UPDATES

‘വെറുതെ ഒരു നായികയാക്കുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങള്‍ ഒഴിവാക്കുന്നതാണ്’-നിഖില വിമല്‍

ചുമ്മാ എവിടെയെങ്കിലും ഒരു നായികയെ കുത്തിനിറച്ച് വയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാവുക

                       

ജയറാം- സത്യന്‍ അന്തിക്കാട് കോംമ്പിനേഷനില്‍ പിറന്ന ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായി മലയാള മനസില്‍ ഇടം നേടിയ താരമാണ് നിഖില വിമല്‍. 2024 മലയാള സിനിമയുടെ തിരിച്ച് വരവ് കാലമാണെന്ന് പറയുമ്പോള്‍ യുവതലമുറയിലെ നായിക നിരയില്‍ എഴുതാവുന്ന പേരുകളിലൊന്ന്. ഗുരുവായൂര്‍ അമ്പല നടയില്‍ ആണ് നടിയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. ചിത്രത്തെയും അതിന്റെ വിശേഷങ്ങളെയും കുറിച്ച് പറയുകയാണ് നിഖില.

വീണ്ടും തേപ്പുകാരി ഇമേജ്

ഞാന്‍ പ്രകാശന്‍ സിനിമയിലെ തേപ്പുകാരി, ആ ലേബലിലാണ് കുടുതലാളുകളും എന്നെ തിരിച്ചറിയാറുള്ളത്. സമാന റോള്‍ രണ്ടാം തവണയാണ് ചെയ്യുന്നത്. എന്നാല്‍ ഗുരുവായൂര്‍ അമ്പലനടയിലെ പാര്‍വ്വതിയുടെ വേഷം കഥാഗതിയില്‍ നിര്‍ണായകമായ ഒരാളാണ്. അനശ്വരയുടേയും തന്റെയും കഥാപാത്രങ്ങള്‍ക്ക് കഥയെ മുന്നോട്ടുകൊണ്ടു പോവുന്നതില്‍ പ്രൊമിനന്‍സ് ഉണ്ട്. എന്നാലത് സ്ത്രീ കേന്ദ്രീകൃത സിനിമാ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനും സാധിക്കില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങളും സഞ്ചരിക്കുകയാണ്. കഥാതന്തു കടന്ന് പോവുന്നത് തന്റെ കഥാപാത്രത്തിലൂടെയാണ്. അപ്പോഴും മുഴുനീള സ്‌ക്രീന്‍ സ്‌പെയ്‌സ് കഥാപാത്രത്തിനില്ല. ജയ ജയ ജയഹേ-യ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമ, മൊത്തത്തിലുള്ള താര നിര, കഥാഗതിയിലെ പ്രാധാന്യം ഇവയൊക്കെയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും താരം പറയുന്നു.

പ്രൊഡക്ഷന്‍ വാല്യു അടക്കം നോക്കി

വിചാരിക്കുന്ന അത്ര സ്‌ക്രീന്‍ സ്‌പെയ്‌സ് പല ചിത്രങ്ങളിലും കിട്ടാറില്ല. അപ്പോഴും മറ്റ് ഘടകങ്ങള്‍ കൂടെ വിലിയിരുത്തിയാണ് സിനിമ തിരഞ്ഞെടുക്കാറ്. ഗുരൂവായൂര്‍ അമ്പലനടയില്‍ പ്രധാന ഘടകം വിപിന്‍ ദാസ് ആണ്. പ്രൊഡക്ഷന്‍ വാല്യൂ, വിപണി വിജയ സാധ്യത എന്നിവയും വലിയൊരു താരനിരയുടെ ഭാഗമാവുക ഇതെല്ലാം പരിഗണിച്ചാണ് ചിത്രത്തിന്റെ ഭാഗമായത്. അഭിനയ മികവ് വലിയ രീതിയില്‍ കാഴ്ച വയ്ക്കാനില്ലെങ്കിലും സാന്നിധ്യം കൊണ്ട് പോലും കഥയെ മുന്നോട്ട് നയിക്കാവുന്ന റോളാണ് ചിത്രത്തിലുള്ളത്. മുന്‍പും പല ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധിക്കുന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നിഖില പറഞ്ഞു. അടുത്തകാലത്ത് ഇറങ്ങിയവയില്‍ ഇഷ്ടപ്പെട്ട റോള്‍ ഒടിടിയില്‍ റിലീസായ പേരില്ലുരിലെ കഥാപാത്രമാണ്. മറ്റൊന്ന്
ജോ ആന്‍ഡ് ജോ ആണ്. ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ കുറച്ച് കൂടി സീനുകള്‍ കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. അത് പറയാറുമുണ്ട്. പക്ഷെ പലപ്പോഴും അത്തരം സീനുകള്‍ കൂട്ടിചേര്‍ക്കാനുള്ള ഇടം അണിയറക്കാര്‍ക്ക് കിട്ടാറില്ല. അതുകൊണ്ട് തന്നെ വലിയ രീതിയില്‍ അടുത്തകാലത്തൊന്നും അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഗുരുവായൂരമ്പല നട-യെ കുറിച്ച് പറയുകയാണെങ്കില്‍ വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. 1500 ഓളം പേര്‍. അത്തരമൊരു ചിത്രത്തിന്റെ ഭാഗമാവുകയും വലിയ കാര്യമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. എടുത്തുപറയേണ്ട കാര്യം ഇത്രയും പേര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നുവെന്നതാണ്. ഫുഡും ടോയ്‌ലറ്റും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുള്ളവയാണ് അതെന്ന് കൂടി ഓര്‍ക്കണം. അത്തരത്തിലൊരു അനുഭവം മലയാള സിനിമയില്‍ ആദ്യമായിട്ടാണെന്നും നിഖില ചൂണ്ടികാട്ടി.

സ്ത്രീ പ്രാതിനിധ്യം കുറഞ്ഞോ?

സ്ത്രീ പ്രാതിനിധ്യമുള്ള സിനിമ എന്ന് പറയുമ്പോള്‍ സ്‌ക്രീനില്‍ വലിയൊരു സ്‌പെയ്‌സ് സ്ത്രീ കഥാപാത്രങ്ങള്‍ക്കായി കിട്ടണം. അടുത്തിടെ ഇറങ്ങിയ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ളവ നോക്കിയാല്‍ ചുമ്മാ എവിടെയെങ്കിലും ഒരു നായികയെ കുത്തിനിറച്ച് വയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. അത് കൊണ്ട് കാര്യമുള്ളതായി തോന്നുന്നില്ല. ഒന്നിനും അല്ലാതെ ഒരു വേഷം നല്‍കുന്നതിലും നല്ലത് അത്തരമൊരു കഥാപാത്രം ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നത് തന്നെയാണെന്നും നിഖില പറയുന്നു.

പൃഥ്വിരാജിനും നിഖിലക്കും പുറമെ ബേസില്‍ ജോസഫ്, അനശ്വര രാജന്‍ തുടങ്ങിയവരും എത്തുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പല നടയില്‍. തമിഴ് നടന്‍ യോഗി ബാബു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. പൃഥ്വിയും ബേസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

 

English Summary; Guruvayoor Ambalanadayil; Nikhila Vimal on the lack of female characters in recent Malayalam blockbusters

 

Share on

മറ്റുവാര്‍ത്തകള്‍