ഈ മരണങ്ങള്‍ പൊള്ളിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മനസിലാക്കും ഈ സമരത്തിന്റെ രാഷ്ട്രീയം!

നമ്മുടെ കുട്ടികള്‍ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ജീവനൊടുക്കേണ്ടി വരുന്നതിന് കാരണം, അഴിമതി നിറഞ്ഞ് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായമാണ്

Indian education system failure-Student Suicides-Jantar mantar protest

കൂലിപ്പണിക്കാരനാണ് രാജേഷ് കുമാര്‍. സ്‌കൂളില്‍ പോയിട്ടില്ല, ഒരു വാക്കുപോലും വായിക്കാനുമറിയില്ല. ഒരുചെറിയ മുറിയും ഇടുങ്ങിയ അടുക്കളയുമുള്ള തകരഷെഡാണ് അയാളുടെ വീട്. അതിനുള്ളിരുന്നാണ് അയാള്‍ ഒരു കെമിസ്ട്രി ബുക്കില്‍ തൊട്ടുതലോടും. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് താളുകളില്‍ കൈയോടിക്കും; അതിലെ ചിത്രങ്ങളിലും ചെറിയ കുറിപ്പുകളിലും തഴുകി ആ പുസ്തകം നെഞ്ചോടുചേര്‍ത്ത് പൊട്ടിക്കരയും: ഡോക്ടറാകാന്‍ സ്വപ്നം കണ്ട മകനെയോര്‍ത്ത് ഒരു അച്ഛന്‍ നടത്തുന്ന വിഫലമായ വിലാപമാണിത്.

രാജസ്ഥാനിലെ ഝുന്‍ഝുനുവിലെ സാധാരണ ഗ്രാമത്തില്‍ നിന്നുള്ള 21-കാരനായ ദളിത് യുവാവായിരുന്നു പ്രദീപ്. സഹോദരിമാര്‍ക്കൊപ്പം സീക്കറിലെ ഇടുങ്ങിയ മുറിയിലിരുന്ന് മൂന്നു വര്‍ഷം അഹോരാത്രം കഠിനാധ്വാനം ചെയ്താണ് അവന്‍ മേയ് 3-ലെ നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ പ്രദീപ് വലിയ പ്രതീക്ഷയോടെ അച്ഛനോട് പറഞ്ഞത് ‘എന്റെ വിജയം തടയാന്‍ ഇനി ദൈവത്തിനുപോലും കഴിയില്ലാ…’ എന്നായിരുന്നു. പക്ഷേ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മേയ് 12-ന് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ അവന്റെ ലോകം ഇരുണ്ടുപോയി. ആ മാനസികാഘാതം താങ്ങാനാവാതെ മേയ് 18-ന് അവന്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചു.

ഇന്ത്യയില്‍ ഒരു കൗമാരക്കാരന്‍ ഡോക്ടറാകാന്‍ സ്വപ്നം കാണുന്നത് കേവലം മികച്ചൊരു തൊഴില്‍ ലക്ഷ്യമാക്കി മാത്രമല്ല; മറിച്ച് ഒരു കുടുംബത്തിന്റെയാകെ സാമൂഹികവും സാമ്പത്തികവുമായ അതിജീവനത്തിന് വേണ്ടിക്കൂടിയാണ്. ഇരുപത് ലക്ഷത്തിലധികം കൗമാരക്കാരാണ് ആ ഒരു പരീക്ഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്നത്. എന്നാല്‍ പരീക്ഷ നടത്തിപ്പിലെ തിരിമറികളും അഴിമതികളും കാരണം പരീക്ഷകള്‍ റദ്ദാക്കപ്പെടുമ്പോള്‍, അത് തകര്‍ത്തെറിയുന്നത് ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയെ മാത്രമല്ല, അവരുടെ ജീവനെക്കൂടിയാണ്. അതിന്റെ തീരാനഷ്ടം പേറേണ്ടി വരുന്നത് രാജേഷ് കുമാറിനെ പോലുള്ള മാതാപിതാക്കളാണ്.

പ്രദീപിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സീക്കറില്‍ തങ്ങിയിരുന്ന, മുംബൈ വ്യവസായിയുടെ 22-കാരനായ മകനും ജൂണ്‍ 15-ന് ആത്മഹത്യ ചെയ്തു. ‘ഞാന്‍ ഈ ലോകത്തുനിന്ന് പോകുന്നു, എന്നോട് ക്ഷമിക്കുക’ എന്നൊരെഴുത്ത് വച്ച് അവന്‍ മടങ്ങുമ്പോള്‍, സഹോദരങ്ങള്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തുന്നേയുണ്ടായിരുന്നുള്ളൂ. മേയ് 12-ന് ജീവനൊടുക്കിയ 17-കാരനാകട്ടെ, സ്‌കൂള്‍തലത്തില്‍ മികവുകാട്ടിയ ഹോക്കി താരമായിരുന്നു; ഇനിയൊരു മത്സരപ്പരീക്ഷയ്ക്കും താനില്ലെന്ന് കുറിച്ചുവെച്ചാണ് ആ മിടുക്കന്‍ മടങ്ങിയത്.

മേയ് 16-ന്, വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ പിതാവും മാതാവും മുറി പൊളിച്ചു അകത്തുകടക്കുമ്പോള്‍ ദുപ്പട്ടയില്‍ തൂങ്ങിനില്‍ക്കുന്ന 24-കാരിയായ മകളെയാണ് കണ്ടത്. ജൂണ്‍ 21-ലെ പുനഃപരീക്ഷയുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്ന അവള്‍ എഴുതിവെച്ചു: ‘ഐ ലവ് യൂ പപ്പാ, എന്നോട് ക്ഷമിക്കണം. ഇത് ആരുടെയും തെറ്റല്ല, എന്റെ അപാകത കൊണ്ടാണ്.’

ഗുജറാത്തിലെ അഹമ്മദാബാദില്‍ ജൂണ്‍ 18-ന് പുലര്‍ച്ചെ 17-കാരന്‍ ഫ്‌ലാറ്റിന്റെ ആറാം നിലയിലെ ബാക്കണി വല മുറിച്ചുമാറ്റി താഴേക്ക് ചാടി മരിച്ചു. നീറ്റ് പുനഃപരീക്ഷയ്ക്ക് പുറമെ ഫാര്‍മസി കോഴ്സിനും അപേക്ഷിച്ചിരുന്ന അവന് ആ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 19-കാരി ജൂണ്‍ 17-ന് ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ്, പുനഃപരീക്ഷയെക്കുറിച്ചുള്ള ഭയം വാട്സാപ്പില്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.

മധ്യപ്രദേശിലെ മൗഗഞ്ചില്‍ നിന്നുള്ള 18-കാരി മേയ് 20-ന് ജീവനൊടുക്കി. നാഗ്പൂരില്‍ പാചകക്കാരനായ അവളുടെ പിതാവ് പഠനത്തിനായി 3 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ആദ്യ തവണ നന്നായി എഴുതിയ അവള്‍ക്ക് വീണ്ടും പരീക്ഷയെ അഭിമുഖീകരിക്കാന്‍ ഭയമായിരുന്നു. ‘നിങ്ങളുടെ മകള്‍ ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു, പക്ഷേ എനിക്കിനി ധൈര്യമില്ല അമ്മേ…’ എന്നായിരുന്നു അവളുടെ അവസാന കുറിപ്പ്. ഇന്‍ഡോറില്‍ 19-കാരിയായ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തിലും പരീക്ഷാ സമ്മര്‍ദ്ദം തന്നെയായിരുന്നു കാരണം.

ഉത്തര്‍പ്രദേശില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്ന 17-കാരി പരീക്ഷ റദ്ദാക്കിയ ദുഃഖത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 21-കാരന്‍ മേയ് 14-ന് തൂങ്ങിമറഞ്ഞത് അവന്റെ മൂന്നാം ശ്രമത്തിലായിരുന്നു; ലഖ്നൗവില്‍ നാല് വര്‍ഷമായി അവന്‍ ആ സ്വപ്നത്തിനായി അതിജീവിക്കുകയായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ ആസാദ്പൂരില്‍ നിന്നുള്ള 20-കാരിക്ക് കഴിഞ്ഞ തവണ വെറും നാല് മാര്‍ക്കിനാണ് മെഡിക്കല്‍ സീറ്റ് നഷ്ടമായത്. ഇത്തവണ വിജയം ഉറപ്പിച്ച അവള്‍ പരീക്ഷ റദ്ദാക്കി രണ്ടു ദിവസത്തിനുള്ളില്‍, മേയ് 14-ന് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള 18-കാരി മേയ് 25-ന് ജീവിതം അവസാനിപ്പിച്ചതും പരീക്ഷാ റദ്ദാക്കലുണ്ടാക്കിയ കടുത്ത മാനസികാഘാതത്തെ തുടര്‍ന്നായിരുന്നു.

ഈ ആത്മഹത്യാ വിവരങ്ങള്‍ ആരെയും അസ്വസ്ഥരാക്കാനല്ല; മറിച്ച്, നീറ്റ്-യു.ജി 2026 ക്രമക്കേടുകളും അനിശ്ചിതത്വങ്ങളും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ മാത്രമല്ല, അവരുടെ ജീവനെയും കവര്‍ന്നു എന്ന് ബോധ്യപ്പെടുത്താനാണ്. മേയ് 3-ന് നടന്ന പരീക്ഷയിലെ അഴിമതികള്‍ പുറത്തുവന്നതോടെ മേയ് 12-ന് പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21-ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്താകെ പ്രതിഷേധം ഇരമ്പിയ ഈ ഒരൊറ്റ മാസത്തിനിടെ, കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറഞ്ഞത് 12 വിദ്യാര്‍ത്ഥികളാണ് ജീവിതം അവസാനിപ്പിച്ചത്.

ധര്‍മേന്ദ്ര പ്രധാന്‍ എന്തുകൊണ്ട് ഭരണകൂടത്തിന് പ്രധാനിയാകുന്നു?

ജൂലൈ 20: ജനാധിപത്യം നേടിയ നിര്‍ണായക വിജയം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2021 മുതല്‍) നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് കുറഞ്ഞത് 93 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വാര്‍ത്തകളില്‍ വന്നവ മാത്രമാണിത്; റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങള്‍ കൂട്ടിയാല്‍ സംഖ്യ ഇനിയുമുയരും. വര്‍ഷം തോറും ഈ നിരക്ക് കുത്തനെ ഉയരുകയാണ് (2021ല്‍ 4, 2022-ല്‍ 9, 2023-ല്‍ 14, 2024-ല്‍ 19, 2025-ല്‍ 32 കേസുകള്‍). ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലെ കോട്ടയിലാണ്; പട്നയും സീക്കറുമാണ് തൊട്ടുപിന്നില്‍. ജീവനൊടുക്കിയവരില്‍ അഞ്ചിലൊരാള്‍ ബിഹാര്‍ സ്വദേശിയാണ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. പരീക്ഷ നടക്കുന്ന മേയ് മാസത്തിലും ഫലം വരുന്ന സെപ്റ്റംബറിലുമാണ് ആകെ മരണങ്ങളുടെ മൂന്നിലൊന്നും സംഭവിക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ മരണനിരക്ക് ഏഴിരട്ടിയോളമാണ് വര്‍ദ്ധിച്ചത്. ഇതൊരു സാധാരണ കണക്കല്ല, ഇതൊരു ‘ദേശീയ ദുരന്തമാണ്’. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച, ലഖ്നൗ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) വിദഗ്ദ്ധര്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്, പരീക്ഷാ തിരിമറികള്‍ മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അനിശ്ചിതത്വം എത്രത്തോളം വിനാശകരമാണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 2018 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 32 വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ശാസ്ത്രീയ അന്വേഷണം (2018ല്‍ 11, 2019-ല്‍ 7, 2020-ല്‍ 14 കേസുകള്‍). കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പരീക്ഷ നീട്ടിവെച്ച 2020-ല്‍ പരീക്ഷയും ഫലപ്രഖ്യാപനവും സെപ്റ്റംബറിലേക്ക് നീണ്ടപ്പോള്‍ ആ ഒറ്റ മാസത്തില്‍ മാത്രം ഒമ്പതു കുഞ്ഞുങ്ങളാണ് ജീവനൊടുക്കിയത്. പരീക്ഷാ തീയതികളിലെ മാറ്റവും അനന്തമായി നീളുന്ന അനിശ്ചിതത്വവുമാണ് കുട്ടികളുടെ മാനസിക നിലയെ ഏറ്റവും കൂടുതല്‍ തകര്‍ക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും ഘടനാപരമായ വീഴ്ചകളെക്കുറിച്ചും ഭയാനകമായ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളെ വിശകലനം ചെയ്യുമ്പോള്‍ 65 ശതമാനം കേസുകളിലും പ്രധാന വില്ലനായത് പഠന സമ്മര്‍ദ്ദവും അമിതമായ പ്രതീക്ഷകളുമായിരുന്നു. 2020-ല്‍ ജീവനൊടുക്കിയ കുട്ടികളില്‍ 78 ശതമാനവും പരീക്ഷയോടുള്ള കടുത്ത ഭയവും ഉത്കണ്ഠയും പങ്കുവെച്ചിരുന്നവരാണ്. അതിലുമുപരിയായി, 72 ശതമാനം കേസുകളിലും പരാജയപ്പെടുമോ എന്ന കടുത്ത ഭയമോ നിരാശയോ വ്യക്തമായിരുന്നു. തോല്‍വി ഒരു സാധ്യതയേ അല്ലെന്ന രീതിയിലുള്ള സാമൂഹികവും കുടുംബപരവുമായ അമിത പ്രതീക്ഷകളുടെ ഭാരം പേറുന്ന കൗമാരക്കാര്‍, ചെറിയൊരു തിരിച്ചടി ഉണ്ടാകുമ്പോള്‍ പോലും ജീവിതത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു എന്ന അപകര്‍ഷതാബോധത്തിലേക്ക് തള്ളപ്പെടുകയാണ്.

ഈ യാന്ത്രിക മത്സരബുദ്ധിയെ മുതലെടുത്തുകൊണ്ട് രാജ്യത്തുടനീളം വളര്‍ന്നുവന്ന ശതകോടികളുടെ കോച്ചിംഗ് വ്യവസായം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. രാജസ്ഥാനിലെ കോട്ട പോലുള്ള നഗരങ്ങള്‍ ഇതിന്റെ പ്രതീകമായി മാറുമ്പോള്‍, പ്രഭാതം മുതല്‍ രാത്രി വരെ നീളുന്ന ക്ലാസുകളും നിര്‍ത്താതെയുള്ള മോക്ക് ടെസ്റ്റുകളും റാങ്ക് അടിസ്ഥാനത്തിലുള്ള അശാസ്ത്രീയ തരംതിരിക്കലുകളും കുട്ടികളില്‍ സഹിക്കാനാവാത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. പരസ്പര സൗഹൃദങ്ങള്‍ക്ക് പകരം ശതമാനാത്മകമായ മത്സരബുദ്ധി മാത്രം വളര്‍ത്തുന്ന ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മാനസികാരോഗ്യ പിന്തുണയോ കൗണ്‍സിലിംഗോ ലഭിക്കുന്നില്ല.

ഇന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല പ്രധാനമായും മൂന്ന് വന്‍ തകര്‍ച്ചകളെയാണ് അഭിമുഖീകരിക്കുന്നത്. ഒന്ന്, എന്‍ജിനീയറിങ്, മെഡിക്കല്‍ പരീക്ഷകള്‍ സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങള്‍ക്കും സീക്കറിലെയും ലാത്തൂരിലെയും ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന വന്‍കിട മാഫിയകള്‍ക്കും പണയപ്പെടുത്തിക്കൊണ്ടുള്ള അതിരൂക്ഷമായ വാണിജ്യവത്കരണവും മാഫിയവത്കരണവുമാണ്. എന്‍.ടി.എയുടെ വിദഗ്ദ്ധ സമിതി അംഗങ്ങളും പൂനെയില്‍ നിന്നുള്ള ബ്യൂട്ടീഷ്യന്‍ അടക്കമുള്ള ഇടനിലക്കാരും ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സി.ബി.ഐ അറസ്റ്റിലായതും, വാട്സാപ്പിലൂടെ യഥേഷ്ടം ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പരീക്ഷ റദ്ദാക്കേണ്ടി വന്നതും അഴിമതി മാഫിയ സിസ്റ്റത്തെ എത്രത്തോളം വിഴുങ്ങി എന്ന് വ്യക്തമാക്കുന്നു. രണ്ട്, കുട്ടികളുടെ കഴിവിനേക്കാള്‍ കേവലമൊരു സീറ്റിന് മാത്രം പ്രാധാന്യം നല്‍കുകയും തോല്‍വി ജീവിതത്തിന്റെ അവസാനമാണെന്ന് കുത്തിവെക്കുകയും ചെയ്യുന്ന വിഷമയമായ അക്കാദമിക് അന്തരീക്ഷമാണ്. മൂന്നാമതായി, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമില്ലായ്മയാണ്.

ഈ പരാജയം കേവലം എന്‍ജിനീയറിങ്-മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വിദഗ്ദ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച്, തിടുക്കപ്പെട്ട് നടപ്പിലാക്കിയ ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് സിസ്റ്റം’ കാരണം സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ മൂല്യനിര്‍ണ്ണയത്തിലുണ്ടായ തടസ്സങ്ങളും സ്‌കൂള്‍ തലത്തിലെ പരീക്ഷാ നടത്തിപ്പില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ള അനാസ്ഥയാണ് തുറന്നുകാട്ടുന്നത്.

മുന്‍ ചോര്‍ച്ചകളില്‍ നടപടിയെടുക്കാത്തതാണ് ക്രമക്കേടുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടും, ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്. രാഷ്ട്രീയ നേതൃത്വം ധാര്‍മിക ഉത്തരവാദിത്തമേറ്റെടുക്കാതെ ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം കെട്ടിവെക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സ്വപ്നം കണ്ട ജീവിതത്തിലേക്ക് കടക്കാന്‍ ശ്രമിച്ച കൗമാരക്കാര്‍ക്ക് മരണക്കുരുക്കൊരുക്കിയ സിസ്റ്റത്തോട് സന്ധി ചെയ്യാനാകില്ല. കേവലമൊരു പോലീസന്വേഷണമോ നഷ്ടപരിഹാരമോ കൊണ്ട് ആ ജീവനുകള്‍ വീണ്ടെടുക്കാനുമാകില്ല.

ഇന്ത്യയിലെ വിദ്യാര്‍ത്ഥി ആത്മഹത്യകളും മാനസിക തകര്‍ച്ചകളും വ്യക്തിപരമായ അപാകതയല്ല, മറിച്ച് തകര്‍ന്നടിഞ്ഞ സിസ്റ്റം വരുത്തിവെക്കുന്ന ഘടനാപരമായ തകരാറാണ്. പരീക്ഷ നടത്തിപ്പില്‍ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയുകയും, സ്‌കൂള്‍ തലം മുതല്‍ മനശാസ്ത്രപരമായ പിന്തുണ നല്‍കുകയും വേണം. ഒപ്പം, മാര്‍ക്കുകള്‍ക്കും റാങ്കുകള്‍ക്കുമപ്പുറം കുഞ്ഞുങ്ങളുടെ ജീവിതത്തിനും മാനസികാരോഗ്യത്തിനും വിലയുണ്ടെന്ന് അംഗീകരിക്കുന്ന രീതിയിലേക്ക് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. അതില്ലാത്ത പക്ഷം, ഡല്‍ഹിയില്‍ അലയടിക്കുന്ന വിദ്യാര്‍ത്ഥി സമരം ഒരു തുടക്കം മാത്രമായിരിക്കും; കാരണം അത് കേവലം ഒരു പരീക്ഷയെക്കുറിച്ചുള്ളതല്ല, തകര്‍ക്കപ്പെടുന്ന ഒരു തലമുറയുടെ ജീവന്മരണ പോരാട്ടമാണ്.

Content Summary; How the Education Ministry’s massive failures, NEET paper leaks, and systemic flaws led to student suicides and fueled intense, nation-wide protests at Jantar Mantar

This post was last modified on July 23, 2026 3:11 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment