‘ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ്. ഇന്ന് എത്തിനിൽക്കുന്ന വിജയത്തിലെത്താൻ എന്റെ മകൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. കഴിഞ്ഞ ദിവസം നടന്ന മുംബൈ – ചെന്നൈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായിറങ്ങി, ചെന്നൈയുടെ മൂന്ന് വിക്കറ്റുകൾ നേടി കേരളത്തിന്റെ അഭിമാനമായി മാറിയ വിഘ്നേഷ് പുത്തൂരിന്റെ പിതാവ് സുനിൽ അഴിമുഖത്തോട് പ്രതികരിച്ചതിങ്ങനെയാണ്.
ക്രിക്കറ്റ് കളിക്കാരുടെ സ്വപ്നവേദിയായ ഇന്ത്യൻ പ്രീമിയർ ലീഗിൽ, ഞായറാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ രോഹിത് ശർമക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി മലപ്പുറം, പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂർ ഇറങ്ങിയത്. തുടർന്ന് എതിർ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുകയായിരുന്നു. നാല് ഓവറിൽ 32 റൺസ് വിട്ട്കൊടുത്താണ് ചൈനാമാൻ ബൗളറായ വിഘ്നേഷ് വിക്കറ്റുകൾ നേടിയത്.
വിഘ്നേഷിന്റെ വിജയം കേരളത്തിന്റെ വിജയമാണെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് അനുഭവപ്പെടുന്നതെന്നും വിഘ്നേഷ് പുത്തൂരിന്റെ പിതാവ് സുനിൽ അഴിമുഖത്തോട് പറഞ്ഞു.
‘ക്രിക്കറ്റ് കളിക്കാനും പരിശീലിക്കാനുമെല്ലാം വലിയ ചിലവ് വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ചെറുപ്പത്തിൽ ഞങ്ങളുടെ കൈയിലൊതുങ്ങുന്ന തുകയിൽ തന്നെയാണ് കാര്യങ്ങൾ കഴിഞ്ഞ് പോയത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് പെരിന്തൽമണ്ണയിലെ രാം ദാസ് ക്ലിനിക്കിലെ ഡോക്ടർ അർജുന്റെ നിർദേശത്തിൽ ജോളി റോവേഴ്സ് എന്ന ക്രിക്കറ്റ് ക്ലബ്ബിലേക്ക് വിഘ്നേഷിനെ എടുക്കുന്നത്. പിന്നീട് അവന് ആവശ്യമുള്ള സാധനങ്ങളെല്ലാം ജോളി റോവേഴ്സ് ആണ് വാങ്ങി നൽകിയത്.
പണ്ട് കാലങ്ങളിൽ ഞാനും ഒരുപാട് പറമ്പുകളിലും ഗ്രൗണ്ടുകളിലും ഫുട്ബോളും ക്രിക്കറ്റുമെല്ലാം കളിച്ച് നടന്നിട്ടുണ്ട്. അന്നൊക്കെ എനിക്ക് പ്രിയം ഫുട്ബോളിനോടായിരുന്നു. പത്ത് വയസ് മുതലാണ് വിഘ്നേഷ് ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. അവൻ നന്നായി കളിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഞങ്ങളുടെ ഒരേയൊരു മകനാണ് വിഘ്നേഷ്. എത്ര കഷ്ടപ്പെട്ടായാലും മകന്റെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എട്ടാം ക്ലാസ് മുതലാണ് മലപ്പുറം അക്കാദമിയിൽ ചേരുന്നത്. തൃശൂർ സെന്റ്. തോമസിലാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്. പഠിക്കാൻ അവൻ മിടുക്കനായിരുന്നു. പഠിത്തവും കളിയും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയുമോയെന്ന് പലരും ഞങ്ങളോട് ചോദിച്ചിരുന്നു. എന്നാൽ എന്ത് വന്നാലും ക്രിക്കറ്റ് കളിക്കുന്നത് നിർത്തരുത് എന്നാണ് ഞാൻ അവനോട് പറഞ്ഞിട്ടുള്ളത്. എനിക്ക് അവനോട് ദേഷ്യപ്പെടേണ്ട ഒരവസരവും അവൻ ഉണ്ടാക്കിയിട്ടില്ല. അവനെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് എനിക്ക് തോന്നുന്നത്.
പെരിന്തൽമണ്ണയിലുള്ള വിജയൻ സാറാണ് അവന് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നത്. 11 വയസ് മുതൽ ക്രിക്കറ്റ് ക്യാമ്പുകളിൽ കൊണ്ട് പോയി പരിശീലിപ്പിച്ചത് വിജയൻ സാറാണ്. എന്നെക്കൊണ്ട് താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കിയത് കൊണ്ടാകണം, ഇന്ന് വരെയും അവന്റെ ചിലവിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല.
തിരുവനന്തപുരത്ത് വെച്ചാണ് കേരള ക്രിക്കറ്റ് ലീഗ് നടന്നത്. അവിടെ ആലപ്പി റിപ്പിൾസിനായി വിഘ്നേഷുമുണ്ടായിരുന്നു. അന്ന് നടന്ന മത്സരത്തിൽ വിഘ്നേഷ് നന്നായി കളിച്ചിരുന്നു. മഹേല ജയവർധന, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ് തുടങ്ങി മുൻനിര കളിക്കാർ അവിടെയുണ്ടായിരുന്നു. ട്രെയൽസിലെ പ്രകടനം കണ്ട് സെലക്ടേഴ്സ് അവനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പോലും ഐപിഎല്ലിൽ കളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ലേലത്തിൽ 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യൻസ് ടീമിൽ ചേർക്കുന്നത്.
കളി കഴിഞ്ഞപ്പോൾ മഹേന്ദ്ര സിങ്ങ് ധോണി വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് അവൻ പറഞ്ഞു. ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. എല്ലാവരോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്’, സുനിൽ പറഞ്ഞു.
മകന്റെ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വിഘ്നേഷിന്റെ അമ്മ കെ.പി ബിന്ദുവും അഴിമുഖത്തോട് പറഞ്ഞു. അമ്മ ബിന്ദു വീട്ടമ്മയാണ്. കുന്നപ്പിള്ളി പുത്തൂർവീട്ടിൽ സുനിലിന്റെയും ഭാര്യ ബിന്ദുവിന്റെയും ഒരേയൊരു മകനാണ് വിഘ്നേഷ്.
Content Summary: ‘Never Expected Him to Play in the IPL: Vignesh Puthur’s Father response
Vignesh Puthur IPL 2025
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.