June 26, 2026 |
Share on

നിമിഷ പ്രിയയുടെ വധ ശിക്ഷ മരവിപ്പിച്ചു

കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി. നാളെയായിരുന്നു വധ ശിക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്

നിമിഷ പ്രിയയുടെ വധ ശിക്ഷ താത്കാലികമായി മരവിപ്പിച്ചതായി വിവരം. നാളെയായിരുന്നു(ജൂലൈ 16 ന്) വധശിക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടന്ന അനുരഞ്ജന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വിധി നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിക്കാന്‍ തീരുമാനമായതെന്ന് അറിയുന്നു.

യമനില്‍ ഇന്ന് രാവിലെ തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധ ശിക്ഷ മരവിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. കാന്തപുരത്തിന്റെ അഭ്യര്‍ത്ഥനയിലാണ് ശൈറ് ഹബീബ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടത്. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നുമായിരുന്നു ഇന്ന് രാവിലെ അഴിമുഖവുമായി സംസാരിച്ചപ്പോള്‍ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിനെ നയിക്കുന്ന സുപ്രിം കോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ അഴിമുഖവുമായി പ്രതീക്ഷ പങ്കുവച്ചിരുന്നത്.

യെമനിലെ നിയമസംവിധാനങ്ങളെയും ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളെയും ഈ വിഷയത്തില്‍ ഇടപെടുത്താന്‍ സാധിച്ചതാണ് വധ ശിക്ഷ മരവിപ്പിക്കുന്നതിന് സഹായമായത്. വധ ശിക്ഷ താത്കാലികമായി മരവിപ്പിക്കുന്നതിലൂടെ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനുരഞ്ജനം തുടരാന്‍ സമയം കിട്ടും.

ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം സമ്മതിച്ചാല്‍ നിമിഷ പ്രിയയുടെ മോചനം സാധ്യമാകും. കുടുംബാംഗങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായി മാറിയൊരു കൊലപാതകമാണ് തലാലിന്റേത്. ബ്ലഡ് മണി സ്വീകരിക്കുന്നതില്‍ ഇതുവരെ അവിടുത്തെ ഗോത്ര വിഭാഗം എതിരായിരുന്നു. ഈ എതിര്‍പ്പ് നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു തലാലിന്റെ കുടുംബം, ബ്ലഡ് മണിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാതിരുന്നത്. ഇന്നലെയാണ് കുടുംബത്തെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചത്.

ബ്ലഡ് മണി സ്വീകരിക്കണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് മാത്രമായി തീരുമാനിക്കാനാകില്ല, കുടുംബം മൊത്തത്തില്‍ ഇക്കാര്യത്തില്‍ യോജിപ്പില്‍ എത്തണം. അതിന് സമയം വേണം. സമയം കിട്ടണമെങ്കില്‍ വധ ശിക്ഷ നീട്ടിവയ്ക്കണം. അതുകൊണ്ട് വധ ശിക്ഷ നീട്ടിവയ്ക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ ബ്ലഡ് മണി ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം കിട്ടും.  Nimisha Priya death penalty post postponed

Content Summary; Nimisha Priya death penalty post postponed

 

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×