December 13, 2024 |

‘ഇത് ഞങ്ങള്‍ നീറ്റായി നേടിയ ജയം, എന്നിട്ടും സന്തോഷിക്കാനായില്ല’: ഈ വൈകാരിക നഷ്ടത്തിന് എന്തുണ്ട് പരിഹാരം?

ജയം ആസ്വദിക്കാനായില്ല

ത്തവണ നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മലയാളക്കരയ്ക്ക് വജ്രശോഭയുള്ള ജയം നല്‍കിയത് നാല് പേരാണ്. അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ 720ല്‍ 720 മാര്‍ക്കും നേടിയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍. അതില്‍ ഒരാളാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ അഭിനവ് സുനില്‍ പ്രസാദ്. ദേവഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിനവ് ചെറുപ്പം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ അഭിനവിന്റെ ഒന്നാം റാങ്കിന്റെ മാറ്റ് കൂട്ടുന്നത് കഠിനാധ്വാനം ചെയ്ത് പ്ലസ് ടുവിനൊപ്പം തന്നെ മെഡിക്കല്‍ പ്രവേശനം നേടിയെന്നതാണ്. പ്രവേശന പരീക്ഷയെ ഒന്ന് അറിഞ്ഞിരിക്കാനും ഭാഗ്യ പരീക്ഷണം പോലെയുമാണ് പ്ലസ്ടു പരീക്ഷക്കൊപ്പം സാധാരണ പ്രവേശന പരീക്ഷ കുട്ടികള്‍ എഴുതാറ്. അവരില്‍ ഭൂരിപക്ഷവും അടുത്ത വര്‍ഷം പൂര്‍ണമായും എന്‍ട്രസിനായി നീക്കി വച്ച് തൊട്ടടുത്ത വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കും. ഇതാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി പ്ലസ്ടുവിനൊപ്പം എന്‍ട്രന്‍സ് കടമ്പ കടന്നു. അതും ഒന്നാം റാങ്കോടെ. അതാണ് അഭിനവ് എന്ന 17കാരന്‍ മിടുക്കനെ വ്യത്യസ്തനാക്കുന്നത്.

നീറ്റില്‍ കേരളത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടുന്നവരെ തേടി അഭിനന്ദന പ്രവാഹങ്ങളും സന്തോഷങ്ങളുടെ കൂടിചേരലുകളുമാണ് പൊതുവേ കാത്തിരിക്കാറ്. എന്നാല്‍ ഇത്തവണ അത്തരമൊരു അന്തരീക്ഷമല്ല തനിക്ക് ലഭിച്ചതെന്ന് അഭിനവ് പറയുന്നു. കാരണമായത് നീറ്റ് പരീക്ഷ ക്രമക്കേട് വിവാദം തന്നെയാണ്.

അഭ്യൂഹങ്ങളും ആശയകുഴപ്പങ്ങളും ഉള്ളുലച്ചു. രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം നീറ്റ് പരീക്ഷ കഴിഞ്ഞ അന്നാണ് ബ്രേക്ക് ടൈം കിട്ടുന്നത്. അതൊന്ന് ആസ്വദിക്കാനോ ജയത്തില്‍ മനസറിഞ്ഞ് സന്തോഷിക്കാനോ സാധിച്ചിട്ടില്ല. മാതാപിതാക്കള്‍ അനുഭവിച്ചതും വലിയ ടെന്‍ഷനും ആശങ്കയുമാണ്. ഓരോ ദിവസവും വ്യത്യസ്ത വാര്‍ത്തകളാണ് വന്നത്. എന്താണ് നടക്കാന്‍ പോവുന്നതെന്നോ അടുത്തത് എന്തെന്നോ അറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

Abinav NEET NEET-UG result controvesry and students from Kerala

അഭിനവ് സുനില്‍ പ്രസാദ്

ഹൈസ്‌കൂള്‍ ക്ലാസില്‍ വച്ചാണ് അഭിനവ് തന്റെ കരിയര്‍ ആരോഗ്യമേഖലയാണെന്ന് ഉറപ്പിച്ചത്. മാതാപിതാക്കള്‍ തന്നെയായിരുന്നു പ്രചോദനം. അഭിനവിന്റെ അച്ഛന്‍ ഡോക്ടര്‍ സുനില്‍ പ്രസാദാണ്. അദ്ദേഹം ഒമാനില്‍ ഡെന്റിസ്റ്റാണ്. അമ്മ ഡോക്ടര്‍ വിനീതയും ഒമാനില്‍ ഡെന്റിസ്റ്റായിരുന്നു. മകന്‍ ലക്ഷ്യം ആരോഗ്യ രംഗമാണെന്ന് അറിഞ്ഞതോടെ അവനെ സഹായിക്കാനായി കരിയറില്‍ നിന്ന് രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്താണ് ആ അമ്മ കോഴിക്കോട് നിന്നത്. തിരിച്ചറിവ് ഉണ്ടായ കാലം മുതല്‍ രോഗികളും ആശുപത്രികളുമായി ആരോഗ്യ മേഖലയെ അടുത്തറിഞ്ഞിരുന്നു. അതാണ് ആരോഗ്യ മേഖലയില്‍ തന്നെ കരിയര്‍ പടുത്തുയര്‍ത്താന്‍ തീരുമാനിച്ചതിന്റെ പിന്നിലെന്ന് അഭിനവ് കൂട്ടിചേര്‍ത്തു. ആ സ്വപ്‌നം നേടാന്‍ അത്യധ്വാനം തന്നെ നടത്തി. തന്റെ ജീവിതത്തിലെ രണ്ട് വര്‍ഷക്കാലം പൂര്‍ണമായും അതിനായി നീക്കിവച്ചു. പാല ബ്രില്യന്‍സിന്റെ കോഴിക്കോട് സെന്ററില്‍ ആയിരുന്നു അഭിനവിന്റെ പഠനം. 10 മുതല്‍ 12 മണിക്കൂര്‍ വരെയായിരുന്നു പഠന സമയം. പ്ലസ്ടു ക്ലാസുകളില്‍ ആയിരുന്നില്ല തന്റെ ശ്രദ്ധ എന്നാണ് അഭിനവ് പറയുന്നത്. പ്രവേശന പരീക്ഷ തന്നെയായിരുന്നു ലക്ഷ്യം. അതില്‍ മികച്ച സ്‌കോര്‍ നേടിയാല്‍ മാത്രമാണ് ഏറ്റവും നല്ല മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ സാധിക്കു. പ്ലസ്ടു ക്ലാസുകള്‍ അതിനാല്‍ കോച്ചിങിന് ഒപ്പം പോവുകയായിരുന്നു. മികച്ച കോളജില്‍ അഡ്മിഷന്‍ നേടുകയായിരുന്നു സ്വപ്‌നം. എയിംസിലോ ജിപ്‌മെറിലോ പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മിടുക്കനിപ്പോള്‍.

NEET-UG result controvesry and students from Kerala

    ശ്രീനന്ദ് ഷര്‍മിള്‍

അഭിനവിനൊപ്പം തന്നെ കേരളത്തിലേക്ക് ഒന്നാം റാങ്ക് എത്തിച്ച മറ്റൊരു മിടുക്കനാണ് ശ്രീനന്ദ് ഷര്‍മിള്‍. കണ്ണൂര്‍ പള്ളികുന്ന് സ്വദേശിയാണ് ശ്രീനന്ദ്. മന്നാനം കെ ഇ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീനന്ദ് പത്താം ക്ലാസില്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ പോലെ ആരോഗ്യ രംഗത്ത് കരിയര്‍ പടുത്തുയര്‍ത്താന്‍ തീരുമാനിക്കുന്നത്. പിന്നാലെ ഉറക്കമുളച്ചുള്ള രാത്രികളുമായുള്ള യുദ്ധമാണ് ശ്രീനന്ദിനെ കാത്തിരുന്നത്. കാരണം പ്ലസ്ടു പരീക്ഷക്കൊപ്പം തന്നെയായിരുന്നു ആ മിടുക്കനും നീറ്റ് എന്ന കടമ്പ കടക്കാന്‍ തീരുമാനിച്ചത്. കോട്ടയത്ത് സ്‌കൂളിനോട് ചേര്‍ന്നുള്ള ഹോസ്റ്റലിലായിരുന്നു താമസം. കഴിഞ്ഞ രണ്ട് കൊല്ലം മറ്റ് കുട്ടികളെ പോലെ ശനിയും ഞായറുമൊന്നും ശ്രിനന്ദിന് ഹോളി ഡേ ആയിരുന്നില്ല. വീട്ടിലേക്ക് യാത്രകളും ഇല്ലായിരുന്നു. ഡോക്ടര്‍മാരായ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ വന്നാണ് ശ്രീനന്ദിനെ കണ്ടിരുന്നത്. വീട്ടിലേക്ക് എത്തിയിരുന്നത് ആവട്ടേ ഓണം, വിഷു പോലെയുള്ള വിശേഷ അവസരങ്ങളില്‍ മാത്രമാണ്. ബാക്കിയുള്ള സമയം എല്ലാം പഠനത്തിനായി മാത്രമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി പന്ത്രണ്ടര വരെയും പുലര്‍ച്ച് അഞ്ച് മണി മുതലുമായി പഠിച്ചിരുന്നു. ഫോണോ, ടിവിയോ ഒന്നും ഇക്കാലത്ത് ആ മിടുക്കന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ നീറ്റ് ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് ലഭിച്ചു. അഭിനവിനെ പോലെ, അല്ലെങ്കില്‍ മറ്റേത് വിദ്യാര്‍ത്ഥിയെയും പോലെ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ശ്രീനന്ദിനും പിരിമുറുക്കങ്ങളാണ് സമ്മാനിച്ചത്. മാതാപിതാക്കള്‍ക്കും അത് കടുത്ത ആശങ്കയുണ്ടാക്കിയെന്ന് ശ്രീനന്ദ് പറയുന്നു. ഈ മാസം 30നാണ് പുനപ്പരീക്ഷ എഴുതിയവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ റാങ്ക് ലിസ്റ്റ് വരിക. അതില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ശ്രീനന്ദും വീട്ടുകാരും. ഒഫ്ത്താമോളജിസ്റ്റായ ഷര്‍മിളിന്റെയും ഡോക്ടര്‍ പ്രിയയുടെയും മകനാണ് കേരളത്തിന് അഭിമാനമായ ഈ മിടുക്കന്‍.

രാജ്യത്തിന്റെ ഭാവി വാഗ്ദാനമാണ് അഭിനവും ശ്രീനന്ദും അടക്കമുള്ള ഓരോ വിദ്യാര്‍ത്ഥിയും. അവരുടെ ജീവിതത്തിലെ നിര്‍ണായഘട്ടങ്ങളിലൊന്നാണ് പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം തിരഞ്ഞെടുക്കുന്ന കോഴ്്സും മുന്നോട്ടുള്ള പഠനവും. ആ നിര്‍ണായക ഘട്ടത്തിലാണ് ഈ വിദ്യാര്‍ത്ഥികളെ തേടി പരീക്ഷാക്രമക്കേട് എന്ന വലിയൊരു വിവാദം എത്തുന്നത്. അതുമായി ബന്ധപ്പെട്ട് ഉയരുന്ന ഓരോ ആരോപണങ്ങളും അഭിനവിനെയും ശ്രീനന്ദിനെയും പോലെ മികച്ച വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെ കൂടിയാണ് ബാധിക്കുന്നത്. കാരണം അവരെ പോലെ പഠിച്ച് എഴുതി നേടുന്ന ജയത്തിന്റെ മൂല്യം അത്രത്തോളം വലുതാണ്. അവരുടെ അധ്വാനത്തിനും ഉറക്കമില്ലാത്ത രാത്രികള്‍ക്കും ലഭിക്കുന്ന അംഗീകാരമാണ് ആ ജയം. അതാണ് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും മറ്റും കൊണ്ട് ഇല്ലാതാവുന്നത്.

മത്സരപരീക്ഷകളുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയരുന്നതോടെ മാസങ്ങള്‍ കഠിനാധ്വാനം ചെയ്തു പഠിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന നിരാശയുടെ ആഴം അളക്കാന്‍ പറ്റാത്തതാണ്. നീറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ എന്ത് പരിഹാരക്രിയകള്‍ നിശ്ചയിച്ചാലും അധ്വാനിച്ച് പഠിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ വൈകാരിക നഷ്ടത്തിന് എന്ത് നഷ്ടപരിഹാരം നല്‍കാനാവുമെന്ന ചോദ്യം ബാക്കിയാണ്.

 

നീറ്റ്: ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നവരുടെ റാങ്ക് കുതിക്കുന്നത് ഇങ്ങനെ, തട്ടിപ്പ് രീതി പുറത്ത് 

 

English summary: NEET-UG result controversy and students from Kerala NEET-UG Top Scorer Kerala

×