March 27, 2025 |
Share on

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം; മരണസംഖ്യ 18 ആയി

മരിച്ചവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച റെയില്‍വേ

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. ശനിയാഴ്ച്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. 18 പേരുടെ ജീവനെടുത്ത് അത്യാഹിതത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ മന്ത്രാലയം 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കും.

ശനിയാഴ്ച്ച രാത്രി 9.55 ഓടെയാണ് പ്ലാറ്റ്‌ഫോം നമ്പര്‍ 14 നും 15നും ഇടിയിലായി തിക്കും തിരക്കും സംഭവിച്ചത്. അപ്രതീക്ഷിതമായ സംഭവിച്ച തിരക്കാണ് അത്യാഹിതത്തിന് കാരണമായതെന്നാണ് റെയില്‍വേ പറയുന്നത്. പ്ലാറ്റ്‌ഫോം നമ്പര്‍ 13 നും 14 നും സമീപത്തായിട്ടാണ് തിരക്ക് രൂക്ഷമായി വന്നതെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നുണ്ട്. യാത്രക്കാരുടെ പെട്ടെന്നുള്ള തിരക്ക് കൂടിയതോടെ ചിലര്‍ ബോധം കെട്ടു വീണിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പ്രചരിച്ചതാകട്ടെ, ആളുകള്‍ തിക്കിലും തിരക്കിലും പെട്ടു വീണു എന്ന തരത്തിലാണ്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇതാണ് ദുരന്തത്തിലേക്ക് വഴിവച്ചതെന്നാണ് റെയില്‍വേ പറയുന്നത്.

14 നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയ പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ കയറാനായി നിരവധി യാത്രക്കാരാണ് തടിച്ചുകൂടിയതെന്നാണ് റെയില്‍വേ ഡിസിപി കെപിഎസ് മല്‍ഹോത്ര പറഞ്ഞത്. ഇതേ സമയം തന്നെ സ്വതന്ത്രസേനാനി എക്‌സ്പ്രസ്സിലും, ഭുവനേശ്വര്‍ രാജധാനിയിലും പോകേണ്ട യാത്രക്കാരും 13,14, 15 പ്ലാറ്റ്‌ഫോമുകളിലായി തടിച്ചു കൂടിയിരുന്നു. ട്രെയിനുകള്‍ എത്താന്‍ താമസിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം പ്ലാറ്റ്‌ഫോമുകളില്‍ അനിയന്ത്രിതമായി ഉയര്‍ന്നത്. ഓരോ മണിക്കൂറിലും 1500 ഓളം ജനറല്‍ ടിക്കറ്റുകളായിരുന്നു വിറ്റുപോയിരുന്നതെന്നാണ് റെയില്‍വേ പറയുന്നത്. ആളുകള്‍ ട്രെയിനുകള്‍ പിടിക്കാനിയി തിങ്ങിക്കൂടിയതോടെയാണ് നിയന്ത്രണം നഷ്ടമായത്. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ പോകാന്‍ എത്തിയവരായിരുന്നു സ്‌റ്റേഷനില്‍ അധികവും.  New Delhi Railway station stampede death toll rises to 18

Content Summary; New Delhi Railway station stampede death toll rises to 18

×