പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി താഴ്‌വരയിലെ 50 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിംഗ് പാതകളും അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ദൂത്പത്രി, വെരിനാഗ്, ഗുരസ് വാലി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി. വിനോദ സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ജമ്മു കശ്മീർ സർക്കാർ വ്യക്തമാക്കി. എന്നാൽ, മതിയായ സുരക്ഷാ സംവിധാനങ്ങളുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്നും സർക്കാർ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കശ്മീരിലെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടച്ചത്.
ജമ്മു കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 50 എണ്ണമാണ് അടച്ചിട്ടുള്ളത്. പ്രദേശത്തെ റിസോര്‍ട്ടുകളും അടച്ചുപൂട്ടി. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ദാല്‍, ലേക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ലോല പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ആന്റി ഫിദായീന്‍ സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.നേരത്തെ പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ ഭീകരരുടെ വീടുകള്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും തകര്‍ത്തിരുന്നു. ഇതില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് തെക്കൻ കശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കശ്മീരിലാണ്. ശ്രീനഗറിലടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.
ബന്ദിപ്പോര ജില്ലയിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു താഴ്‌വരയാണ് അടച്ചിട്ട സ്ഥലങ്ങളിലൊന്നായ ഗുരസ് വാലി. ശ്രീനഗർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ദോത്പത്രിയും അടച്ചു പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തെക്കൻ കശ്മീരിലെയടക്കം 50 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കശ്മീരിന് പുറത്തുനിന്ന് എത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസും രഹസ്യാന്വേഷണ ഏജൻസുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞ നിലയിലാണ്. ഇവിടേക്കുള്ള റോഡുകളിലും സിആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. സർക്കാരിന്റെ ഈ തീരുമാനം കശ്മീരിലെ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയേക്കാമെന്നാണ് വിലയിരുത്തലുകളുണ്ട്.
content summary: Nearly 50 tourist destinations in Kashmir have been closed due to security concerns