March 25, 2025 |
Share on

സ്വയം കുഴിച്ച കുഴിയില്‍ ഇന്ത്യ, ചരിത്രമെഴുതി ന്യൂസിലാന്‍ഡ്

ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടവുമായി കിവീസ്

സ്വയം കുഴിച്ച കുഴിയില്‍ എന്ന ചൊല്ല് പോലെയായി കാര്യങ്ങള്‍. സ്പിന്‍ കെണിയൊരുക്കി എതിരാളിയ വീഴ്ത്താനാണ് ഇന്ത്യന്‍ ടീം കാത്തിരുന്നത്. പക്ഷേ വീണ് നടുവൊടിഞ്ഞത് അവരുടെ തന്നെ. 113 റണ്‍സിന് ആതിഥേയരെ തകര്‍ത്ത് ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടോം ലാഥവും സംഘവും.

ബംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഉണ്ടായ പരാജയത്തേക്കാള്‍ കയ്‌പ്പേറും പൂനെയിലെ തോല്‍വിക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ എതിരാളികളെ ചെറിയ സ്‌കോറിന് പുറത്താക്കിയിട്ടും, തിരിച്ചൊന്നും ചെയ്യാന്‍ ഇന്ത്യക്കായില്ല. ഒന്നാം ഇന്നിംഗ്‌സില്‍ 259 റണ്‍സിന് ന്യൂസിലാന്‍ഡിനെ പുറത്താക്കിയെങ്കിലും പേര് കേട്ട് ഇന്ത്യന്‍ ബാറ്റിംഗ് നിര വെറും 156 റണ്‍സിന് കൂടാരം കയറി. രണ്ടാം ഇന്നിംഗ്‌സിലും ന്യൂസിലാന്‍ഡിനെ 255 ല്‍ ഒതുക്കിയെങ്കിലും അപ്പോഴേക്കും 359 എന്ന കൂറ്റന്‍ ലക്ഷ്യം കീവീസ് ഉയര്‍ത്തിയിരുന്നു. ഇത്രയും റണ്‍സ് ഇന്ത്യ നേടുമെന്ന് സ്വന്തം ആരാധകര്‍ പോലും കരുതിയില്ല. എങ്കിലും ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഉണ്ടായ ചെറുത്തു നില്‍പ്പോലെ ഇത്തവണയും സംഭവിച്ചാലോ എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. 245 റണ്‍സിന് ഇന്ത്യ അവസാനിച്ചു.

സ്പിന്‍ തുണയ്ക്കും എന്ന് തന്നെയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് കണ്ടപ്പോള്‍ ആ പ്രതീക്ഷ വിജയിച്ചു എന്നു തന്നെ കരുതി. കുല്‍ദീപ് യാദവിനെ ഒഴിവാക്കി കൊണ്ടുവന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ സാന്നിധ്യം പലരുടെയും മുഖം ചുളുപ്പിച്ചെങ്കിലും അയാളായിരുന്നു കഥയിലെ നായകനായത്. 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍, കരിയര്‍ ബെസ്റ്റ് പ്രകടനം. ഇന്ത്യയുടെ വിജയശതമാനം 90 നും മുകളില്‍ എത്തി നിന്നു. പക്ഷേ, പ്രതീക്ഷകള്‍ക്ക് ആയുസ് മിച്ചല്‍ സാന്റ്‌നര്‍ ബോള്‍ കൈയിലെടുക്കും വരെ മാത്രമായിരുന്നു. സുന്ദര്‍ വിതച്ച ഭീഷണി, അതേ അളവില്‍ ആ ഇടങ്കയ്യനില്‍ നിന്നുണ്ടായപ്പോള്‍ മറുപടിയില്ലായിരുന്നു ടീം ഇന്ത്യക്ക്. 156 ല്‍ തീര്‍ന്ന് പുകള്‍പെറ്റ ബാറ്റിംഗ് വീര്യം. രണ്ടാം ഇന്നിംഗ്‌സിലും അശ്വിന്‍-സുന്ദര്‍-ജഡേജ സ്പിന്‍ ത്രയം ന്യൂസിലാന്‍ഡിനെ വരുതിയിലാക്കിയെങ്കിലും അപ്പോഴേക്കും അവര്‍ വേണ്ടതിലും അധികം നേടിയിരുന്നു. ഒന്നും മതിയായിട്ടില്ലെന്ന വാശിയിലായിരുന്നു സാന്റ്‌നര്‍. നിര്‍ത്തിയിടത്ത് നിന്നു തന്നെ അയാള്‍ തുടങ്ങിയപ്പോള്‍ ചരിത്രപരമായൊരു നാണക്കേടിലേക്ക് തലകുനിച്ച് ഇന്ത്യ കീഴടങ്ങി.

മിച്ചല്‍ സാന്റ്‌നര്‍ നന്ദി പറയേണ്ടത് ഇന്ത്യയോടാണ്. തന്റെ കരിയറിലെ അവിസ്മരണീയമായൊരു മത്സരത്തിന് വേണ്ടി പിച്ച് ഒരുക്കിയതിന്. ഈ മത്സരത്തിന് മുമ്പ് ഒരു ഇന്നിംഗ്‌സില്‍ മൂന്നില്‍ കൂടുതലോ, ഒരു ടെസ്റ്റ് മത്സരത്തില്‍ ആറ് വിക്കറ്റുകളോ സ്വന്തം പേരില്‍ ഉണ്ടായിരുന്നില്ല സാന്റ്‌നര്‍ക്ക്. എന്നാല്‍ ഈ ടെസ്റ്റില്‍ അയാള്‍ നേടിയത് 157 റണ്‍സിന് 13 വിക്കറ്റുകളാണ്. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴും രണ്ടാം ഇന്നിംഗ്‌സില്‍ ആറും. ഇതാദ്യമായാണ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പത്ത് വിക്കറ്റ് നേട്ടം ഈ ഇടങ്കയ്യന്‍ ബൗളര്‍ സ്വന്തമാക്കുന്നത്.

New Zealand historic test series win against india

Content Summary; New Zealand historic test series win against india

×