രാഷ്ട്രീയ ഉള്‍ക്കനത്തിന്റെ ‘നരിവേട്ട’

അനീതി അടയാളപ്പെടുത്തുന്ന, അപ്രിയം ഉച്ചത്തില്‍ പറയുന്ന മുഖ്യധാര സിനിമ

ചെരുപ്പിനുള്ളില്‍ കുടുങ്ങിയ കല്ലുപോലെയാകണം സിനിമയെന്ന് വിഖ്യാത ഡാനിഷ് ചലച്ചിത്രകാരനായ ലാര്‍സ് വോന്‍ ട്രയര്‍ പറയുന്നുണ്ട്. അത് അനുനിമിഷം നിങ്ങളെ അസ്വസ്ഥതപ്പെടുത്തണം. നിങ്ങളെ അത് ശല്യപ്പെടുത്തുകയും വേദനിപ്പിക്കുകയും വേണം. മുഖ്യധാര സിനിമകള്‍ ലാര്‍സ് വോള്‍ ട്രയറുടെ മാര്‍ഗ്ഗം സ്വീകരിക്കാറില്ല. കാരണം ആളുകളെ രസിപ്പിക്കലാണ് മുഖ്യധാര സിനിമയുടെ ലക്ഷ്യമെന്ന് പലരും പറയാറുണ്ട്. പലപ്പോഴും സിനിമയുടെ എന്റര്‍ടൈന്‍മെന്റിന്റെ ആര്‍ക്കുകള്‍ക്ക് അനുസരിച്ചാണ് തിരക്കഥകളുടെ രൂപവത്കരണം. അങ്ങനെയാണ് കഥകള്‍ രൂപം കൊള്ളുന്നത്. പക്ഷേ ചരിത്രത്തിലെ ക്രൂരമായ അധ്യായം നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമയ്ക്ക് എന്ത് ചോയ്സാണുള്ളത്? അപ്രിയമായ അനീതി ചൂണ്ടിക്കാണിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരു ചലച്ചിത്രകാരന്‍ എന്തുചെയ്യും? അയാള്‍ തന്റെ കഥയുടെ ആഖ്യാനമാണ് പ്രധാനമെന്ന് തീരുമാനിക്കും. അത് നിങ്ങളെ അസ്വസ്ഥതപ്പെടുത്തുമെന്നറിയാം, പക്ഷേ ആ അസ്വസ്ഥത വീണ്ടും അനുഭവിക്കാന്‍ നിങ്ങള്‍ തീയേറ്ററിലെത്തുമെന്ന് അയാള്‍ക്ക് ഉറപ്പാണ്.

അനുരാജ് മനോഹറിന്റെ ‘നരിവേട്ട’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മുതല്‍ പ്രധാനപ്പെട്ട കാര്യം അവര്‍ മറച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായിരുന്നു. 2003-ലെ ആദിവാസി ഭൂമി സമരവും മുത്തങ്ങയിലെ വെടിവെയ്പുമാണ് ഇതിന്റെ പ്രേരക ഘടകങ്ങള്‍. സംഭവങ്ങളുടെ ചരിത്രത്തിലോ അന്ന് സംഭവിച്ച കാര്യങ്ങളിലോ നേരിട്ട് ബന്ധമൊന്നും കാണില്ലെങ്കിലും ആദിവാസി ഭൂമി എന്ന കേരളം ചര്‍ച്ച ചെയ്യാന്‍ ഏറ്റവും മടിച്ചിട്ടുള്ള ഒരു വിഷയം അഭിമുഖീകരിക്കാന്‍ സിനിമ തയ്യാറാവുകയാണ് എന്ന ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനമായിരുന്നു അത്. ‘ഇഷ്ഖ്’ എന്ന ആദ്യ സിനിമയുടെ ആവിഷ്‌കാരത്തില്‍ കാണിച്ചിട്ടുള്ള കയ്യടക്കവും ഈ രാഷ്ട്രീയ പ്രഖ്യാപനവും ചേരുമ്പോള്‍ തന്നെ ‘നരിവേട്ട’ പ്രേക്ഷകരിലേയ്ക്ക് അടുത്തുകഴിഞ്ഞു. ഏതാണ്ട് ഒരു മാസമായി യൂട്യൂബില്‍ മലയാളികള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ‘മിന്നല്‍ വള’ എന്ന കൈതപ്രം-ജേക്ക് ബിജോയ് പ്രേമപ്പാട്ട് കൂടിയാകുമ്പോള്‍ നരിവേട്ടയുടെ അരങ്ങൊരുങ്ങിയിരുന്നു. അപ്പോഴാണ് രണ്ട് ദിവസം മുമ്പ് ‘വാടാ വേടാ’ എന്ന പേരില്‍ ‘കാട്ടുമരത്തിന്റെ മനം മുറിഞ്ഞേ’ എന്ന തുടങ്ങുന്ന ഗാനവുമായി വേടന്‍ എത്തിയത്. ആദിവാസി ഭൂമി, പോലീസ് വെടിവെയ്പ്, ഭരണകൂടം എന്ന ത്രികോണം ആ പാട്ട് പൂരിപ്പിച്ചു.

2003- ആരംഭിച്ചതല്ല ആദിവാസി ഭൂമി പ്രശ്നം. കേരളമുണ്ടായ കാലം മുതല്‍ വിവിധ ആദിവാസി സമൂഹങ്ങള്‍, മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകളോട്, ആവശ്യപ്പെടുന്നതാണ് ഭൂമിയും വനസ്വത്തിന്റെ അവകാശവും. പല ശ്രമങ്ങള്‍ പല കാലങ്ങളില്‍ നടന്നിട്ടുണ്ട്. പക്ഷേ ശ്വാശ്വത പരിഹാരങ്ങളുണ്ടായിട്ടില്ല. 2001-ല്‍ 99 സീറ്റിന്റെ വലിയ ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്ന എ.കെ.ആന്റണി ആദിവാസി സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് മുത്തങ്ങയില്‍ ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വലിയ സമരമുണ്ടാകുന്നതും ആ സമരത്തിന് നേരെ 2003 ഫെബ്രുവരി 19ന് വെടിവെയ്പ് ഉണ്ടാകുന്നതും. ജോഗി എന്ന ആദിവാസി യുവാവും വിനോദ് എന്ന പോലീസുകാരനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ട് എന്ന അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. സമരത്തിന് ഊരുകളില്‍ നിന്ന് പോയ പലരും തിരികെ എത്തിയിട്ടില്ല എന്നും. ആ വെടിവെയ്പ്പിനെ തുടര്‍ന്നുണ്ടായ അതിക്രൂരമായ മര്‍ദ്ദനങ്ങളും കേസുകളും കേരളചരിത്രത്തിന്റെ ഏറ്റവും കളങ്കിതവും നിന്ദ്യവുമായ അധ്യായങ്ങളില്‍ ചിലതാണ്. വഞ്ചിതനും നിന്ദിതരും മര്‍ദ്ദിതരുമായ ആദിവാസി സമൂഹം തുടര്‍ന്നും ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ തുടര്‍ന്നു.

പോലീസുമായുള്ള കേരളത്തിന്റെ ഓര്‍മ്മയില്‍ തിരുനെല്ലി ബന്ധപ്പെട്ടിരിക്കുന്നത് നക്സലേറ്റ് വേട്ടയുമായാണ്. സിനിമ തിരുനെല്ലിയിലെ ഒരു പോലീസ് വേട്ടയില്‍ ആരംഭിക്കുമ്പോള്‍ നമ്മള്‍ ആ ചരിത്രത്തിലേയ്ക്ക് ഓര്‍മ്മകളുടെ പാലമിടും. എന്നാല്‍ ഇവിടെ പോലീസ് വേട്ടയാടുന്നത് നക്സലേറ്റുകളെ അല്ല. ഒരു പോലീസുകാരനെ തന്നെയാണ്. വര്‍ഗ്ഗീസ് എന്ന കേരളത്തിന്റെ ചരിത്രത്തില്‍ കൊത്തിവച്ചിട്ടുള്ള പേരിലുള്ള ഒരാള്‍ പോലീസിനാല്‍ തിരുനെല്ലിയില്‍ വേട്ടയാടപ്പെടുമ്പോള്‍ അയാള്‍ പോലീസുകാരനാണെങ്കിലും മറ്റെന്തോ കൂടിയാണ് എന്ന സൂചന നമുക്കുണ്ട്. അത് മലയാളിയുടെ ബോധ്യമാണ്. വെടിവെയ്പും പോലീസ് മര്‍ദ്ദനവും ചേരുന്ന ആദ്യരംഗങ്ങള്‍ തന്നെ നമ്മുടെ ചെരുപ്പുകള്‍ക്കുള്ളിലെ കല്ലുകളായി മാറുന്നുണ്ട്. പിന്നെ ഒരോ നിമിഷവും നമുക്ക് അസ്വസ്ഥതയുണ്ട്. അതിനൊപ്പം ആകാംക്ഷയും ആശങ്കയുമുണ്ട്. നമുക്കറിയാം വേട്ടപ്പട്ടികളും ഇരകള്‍ തന്നെയാണ് എന്ന്. നരിയും വേട്ടക്കാരും നരിവേട്ടയില്‍ മാറി മാറി വേഷം കെട്ടുമെന്ന്.

മലയാള സിനിമയില്‍ ആദിവാസികള്‍ ഷോപീസുകളും കോമഡിയുമായാണ് വന്നിരുന്നത്. ഹോഹോയ് എന്നൊക്കെയുള്ള ആഭാസകരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശരീരത്തില്‍ കറുത്ത ചായമൊക്കെ തേച്ച് നടക്കുന്ന മനുഷ്യരായും യാതൊരു നിര്‍ണയാവകാശവും ഇല്ലാത്ത കൂട്ടരായും. ആ കാലം കഴിഞ്ഞുവെന്ന പ്രഖ്യാപനം കൂടിയാണ് ഈ സിനിമ. ആദിവാസി സമൂഹത്തില്‍ പെട്ടയൊരാള്‍ക്കോ, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കോ ചിലപ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ട ഇടങ്ങളെ കുറിച്ച് പറയാന്‍ കഴിയുമായിരിക്കും. പക്ഷേ പഴയത് പോലെയുള്ള വൈകൃത ചിത്രീകരണത്തില്‍ നിന്ന് മലയാള സിനിമ എത്രയോ മുന്നോട്ട് പോയിരിക്കുന്നു. ജാതി, സെക്ഷ്വാലിറ്റി, സ്ത്രീകള്‍ക്ക് നേരെയുള്ള കുടുംബത്തിനത്തെ ക്രൂരതകള്‍ തുടങ്ങിയവ ഒന്നും നമ്മള്‍ തുറന്ന് പറയാത്ത, ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളായിരുന്നു. ആ കാലം മാറി. അതുകൊണ്ട് തന്നെയാണ് ആദിവാസികളുടെ ഭൂമി നമുക്ക് ചര്‍ച്ച ചെയ്യാന്‍ പറ്റുന്നത്. ഭൂമികയ്യേറിയവരും ഭൂമി നല്‍കാത്തവരും അവരെ ഭരണകൂടത്തിന് വേണ്ടി അടിച്ചമര്‍ത്തിവരുമാണ് ഭൂരിപക്ഷം കാഴ്ചക്കാര്‍. അവര്‍ക്ക് വേണ്ടാത്ത കഥകള്‍ നമ്മള്‍ മുഖ്യധാരയില്‍ പറയണോ എന്നൊരു ചോദ്യം വരുമ്പോള്‍, പറയണം എന്ന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ തീരുമാനിക്കുന്ന ഒരു തിരക്കഥാകൃത്തും സംവിധായനും ഉണ്ടാകുന്നു. അവര്‍ക്കാണ് കൈയ്യടി. അബിന്‍ ജോസഫിനും അനുരാജ് മനോഹറിനും.

വയനാട്ടില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് ക്യാമറ തിരിയുമ്പോള്‍ ശരിക്കും സമാധാനം തോന്നേണ്ടതാണ്. മറ്റൊരു ഭൂമിയും മറ്റൊരു മൂഡുമാണ്. യാതൊരു സാമൂഹിക ഉത്തരവാദിത്തമില്ലാത്ത നായകനാണ്. പ്രേമിക്കുന്ന പെണ്ണിനോടോ പെറ്റതള്ളയോടെ പോലും അങ്ങനെയൊരു കമ്മിറ്റ്മെന്റില്ലാത്ത, പൊതുവേ നമുക്ക് ഹൃദയത്തോട് ചേര്‍ന്ന് ഇഷ്ടമൊന്നും തോന്നാത്ത ഒരാള്‍. പക്ഷേ അതയാളുടെ സ്വഭാവമാണ്. ആ സ്വഭാവമുള്ളയാള്‍ പോലീസിലെത്തുമ്പോള്‍ എന്തു സംഭവിക്കും? ആ ഉത്തരവാദിത്തരാഹിത്യത്തില്‍ നിന്ന് അയാള്‍ എവിടെക്കായിരിക്കും സഞ്ചരിക്കുക. ജന്മനാ നല്ലവരായി ജനിക്കുന്ന, നന്മകളാല്‍ ലോകത്തെ എല്ലാക്കാലത്തും പ്രചോദിപ്പിക്കുന്ന മനുഷ്യര്‍ മാത്രമല്ലല്ലോ, മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ധാരാളം തെറ്റുകള്‍ ചെയ്തിട്ടുള്ള, തിന്മയുടെ വഴികളില്‍ സഞ്ചരിച്ചിരുന്നവര്‍ കൂടിയാകും. അല്ലെങ്കിലും കറുപ്പിലും വെളുപ്പിലും മാത്രമല്ലല്ലോ മനുഷ്യര്‍.

