നരേന്ദ്ര മോദി സര്‍ക്കാരിലെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം വിവരാവകാശ നിയമം സംബന്ധിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് പൊതുജനങ്ങളില്‍ കഴിഞ്ഞ ദിവസം അഭിപ്രായം ക്ഷണിച്ചിരുന്നു. ആര്‍ ടി ഐ നിയമത്തിന്റെ സെക്ഷന്‍ 27 വകുപ്പനുസരിച്ച് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യും.
ആര്‍ ടി ഐ നിയമം ചരിത്രമാണ്. യുപിഎ സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്. 2005-ലാണ് നിയമമാക്കിയത്. കഴിഞ്ഞ 70 വര്‍ഷത്തില്‍ ഉണ്ടാക്കിയ ഏറ്റവും ശാക്തീകരണ സ്വഭാവമുള്ള നിയമങ്ങളിലൊന്നായിരുന്നു അത്. ഭരണനിര്‍വഹണത്തിന്റെയും അധികാരത്തിന്റെയും അതാര്യതകളിലേക്ക് പൊതുജനനിരീക്ഷണത്തിന്റെ വെളിച്ചം ആദ്യമായി പതിഞ്ഞത് ഈ നിയമത്തിലൂടെയായിരുന്നു. വിവരാവകാശ നിയമത്തിന്റെ സ്വാധീനം ഭരണതലത്തില്‍ മാത്രമല്ല, ഈ രാജ്യത്തെ ഓരോ ഗ്രാമത്തിലേക്കും എത്തി.
വിവരാവകാശ നിയമം നടപ്പാക്കണം എന്നാവശ്യപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് അരവിന്ദ് കെജ്രിവാള്‍ തന്റെ പൊതുജീവിതം തുടങ്ങിയത്. അദ്ദേഹം ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയാണ്.
അകത്തുനിന്നും പുറത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടും 2004-മുതല്‍ 2014 വരെ നീണ്ട യുപിഎ സര്‍ക്കാരിന് നിയമത്തില്‍ വെള്ളം ചേര്‍ക്കാനായില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ മുതല്‍ വിവരാവകാശ നിയമത്തെ അവഗണിക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കില്ല എന്നു മാത്രമല്ല അപ്പീല്‍ പ്രക്രിയ വളരെ അനവധാനതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള പ്രക്രിയ ഔദ്യോഗികമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇപ്പോള്‍ പരസ്യമാക്കിയ കരട് ചട്ടങ്ങള്‍, RTI Rules 2017, പ്രത്യക്ഷത്തില്‍ തീര്‍ത്തൂം അപകടരഹിതം എന്നു തോന്നുമെങ്കിലും ചെകുത്താന്‍ ഇരിക്കുന്നത് അതിന്റെ വിശദാംശങ്ങളിലാണ്.
ആദ്യത്തെയും ഏറ്റവും നിര്‍ണായകമായതുമായ മാറ്റം, വിവരാവകാശ അപേക്ഷ 500 വാക്കില്‍ കൂടിയാല്‍ അപേക്ഷ തള്ളാം എന്നാണ് കരട് ചട്ടത്തില്‍ പറയുന്നത്. അതായത് അപേക്ഷ ‘സാധാരണഗതിയില്‍’ 500 വാക്കില്‍ കൂടിയാല്‍ നിരസിക്കാമെന്ന്. അപ്പോള്‍ 501 വാക്കായാല്‍ തള്ളുമെന്ന് ഉറപ്പില്ല, പക്ഷേ അതിനുള്ള വിവേചനാധികാരം ഉദ്യോഗസ്ഥന്റെ കയ്യിലാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്റെ മറുപടി നിരസിക്കുന്നതിന് ഈ വാക്കുകളുടെ എണ്ണക്കൂടുതല്‍ മാത്രം മതി കാരണം.
രണ്ടാമതായി, വിവരാവകാശ തുക കുത്തനെ കൂട്ടിയിരിക്കുന്നു. നേരത്തെ ഒരു പുറം പകര്‍പ്പിന് 1 രൂപയായിരുന്നത് ഇരട്ടിയാക്കി. മാതൃകകള്‍, വലിയ പകര്‍പ്പുകള്‍ എന്നിവയുടെ തുക കൂട്ടി, നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയുടെ തപാല്‍ ചെലവും നിങ്ങള്‍ വഹിക്കണം. ചുരുക്കം പറഞ്ഞാല്‍ വിവരാവകാശം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാക്കി മാറ്റി. ഇനി, കയ്യെഴുത്ത് രൂപത്തിലുള്ള അപേക്ഷയാണെങ്കില്‍ അത് ഇരട്ട സ്പേസിട്ട് വൃത്തിയായി അടിച്ചില്ലെങ്കില്‍ അത് നിരസിക്കാം. അതായത് ഒരു ദരിദ്രനായ മനുഷ്യനും ഒരു ടൈപ്പിസ്റ്റിനെ തേടിപ്പിടിച്ചു ചെയ്യണം ഇതൊക്കെ. അപേക്ഷകന്‍ മരിച്ചാല്‍ മറുപടി പ്രക്രിയ ഇല്ലാതാകും എന്ന ചട്ടവുമുണ്ട്. ഇത് മുമ്പ് പലപ്പോഴും ഉണ്ടായ തരത്തില്‍ പല വിവരാവകാശ പ്രവര്‍ത്തകരുടെയും കൊലപാതകത്തിലേക്കെത്തിച്ച സാഹചര്യത്തെ രൂക്ഷമാക്കും എന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ കരുതുന്നു. മറ്റൊരു വലിയ മാറ്റം, ഒന്നാം അപ്പീല്‍ അതോറിറ്റിക്ക് എതിര്‍ അപ്പീല്‍ നല്കാം എന്നുള്ളതാണ്. ഇത് മുഴുവന്‍ പ്രക്രിയയെയും ഒരു കോടതി വ്യവഹാരമാക്കി മാറ്റുന്നു.
അതേ സമയം വിവരാവകാശ നിയമം അട്ടിമറിക്കാന്‍ പോകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിവരാവകാശ നിയമത്തിലെ ഭേദഗതികള്‍ പൊതുജനാഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാത്രമേ കൊണ്ടുവരികയുള്ളൂ എന്നും ഒരു പ്രസ്താവനയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
വിവരാവകാശ നിയമത്തില്‍ ഒരു തരത്തിലുള്ള വെള്ളം ചെര്‍ക്കലും അനുവദിക്കാതിരിക്കാന്‍ പോരാടുക എന്നത് എല്ലാ പുരോഗമന ശക്തികളുടെയും, സുതാര്യതയില്‍ വിശ്വസിക്കുന്ന എല്ലാ ജനങ്ങളുടെയും, സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടാകണമെന്ന് കരുതുന്ന എല്ലാവരുടെയും, കഴിഞ്ഞ 12 വര്‍ഷമായി വിവരാവകാശ നിയമം ജനങ്ങളെ ശാക്തീകരിക്കുന്ന ഒന്നാണെന്ന് കരുതുന്ന എല്ലാവരുടെയും ചുമതലയാണ്.