July 12, 2025 |

ട്രംപ് നയങ്ങളോട് വിയോജിപ്പ്, അമേരിക്കയിൽ ‘ഹാൻഡ്സ് ഓഫ്’ പ്രതിഷേധവുമായി സംഘടനകൾ

യുഎസിലെ 150ഓളം ​സംഘടനകളാണ് ഹാൻഡ്സ് ഓഫ് പ്രതിഷേധവുമായി നിരത്തിൽ അണിനിരക്കാൻ ഒരുങ്ങുന്നത്

ഫെഡറൽ തൊഴിലാളികളുടെ വെട്ടിച്ചുരുക്കൽ, മനുഷ്യാവകാശ ലംഘനം എന്നിവയുൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ വിയോജിപ്പ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കാര്യക്ഷമതാ വകുപ്പ് തലവൻ എലോൺ മസ്കിനുമെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ വിവിധ സംഘടനകൾ. യുഎസിലെ 150ഓളം ​സംഘടനകളാണ് ഹാൻഡ്സ് ഓഫ് പ്രതിഷേധവുമായി നിരത്തിൽ അണിനിരക്കുക. പൗരാവകാശ സംഘടനകൾ, തൊഴിലാളി സംഘടനകൾ, എൽജിബിടിക്യു സംഘടന എന്നിവയിലെ അം​ഗങ്ങളാണ് പ്രതിഷേധവുമായി രം​ഗത്തെത്തുന്നത്. നാഷണൽ മാൾ, സ്റ്റേറ്റ് കാപ്പിറ്റൽ എന്നിവ ഉൾപ്പെടെ രാജ്യത്തെ അമ്പതോളം സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുക.

തന്റെ രാജ്യത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച നയങ്ങളാണ് താൻ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് ട്രംപിന്റെ വാദം. ഫെഡറൽ തൊഴിലാളികളെ പിരിച്ചുവിടൽ, സാമൂഹ്യ സുരക്ഷയ്ക്കായി പ്രവ‌‍ർത്തിക്കുന്ന ഓഫീസുകൾ അടച്ചു പൂട്ടൽ, കുടിയേറ്റക്കാരുടെ നാടുകടത്തൽ, ട്രാൻസ്ജൻഡർ വിഭാ​ഗത്തിനെതിരായ ആക്രമണങ്ങൾ, ആ​രോ​ഗ്യ സംവിധാനത്തിനുള്ള ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കൽ അടക്കമുള്ള ട്രംപിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ട്രംപ് ഭരണകൂടത്തിൽ പുതിയതായി കൂട്ടിച്ചേർക്കപ്പെട്ട കാര്യക്ഷമതാ വകുപ്പിന്റെ തലവനായ എലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം തീരുമാനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. നികുതി ദായകരുടെ കോടിക്കണക്കിന് ഡോളർ ലാഭിക്കുവാനുള്ള നീക്കത്തിനാണ് താൻ ആഹ്വാനം ചെയ്യുന്നതെന്ന് മസ്ക് വ്യക്തമാക്കി. പുതിയ ഭരണകൂടം അധികാരമേറ്റതിന് ശേഷം പല തവണയായി ട്രംപിനും മസ്കിനുമെതിരെ പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം ശക്തമാണെങ്കിലും പ്രതിഷേധത്തിലെ പങ്കാളിത്തം കുറവാണെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. എന്നാൽ ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ പ്രകടനമായിരിക്കും ഇതെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.

“അവർ നമ്മുടെ രാജ്യത്തെ തകർക്കുകയാണ്. അവർ നമ്മുടെ സർക്കാരിനെ കൊള്ളയടിക്കുകയാണ്. ഇതെല്ലാം നമ്മൾ വെറുതെ നോക്കി നിൽക്കുകയാണെന്നാണ് അവർ കരുതുന്നത്,” ഹാൻഡ്സ് ഓഫ്! കാമ്പെയ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കി. ട്രംപിന്റെ നീക്കങ്ങളിൽ മസ്കിന്റെ ഇടപെടലാണ് പ്രതിഷേധം ആളിക്കത്താനുണ്ടായ കാരണം. മസ്കിനും മസ്കിന്റെ സ്ഥാപനമായ ടെസ്ലയ്ക്കുമെതിരെ മുൻപും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഏറ്റവും വലിയ പ്രതിഷേധം നടക്കുക വാഷിം​ഗ്ടൺ ഡിസിയിൽ ആയിരിക്കും 12,500ഓളം പ്രതിഷേധക്കാരായിരിക്കും വാഷിം​ഗ്ടൺ ഡിസിയിൽ അണിനിരക്കുക. ഈ രാജ്യം അവരുടേതാണെന്ന് ട്രംപും മസ്കും കരുതുന്നു, ഇരുവരും അവരുടെ കൈയിൽ കിട്ടുന്നതെല്ലാം കൈക്കലാക്കുകയും ഈ ലോകത്തോട് ഇവരെ തടയാനുള്ള ധൈര്യമുണ്ടോയെന്നും ചോദിക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളിയ്ക്കെതിരെയാണ് തങ്ങൾ ശബ്ദമുയർത്തുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
content summary: Nationwide “Hands Off!” Protests Against Trump and Musk Scheduled Across the U.S.

Leave a Reply

Your email address will not be published. Required fields are marked *

×