ബഷീര്‍ എന്ന ഒരു പോലീസുകാരന്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ലോകപരിചയമുള്ള, ജീവിതത്തെ ഗൗരവത്തോടെ കാണുന്ന ഒരാള്‍. പോലീസുകാരനാണ്. പക്ഷേ എല്ലായുക്തിയും പോലീസിന്റേതല്ല. എന്നാല്‍ ജോലിയോട് സ്നേഹവും ഉത്തരവാദിത്തവുമുള്ളയാള്‍. അയാളും വര്‍ഗ്ഗീസും മാത്രമല്ല, ഉത്തരമേഖല ഡി.ഐ.ജി റാങ്കിലുള്ള സര്‍ക്കാരിന് വേണ്ടി കളികള്‍ നടത്തുന്ന തമിഴ്നാട്ടുകാരനായ ഓഫീസറും ഒരേസമയം നരിയും വേട്ടക്കാനുമാണ്. അതാണ് നരിവേട്ടയുടെ നിയമം. ഇവിടെ തോല്‍ക്കുന്നവരേയുള്ളൂ. സംവിധാനങ്ങള്‍ മാത്രമാണ് വിജയിക്കുക. ‘

സിനിമയുടെ കഥ നാം കണ്ടറിയേണ്ടതാണ്. പക്ഷേ വര്‍ഗ്ഗീസ് എന്ന കാരക്ടറിന്റെ ആര്‍ക്കും അതില്‍ ടോവിനോ പിടിച്ചിരിക്കുന്ന മീറ്ററും അത്യുഗ്രനാണ്. അവസാനമാകുമ്പോഴേയ്ക്കും നമ്മളനുഭവിക്കുന്ന പ്രതിഷേധം അയാളില്‍ പ്രകടനമാകുന്നത് കണ്ട് നമ്മള്‍ സമാധാനിക്കും. പലപ്പോഴും നാം വിങ്ങിപ്പൊട്ടലുകള്‍ അമര്‍ത്തിപ്പിടിക്കും. ഒരു പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയും ആ സമൂഹത്തിലെ നല്ലവനായ ഒരു ചെറുപ്പക്കാനും അവന്റെ നായയും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ പ്രവേശിക്കും. അവരുടെ പ്രതിസന്ധി നമ്മളിലേയ്ക്കെത്തും. ആ സമരം നമ്മുടേത് കൂടിയാകും. അവന് കൊള്ളുന്ന ഒരോ അടിയും നമ്മളെ വേദനിപ്പിക്കും. നിരാലംബരായ മനുഷ്യരോട് അനീതി മാത്രം ചെയ്യുന്ന വ്യവസ്ഥിതിയോടുള്ള നമ്മുടെ പ്രതിഷേധത്തെ അതാളിക്കത്തിക്കും. പോലീസ് എന്ന ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയെ നാം ഒരിക്കല്‍ കൂടി അടുത്ത് നിന്ന് കാണും.

ഒരു സിനിമ എന്ന നിലയില്‍ ‘നരിവേട്ട’യെ ഉജ്ജ്വലമാക്കുന്നത്, കാസ്റ്റിങ്ങ്, മ്യൂസിക്, സൗണ്ട്, സിനിമാറ്റോഗ്രഫി എന്നിവയാണ്. പാട്ടുകളും സംഗീതവും ഇതുപോലെ അവിഭാജ്യഘടകമായ മറ്റധികം സിനിമകള്‍ നാം കണ്ടിട്ടുണ്ടാകില്ല, ജേക്ക് ബിജോയ്-യുടെ മറ്റൊരു ഉഗ്രന്‍ വര്‍ക്ക്. പോലീസുകാരും ആദിവാസികളുമല്ലാതെ ഇതില്‍ വളരെ കുറിച്ച് കഥാപാത്രങ്ങളേ ഉള്ളൂ. അവയില്‍ കഥമുന്നോട്ട് പോകേണ്ട കാരക്ടറുകള്‍ക്ക് വലിയ വളര്‍ച്ചയും സിനിമ നല്‍കുന്നുണ്ട്. ടൊവിനോ, ബഷീറായി എത്തുന്ന സുരാജ് വെഞ്ഞാറമൂട്, ഡി.ഐ.ജിയായത്തുന്ന ചേരന്‍, സി.കെ.ശാന്തിയാകുന്ന ആര്യ സലിം എന്നിവരാണ് വളരെ പ്രധാനം. പുഴയിലും കാട്ടിലുമായി അല്ലെങ്കില്‍ ലൈഫിലും സ്ട്രഗ്ളിലുമായാണ് ക്യാമറ ചലിക്കേണ്ടത്. അതാകട്ടെ ഉജ്ജ്വലമായി നിര്‍വ്വഹിക്കുന്നത് വിജയ് ആണ്. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍ എല്ലായിപ്പോഴുമെന്ന പോലെ അതിഗംഭീരമാണ്. നമ്മുടെ ചെവിയിലൂടെ മൂളിപ്പായുന്ന വെടിയുണ്ടകള്‍ മാത്രമല്ല, കാടിന്റെ ഉള്ള് തിളക്കുന്ന ചെറുശബ്ദങ്ങള്‍ മുതല്‍ ആലപ്പുഴയിലെ തയ്യല്‍ മെഷീന്‍വരെ നമ്മളെ ബാധിക്കുന്ന വിധം തൊട്ടറിയാവുന്ന ഒരു അവതരണമാണിത്.

(ഒറ്റക്കാര്യം മാത്രമേ സിനിമയില്‍ ഒരു ചെറുകല്ലുകടിയായി മാറിയുള്ളൂ. അത് കാടിനുള്ളിലെ മാവോയിസ്റ്റുകളെ കുറിച്ചുള്ള പോലീസുകാരുടേയും മീഡിയയുടേയും രാഷ്ട്രീയനേതാക്കളുടേയും സംസാരമാണത്. 2004-ല്‍ സി.പി.ഐ.(മാവോയിസ്റ്റ്) രൂപം കൊണ്ട്, ഛത്തീസ്ഗഢിലും ഒഡിഷയിലും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ മാത്രമാണ് മാവോയിസ്റ്റ് എന്ന വാക്ക് നമ്മുടെ പോലീസിന്റേതടക്കം നിഘണ്ടുവിലേയ്ക്ക് വരുന്നുള്ളൂ. അതുവരെ എല്ലാവരും നക്സലേറ്റുകളായിരുന്നു. കേരളത്തിന്റെ കാടുകളില്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് അക്കാലത്ത് പോലീസ് പറഞ്ഞിരുന്നത് പി.ഡബ്ലിയു അഥവാ പീപിള്‍സ് വാര്‍ ഗ്രൂപ്പ് ആണ്. അതുപക്ഷേ ഒരു സങ്കേതിക പ്രശ്നം മാത്രമാണ്.)

മനുഷ്യവംശത്തിന്റെ അധികാരത്തിനെതിരെയുള്ള പോരാട്ടം മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടമാണ് എന്ന മിലന്‍ കുന്ദേരയുടെ വാക്കുകളില്‍ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ഓര്‍മ്മകളുണ്ടെങ്കില്‍ മാത്രമേ ഏകാധിപത്യങ്ങളേയും അധികാരത്തിന്റെ വാഴ്ചകളേയും നമുക്ക് നേരിടാനാകൂ എന്ന തിരിച്ചറിവാണ് സിനിമ. നാം ചരിത്രത്തെ ഓര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, അനീതികളെ മറക്കാതിരിക്കുമ്പോള്‍, പോരാട്ടങ്ങള്‍ കരുത്താര്‍ജ്ജിക്കും. കേരളത്തില്‍ ആദിവാസികളുടെ അവകാശ പോരാട്ടങ്ങളെ കുറിച്ച് സധൈര്യം സംസാരിക്കാന്‍ തയ്യാറായ ആദ്യത്തെ മുഖ്യധാര സിനിമ എന്നത് ചരിത്രമാണ്; ‘നരിവേട്ട’ അതിനപ്പുറം പലതുമാണെങ്കിലും. Narivetta, Malayalam movie review, Tovino thomas

Content Summary;  Narivetta, Malayalam movie review, Tovino thomas

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

ശ്രീജിത്ത് ദിവാകരന്‍: അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍
Related Post
Leave a Comment