രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ സി.ബി.ഐ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. പരീക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ച ഈ വന്‍ മാഫിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കണ്ണികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുനെയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മനീഷ വാഗ്മറെ (46) എന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തമ്മില്‍ ബന്ധിപ്പിച്ച് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച കേസിലെ പ്രധാന കണ്ണി.
പുനെയിലെ സുഖ്സാഗര്‍ നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മനീഷയെ മേയ് 14-നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രധാന പ്രതിയും വിരമിച്ച അധ്യാപകനുമായ പി.വി കുല്‍ക്കര്‍ണിക്കൊപ്പം ഇവരെ മേയ് 16 മുതല്‍ 10 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഇതിന് പിന്നാലെ, കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ മനീഷ ഗുരുനാഥ് മന്ധാരെ (57) എന്ന സ്ത്രീയെ ഞായറാഴ്ച ഡല്‍ഹി കോടതി 14 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുനല്‍കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ വിദഗ്ദ്ധ അംഗമാണ് മന്ധാരെ എന്നതാണ് ഈ കേസിനെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്.
മേയ് 15-ന് പുനെയില്‍ നിന്ന് അറസ്റ്റിലായ മന്ധാരെ, വന്‍ തുക കൈപ്പറ്റി തിരഞ്ഞെടുത്ത ചില വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി സി.ബി.ഐ കോടതിയെ അറിയിച്ചു. എന്‍.ടി.എ അംഗമെന്ന നിലയില്‍ ഇവര്‍ക്ക് ബോട്ടണി, സുവോളജി ചോദ്യപേപ്പറുകളിലേക്ക് പൂര്‍ണ്ണമായ പ്രവേശനമുണ്ടായിരുന്നു. മന്ധാരെ മറ്റ് പ്രതികളായ മനീഷ വാഗ്മറെ, പ്രഹ്ലാദ് വിട്ടല്‍ റാവു കുല്‍ക്കര്‍ണി എന്നിവരുമായി ഗൂഢാലോചന നടത്തുകയും വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു. പരീക്ഷാ പേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ഇവര്‍ അന്തിമ ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് സി.ബി.ഐ വ്യക്തമാക്കി.
കേസിന്റെ ചുരുളഴിക്കുന്നതില്‍ ബ്യൂട്ടീഷ്യനായ വാഗ്മറെയുടെ പങ്ക് വളരെ വലുതാണെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മന്ധാരെയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പങ്കുണ്ടെന്ന് മനസ്സിലാക്കിയ വാഗ്മറെ, അവരുമായി ചേര്‍ന്ന് പേപ്പര്‍ വില്‍ക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി ഇവര്‍ അധ്യാപകനായ കുല്‍ക്കര്‍ണിയെയും ഒപ്പം കൂട്ടി. തുടര്‍ന്ന് ട്യൂഷന്‍ അധ്യാപകരെ അന്വേഷിച്ച് തന്നെ സമീപിച്ച വിദ്യാര്‍ത്ഥികളുമായി വാഗ്മറെ ബന്ധപ്പെടുകയും ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഏകദേശം 10 ലക്ഷം രൂപ വീതം ഈടാക്കി ഇടപാട് ഉറപ്പിക്കുകയും ചെയ്തു. ഈ തുകയില്‍ നിന്ന് 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ വാഗ്മറെയും മന്ധാരെയും കുല്‍ക്കര്‍ണിയും ചേര്‍ന്ന് പങ്കിട്ടെടുക്കാനായിരുന്നു തീരുമാനം.
ഇത്തരത്തില്‍ നാലും അഞ്ചും വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ ശേഷം വാഗ്മറെ തന്റെ പഴയ സുഹൃത്തായ ധനഞ്ജയ് നിവൃത്തി ലോകണ്ടെയുമായി പദ്ധതി പങ്കുവെച്ചു. ലോകണ്ടെ വഴി നാസിക്കില്‍ കൗണ്‍സിലിംഗ് ബിസിനസ്സ് നടത്തുന്ന ശുഭം ഖൈര്‍നാറിനെ ഇവര്‍ സമീപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ അറസ്റ്റിലായ ആദ്യ സംശയസ്പദന്‍ ഈ ഖൈര്‍നാര്‍ ആയിരുന്നു. ലോകണ്ടെ വഴി വാഗ്മറെയില്‍ നിന്ന് ലഭിച്ച നീറ്റ് ചോദ്യപേപ്പറിന്റെ പി.ഡി.എഫ് ഫയലുകള്‍ ഖൈര്‍നാര്‍ ഗുരുഗ്രാം സ്വദേശിയായ യഷ് യാദവിനും പിന്നീട് ജയ്പൂര്‍ സ്വദേശികള്‍ക്കും കൈമാറുകയായിരുന്നു. ഈ കേസില്‍ യഷ് യാദവും പിന്നീട് അറസ്റ്റിലായി.
കേസിന് പിന്നില്‍ വലിയൊരു സംഘടിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇനിയും നിരവധി പ്രതികളെ കണ്ടെത്താനുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. അന്വേഷണം പ്രാഥമികവും അതീവ നിര്‍ണ്ണായകവുമായ ഘട്ടത്തിലാണെന്നും, ഈ സംഘടിത പേപ്പര്‍ ചോര്‍ച്ചാ മാഫിയയിലെ മറ്റ് സജീവ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സി.ബി.ഐ വാദിച്ചു. എന്നാല്‍ പ്രതിക്ക് 57 വയസ്സുണ്ടെന്നും അവര്‍ ഒരു പ്രൊഫസറാണെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് പ്രതിഭാഗം വക്കീല്‍ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുവെങ്കിലും കോടതി സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
Content Summary: CBI arrests a Pune beautician and an NTA panel expert in the NEET-UG paper leak case. Sold leaked question papers for lakhs
This post was last modified on May 18, 2026 10:35 am
Leave a Comment