19 യാത്രക്കാരുമായി എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു ശൗര്യ എയർലൈൻ. തെളിഞ്ഞ കാലാവസ്ഥയായതു കൊണ്ട് തന്നെ യാത്രയിൽ കുഴപ്പമുണ്ടാകില്ലെന്ന് പൈലറ്റ് കരുതിയിരിക്കണം. എന്നാൽ വിമാനത്തിന്റെ സാങ്കേതിക തകരാർ വിനയാകുമെന്ന് അയാൾ ചിന്തിച്ചിരിക്കില്ല. വിമാനത്തിന്റെ തകരാർ പരിഹരിക്കാനുളള യാത്രയായിരുന്നു അത്. റൺവെ വിട്ടകന്ന വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞില്ല. Nepal plane crash
രക്ഷാപ്രവർത്തനത്തിന് ആളുകൾ ഓടി കൂടുമ്പോഴേക്കും വിമാനത്തിന് തീ പടർന്നു. കോക്ക്പിറ്റിലേക്കും ആ തീ ആളാൻ തുടങ്ങുകയായിരുന്നു. തിരിച്ചറിയാൻ പോലും ആകാത്ത വിധം യാത്രക്കാരിൽ ചിലർ കത്തിയെരിഞ്ഞു. കോക്പിറ്റിൽ ചോരവാർന്ന മുഖവുമായി കുടുങ്ങി കിടന്നിരുന്ന പൈലറ്റിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ആ ദുരന്തത്തിൽ നിന്ന് അയാളെ മാത്രമാണ് അവർക്ക് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 18 മരണമാണ് സംഭവിച്ചത്. രാജ്യത്തെ നടുക്കിയ അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപെട്ടത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ മനീഷ് രത്ന ശാക്യ. ശൗര്യ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടം രാജ്യത്തിന്ററെ വ്യോമയാന മേഖലിയിലെ സുരക്ഷ കുറവുകളിലേക്കാണ് ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്നത്. ഏവിയേഷൻ സേഫ്റ്റി ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ മുപ്പത് വർഷത്തിനിടെ നേപ്പാളിൽ കുറഞ്ഞത് 27 വിമാനാപകടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. 2000 മുതൽ 350-ലധികം ആളുകളാണ് വിമാനപകടത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് പൈലറ്റ് മനീഷ് രത്ന ശാക്യ രക്ഷപെട്ടത്. ശൗര്യ എയർലൈൻസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, എയർലൈനിലെ ഓപ്പറേഷൻസ് മേധാവിയാണ് ശാക്യ. 37 കാരനായ ഇദ്ദേഹം 2014 ഡിസംബറിൽ സൗര്യ എയർലൈൻസിൽ ചേരുന്നത്. ഒമ്പതര വർഷത്തിലേറെയായി കമ്പനിയുടെ ഭാഗമാണ്. മൂന്ന് വർഷത്തോളം സിമ്രിക് എയർലൈൻസിനു വേണ്ടിയായിരുന്നു ഇദ്ദേഹം പറത്തി രുന്നത്.
ജൂലൈ 24 രാവിലെ 11.15 ഓടെയാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 19 പേരുമായി CRJ200 വിമാനമായ സൗര്യ എയർലൈൻസ് വിമാനം പറന്നത്. അറ്റകുറ്റപ്പണികൾക്കായി പോയിരുന്ന വിമാനത്തിൽ പൊഖാറ നഗരത്തിലേക്ക് രണ്ട് ജീവനക്കാരും 17 സാങ്കേതിക വിദഗ്ധരും ഉണ്ടായിരുന്നു. എന്നാൽ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ, വിമാനം വലത്തേക്ക് തിരിഞ്ഞ് റൺവേയുടെ കിഴക്ക് ഭാഗത്ത് തകർന്നു വീണതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സെർച്ച് ആൻഡ് റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ പ്രസ്താവനയിൽ പറയുന്നു. വിമാനം കത്തിയതായി അപകടസ്ഥലത്ത് ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനത്തിൻ്റെ കോക്ക്പിറ്റ് ഭാഗത്തിന് സമീപം തീ എത്തിയപ്പോൾ തന്നെ ക്യാപ്റ്റൻ ശാക്യയുടെ അടുത്തേക്ക് എത്താനായെന്ന് ക്രാഷ് സൈറ്റിലെ രക്ഷാപ്രവർത്തകർ പറഞ്ഞു.
“എയർ ഷീൽഡ് തുറന്നതിനാൽ അദ്ദേഹം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഞങ്ങൾ ജനൽ തകർത്ത് അദ്ദേഹത്തെ ഉടൻ തന്നെ പുറത്തെടുക്കുകയായിരുന്നു,” നേപ്പാൾ പോലീസ് സീനിയർ സൂപ്രണ്ട് ദാമ്പർ ബിശ്വകർമ ബിബിസിയോട് പറഞ്ഞു. രക്ഷപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ മുഖം മുഴുവൻ രക്തമുണ്ടായിരുന്നു, പക്ഷേ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു പൈലറ്റിനെ ആശുപത്രിയിലെത്തിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണുകളിലും തലയിലും മുഖത്തും അദ്ദേഹത്തിന് മുറിവേറ്റിരുന്നു.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിമാനം ആകാശത്തേക്ക് പറന്നുയരുന്നതിനിടെ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞ് റൺവേയുടെ കിഴക്ക് ഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. വീഡിയോ ഫൂട്ടേജിൽ വിമാനം എയർപോർട്ടിൻ്റെ ഒരു ഭാഗത്ത് തീപിടിച്ച് കത്തുന്നത് കാണാം. വിമാനത്താവളത്തിൻ്റെ അരികിലുള്ള കണ്ടെയ്‌നറിൽ വിമാനം ഇടിച്ച ശേഷം താഴേക്ക് വീഴുകയായിരുന്നുവെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ മന്ത്രി ബദ്രി പാണ്ഡെ വിശദീകരിച്ചു. കോക്‌പിറ്റ് കണ്ടെയ്‌നറിനുള്ളിൽ തങ്ങിയിരുന്നതിനാലാണ് പൈലറ്റ് രക്ഷപ്പെട്ടത്. വിമാനത്തിൻ്റെ ബാക്കി ഭാഗങ്ങൾ സമീപത്തെ കുന്നിൽ ഇടിച്ച് തീപിടിച്ചു. തീപിടിത്തത്തിൽ ആ ഭാഗത്തുള്ളതെല്ലാം നശിച്ചു.
ബുധനാഴ്ച വൈകുന്നേരം നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി കാഠ്മണ്ഡു മെഡിക്കൽ കോളേജിലെത്തി അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. കുടുംബത്തെയും അദ്ദേഹത്തിനെ പരിശോധിക്കുന്ന ഡോക്ടർമാരെയും അദ്ദേഹം കണ്ടിരുന്നുവെന്ന് ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വിമാനം തെറ്റായ ദിശയിൽ പറന്നുവെന്ന് ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിന്റെ മേധാവി പറഞ്ഞു. മരിച്ച 18 പേരുടെ മൃതദേഹളുടെ പോസ്റ്റ്‌മോർട്ടവും തിരിച്ചറിയൽ നടപടികളും മഹാരാജ്‌ഗഞ്ചിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിൽ ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് ഏതാനും മൃതദേഹങ്ങൾ. സാങ്കേതിക പ്രശ്നങ്ങളുളള വിമാനം പറത്താൻ കമ്പനി പൈലറ്റിന് മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടന്ന സംശയവും പൈലറ്റിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. Nepal plane crash
Content summary; Nepal plane crash: How pilot miraculously survived crash that killed all 18 on board