ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സംവിധാനം ഒഴിവാക്കി പഴയ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യം അവസാനമായി ആവശ്യപ്പെട്ടത് പശ്ചിമ ബംഗാള്‍ സര്‍ക്കാരാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് ബംഗാളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും അയച്ചിട്ടുണ്ട്. കോച്ചിങ് സെന്ററുകളും വന്‍ ഫീസുമാണ് പ്രതിഷേധിക്കുന്നവര്‍ ഉയര്‍ത്തികാട്ടുന്ന പ്രധാന കാര്യം. NEET Coaching.
അതിന്റെ വസ്തുതകളിലേക്ക് നോക്കിയാല്‍ രാജ്യത്ത് നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ രണ്ടായി തരം തിരിക്കാം. ആദ്യത്തെ വിഭാഗത്തില്‍ പഠിക്കാനുള്ള മിടുക്കും സാമ്പത്തികമുണ്ട്. മികച്ച കോച്ചിങ് സെന്ററില്‍ പരിശീലനം നേടാന്‍ സാധിക്കുന്നവരാണ്. സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതിനാല്‍ ആദ്യ വര്‍ഷം മികച്ച റാങ്ക് കിട്ടിയില്ലെങ്കിലും രണ്ടാം വര്‍ഷവും പരിശീലനത്തിനായി മാറ്റിവയ്ക്കാന്‍ സാധിക്കും. വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ പിന്തുണയും ട്യൂഷന്‍ പോലുള്ള സൗകര്യങ്ങളും അവര്‍ക്കുണ്ടാവും. അവരുടെ മുന്നിലെ ഏക ലക്ഷ്യം മികച്ച കോളജുകളില്‍ പ്രവേശനം നേടണമെങ്കില്‍ മികച്ച റാങ്ക് നേടുക എന്നത് മാത്രമാണ്. അതിനായ് അഹോരാത്രം കഠിനാധ്വാനം ചെയ്യും. ഇവരില്‍ തന്നെ കുറച്ച് പേര്‍ക്കെങ്കിലും റാങ്കിങില്‍ കുറച്ച് പിന്നില്‍ പോയാല്‍ സ്വകാര്യ മെഡിക്കല്‍ കോളജ് സീറ്റ് ഫീ കൊടുത്ത് നേടാന്‍ സാധിക്കുന്നവരാണ്.
ഇനി രണ്ടാമത്തെ വിഭാഗം, അവര്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ്. പ്രവേശന പരീക്ഷയ്ക്കും പരിശീലന കോഴ്‌സിനും പുസ്തകങ്ങള്‍ക്കുമായി വരുന്ന ലക്ഷങ്ങള്‍ കണ്ടെത്താന്‍ നെട്ടോട്ടം ഓടുന്ന മാതാപിതാക്കളുടെ മക്കളാണ് അവര്‍. കിട്ടിയ എക അവസരത്തില്‍ നീറ്റ് ക്ലിയര്‍ ചെയ്ത് ഡോക്ടര്‍ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയെന്നത് അത്രത്തോളം വിലപിടിച്ച ലക്ഷ്യമാണ്. മെറിറ്റ് റാങ്കിങില്‍ പിന്നില്‍ പോയാല്‍ ലക്ഷങ്ങള്‍ നല്‍കി പഠിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മിടുക്കുണ്ടായിട്ടും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ രണ്ടാമതൊരു ശ്രമം പോലും നടത്താന്‍ സാധിക്കാതെ കിട്ടുന്ന ഡിഗ്രി കോഴ്‌സിനു ചേരേണ്ടി വരും. നീറ്റ് പരീക്ഷയും അതിന്റെ മെറിറ്റ് അടിസ്ഥാനത്തിലും പാകപിഴ സംഭവിക്കുമ്പോള്‍ നഷ്ടമാവുന്നത് ഇതില്‍ രണ്ടാമത് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച ജീവിതമാണ്.
കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു ഉദാഹരണം എടുക്കാം. നെന്മാറയിലെ കരിമ്പാറ എംഇഎസ് പബ്ലിക് ട്രസ്റ്റ് സ്‌കൂളില്‍ നിന്ന് 2020ലെ പ്ലസ്ടു പരീക്ഷയില്‍ 1200 മാര്‍ക്ക് നേടി മികച്ച വിജയം കൊയ്യത പെണ്‍കുട്ടിയാണ് ലുലു. അടിപ്പെരണ്ടത്തറ കെ.എ.കെ മന്‍സിലില്‍ പരേതനായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും മെഹറുന്നീസയുടെയും ഇളയമകളാണ് ഈ പെണ്‍കുട്ടി. പിതാവ് മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പരാധീനകളില്‍ ഉഴറിയിരുന്ന കുടുംബത്തിന് ലുലുവിനെ നീറ്റ് പരിശീലനത്തിന് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ സമയത്ത് പഠന മികവ് കണക്കിലെടുത്ത് പാലയിലെ ഒരു കോച്ചിങ് സെന്റര്‍ സൗജന്യമായി ഒരുക്കി കൊടുത്ത പരിശീലനത്തില്‍ പങ്കെടുത്ത ആ പെണ്‍കുട്ടി നീറ്റില്‍ 706 മാര്‍ക്കോടെ സംസ്ഥാനത്തെ രണ്ടാം സ്ഥാനത്തെത്തി. അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും ലുലുവിനും മാതാവിനും ഉണ്ടായിരുന്നത് എംബിബിഎസിനുള്ള ഫീ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വലിയൊരു വിഭാഗത്തിന്റെ പ്രതിനിധിയാണ് ലുലു. ഡോക്ടര്‍ ആവുക എന്ന സ്വപ്‌നത്തിന് അവര്‍ക്കുള്ള ഏകമാര്‍ഗമാണ് നീറ്റിലെ മെറിറ്റ് സീറ്റ്. അത് കിട്ടിയാല്‍ തന്നെ മുന്നോട്ടുള്ള യാത്ര പോലും കഠിനമാണ്. ലുലുവിനെ സഹായിക്കാന്‍ ഒരു കോച്ചിങ് സെന്റര്‍ ഉണ്ടായി. എന്നാല്‍ മിടുക്കുണ്ടായിട്ടും മുന്നോട്ട് പോവാന്‍ സാധിക്കാത്ത നിരവധി കുട്ടികള്‍ രാജ്യത്തുണ്ട്. അവരുടെയെല്ലാം ജീവിതത്തില്‍ വലിയ വെല്ലുവിളി നീറ്റ് പരിശീലനവും അതിന്റെ കൈയ്യില്‍ ഒതുങ്ങാത്ത ഫീസുമാണ്.
നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനസ്
കേരളത്തില്‍ നീറ്റ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ ഫീസ് നിരക്ക് നോക്കിയാല്‍ ഒരുമാസത്തെ ക്രാഷ് കോഴ്‌സ് ഫീ വരെ ഒരു ലക്ഷം രൂപയിലാണ് എത്തി നില്‍ക്കുന്നത്. ഏറ്റവും കുറവ് 25,000-48,000 രൂപയാണ്. ഒരു വര്‍ഷത്തേക്ക് ഇത് 30,000-1,50,000 രൂപയും നാല് വര്‍ഷത്തേക്ക് 2,50,000-4,50,000 രൂപയുമാണ് വാങ്ങുന്നത്.
ഇത്രയും തുക ഈടാക്കുന്നതിലൂടെ ഒരു കോച്ചിംഗ് സെന്റര്‍ പ്രതിവര്‍ഷം ശരാശരി 13.95 കോടി രൂപ സമ്പാദിക്കുന്നുവെന്നാണ് ശരാശരി കണക്ക്. നീറ്റിന് പിന്നിലെ കച്ചവട കണ്ണുകളുടെ നേട്ടമാണ് ഇത് വ്യക്തമാക്കുന്നത്. പണക്കാരുടേത് മാത്രമായി നീറ്റിനെ മാറ്റുന്നതും ഇത്തരം സ്ഥാപനങ്ങളാണ്.
ഇത്തരത്തില്‍ വലിയ ഫീ വാങ്ങുന്ന കച്ചവടമായി നീറ്റ് പ്രവേശന പരീക്ഷ മാറിയതോടെ ഇടത്തരക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ മെഡിക്കല്‍ കരിയര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുളളത് തമിഴ്‌നാട് സര്‍ക്കാരാണ്. ഈ കണക്കുകള്‍ പ്രകാരം മക്കള്‍ നീറ്റ് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനവും കോച്ചിംഗ് സെന്ററുകളുടെ ഫീസ് ഘടനയും താരതമ്യം ചെയ്തപ്പോള്‍, തമിഴ്നാട് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍ 95% പേര്‍ക്കും പരിശീലനത്തിന് പോവാന്‍ സാധിക്കില്ല. നീറ്റ് പരീക്ഷ വന്നതിന് ശേഷം എംബിബിഎസ് പ്രവേശനം നേടുന്ന ഇടത്തരം സാമ്പത്തികമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. അപേക്ഷകരുടെ നിരക്ക് നീറ്റിന് മുമ്പുള്ള കാലയളവില്‍ ഏകദേശം 95% ആയിരുന്നത് 2020-21ല്‍ 64.27% ആയി കുറഞ്ഞു. സിബിഎസ്ഇ സിലബസ് പഠിക്കുന്ന അപേക്ഷകരുടെ എണ്ണത്തില്‍ ഉയര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 31% വര്‍ധന. അതായത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ പ്രതികൂലമായി ബാധിച്ചതെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
നീറ്റും കോച്ചിംഗ് ക്ലാസിലെ സംവിധാനങ്ങളും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്തുന്നതാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. 2017-ന് ശേഷം, എംബിബിഎസ് പ്രവേശനം നേടുന്ന ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം നീറ്റിന് മുമ്പുള്ള വര്‍ഷങ്ങളിലെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. 2019-2020 വര്‍ഷത്തില്‍, പരീക്ഷ എഴുതിയ 99% വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ് എഴുതുന്നതിന് മുമ്പ് കോച്ചിംഗ് ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും എംബിബിഎസിന് പ്രവേശനം നേടുന്നതിന് ആവര്‍ത്തിച്ച് പരീക്ഷ എഴുതിയിരുന്നു. ഇവരില്‍ പലരും എട്ടാം ക്ലാസ് മുതല്‍ പരിശീലിപ്പിക്കുന്നു. സിബിഎസ്ഇ സിലിബസ് പഠിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ അടക്കം സ്‌കൂള്‍ പഠനത്തിന് വലിയ പ്രാധാന്യം നല്‍കാതെ നീറ്റ് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്.
2020-2021ല്‍, എംബിബിഎസ് പ്രോഗ്രാമുകളില്‍ മെഡിക്കല്‍ കോളേജ് പ്രവേശനം നേടിയ റിപ്പീറ്റിങ് ബാച്ച് വിദ്യാര്‍ത്ഥികളുടെ എണ്ണം 2016-2017ലെ 12.47%ല്‍ നിന്ന് 71.42% ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. അതായത് ഇത്രയും കുട്ടികള്‍ 12-ാം ക്ലാസ്സിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി എന്റോള്‍ ചെയ്യാതെ നീറ്റിനായി പഠിക്കുകയാണ്. നീറ്റ് പാസാകുന്നത് വരെ തുടര്‍ന്നുള്ള കുറച്ച് വര്‍ഷത്തേക്ക് കോച്ചിംഗ് ഫാക്ടറികളിലേക്ക് എത്തുന്നു. ഇത് വ്യക്തമായി സൂചിപ്പിക്കുന്നത്, നീറ്റ് ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ കൈകളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തെ എത്തിച്ചു എന്നാണ്.
കോച്ചിംഗിനായി ഇത്രയും വലിയ ഫീസ് നല്‍കാനില്ലാത്തവരെയാണ് ചവിട്ടിയരക്കുന്നതിന് തുല്യമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആന്ധ്രപ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളും നീറ്റിനെ തുടക്കം മുതലേ എതിര്‍ക്കുന്നവരാണ്. സമൂഹത്തില്‍ സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന തട്ടിലുള്ളവര്‍ക്ക് മാത്രം പ്രാപ്യമായ പരീക്ഷയെന്നായിരുന്നു പ്രധാന വിമര്‍ശം. ഒന്നും രണ്ടും വര്‍ഷം ഭീമമായ തുക നല്‍കി മികച്ച കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടി വിദ്യാര്‍ഥികള്‍ സീറ്റുറപ്പിക്കുമ്പോള്‍ ഇതിനൊന്നും ആവതില്ലാത്ത സാധാരണക്കാരന്റെ മകന്‍ എന്ത് ചെയ്യണമെന്ന ചോദ്യം അന്നും ഇന്നും പ്രസക്തമാണ്.
English Summary: NEET Coaching centers are business industry says Justice AK Rajan report