്ന് അദാനിക്ക് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് അദ്ദേഹത്തിന്റെ കമ്പനിയുടെ സാമ്പത്തിക ഭാവിയെ ഗുരുതരമായി ബാധിക്കാവുന്ന ഒന്നാണ്.

‘2024 നവംബര്‍ മുതല്‍ ഞങ്ങളുടെ കമ്പനികള്‍ ആഗോള, ആഭ്യന്തര കട വിപണികളില്‍ നിന്ന് ഏഴു ബില്യണ്‍ ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്,’ അദാനി ഗ്രൂപ്പ് ‘ദി പോസ്റ്റി’ന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ‘പ്രമുഖ ആഗോള, ആഭ്യന്തര നിക്ഷേപകരുമായുള്ള പ്രധാന ഇടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അദാനി ഗ്രൂപ്പ് ‘സാമ്പത്തികമായി ശക്തമാണ്,’ കമ്പനി കൂട്ടിച്ചേര്‍ക്കുന്നു, ‘മറ്റൊരര്‍ത്ഥം സൂചിപ്പിക്കുന്ന വിവരണങ്ങള്‍ കൃത്യമല്ലാത്തതും തെറ്റിദ്ധാരണ നല്‍കുന്നതുമാണ്.’ എന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍, നിര്‍ദ്ദേശിക്കപ്പെട്ട നിക്ഷേപ തന്ത്രത്തിന് അപകടസാധ്യതകള്‍ ഉണ്ടെന്നാണ് ഡി.എഫ്.എസ് രേഖകള്‍ വ്യക്തമാക്കുന്നത്. നെഗറ്റീവ് പ്രതികരണങ്ങള്‍ വരികയാണെങ്കില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളെ അവ പെട്ടെന്ന് ബാധിക്കും. ഇത് ഹ്രസ്വകാലത്തേക്കാണെങ്കിലും അവരുടെ വിലയിടിക്കുമെന്നും ഒരു രേഖയില്‍ പറയുന്നുണ്ട്.

2023-ലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം എല്‍.ഐ.സിക്ക് ഏകദേശം 5.6 ബില്യണ്‍ ഡോളറിന്റെ ‘ഓണ്‍ പേപ്പര്‍ ലാഭം’ നഷ്ടപ്പെട്ടു, അതോടെ 2023 ഫെബ്രുവരിയോടെ അതിന്റെ നിക്ഷേപ മൂല്യം ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. 2024 മാര്‍ച്ചോടെയാണ് എല്‍.ഐ.സിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 6.9 ബില്യണ്‍ ഡോളര്‍ ആയി വീണ്ടെടുക്കപ്പെടുന്നത്. അതായത്, ആ സമയം വരെ നഷ്ടങ്ങള്‍ പൂര്‍ണ്ണമായി നികത്താന്‍ കഴിഞ്ഞിരുന്നില്ല. നിക്ഷേപത്തിന്റെ ഇപ്പോഴത്തെ വിപണി മൂല്യം എത്രയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല.

യെമനിലെ ഹൂത്തി വിമതരുടെ ഭീഷണി നേരിടുന്ന ഇസ്രയേലിലെ ഹൈഫയിലുള്ള ഒരു പ്രധാന തുറമുഖത്തില്‍ അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ളതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

രാഷ്ട്രീയപരമായ തിരിച്ചടികള്‍ പരിഗണിക്കേണ്ട മറ്റൊരു ഘടകമാണെന്ന് രേഖകളില്‍ പറയുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റും) ‘പൊതുഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് എല്‍.ഐ.സിയുടെ അദാനി ഗ്രൂപ്പിലെ നിക്ഷേപത്തെ വിമര്‍ശിക്കുന്നു’ എന്ന് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിമര്‍ശനങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങളായി പറയുന്ന കാര്യങ്ങള്‍ ഇവയാണ്; സുതാര്യത പ്രകടമാക്കുക, അതായത് നിക്ഷേപം നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രസിദ്ധീകരിക്കുക, നിയമപരമായ ഉറപ്പ് നല്‍കുക, അതായത് ഇന്ത്യന്‍ റെഗുലേറ്റര്‍മാരുടെ(നിയമസ്ഥാപനങ്ങള്‍) നിയമങ്ങള്‍ പാലിച്ചാണ് നിക്ഷേപം നടത്തിയതെന്ന് ഉറപ്പിച്ചു പറയുക, ഗുണങ്ങള്‍ വിവരിക്കുക, അതായത് നിക്ഷേപം വഴി രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ എടുത്തു കാണിക്കുക.

വര്‍ധിച്ചുവരുന്ന നിയമപരവും സാമ്പത്തികവുമായ സമ്മര്‍ദ്ദത്തിന്റെ ഈ സമയത്ത് അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഈ പിന്തുണ, അദ്ദേഹത്തിന്റെ വിലയേറിയ അടിസ്ഥാന സൗകര്യ ആസ്തികള്‍ വില്‍ക്കാതിരിക്കാന്‍ സഹായിക്കുമെന്ന് ക്ലൈമറ്റ് എനര്‍ജി ഫിനാന്‍സിലെ ബക്ക്‌ലി പറഞ്ഞു. ‘ഇന്ത്യന്‍ സര്‍ക്കാരിന് തന്നെ തുടര്‍ന്നും ധനസഹായം നല്‍കാന്‍ കഴിയുമെങ്കില്‍ അദ്ദേഹം എന്തിന് അവ വില്‍ക്കണം?’ അദ്ദേഹം ചോദിച്ചു. ‘ഇന്ത്യന്‍ ജനതയാണ് അദ്ദേഹത്തെ വീണ്ടും വീണ്ടും രക്ഷിക്കാന്‍ പണം മുടക്കേണ്ടി വരുന്നത്.’



(രവി നായര്‍, പ്രാന്‍ഷു വര്‍മ, സാച്ചി ഹെഗ്‌ഡെ, സുപ്രിയ കുമാര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സഹായിച്ചിട്ടുണ്ട്)

watch video: https://www.youtube.com/watch?v=ccNh6QRhAtM

Content Summary; Narendra Modi government’s plan to rescue Adani, Three and a half lakh crores of rupees of LIC’s funds are being invested into Adani companie

This post was last modified on October 25, 2025 4:45 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment