July 09, 2025 |

നെഹ്‌റു യുവ കേന്ദ്ര ഇനി മേരാ യുവ ഭാരത്;  ‘സംഘപരിവാറിന് നെഹ്‌റുവിനോട് തീര്‍ത്താല്‍ തീരാത്ത പക

പേര് മാറ്റത്തിന് പിന്നില്‍ അപകര്‍ഷതാ ബോധം

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പേരുകള്‍ മാറ്റുന്നത് പതിവായിരിക്കുകയാണ്. ഇപ്പോഴിതാ നെഹ്‌റു യുവ കേന്ദ്രത്തിന്റെ പേര് മേരാ യുവ ഭാരത് എന്നാക്കി മാറ്റി. പേര് മാറ്റുക എന്നത് ബിജെപിയുടെ എക്കാലത്തെയും അജണ്ടയാണെന്നും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത അവര്‍ക്ക് പേര് മാറ്റലിനപ്പുറത്ത് ഒന്നും ചെയ്യാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം അഴിമുഖത്തോട് പ്രതികരിച്ചു.

“നെഹ്‌റുവിനോടും കോണ്‍ഗ്രസിനോടും ഇന്ത്യയുടെ ദേശീയ പൈതൃകത്തോടുമുള്ള സംഘപരിവാറിന്റെ പകപോക്കലാണ് പേര് മാറ്റത്തിന് പിന്നില്‍. സംഘപരിവാറിനെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും അവരുടെ ആശയത്തെ ഒരുപാട് കാലം പ്രതിരോധിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയില്‍ നെഹ്‌റുവിനോട് അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. ആ പക വീട്ടാന്‍ അവര്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ഉപയോഗിക്കുകയാണ്.

സംഘപരിവാറിന്റെ ആശയത്തെ കൃത്യമായി പ്രതിരോധിക്കുകയും അവര്‍ മുന്നോട്ടുവയ്ക്കുന്ന മതാത്മകദേശീയതയെ, ദേശീയത കൊണ്ട് ചെറുക്കുകയും അതിന്റെ പുറകില്‍ ഇന്ത്യക്കാരെ മുഴുവന്‍ അണിനിരത്തി സംഘപരിവാറിനെ ആ നിലയില്‍ അപ്രസക്തമാക്കുകയും ചെയ്ത ആളാണ് നെഹ്‌റു. നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഇന്നും രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്. സംഘപരിവാറിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയും അക്കൂട്ടത്തില്‍ ഉള്ള ഒരാളായതും നെഹ്‌റുവിനോടുള്ള സംഘപരിവാറിന്റെ വെറുപ്പിന്റെ ആക്കം കൂട്ടുന്നുവെന്നും” ബല്‍റാം അഴിമുഖത്തോട് വ്യക്തമാക്കി.

“രാജീവ്ഗാന്ധിയുടെ മരണശേഷം 1992 ല്‍ കായികരംഗത്ത് ആരംഭിച്ചിരുന്ന അവാര്‍ഡായിരുന്നു രാജീവ്ഗാന്ധി ഖേല്‍രത്‌ന. അതിന്റെ പേരും മോദി സര്‍ക്കാര്‍ മാറ്റി. ഇന്ദിരാ ആവാസ് യോജന അടക്കമുള്ള പദ്ധതികളുടെ പേര് പിഎം ആവാസ് യോജനയുടെ ഭാഗമായി നേരത്തെ മാറ്റിയിരുന്നു. മുന്‍കാല ഭരണാധികാരികളുടെ പേര് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇടേണ്ടതില്ല എന്നൊരു പൊതുതീരുമാനത്തിന്റെ ഭാഗമായിട്ടൊന്നുമല്ല പേര് മാറ്റിയിരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലും, ശ്യാമപ്രസാദ് മുഖര്‍ജിയുടെയും, ദീന്‍ ദയാല്‍ ഉപാധ്യായയുടെയും പേരിലുമൊക്കെ വിവിധ പദ്ധികള്‍ ഉണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയാണ് നെഹ്‌റു. ഒമ്പത് വര്‍ഷത്തോളം ജീവിതം തടവറയില്‍ ഹോമിച്ച സ്വാതന്ത്ര്യസമര സേനാനി കൂടിയാണ്. കൂടാതെ മികച്ച പ്രഭാഷകനും ചിന്തകനും എഴുത്തുകാരനും ആയ ബഹുമുഖ വ്യക്തിത്വമാണ് നെഹ്‌റു. നെഹ്‌റുവിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തോട് ഒരു തരത്തിലും കിടപിടിക്കാന്‍ കഴിയുന്ന ഒരാള്‍ പോലും സംഘപരിവാറില്‍ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ ഭരണാധികാരികള്‍ക്കിടയില്‍. ഈ അപകര്‍ഷതാ ബോധമാണ് നെഹ്‌റു എന്ന് കേള്‍ക്കുമ്പോള്‍ മറ്റാരോടും തോന്നുന്നതിനേക്കാള്‍ വിരോധം സംഘപരിവാറിന് തോന്നാന്‍ കാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന്, ഇന്ത്യന്‍ ജനതയുടെ ഓര്‍മ്മകളില്‍ നിന്ന്, ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റാത്ത ഒരു പേരാണ് ജവഹര്‍ലാല്‍ നെഹ്റു എന്നും”  വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

1972 ല്‍ നെഹ്‌റുവിന്റെ പേരില്‍ തുടങ്ങിയ സംഘടനയായിരുന്നു നെഹ്‌റു യുവകേന്ദ്ര. നാളിതുവരെയായി വാജ്‌പേയി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തോ മോദി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷക്കാലം ഭരിച്ചിരുന്ന സമയത്തോ നെഹ്‌റുവിന്റെ പേര് മാറ്റിയിരുന്നില്ല.

പേരുമാറ്റം സംബന്ധിച്ച് തിങ്കളാഴ്ചയാണ് നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും അറിയിപ്പ് ലഭിക്കുന്നത്. ലോഗോ ഉള്‍പ്പെടെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പേരുമാറ്റത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉത്തരവ് പ്രകാരം ജില്ലാ ഓഫീസര്‍മാര്‍ പേര് മാറ്റത്തിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധവും ശക്തമായിട്ടുണ്ട്.

താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനകളില്‍ ഒന്നാണ് നെഹ്‌റു യുവകേന്ദ്ര. ഗ്രാമീണ യുവാക്കള്‍ക്ക് രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു യുവ കേന്ദ്രങ്ങള്‍ സ്ഥാപിതമായത്. nehru yuva kendra to be renamed as central government mera yuva bharat

Content Summary: nehru yuva kendra to be renamed as central government mera yuva bharat

Leave a Reply

Your email address will not be published. Required fields are marked *

×