January 23, 2025 |
Share on

ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കൂ; ബൈജൂസിന് മുന്നറിയിപ്പ് നല്‍കി എന്‍സിഎല്‍ടി

ശമ്പളം മുടങ്ങിയ ജീവനക്കാരാണ് ട്രിബ്യൂണലിനെ സമീപിച്ചത്

ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ബൈജൂസിന് എന്‍സിഎല്‍ടി മുന്നറിയിപ്പ്. അവകാശ ഓഹരി വഴി സമാഹരിച്ച(കമ്പനി അതിന്റെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ഓഹരികള്‍ കിഴിവില്‍ വാങ്ങാനുള്ള അസരമൊരുക്കലാണ് അവകാശ ഓഹരികള്‍) ഫണ്ട് എഡ്‌ടെക് കമ്പനിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വിനിയോഗിക്കണമെന്നും അല്ലാത്തപക്ഷം കമ്പനി ഓഡിറ്റിംഗിന് വിധേയമാകേണ്ടി വരുമെന്നുമാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ബൈജൂസിനോട് പറഞ്ഞിരിക്കുന്നത്.

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാരാണ് എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ജീവനക്കാരുടെ ഹര്‍ജി പരിഗണിച്ച ട്രിബ്യൂണല്‍ ബൈജൂസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.’ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നൊരു കമ്പനിയാണ് നിങ്ങള്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് വരുമാനം ഉണ്ടാകും’ എന്നാണ് ജൂലൈ നാലിന് ജീവനക്കാരുടെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ട്രിബ്യൂണല്‍ ആഞ്ഞടിച്ചത്. ശമ്പളം കൊടുക്കാത്ത പക്ഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ)യുടെ മേല്‍നോട്ടത്തില്‍ കമ്പനിയില്‍ ഓഡിറ്റ് നടത്തുമെന്നാണ് ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ഹര്‍ജിയില്‍ പ്രതികരണം അറിയിച്ച് അപേക്ഷ നല്‍കാനും വരുന്ന ആഴ്ച്ചയില്‍ അപേക്ഷ പരിഗണിക്കുന്നതായിരിക്കുമെന്നും ട്രിബ്യൂണല്‍ ബൈജൂസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തിലെ ശമ്പളം കൊടുത്തുവെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിളെ ശമ്പളം ഇതുവരെ മുഴുവനായി കൊടുത്തു തീര്‍ത്തിട്ടില്ല.

അവകാശ ഓഹരി വഴി സമാഹരിച്ച ഫണ്ട് ഉപയോഗിക്കാന്‍ കഴിയാതെ വന്നതാണ് ഫെബ്രുവരിയിലെ ശമ്പളം വൈകാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. കേസ് നടക്കുന്നതിനാല്‍ അത് തീര്‍പ്പാകുന്നതുവരെ അവകാശ ഓഹരി വഴി സമാഹരിച്ച ഫണ്ട് ഒരു എസ്‌ക്രോ അകൗണ്ടില്‍(ഒരു മൂന്നാം കക്ഷിയുടെ കീഴില്‍ വരുന്ന അകൗണ്ട്) പിടിച്ചുവയ്ക്കാന്‍ എന്‍സിഎല്‍ടി ഉത്തരവുണ്ടെന്നാണ് ബൈജൂസ് പറയുന്നത്. കുറഞ്ഞത് ഏഴ് ഓഹരി ഉടമകളെങ്കിലും തങ്ങള്‍ക്ക് കിട്ടേണ്ട കുടിശ്ശിക പണം തിരിച്ചു കിട്ടാനായി എന്‍സിഎല്‍ടിയില്‍ ബൈജൂസിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബൈജൂസുമായി കേസ് നടത്തുന്ന ഓഹരി ഉടമകള്‍ ജൂലൈ രണ്ടിന് കര്‍ണാടക ഹൈക്കോടതിയെ സമാപിച്ച് രണ്ടാം അവകാശ ഓഹരി വിതരണം നടത്താന്‍ അനുവദിച്ചുള്ള എന്‍സിഎല്‍ടി ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം എന്‍സിഎല്‍ടി തന്നെയാണ് വാദത്തിനിടയില്‍ അറിയിച്ചത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ജൂലൈ അഞ്ചിന് ഡിവിഷന്‍ ബഞ്ച് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ട്രിബ്യൂണല്‍ ഉത്തരവ് ലംഘിച്ചാണ് അവകാശ ഓഹരി വിറ്റഴിക്കല്‍ ബൈജൂസ് നടത്തിയതെന്നും ഇതില്‍ നിന്നും കിട്ടിയ ഫണ്ട് കമ്പനി ഉപയോഗിച്ചുവെന്നുമാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഈ വിഷയങ്ങളില്‍ ജൂലൈ ഒമ്പതിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.  nclt has told byju’s to pay salaries edtech company employees

Content Summary; nclt has told byju’s to pay salaries edtech company employees

Tags:

×