February 14, 2025 |
Share on

ഗോപന്റെ സമാധി കല്ലറ: പൊളിക്കാനുറച്ച് പോലീസ്, അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് കുടുംബം

മണിയനില്‍ നിന്ന് ഗോപന്‍ സ്വാമിയിലേക്ക്

നെയ്യാറ്റിന്‍കര ഗോപന്റെ ‘സമാധി കല്ലറ’ പൊളിക്കാനുറച്ച് പോലീസ്. കളക്ടറുടെ ഉത്തരവ് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നിയമ, ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ തുടരുന്നതിനാല്‍ അന്തിമതീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് ജില്ലാ ഭരണകൂടം. അതേസമയം കല്ലറ പൊളിക്കാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം.Neyyatinkara Gopan swami samadhi: police decide to open the grave

കല്ലറ പൊളിക്കുന്ന തീയതി സംബന്ധിച്ച് കുടംബത്തിന് ജില്ലാ ഭരണകൂടം നോട്ടീസ് കൈമാറും. എന്നാല്‍ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ കളക്ടര്‍ നോട്ടീസ് നല്‍കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്. സാഹചര്യങ്ങള്‍ വിലയിരുത്തി രണ്ട് ദിവസത്തിനുള്ളില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ നീക്കം.

സംഭവത്തില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്ത് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭാര്യയും മക്കളും ബന്ധുക്കളും നല്‍കുന്ന മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വിശദമായ മൊഴിയെടുക്കലിനും പോലീസ് ശ്രമിക്കുന്നുണ്ട്. മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകളുമായി സബ് കളക്ടറും പോലീസും നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ഗോപന്‍ സ്വാമി നടന്നുപോയി കല്ലറയില്‍ ഇരുന്ന് സമാധിയായെന്നാണ് കുടുംബം പറയുന്നത്. ഗോപന്‍ സ്വാമി സമാധിയായെന്നും സംസ്‌കരിച്ചെന്നും മക്കള്‍ തന്നെ വീട്ടുപരിസരത്ത് നോട്ടീസ് പതിപ്പിച്ചതോടെയാണ് മരണവിവരം നാട്ടുകാര്‍ അറിഞ്ഞത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍. പോസ്റ്റര്‍ അച്ചടിച്ചതിലും ദുരൂഹത നിലനില്‍ക്കുന്നതായാണ് പോലീസ് പറയുന്നത്. എവിടെ നിന്നാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നതിലും മക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. പോസ്റ്റര്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്നതായി സംശയിക്കുന്നതായും പോലീസ് പറയുന്നു.

അതേസമയം, ഗോപന്‍ സ്വാമി സമാധിയായ ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴിയിലും പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും മരണസമയത്ത് വീട്ടില്‍ ഉണ്ടയിരുന്നില്ലെന്നായിരുന്നു അതുവരെ കുടുംബം വ്യക്തമാക്കിയിരുന്നത്. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മണിയനില്‍ നിന്ന് ഗോപന്‍ സ്വാമിയിലേക്ക്

മണിയന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അക്കാലത്ത് നെയ്ത്ത് ആയിരുന്നു തൊഴില്‍. പിന്നീട് ചുമട്ടുതൊഴിലാളിയായി. അക്കാലത്തെല്ലാം നെയ്യാറ്റിന്‍കര പ്ലാവിളയിലായിരുന്നു താമസം. 20 വര്‍ഷം മുമ്പാണ് കാവുവിളയല്‍ സ്ഥലം വാങ്ങി താമസമാക്കിയത്. പിന്നീട് വീടിനോട് ചേര്‍ന്ന് കൈലാസനാഥന്‍ മഹാദേവര്‍ ക്ഷേത്രവും നിര്‍മിച്ചു. ആത്മീയതയുടെ വഴിയിലേക്ക് നീങ്ങിയതോടെയാണ് പേര് ഗോപന്‍ സ്വാമി എന്നായി മാറിയതും. ക്ഷേത്രത്തിന് പുറത്തായി അഞ്ച് വര്‍ഷം മുമ്പാണ് സമാധിക്കായി പദ്മപീഠം നിര്‍മിച്ചതെന്നും പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ മൈലാടിയില്‍ നിന്നാണ് കല്ലുള്‍പ്പെടെ കൊണ്ട് ഗോപന്‍ തന്നെയാണ് സമാധിപീഠം നിര്‍മിച്ചത്.

എന്നാല്‍ രക്തസമ്മര്‍ദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു ഗോപന്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി കിടപ്പിലുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ ഉള്‍പ്പെടെ പറയുന്നത്. എന്നാല്‍ സമാധിയായെന്ന പറയുന്ന ദിവസം രാവിലെ ഗോപന്‍ നടന്നത് സമാധി കല്ലറയില്‍ പോയി ഇരുന്ന് സമാധിയായെന്നാണ് മക്കളും ഭാര്യയും പറയുന്നത്. കുടുംബത്തിന്റെ ഈ മൊഴിയും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഇതോടെ അന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം.Neyyatinkara Gopan swami samadhi: police decide to open the grave

Content Summary: Neyyatinkara Gopan swami samadhi: police decide to open the grave

×