ന്യൂസിലാന്‍ഡില്‍ വ്യാജ ഡ്രൈവര്‍മാര്‍ പെരുകുന്നു; പണി കിട്ടിയത് ഇന്ത്യക്കാര്‍ക്ക്‌

440 ലൈസൻസുകളാണ് റദ്ദാക്കിയത്

കൂടുതൽ ഹെവി വെഹിക്കിൾ ലൈസൻസുകൾ റദ്ദാക്കി ന്യൂസിലാൻഡ്. രാജ്യത്ത് നടക്കുന്ന വ്യാജ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ശ്രമഫലമായാണ് ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ലൈസൻസ് റദ്ദാക്കിയ ട്രക്ക് ഡ്രൈവർമാർ എല്ലാവരും ഇന്ത്യക്കാരാണ് എന്നതും ശ്രദ്ധേയമാണ്.

മറ്റു വിദേശ ലൈസൻസുകൾ ന്യൂസിലാൻഡ് ലൈസൻസുകളാക്കി മാറ്റിയപ്പോൾ വ്യാജ രേഖകൾ ഉപയോഗിച്ചതായി ഒരു ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് 440 ലൈസൻസുകൾ റദ്ദാക്കിയതായി ന്യൂസിലാൻഡ് ട്രാൻസ്‌പോർട്ട് ഏജൻസി ഈ മാസം ആദ്യം പ്രഖ്യാപിച്ചത്.

ലൈസൻസ് റദ്ദാക്കിയ വിദേശ ട്രക്ക് ഡ്രൈവർമാരിൽ 459 പേരും ഇന്ത്യയിൽ ജനിച്ചവരാണ്. എന്നാൽ, ഇവരാരും ഇന്ത്യൻ ലൈസൻസുകൾ ഉപയോഗിച്ചല്ല ന്യൂസിലാൻഡ് ലൈസൻസുകളിലേക്ക് മാറ്റിയെടുത്തത്. ഡാറ്റ പ്രകാരം, ഈ ലൈസൻസുകളിൽ 436 എണ്ണം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള വ്യക്തികളുടേതാണ്. 18 എണ്ണം ഓസ്‌ട്രേലിയയിൽ നിന്നും, അഞ്ചെണ്ണം കാനഡയിൽ നിന്നുമുള്ള ലൈസൻസുകൾ ഉപയോഗിച്ചാണ് മാറ്റിയെടുത്തത്.

ഈ ലൈസൻസുകളിൽ രണ്ടെണ്ണം മാത്രമാണ് സ്ത്രീകളുടേത്. ഡ്രൈവർമാരുടെ പ്രായം 24 വയസ്സ് മുതൽ 65 വയസ്സ് വരെയാണ്, എന്നാൽ ഭൂരിഭാഗം പേരും 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്. ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷയുടെ ഭാഗമായി തെറ്റായ വിവരങ്ങൾ നൽകുന്നത് 67,000 രൂപയോളം പിഴ ചുമത്താവുന്ന കുറ്റമാണ്.

ലൈസൻസ് റദ്ദാക്കിയതിനെതിരെ ഓക്ക്‌ലാൻഡിലെ ഒരു സിഖ് ക്ഷേത്രത്തിൽ വെച്ച് നൂറുകണക്കിന് ഇന്ത്യൻ ഡ്രൈവർമാർ പ്രതിഷേധ റാലി നടത്തി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഈ നടപടിയിലൂടെ ഇല്ലാതാക്കിയതെന്ന് തകാനിനി ഗുരുദ്വാരയിൽ നടന്ന റാലിയിൽ പങ്കെടുത്ത അമൃത്പാൽ സിംഗ് എന്ന ഡ്രൈവർ പറഞ്ഞു. ഇനി ഞാൻ എന്റെ കുട്ടികൾക്ക് എങ്ങനെ ഭക്ഷണം നൽകുമെന്നും അദ്ദേഹം ചോദിച്ചു.

വാഹനമോടിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇപ്പോൾ വാടക നൽകാൻ കഴിയുന്നില്ലെന്ന് മറ്റൊരു ഡ്രൈവറായ പരംവീന്ദർ സിംഗ് പറഞ്ഞു. യാതൊരു തെറ്റും ചെയ്യാതെയാണ് തങ്ങളുടെ കുടുംബം ശിക്ഷ അനുഭവിക്കുന്നതെന്ന് മറ്റൊരു ഡ്രൈവറായ കിരൺപ്രീത് സിംഗ് പറഞ്ഞു. താനും മറ്റ് ഡ്രൈവർമാരും ലൈസൻസ് മാറ്റിയെടുക്കുന്ന സമയത്ത് കാലങ്ങളായി അംഗീകരിച്ചുവരുന്ന ഡോക്യുമെന്റേഷൻ രീതിയാണ് പിന്തുടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോഗ്യരാക്കപ്പെട്ട ഡ്രൈവർമാർക്ക് പകരം ആളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരും പരാതിപ്പെട്ടു. ഈ കർശന നടപടി ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്നും ക്രിസ്മസിന് മുന്നോടിയായി സാധനങ്ങളുടെ ക്ഷാമത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും അവർ പറഞ്ഞു.

ന്യൂസിലാൻഡിന്റെ ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ്, കൊറിയർ മേഖലയുടെ നട്ടെല്ലാണ് ഇന്ത്യൻ വംശജരായ നിരവധി ഡ്രൈവർമാർ. അതിനാൽ, ഇന്ത്യൻകാർക്കെതിരായ ഈ നടപടി ഈ മേഖല കൂടുതൽ നഷ്ടത്തിലാക്കിയേക്കാം. മറ്റൊരു ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററായ രഞ്ജിത് സിംഗ് തങ്ങൾ ജോലിക്ക് വെച്ച നാല് ട്രക്ക് ഡ്രൈവർമാരിൽ ഒരാൾക്ക് ഇതിനകം ലൈസൻസ് റദ്ദാക്കൽ കത്ത് ലഭിച്ചതായും, യുഎഇയിൽ നിന്ന് വന്ന മറ്റൊരാൾ ഉടൻ ഈ തസ്തികയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

ന്യൂസിലാൻഡിൽ ഡ്രൈവർമാരെ കണ്ടെത്തുക എളുപ്പമല്ല. ഞാൻ ഒരു വർഷം ട്രേഡ്‌മേയിൽ പരസ്യം നൽകിയിട്ടും പ്രാദേശികമായി ഒരാളെ പോലും കണ്ടെത്താനായില്ല. അതുകൊണ്ടാണ് ഞങ്ങൾ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്തത്. രണ്ടാമതായി, ഒരു പുതിയ ഡ്രൈവർക്ക് പരിശീലനം നൽകാൻ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

content summary: More heavy-vehicle licences have been cancelled in New Zealand as part of a crackdown on fraudulent activity, and all of the affected truck drivers are Indian

This post was last modified on November 29, 2025 11:29 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment