April 20, 2025 |
Share on

നമ്മളെ ഭയപ്പെടുത്തുന്ന നമ്മുടെ കുട്ടികള്‍; ലോകം ചര്‍ച്ചയാക്കിയ ‘അഡോള്‍സന്‍സ്’

ലോകം സംസാരിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസ്‌

നെറ്റ്ഫ്‌ളിക്‌സ് സീരിസ് അഡോള്‍സന്‍സ്(Adolescence) കണ്ടു തീര്‍ത്തപ്പോള്‍, കണ്ണ് നിറഞ്ഞു പോയി. ഈ പ്രായത്തിലുള്ള വീട്ടിലെ കുട്ടികളെ ഓര്‍ത്തു. ഒരു മണിക്കൂര്‍ വീതമുള്ള നാല് എപ്പിസോഡുകള്‍ ഉള്ള ഈ മിനി സീരിസ് ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. കുറ്റമറ്റ സിംഗിള്‍ ടേക്ക് സ്‌റ്റൈലും, ഏറ്റവും റെലെവന്റ് ആയ ഈ പ്രീ ടീന്‍ -ടീനേജ് തീമിലേക്കു സ്വയം സമര്‍പ്പിച്ച അഭിനേതാക്കളും, ഉത്തരവാദിത്തത്തോടെ അത് സ്‌ക്രീനില്‍ എത്തിച്ച സൃഷ്ടാക്കള്‍ക്കും (Jack Thorne, Stephen Graham) എല്ലാവര്‍ക്കും തുല്യമായി ഇതിന്റെ ക്രെഡിറ്റ് പങ്കിടാവുന്നതാണ്. അനുരാഗ് കശ്യപും, ഹന്‍സല്‍ മെഹ്തയും അടക്കം ഈ സീരിസ് കണ്ട പല സംവിധായകരും അഡോള്‍സന്‍സിന്റെ മികച്ച മേക്കിംഗിനെ അഭിനന്ദിച്ചു പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

ഡിജിറ്റല്‍ വേള്‍ഡിലേക്കു പിറന്നു വീണ 2കെ കിഡ്‌സ്. അഥവാ genZ. അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും, അവര്‍ ഫോളോ ചെയ്യുന്നതും സോഷ്യല്‍ മീഡിയയും, അതിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സും തന്നെയാണ്. മാസ്‌കുലിനിറ്റിയും, മിസോജനിയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന Manosphere എന്ന കമ്മ്യൂണിറ്റിയുടെ വക്താവായ, റേപ്പും, ഹ്യൂമന്‍ ട്രാഫിക്കിംഗും അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബ്രിട്ടീഷ്-അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ആന്‍ഡ്രൂ റ്റാറ്റെയെ (Andrew Tate) ഈ സീരിസില്‍ പരസ്യമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. സത്യത്തില്‍, ഈ വള്‍നറബിള്‍ പ്രായത്തിലുള്ള കുട്ടികളെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയിലേക്ക് വാര്‍ത്തെടുക്കാന്‍ എളുപ്പമാണ്. സീരിസിലെ ജെയ്മി മുള്ളര്‍ അതിന്റെ പ്രകടമായ ഉദാഹരണമാണ്. പക്ഷെ അവന്‍ Gen Alpha യെ ആണ് പ്രായം കൊണ്ട് പ്രതിനിധീകരിക്കുന്നത്.

Adolescence web series review

യോര്‍ക്ക്ഷയറില്‍ താമസിക്കുന്ന ഒരു സാധാരണ വര്‍ക്കിംഗ് ക്ലാസ് കുടുംബമാണ് മുള്ളറിന്റെ. വളര്‍ത്തിയതിലെ അപാകതയാണോ, ബുള്ളിയിങ്ങും, ക്ലാസ് ഡിഫറന്‍സും, റേസിസവും ഭരിക്കുന്ന ബ്രിട്ടനിലെ സ്‌കൂളുകളിലെ പ്രശ്‌നമാണോ, വീടിനുള്ളിലെ മുതിര്‍ന്നവരുടെ ബിഹേവിയര്‍ ഇഷ്യൂസ് ആണോ, വാതിലടച്ചു പാതിരാത്രി വരെ കമ്പ്യൂട്ടറില്‍ ചിലവഴിക്കുന്ന കുട്ടികളെ ഒരു തരത്തിലും മനസിലാക്കാനോ, നിയന്ത്രിക്കാനോ പറ്റാത്ത മാതാപിതാക്കളുടെ നിസ്സഹായത മുള്ളര്‍ കുടുംബം ചര്‍ച്ച ചെയ്യുന്നത് പ്രേക്ഷകരുടെ ഉള്ളുലയ്ക്കും. ഈ പ്രായത്തില്‍ ഉള്ള കുട്ടികളെ ഗൈഡ് ചെയ്യാന്‍ കഷ്ടപ്പെട്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന, ‘എങ്ങനെ’ എന്ന് ഒരു എത്തും പിടിയും കിട്ടാത്ത മാതാപിതാക്കള്‍ക്കും, ഉറക്കെയുള്ള ശകാരങ്ങള്‍ക്കും, ശിക്ഷകള്‍ക്കും പുല്ലു വില കല്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന അധ്യാപകര്‍ക്കും അഡോള്‍സന്‍സ് വളരെ റിലേറ്റബിള്‍ ആണ്. അല്ലെങ്കില്‍, അവര്‍ക്കിനിയും സിലബസ് പിടി കിട്ടാത്ത ഒരു പാഠപുസ്തകം ആണ്.

സീരിസിലെ കേന്ദ്ര കഥാപാത്രം ജെയ്മി മുള്ളറിനു 13 വയസ്സേ ഉള്ളു. സ്വന്തം സഹപാഠിയായ കെയ്റ്റിയെ കൊന്ന കേസില്‍ സംശയിക്കുന്ന പ്രതിയായാണ് പോലീസ് അതിരാവിലെ തന്നെ അവനെ ബെഡില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത്. ഈ ക്രിട്ടിക്കല്‍ സീനില്‍ തുടങ്ങുന്ന സീരിസ് പിന്നീട് അങ്ങോട്ടു ഏറ്റവും സത്യസന്ധമായി വിശകലനം ചെയ്യുന്നത് ആഗോള വിഷയങ്ങളാണ്. ഒരു ബിബിസി ഡ്രാമയുടെ സ്വഭാവത്തില്‍ പോകുന്ന സീരിസ് തികഞ്ഞ കയ്യടക്കത്തോടെയാണ് ഇതിന്റെ ഇന്ററോഗേഷന്‍ ഭാഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചില സത്യങ്ങള്‍ അലോസരപെടുത്താം. യഥാര്‍ത്ഥ സംഭവമാണോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന തരത്തിലുള്ള ഒറിജിനാലിറ്റി ഉണ്ട്. സത്യത്തില്‍, ബ്രിട്ടനില്‍ നടന്ന സമാന സംഭവങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്ത കഥയാണ്.

adolescence

കാസ്റ്റിംഗ് ഡയറക്ടര്‍ ഷഹീന്‍ ബെയ്ഗ് ഏതാണ്ട് 500 കുട്ടികളെയാണ് ജെയ്മിയുടെ റോളിലേക്ക് പരീക്ഷിച്ചത്. അവസാനം, രണ്ടു സീനുകള്‍ അഭിനയിച്ചു അയച്ച, 15 വയസുകാരനായ ഓവന്‍ കൂപ്പര്‍(Owen Cooper)-ന്റെ ഓഡിയോ ടേപ്പ് കണ്ടതോടെ ബെയ്ഗ് ജെയ്മി മുള്ളര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി. ജീവിതത്തിലെ ആദ്യത്തെ റോളിലേക്ക് കൂപ്പറിന് പരിശീലനം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭയുള്ള ഓവന്‍ എത്ര റിയല്‍ ആയാണ് ജെയ്മിയുടെ അന്തസംഘര്‍ഷങ്ങള്‍ സ്‌ക്രീനില്‍ കൊണ്ട് വന്നത്! പ്രായത്തെ മറികടന്ന, അവിസ്മരണമീയമായ പ്രകടനം. ജെയ്മിയുടെ അച്ഛനായി, എഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷോ ക്രിയേറ്റര്‍ ആയ സ്റ്റീഫന്‍ ഗ്രഹാം തന്നെയാണ്. കരയിപ്പിച്ചു ഗ്രഹാം. കേസ് അന്വേഷിച്ച ഡിറ്റക്റ്റീവ് ലൂക് ആയി ആഷ്ലി വാള്‍ട്ടര്‍സ് (ashley walters), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി വന്ന എറിന്‍ ഡൊഹെര്‍ട്ടി(Erin Doherty)… എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ജെയ്മി മുള്ളറിനെ കണ്ടു ഇവരെല്ലാം.

ഫിലിപ്പ് ബരാന്റിനി(Philip Barantini) ആണ് സംവിധാനം. മാത്യു ലെവിസ് ആണ് സിനിമാട്ടോഗ്രഫി. നാല് എപിസോഡുകളും വണ്‍-ഷോട്ട് സ്‌റ്റൈല്‍ ആണെന്നത് നമ്മളെ അതിശയിപ്പിക്കും. അത്ര ആഴമുള്ള അവതരണം. പ്രത്യേകിച്ചും എപ്പിസോഡ് മൂന്നും നാലും. ജെയ്മിയുടെ ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സലിങ് സെഷനില്‍ പുറത്തു വരുന്ന അമര്‍ഷവും, ദേഷ്യവും, നിസ്സഹായതയും, സോഷ്യല്‍ മീഡിയ ലിംഗോയും, അത്ര ചെറിയ പ്രായത്തിലെ വേര് പിടിച്ച മാസ്‌കുലിനിറ്റിയെ പറ്റിയുള്ള വികല ധാരണകളുമൊക്കെ ഭയപ്പെടുത്തും. നമ്മളെ തകര്‍ക്കുകയും, സെന്റിമെന്റല്‍ ആക്കുകയും ചെയ്യും. ലോകത്തുള്ള ഭൂരിഭാഗം പ്രീ ടീനേജ് -ടീനേജ് കുട്ടികളുടെയും പിടി തരാത്ത മാനസിക, ശാരീരിക വ്യാപാരങ്ങളിലേക്കുള്ള ഒരു എന്‍ട്രി പോയിന്റ് ആണ് അഡോള്‍സന്‍സ്. ഗൗരവമുള്ള വിഷയം. ഇവരുടെ ഭാവി അത്ര സുരക്ഷിതമല്ല, അവര്‍ക്കും സമൂഹത്തിനും. ചര്‍ച്ചകള്‍ സജീവമാകട്ടെ. അപ്പോഴെങ്കിലും നമുക്കു മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം പ്ലാന്‍ ചെയ്യാന്‍ ഉണ്ടാക്കിയ വാട്‌സപ്പ് ഗ്രൂപ്പിലെ കൊലവിളികളും ഈ പ്രായത്തിലുള്ള കുട്ടികള്‍ എങ്ങനെ ഇത്ര ക്രൂരമായി ചിന്തിക്കുന്നു, പ്രതികാരവും, ഈഗോയും കൊണ്ട് തിളച്ചു മറിഞ്ഞു ഒരു സമപ്രായക്കാരനെ, നിസ്സാരമായ കൂവലിന്റെ പുറത്ത്, ഈച്ചയെ കൊല്ലുന്ന ലാഘവത്തില്‍ ഭൂമുഖത്തു നിന്ന് അപ്രത്യഷ്യമാക്കുന്നു എന്നൊക്കെ മനസിലാകുമായിരിക്കും.  Netflix web series

Adolescence review   

Content Summary; Netflix web series Adolescence review

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×