നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങള്‍ ഇടിഞ്ഞുതാഴുന്നത് ഗുരുതരമായ ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പലയിടത്തും റോഡ് ഇടിഞ്ഞ് താഴുകയും വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തതിന് പുറമെ തെക്കന്‍ കേരളത്തിലും വ്യാപകമായ ആശങ്ക ഉയരുകയാണ്. നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതയില്‍ വിള്ളലുകള്‍ രൂപപ്പെട്ടത് നിര്‍മാണത്തിലെ അശാസ്ത്രീയതയും അലംഭാവവുമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി.
എന്‍എച്ച്എഐ എഞ്ചിനീയറെ പിരിച്ചുവിട്ടതിന് പുറമെ എന്‍എച്ച് 66 ന്റെ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പദ്ധതിയുടെ കരാറുകാരനോ കണ്‍സഷന്‍ ഉടമയോ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കോണ്‍ട്രാക്ടറില്‍ നിന്ന് മുഴുവന്‍ തുകയും ഈടാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് എന്‍എച്ച്എഐയുടെ നിലപാട്.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും നിര്‍മാണം പുരോഗമിക്കുന്ന റോഡുകളില്‍ ആശങ്ക വര്‍ധിക്കുകയാണ്. നിര്‍മാണത്തില്‍ വന്ന അപാകതകളും സാമ്പത്തിക ഇടപാടുകളും പരിസ്ഥിതി ആഘാതങ്ങളും കൂടി കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം പരിശോധനകള്‍ മുന്നോട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെ സുതാര്യമാക്കുന്നതിനും സഹായകമാകും.
മെയ് 19നാണ് മലപ്പുറം കൂരിയാട് എലിവേറ്റഡ് ഹൈവേയുടെ ഒരു ഭാഗം തകര്‍ന്ന് വീണത്. ഉയര്‍ന്ന ഭാരം താങ്ങാന്‍ അടിത്തറയുടെ മണ്ണിന് കഴിയാത്തതാണ് വിള്ളലുണ്ടാവാനുള്ള കാരണമെന്ന് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലില്‍ കണ്ടെത്തിയിരുന്നു. രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെ നീണ്ടുകിടക്കുന്ന ബൈപാസിന്റെ പണി 90 ശതമാനത്തോളം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. 39.7 കിലോമീറ്റര്‍ പദ്ധതിയ്ക്ക് ആകെ ചിലവായത് 2,368 കോടി രൂപയാണ്. ഐഐടി ഡല്‍ഹിയിലെ ഡോക്ടര്‍ അനില്‍ ദീക്ഷിത്, ഐഐടി കാണ്‍പൂരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ കെ മോഹന്‍ കൃഷ്ണ, ഐഐടി ഡല്‍ഹി റിട്ടയര്‍ പ്രൊഫസര്‍ സി റാവു എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ദുരന്തം സംഭവിച്ച ദിവസം തന്നെ എന്‍എച്ച്എഐ നിയോഗിച്ചിരുന്നു. തകരാര്‍ വിശകലനം ചെയ്യുന്നതിനും പരിഹാര നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി മെയ് 21ന് വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ഉയര്‍ന്ന കരയിലെ ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് തകരാറിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍ സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഹൈദരാബാദ് ആസ്ഥാനമായുള്ള കണ്‍സഷനറെ പദ്ധതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പുറമേ ഇയാളില്‍ നിന്ന് 11.8 കോടി രൂപ പിഴ ഈടാക്കാനും ഒരു വര്‍ഷം വരെ ഡീബാര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ ഇയാളോട് കാരണംകാണിക്കല്‍ നോട്ടീല്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കണ്‍സേഷനേയറിന്റെ പ്രോജക്ട് മാനേജറെയും സസ്‌പെന്‍ഡ് ചെയ്തു. കണ്‍സഷനേയര്‍ സ്വന്തം ചിലവില്‍ ഒരു പുതിയ ഫ്‌ലൈഓവര്‍ നിര്‍മ്മിച്ച് കേടുപാടുകള്‍ പരിഹരിക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും വേണമെന്നാണ് നിര്‍ദേശമെന്ന് ഒരു ഉദ്യോ?ഗസ്ഥന്‍ പറഞ്ഞു. കണ്‍സഷനര്‍ക്ക് പുറമേ പദ്ധതിയുടെ സ്വതന്ത്ര എഞ്ചിനീയറെയും ടീം ലീഡറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മെയ് 29നാണ് ഡിസൈന്‍ കണ്‍സള്‍ട്ടന്റായ സ്ട്രാറ്റ ജിയോ സിസ്റ്റം, എച്ച്ബിഎസ് ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ്, സുരക്ഷാ കണ്‍സള്‍ട്ടന്റ് ശ്രീ ഇന്‍ഫോടെക് എന്നിവയെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുകയും, 20 ലക്ഷം രൂപയോളം പിഴ ചുമത്തുകയും ചെയ്തത്.
മലപ്പുറം കൂരിയാട് ഹൈവേയുടെ നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കെ ഓവര്‍ പാസില്‍ നിന്ന് മതില്‍ തകര്‍ന്ന് സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡ്‌നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്ക് കീഴില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎന്‍ആര്‍സിഎല്‍ കമ്പനിയാണ് ഹൈവേയുടെ നിര്‍മ്മാണം ഏറ്റെടുത്തത്. കൂരിയാട് അപകടമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു പല പ്രദേശങ്ങളിലുമായി വിള്ളല്‍ രൂപപ്പെട്ടതായും അപകടമുണ്ടായതായുമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം കൂരിയാടിന് പുറമേ കണ്ണൂര്‍, തൃശൂര്‍ പ്രദേശങ്ങളിലായി ചിലയിടങ്ങളിലും മണ്ണിടിച്ചിലും വിള്ളലുമുണ്ടായതോടെ പാതയുടെ നിര്‍മ്മാണ ?ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകള്‍ ശക്തമായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍മ്മാണത്തിന്റെ കരാറുകാരനും കമ്പനിയ്ക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനത്തിലേക്ക് കേന്ദ്രമെത്തുന്നത്.
content summary: NH-66 Road Collapse in Kerala, NHAI Suspends Project Director, Directs Contractor to Cover Repair Costs