ന്യൂസിലാന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ച് നിര്‍ണായകമായൊരു ഒരു വഴിത്തിരിവിലാണ് അവരുടെ പുരുഷ ടീം എത്തിയിരിക്കുന്നത്. 36 വര്‍ഷത്തിനിടെ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം അവര്‍ ജയിച്ചിരിക്കുന്നു. ടോം ലാഥത്തിന്റെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം അങ്ങനെ ചരിത്രം എഴുതിയിരിക്കുന്നു.
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ബ്ലാക്ക് ക്യാപ്സ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 107 റണ്‍സ് എന്ന ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി. മഴ കാരണം മത്സരം വൈകിയെങ്കിലും വെറും 28 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു.
പരിക്കുമൂലം പുറത്തിരുന്ന സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണിന്റെ അസാന്നിധ്യത്തിലാണ് ഈ വിജയം അവര്‍ സ്വന്തമാക്കിയത്.
ടിം സൗത്തിയുടെ പിന്‍ഗാമിയായി മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനെന്ന സ്ഥാനത്തേക്ക് എത്തിയ ടോം ലാഥം തനിക്ക് കിട്ടിയ ആദ്യ അവസരം തന്നെ അനുകൂലമാക്കി. ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ഏറെ മഹത്വമുള്ള വിജയമാണിത്. 1988-ല്‍ ജോണ്‍ റൈറ്റിന്റെ നേതൃത്വത്തില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആതിഥേയരെ 136 റണ്‍സിന് പരാജയപ്പെടുത്തിതയാണ് അവരുടെ ഇന്ത്യന്‍ മണ്ണിലെ അവസാന ടെസ്റ്റ് വിജയം.
ഇന്ത്യന്‍ മണ്ണില്‍ കീവികളെ സംബന്ധിച്ച് ഒട്ടും സന്തോഷം നല്‍കുന്ന ചരിത്രമല്ല ഉള്ളത്. ആകെ മൂന്ന് ടെസ്റ്റ് വിജയങ്ങള്‍ മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്. 1969 ലാണ് ആദ്യം വിജയം, പിന്നീട് 1988ല്‍. അതിനുശേഷമാണ് 2024 ലെ ഇപ്പോഴത്തെ വിജയം. അതുകൊണ്ട് തന്നെ ഈ വിജയം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ലോകത്തിന് തന്നെ ആവേശം നല്‍കുന്നതാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടോസ് നേടിയതു മുതല്‍ നാടകീയമായ സംഭവ വികാസങ്ങള്‍ക്ക് തുടക്കമായി. എല്ലാവരും പ്രതീക്ഷിച്ചത് എതിരാളികളെ ബാറ്റിംഗിന് വിടുന്ന തീരുമാനമായിരുന്നു. രണ്ടാം ദിവസം മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കുമെന്ന് അറിഞ്ഞിട്ടും ശര്‍മ്മ ആദ്യം ബാറ്റ് ചെയ്യാനാണ് ഇറങ്ങിയത്. ആദ്യദിനം മഴയെത്തുടര്‍ന്ന് പൂര്‍ണമായും കളി ഉപേക്ഷിക്കപ്പെട്ടു. രണ്ടാം ദിവസം കളി തുടങ്ങിയപ്പോള്‍ കിവി പേസര്‍മാര്‍, പ്രത്യേകിച്ച് മാറ്റ് ഹെന്റിയും വില്യം ഒറൂര്‍ക്കും, മൂടിക്കെട്ടിയ അന്തരീക്ഷം മുതലാക്കി. അവര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കേവലം 46 റണ്‍സില്‍ ഒതുക്കി. ടെസ്റ്റ് ചരിത്രത്തില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഹെന്റി അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി, ഒ’റൂര്‍ക്ക് നാല് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 402 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടി. ഒരു ഘട്ടത്തില്‍ കിവീസ് 233/7 എന്ന നിലയില്‍ ആയിരുന്നു. എന്നാല്‍, എട്ടാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയും ടിം സൗത്തിയും ചേര്‍ന്ന് 137 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ അവര്‍ കുതിച്ചു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയായിരുന്നു. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അര്‍ധസെഞ്ചുറികള്‍ നേടി, എന്നാല്‍ യഥാര്‍ത്ഥ പ്രകടനങ്ങള്‍ സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് എന്നിവരില്‍ നിന്നാണ് ഉണ്ടായത്. സര്‍ഫറാസിന്റെ സെഞ്ച്വറി(150)യും പന്ത് നേടിയ 99 റണ്‍സും ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. പക്ഷേ ഇരുവരും പുറത്തായതോടെ കാര്യങ്ങള്‍ അവതാളത്തിലായി. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു. അവസാന ഏഴ് വിക്കറ്റുകള്‍ വെറും 54 റണ്‍സിനാണ് നഷ്ടമായത്. തിരിച്ചു വരാന്‍ വേണ്ടി കഠിനമായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഈ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതയ്ക്ക് വെല്ലുവിളിയുണ്ടാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഫലം പോലെയിരിക്കും ഭാവി.
