June 18, 2025 |
Share on

ഗാസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കും; ജനങ്ങളെ ക്ഷാമത്തിലേക്ക് തള്ളിവിടാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് നെതന്യാഹു

ഗാസയിലേക്ക് സഹായം അയയ്ക്കുന്നതിനെ ഇസ്രയേലി ഉദ്യോഗസ്ഥർ എതിർത്തു

​ഗാസയുടെ മുഴുവൻ നിയന്ത്രണവും ഇസ്രയേൽ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ​ഗാസയിലേക്ക് പരിമിതമായ അളവിൽ സഹായവസ്തുക്കൾ കടത്തിവിടുമെന്ന് ഇസ്രയേൽ അറിയിച്ചതിന് പിന്നാലെയാണിത്. നയതന്ത്ര കാരണങ്ങളാൽ ക്ഷാമം തടയുന്നത് അത്യാവശ്യമാണെന്നും അതിനാലാണ് ഗാസയിലേക്ക് സഹായവസ്തുക്കൾ കടത്തിവിടുന്നതെന്നും ഇസ്രയേൽ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

അതേസമയം, ​ഗാസയിൽ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ​സൈന്യം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

യുദ്ധം തങ്ങൾ ശക്തമാക്കുകയാണെന്നും പ്രദേശത്തിന്റെ മുഴുവൻ നിയന്ത്രവും ഏറ്റെടുക്കുകയുമാണന്നും നെതന്യാഹു പറഞ്ഞു. ക്ഷാമമുണ്ടാകുന്നുവെന്ന മുന്നറിയിപ്പുകളും ആഗോള സമ്മർദ്ദവും കാരണമാണ് ഗാസയ്ക്ക് പരിമിതമായ സഹായം നൽകുന്നതെന്നും നെതന്യാഹു പറഞ്ഞതായി ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസത്തിലേറെയായി ഗാസയിൽ നിലനിൽക്കുന്ന സമ്പൂർണ ഉപരോധം ലഘൂകരിക്കാൻ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഹമാസിന്റെ ഉന്മൂലനം സാധ്യമാക്കാതെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുന്ന ഇസ്രയേൽ മാനുഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ അംഗീകരിച്ചു.

നയതന്ത്രപരമായ കാരണങ്ങളാൽ ഗാസയിലെ ജനങ്ങളെ ക്ഷാമത്തിലേക്ക് തള്ളിവിടാൻ അനുവദിക്കരുത്. ഇസ്രായേലിന്റെ സഖ്യകക്ഷികൾ പോലും പട്ടിണി കിടന്ന് മരിക്കുന്നവരുടെ ചിത്രങ്ങൾ അം​ഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഗാസയിലെ ജനസംഖ്യയുടെ 22 ശതമാനം മാനുഷിക ദുരന്തത്തിന്റെ അപകടസാധ്യതയിലാണെന്നും പ്രദേശം ക്ഷാമത്തിന്റെ ഗുരുതരമായ അപകടസാധ്യതയിലാണെന്നും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രയേലിന്റെ കടുത്ത ഉപരോധത്തിൽ ഗാസ ഗുരുതരമായ ക്ഷാമത്തി​ലേക്കാണ് പോകുന്നതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ​ഗാസയിലെ ഭക്ഷ്യസുരക്ഷയിൽ വൻ തകർച്ച ഉണ്ടായിട്ടുണ്ടെന്നും ഫലസ്തീനികൾ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ടിൽ പറഞ്ഞു.

അതേസമയം, ക്ഷാമഭീതിയും അന്താരാഷ്ട്ര സമ്മർദ്ദവും നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച, ഗാസയിൽ ധാരാളം ജനങ്ങൾ പട്ടിണിയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചിരുന്നു. തന്റെ ഉദ്ഘാടന കുർബാനയിൽ, യുദ്ധത്തിൽ കഷ്ടപ്പെടുന്ന ​ഗാസയിലെ കുട്ടികളെയും പ്രായമായവരെയും കുറിച്ച് ഓർക്കണമെന്ന് പോപ്പ് ലിയോ പതിനാലാമൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, ​ഗാസയിലേക്ക് സഹായം അയയ്ക്കുന്നതിനെ ഇസ്രയേലി ഉദ്യോഗസ്ഥർ എതിർക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

Content Summary: Netanyahu says he will take full control of Gaza

Leave a Reply

Your email address will not be published. Required fields are marked *

×