യു എസിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടയില്‍ ആക്രമണം നടത്താന്‍ മുന്‍ സൈനികന് പ്രചോദനമായത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനടയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ക്യാമ്പ് ഡേവിഡില്‍ ബുധനാഴ്ച്ച രാത്രി നടത്തിയ ഹൃസ്വമായ അഭിസംബോധനയിലാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. ‘ തനിക്ക് കൊല്ലാനുള്ള ആഗ്രഹമുണ്ട്’ എന്ന തരത്തിലൊരു വീഡിയോ, കൊലയാളി ആക്രമണത്തിന് തൊട്ടു മുമ്പായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നതായും പ്രസിഡന്റ് പറഞ്ഞു. യു എസ് പൗരനും മുന്‍ സൈനികനുമായ ഷംസദ്-ദിന്‍ ബഹര്‍ ജബ്ബാര്‍ എന്ന 42 കാരനാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജബാറിനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ക്കിടയിലായിരുന്നു ഇയാള്‍ ആക്രമണം അഴിച്ചു വിട്ടത്.
ബുധനാഴ്ച രാവിലെ ലാസ് വെഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചതിന് ന്യൂ ഓര്‍ലിയാന്‍സിലെ ആക്രമണവുമായി ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഈ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച്ച ന്യൂ ഓര്‍ലിയാന്‍സിലും ലാസ് വെഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിനു മുന്നിലുമുണ്ടായ സ്ഫോടനത്തിനും ഉപയോഗിച്ച ട്രക്കുകള്‍ വാടകയ്ക്കെടുത്തത് പിയര്‍-ടു-പിയര്‍ റെന്റല്‍ ആപ്ലിക്കേഷനായ ടുറോ വഴിയാണെന്ന് ന്യൂ ഓര്‍ലിയാന്‍സില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയും, ലാസ് വെഗാസ് പോലീസും പറഞ്ഞു. ആക്രമണ വിവരങ്ങളുടെ വാര്‍ത്തയില്‍ ട്രക്കിന്റെയും നമ്പര്‍ പ്ലേറ്റിന്റെയും ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ന്യൂ ഓര്‍ലിയാന്‍സില്‍ ഉപയോഗിച്ച ഫോര്‍ഡ് പിക്കപ്പ് ട്രക്കിന്റെ ഉടമ തന്റെ വാഹനം തിരിച്ചറിയുന്നത്. 42 കാരനായ ഒരു മുന്‍ സൈനികന്‍ ഈ വാഹനം വാടകയ്ക്ക് കൊടുത്തിരുന്നുവെന്ന് ട്രക്ക് ഉടമ പറഞ്ഞു. ഈ ട്രക്കാണ് ബര്‍ബണ്‍ സ്ട്രീറ്റില്‍ 15 പേരുടെ ജീവന്‍ അപഹരിക്കാന്‍ ഉപയോഗിച്ചത്.
കൊലപാതകിയായ ഷംസദ്-ദിന്‍ ബഹര്‍ ജബ്ബാര്‍ കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദധാരിയാണ്. ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ രേഖകള്‍ പ്രകാരം, ജബ്ബാര്‍ മുമ്പ് രണ്ട് തവണ ടെക്സാസില്‍ അറസ്റ്റിലായിട്ടുണ്ട്. 2002 നവംബറില്‍ ടെക്സസിലെ കാറ്റിയില്‍ ചെറിയ രീതിയിലുള്ള മോഷണക്കുറ്റത്തിനാണ് ആദ്യം അറസ്റ്റിലാകുന്നത്. ജബ്ബാര്‍ കുറ്റം സമ്മതിച്ചിരുന്നു. ചെറിയ പിഴയ്ക്കും നല്ല നടപ്പിനും വിധിച്ചു. 2005 ല്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനായിരുന്നു രണ്ടാമെേത്ത അറസ്റ്റ്.
2007 മാര്‍ച്ച് മുതല്‍ 2015 ജനുവരി വരെ, ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റായും ഷംസദ്-ദിന്‍ ജബ്ബാര്‍ യുഎസ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009-2010 കാലത്ത് സൈന്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിരുന്നു. 2015 ജനുവരി മുതല്‍ 2020 ജൂലൈ വരെ ആര്‍മി റിസര്‍വില്‍ ഐടി സ്‌പെഷ്യലിസ്റ്റായാണ് ജബ്ബാര്‍ സേവനമനുഷ്ഠിച്ചത്. സൈന്യത്തിലെ അവസാന നാളുകളില്‍ സ്റ്റാഫ് സര്‍ജന്റ് പദവിയിലേക്ക് എത്തിയിരുന്നു. New Orleans truck attack, Attacker was Inspired by ISIS, says president Joe Biden
Content Summary; New Orleans truck attack, Attacker was Inspired by ISIS, says president Joe Biden