പിണറായി സർക്കാർ കേരളത്തിൽ ഭരണം തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ പിന്നിടുകയാണ്. 2016ലാണ് പിണറായി അധികാരത്തിലേറിയത്, പിന്നീട് 2021ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തുടർഭരണം ലഭിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്ന് കാസറഗോഡ് തുടക്കം കുറിച്ചു. പിലിക്കാട് പഞ്ചായത്ത് മൈതാനിയിൽ 73,923 ചതുരശ്ര അടിയുള്‌ല പന്തലിലെ പ്രദർശനം 27 വരെ തുടരും. സംസ്ഥാനത്ത് മെയ് 30 വരെയാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുത്ത് യോഗവും പ്രദർശന വിപണന മേളയുമുണ്ടാകും.Nine Years of LDF Government
കേരളമാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതി വരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരികയും, ഇനിയും വികസനത്തിന്റെ പാതയിലേക്ക് കടക്കാൻ നിരവധി പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്ത സർക്കാരാണ് എൽഡിഎഫ് സർക്കാർ. കേരളത്തിലെ ഓരോ ഉൾഗ്രാമങ്ങളിൽ പോലും പൊട്ടിപ്പൊളിയാത്ത വൃത്തിയുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രികൾ, പുതിയ ടൂറിസം പദ്ധതികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകൾ തുടങ്ങി നിരവധി മാറ്റങ്ങളാണ് സർക്കാർ കേരളത്തിൽ കൊണ്ടുവന്നത്.
കോവിഡിന്റെയും പ്രളയത്തിന്റെയും സമയത്ത് അടിപതറാതെ ജനങ്ങൾക്കൊപ്പം നിന്ന സർക്കിരിനെയായിരുന്നു നമുക്ക് കാണാൻ സാധിച്ചത്. കോവിഡ് കാലത്ത് ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും. വലിയ രീതിയിൽ ജാഗ്രതാ നിർദേശങ്ങളുമെല്ലാം തന്ന് ജനങ്ങൾക്കൊപ്പം നിൽക്കാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു.
കേരളത്തിലെ വികസന ചരിത്രത്തിന് പുതിയ അധ്യായം കുറിക്കുകയായിരുന്നു വിഴിഞ്ഞം തുറമുഖം. ജൂലൈ ഒന്നിന് ട്രയൽ ആരംഭിച്ചത് മുതൽ ക്രിസ്മസ് വരെ 102 ചരക്കുകപ്പലുകളാണ് തീരത്ത് നങ്കൂരമിട്ടത്.
രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ വ്യവസായനയം തന്നെ പുതുക്കുകയായിരുന്നു രണ്ടാം പിണറായി സർക്കാർ. 2023ൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിൽ 28ൽ നിന്ന് 15-ാം സ്ഥാനത്തേക്ക് വ്യവസായ കേരളത്തെ നയിച്ചു. ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങിൽ കേരളം ഒന്നാമതാണ്.
ഭൂമി തർക്കങ്ങളില്ലാത്ത ഭാവിക്കായി ഡിജിറ്റൽ ഭൂ സർവ്വേ എന്ന പദ്ധതി കൊണ്ടുവന്നു. സമഗ്ര ഭൂ വിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഡിജിറ്റൽ റീ സർവ്വേ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങളുള്ള കേരളം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ഏറ്റവും വിപുലമായ ആരോഗ്യ സംരക്ഷണം ഏർപ്പെടുത്താൻ സജ്ജമായിക്കഴിഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം, തിരുനവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മികവിന്റെ കേന്ദ്രം അംഗീകാരം തുടങ്ങി 28ൽ അധികം അംഗീകാരങ്ങൾ കേരളം സ്വന്തമാക്കി.
ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും കേരളം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകഴിഞ്ഞു. 292 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാക് അക്രഡിഷൻ ലഭിച്ചു. കോളേജുകളിൽ രാജ്യത്തെ ആദ്യ നൂറിൽ 16 സ്ഥാനത്തുണ്ട് കേരളത്തിലെ കോളേജുകൾ.
കെ സ്മാർട്ട് എന്ന പേരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഏകീകൃത ഇ-ഗവേണൻസ് സേവന പ്ലാറ്റ്‌ഫോം പൂർണ സജ്ജമാക്കി.
മാലിന്യ മുക്തം നവകേരളം എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 1021 തദ്ദേശസ്ഥാപനങ്ങൾ മാലിന്യ മുക്തമാക്കി.
2021ൽ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടുകളിലേക്ക് വളർന്നിരിക്കുകയാണ്. 10 ദ്വീപുകളിൽ നിന്നായി 38 ടെർമിനലുകളെ പദ്ധതി ബന്ധിപ്പിക്കും. ഇതുവരെ വാട്ടർ മെട്രോയിൽ 35 ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്തിരിക്കുന്നത്.
പവർകട്ടും, ലോഡ്‌ഷെഡ്ഡിങ്ങളും പൂർണമായും ഒഴിവാക്കപ്പെട്ടു. ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ കഴിഞ്ഞ എട്ട് വർഷങ്ങൾകൊണ്ട് 1679.169 മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
പട്ടിക വിഭാഗത്തിലുള്ള ആളുകൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. ഭവനനിർമാണത്തിനായി ഒൻപത് വർഷത്തിനുള്ളിൽ 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമിയാണ് നൽകിയത്. ഭൂരഹിത ഭവന പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ൽ നിന്നും 70 ആക്കിയ വരുമാന പരിധി 1,00,000 രൂപയായും ഉയർത്തി.
കേരള ജനതയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ ദേശീയ പാത 66 ന്റെ പ്രവർത്തി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ബൈപാസ്, കഴക്കൂട്ടം ഫ്‌ളൈ ഓവർ, പാലൊളി-മൂരാട് പാലങ്ങൾ, നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് എന്നീ പ്രവൃത്തികൾ പൂർത്തിയായി. മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം അന്തിമഘട്ടത്തിലാണ്.
വികസനങ്ങൾ കൊണ്ടുവന്നെങ്കിലും നിരവധി കാര്യങ്ങളിൽ വിമർശനങ്ങൾ കൂടുതലായി ഉയർന്നുവന്ന സർക്കാർ കൂടിയാണിത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു അധികവും.
ജനികീയ സമരങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടായിരുന്നു ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയത്. രണ്ടാം പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം സിൽവർ ലൈൻ വേഗ റെയിലുമായി ബന്ധപ്പെട്ടതായിരുന്നു. പ്രാദേശിക സമരങ്ങൾ പ്രതിപക്ഷം ഏറ്റെടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ആശങ്കകൾ പ്രദേശവാസികൾ പ്രകടിപ്പിച്ചപ്പോൾ ആദ്യം അവഗണനയായിരുന്നു സർക്കാരിന്റെ മറുപടി. പദ്ധതി തടസപ്പെടുത്തിക്കൊണ്ട് 110 ദിവസത്തെ സമരം സർക്കാരിന് നേരിടേണ്ടി വന്നു.
ഒന്നര വർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകാത്ത മുട്ടിൽ മരംമുറി കേസിൽ സർക്കാർ നിലപാട് സംശയകരമെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ കെഎസ്ആർടിസിയിലും, കെഎസ്ഇബിയിലുമുണ്ടായ മാനേജ്‌മെന്റ് തൊഴിലാളി തർക്കം സർക്കാരിനെ പഴി കേൾപ്പിച്ചിരുന്നു. കെഎസ്ആർടിസിയിൽ ശമ്പളത്തിന്റെ അനിശ്ചിതാവസ്ഥ മറ്റൊരു പ്രശ്‌നമാണ്.
സിൽവർ ലൈൻ, കെ ഫോൺ, കോവളം-ബേക്കൽ ജലപാത, ശബരിമല വിമാനത്താവളം തുടങ്ങിയ പദ്ധതികൾ സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. തുടങ്ങി നിരവധി ആരോപണങ്ങളും വിവാദങ്ങളും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ഉണ്ടായിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാർ ഏറ്റവുമധികം പഴി കേട്ടത് പോലീസിന്റെ പ്രശ്‌നങ്ങളിലായിരുന്നു. പല തവണയായി, പല വിഷയങ്ങളിൽ പോലീസും ജനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ സർക്കാരിനെതിരെ വന്നിരുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ വൈകിപ്പിക്കൽ ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയിരുന്നു. നിലവിലുള്ള കരാറിൽ പല പാക്കേജുകളും പൂർണമല്ലാത്തതിനാൽ പലരും സ്വന്തം ചിലവിൽ ചികിത്സ നടത്തേണ്ടി വരുന്നതിനെപ്പറ്റി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. പ്രധാനപ്പെട്ട പല സ്വകാര്യ ആശുപത്രികളും പദ്ധതിയുമായി സഹകരിക്കുന്നില്ലെന്ന പ്രശ്‌നവും നേരിട്ടിരുന്നു.
കേരളത്തിലെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ ഒന്നിച്ച് ചേർത്തുകൊണ്ട് നവംബർ ഒന്നമുതൽ ഏഴ് വരെ തലസ്ഥാനത്ത് നടത്തിയ പരിപാടിയാണ് കേരളീയം. എന്നാൽ കേരളീയം അനാവശ്യ ചിലവാണെന്നും കണക്കുകൾ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ഖജനാവ് കാലിയായിരിക്കുമ്പോൾ ഇത്തരം പരിപാടികൾ വയ്ക്കുന്നതെന്തിന് എന്ന ചോദ്യവും ഉയർന്നിരുന്നു.Nine Years of LDF Government
Content summary; Nine Years of LDF Government in Kerala: Achievements and Shortcomings