ഇന്ത്യയില്‍ ചരിത്രം എഴുതിയതിനൊപ്പം തന്നെ ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ആവേശം വര്‍ധിപ്പിച്ചായിരുന്നു അവരുടെ വനിതാ ടീമിന്റെ കിരീടധാരണവും. ദുബായില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് പരാജയപ്പെടുത്തി അവര്‍ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് കിരീടം നേടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മെലി കെര്‍ 43 റണ്‍സുമായി ടോപ് സ്‌കോററയതിനൊപ്പം നിര്‍ണായക വിക്കറ്റുകളും നേടി മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു. ഈ വിജയം 2000 ന് ശേഷം ന്യൂസിലന്‍ഡിന്റെ ആദ്യത്തെ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് കിരീടനേട്ടമാണ്. രാജ്യത്തെ വനിതാ ക്രിക്കറ്റിന് ഗണ്യമായ ഉത്തേജനം നല്‍കുന്നതു കൂടിയാണ് ലോകകപ്പ്. ഈ വിജയത്തിനായി ദീര്‍ഘനാളായി അധ്വാനിക്കുന്ന സുസി ബേറ്റ്സ്, സോഫി ഡെവിന്‍, ലിയ തഹുഹു തുടങ്ങിയ വെറ്ററന്‍ താരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ കിരീടം. ‘ഞങ്ങളെ സംബന്ധിച്ച് ഇതെല്ലാമാണ്, നിങ്ങള്‍ ടീം സ്പോര്‍ട്സ് കളിക്കുമ്പോള്‍, നിങ്ങള്‍ ഒരു ലോക ചാമ്പ്യനാകാന്‍ ആഗ്രഹിക്കുന്നു ഞങ്ങള്‍ അതിനു വേണ്ടി പോരാടി. വ്യക്തിപരമായി മാത്രമല്ല, ടീമിനും ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ചും ഈ വിജയം വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്’ സുസി ബേറ്റ്സിന്റെ വാക്കുകള്‍.
രണ്ട് വിജയങ്ങളും-ഒന്ന് പുരുഷന്‍മാരുടെ ടെസ്റ്റ് ക്രിക്കറ്റിലെയും മറ്റൊന്ന് വനിതകളുടെ ടി20യിലെയും-ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ ഭാവിയെയാണ് വ്യക്തമാക്കുന്നത്. ഇരു ടീമുകളുടെയും നേട്ടങ്ങള്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. ആരാധകരും കളിക്കാരും ആഘോഷമാക്കുന്ന ഈ ചരിത്രദിനം ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ സംബന്ധിച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ഒരുമയുടെയും വിജയം ലക്ഷ്യം കണ്ട ദിവസമാണ്, എന്നെന്നും ഓര്‍ത്തുവയ്‌ക്കേണ്ട ദിവസം. New Zealand cricket, men teams won test match against india after 36 years, women team won t20 world cup
Content Summary; New Zealand cricket, men teams won test match against india after 36 years, women team won t20 world cup