കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയ്ക്ക് വക നൽകിയ ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ അഭ്യൂഹങ്ങൾ. ബി.ജെ.പി.യിൽ 75 വയസ്സ് കഴിഞ്ഞ നേതാക്കൾക്ക് ഔദ്യോഗിക പദവികൾ നൽകില്ലെന്ന അപ്രഖ്യാപിത നിയമം നിലവിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുമ്പോൾ, നരേന്ദ്ര മോദിക്ക് ഇത് ബാധകമാകുമോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികഞ്ഞ ഈ വേളയിൽ, അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുകയാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെയൊക്കെ പിന്നിൽ നരേന്ദ്ര മോദിയാണ് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിരമിക്കലും ചർച്ചയായത്.
രാഷ്ട്രീയത്തിൽ നരേന്ദ്രമോദിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയത് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയായിരുന്നു. അന്തരിച്ച ആർ.എസ്.എസ്. സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ വെച്ച്, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്ന മോഹൻ ഭാഗവതിന്റെ പരാമർശം മോദിക്കുള്ള സന്ദേശമായി പ്രതിപക്ഷ നേതാക്കൾ ഏറ്റെടുത്തു.
2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയതിന് ശേഷം 75 വയസ്സ് കഴിഞ്ഞ പല മുതിർന്ന നേതാക്കളെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും ഭരണപരമായ പദവികളിൽ നിന്നും ഒഴിവാക്കിയിരുന്നു.
മുതിർന്ന ബിജെപി നേതാക്കളായിരുന്ന എൽ.കെ. അദ്വാനി,സുമിത്ര മഹാജൻ, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് എന്നിവരെ 75 വയസ്സ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി നിർബന്ധിച്ച് മാറ്റിനിർത്തിയതായി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അവർക്ക് പകരം ‘മാർഗ്ഗദർശക് മണ്ഡൽ’ എന്ന പേരിൽ ഒരു ഉപദേശക സമിതി രൂപീകരിച്ച് ആദരവ് നൽകുക മാത്രമാണ് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് മോദിക്കെതിരെ രംഗത്ത് വന്നത്.
“അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു” റാവുത്തിന്റെ പരിഹാസം. മോദിയുടെ വിരമിക്കൽ വിഷയത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾ നടക്കുമ്പോഴും, ഇത് സംബന്ധിച്ച് ഒരു സൂചനയും പ്രധാനമന്ത്രി ഇതുവരെ നൽകിയിട്ടില്ല. വിരമിക്കൽ അഭ്യൂഹങ്ങളെ അദ്ദേഹം മൗനം കൊണ്ടാണ് നേരിടുന്നത്.
അതേസമയം, ബി.ജെ.പി.യുടെ ഉന്നത നേതൃത്വവും ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയാണ്. പാർട്ടി ഭരണഘടനയിൽ 75 വയസ്സിൽ വിരമിക്കണമെന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്രമോദി തന്നെ അടുത്ത കാലഘട്ടത്തിലും രാജ്യത്തെ നയിക്കുമെന്ന് അവർ ആവർത്തിച്ച് പറയുന്നു.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബി.ജെ.പി. തീരുമാനിച്ചതും ഈ ചർച്ചകളെ മറികടക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രിയുടെ വിരമിക്കൽ വിഷയത്തിൽ ഏറ്റവും ശക്തമായ വിമർശനം ഉന്നയിച്ച ഒരാളാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി. 75 വയസ്സ് പൂർത്തിയാകുമ്പോൾ അധികാരത്തിൽ നിന്ന് വിരമിച്ച് ‘മാർഗ്ഗദർശക് മണ്ഡലി’ൽ ചേരാൻ മോദി തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിന് മറ്റ് മാർഗ്ഗങ്ങളിലൂടെ പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്ന് സ്വാമി എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആർ.എസ്.എസ്. ആശയങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിശക്തമായ ജനപിന്തുണയും പാർട്ടിയിലെ സമ്പൂർണ്ണ നിയന്ത്രണവും കണക്കിലെടുക്കുമ്പോൾ, 75 വയസ്സ് എന്ന മാനദണ്ഡം നരേന്ദ്രമോദിക്ക് ബാധകമാകില്ലെന്ന് തന്നെയാണ് ഭൂരിപക്ഷം രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. 2029-ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ പാർട്ടിയെ നയിച്ചേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
എന്നാൽ, ഈ വിഷയത്തിൽ പാർട്ടിക്ക് ഔദ്യോഗികമായി ഒരു പ്രായപരിധിയില്ലെന്ന് നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും, അത് മറ്റ് മുതിർന്ന നേതാക്കൾക്ക് മാത്രം ബാധകമാക്കുകയും മോദിയെ ഒഴിവാക്കുകയും ചെയ്യുമോ എന്നതാണ് ഭാവിയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറക്കുക.
content summary: Narendra Modi Turns 75: Retirement Rumors Spark Debate Over BJP’s Unofficial Age Rule
This post was last modified on September 17, 2025 3:04 pm
Leave a Comment