നെയ്യാറ്റിൻകരയിലെ ഗോപന്റെ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം മൂന്ന് തലങ്ങളിൽ നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിഷം അകത്ത് ചെന്നാണോ, പരിക്കേറ്റാണോ, അതോ സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കും. വിഷാംശത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും ശേഖരിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനാ ഫലം വരുന്നതിന് ഒരാഴ്ച്ചയെങ്കിലും കാലതാമസമു
ണ്ടാകും. മറ്റു പരിക്കുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് റേഡിയോ, എക്സ് റേ പരിശോധനകളും നടത്തും, ഇതിന്റെ ഫലം ഇന്നു തന്നെ ലഭിക്കും. സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് മൂന്നാമത്തെ പരിശോധന നടത്തുന്നത്. രോഗാവസ്ഥയടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധനയും നടത്തും. പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ സനന്ദനെയും കൊണ്ടുപോയിട്ടുണ്ട്. ആദ്യം എതിർത്തെങ്കിലും പിന്നീട് മകൻ പോകാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത് എങ്കിൽ സ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ്മോർട്ടം ചെയ്യാനായിരുന്നു തീരുമാനം. ഇതിനായി ഫോറൻസിക് സർജൻ അടക്കമുള്ള സ്ംഘധവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ പുറത്തെടുത്ത മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങുകയായിരുന്നു. ചുറ്റും പൂജാദ്രവ്യങ്ങളും ഭസ്മവുമായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുൻപ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗോപൻ എന്ന് വ്യക്തിയെ കാണാതായ കേസിൽ കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിരാവിലെ പോലിസ് സന്നാഹങ്ങളുമായി എത്തി കല്ലറ പൊളിക്കുകയായിരുന്നു. എന്നാൽ നേരത്തെ വൻ പ്രതിഷേധമുയർത്തിയിരുന്ന കുടുംബം കല്ലറ പൊളിക്കുമ്പോൾ കാര്യമായ പ്രതിഷേധങ്ങളൊന്നും നടത്തിയില്ല.
content summary; neyyattinkara gopan swami dead body post mortem, doctors say there are three levels of testing