December 09, 2024 |

നടിമാര്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലം വരണം

കഴിവ് മാനദണ്ഡമായാല്‍ വിധേയത്വത്തിന് സ്ഥാനമില്ലാതാകും

നടിമാര്‍ക്ക് ഗോഡ്ഫാദര്‍ വേണ്ടാത്ത കാലം വരണം. സിനിമ ആണ്‍ അധികാരത്തിന്റെ കലയാകരുത്. സ്ത്രീകള്‍ക്ക് മാന്യതയും അവകാശങ്ങളും ഉണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു മലയാളം. ഉദയായില്‍ ഷീലയ്ക്കും ജയഭാരതിക്കും ശാരദയ്ക്കുമൊക്കെ പ്രത്യേകം മുറികള്‍ ഉണ്ടായിരുന്നു. അവിടെ നിന്നാണ്, കുറച്ചൊന്നു വിശ്രമിക്കാനോ വസ്ത്രം മാറാനോ സൗകര്യം ചോദിക്കുന്നവരെ അഹങ്കാരിയാക്കുന്നവരിലേക്ക് സിനിമ ‘വളര്‍ന്നത്’.

ആരുടെയും ഔദാര്യം വേണ്ട. കഴിവാകണം മാനദണ്ഡം. സിനിമയില്‍ അഭിനയിക്കാനോ പിന്നണിയില്‍ പ്രവര്‍ത്തിക്കാനോ ആരെങ്കിലും അവസരം വാങ്ങിച്ചു തരേണ്ട ഗതികേട് സ്ത്രീകള്‍ക്ക് ഉണ്ടാകരുത്. അതവര്‍ക്ക് സ്വാഭാവികമായി കിട്ടണം. വ്യക്തിത്വം എന്നുണ്ട്. അത് നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയ്ക്കു നിര്‍ബന്ധിക്കരുത്, ആരും ആരെയും.

സിനിമ ഒരു സ്വപ്നജീവിതം മാത്രമല്ല, കൂലി വാങ്ങി ചെയ്യുന്ന തൊഴില്‍ കൂടിയാണ്. സിനിമയില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെങ്കില്‍ വേറെ വല്ല തൊഴിലിനും പൊയ്ക്കൂടേ എന്നൊരു ചോദ്യമുണ്ട്. മൂന്നാറിലെ തോട്ടത്തില്‍ തുച്ഛമായ കൂലിക്ക് കാലങ്ങളായി പണിയെടുത്തുന്ന വന്നിരുന്ന സ്ത്രീകളും കേട്ടിട്ടുണ്ട് ഇതേ ചോദ്യം. കൂലി കൂടുതല്‍ വേണമെങ്കില്‍ വേറെ ജോലി നോക്കണമെന്ന്. ഇതാണ് ഞങ്ങളുടെ തൊഴില്‍, ഇതേ തൊഴില്‍ തന്നെയാണ് തുടര്‍ന്നും ചെയ്യാന്‍ പോകുന്നത്, അതിന് ഞങ്ങള്‍ക്ക് ന്യായമായ കൂലി കിട്ടണമെന്ന് ആ സ്ത്രീകള്‍ നിര്‍ബന്ധം പിടിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും വലിയ തൊഴില്‍ സമരത്തിനാണ് മൂന്നാര്‍ സാക്ഷ്യം വഹിച്ചത്. പെണ്ണുങ്ങള്‍ നടത്തിയ സമരം. സമാനമായ പോരാട്ടമാണ് സിനിമയിലും ഇപ്പോള്‍ നടക്കുന്നത്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അനുവദിക്കപ്പെടുന്നില്ലെങ്കില്‍, അത് പിടിച്ചു വാങ്ങുക തന്നെ ചെയ്യണം. തുല്യമായ കൂലിയല്ല, അര്‍ഹമായ കൂലി കിട്ടണം. അര്‍ഹമായ സൗകര്യങ്ങള്‍ കിട്ടണം. അര്‍ഹമായ പരിഗണന കിട്ടണം.

ഏതൊരു തൊഴിലിടത്തിലുമെന്ന പോലെ, കഴിവ് മാദണ്ഡമാക്കിയുള്ള റിക്രൂട്ട്‌മെന്റ് സിനിമയിലും നടക്കട്ടെ. ഈ നടിയെ സിനിമയില്‍ കൊണ്ടുവന്നത് ഞാനാണ് എന്നു പറയുന്ന ഗോഡ്ഫാദര്‍മാരെ ഒഴിവാക്കു. അങ്ങനെയൊരു മാറ്റത്തിനായി ആദ്യം മാറേണ്ടത് സ്ത്രീകള്‍ തന്നെയാണ്. ‘ടു ഇന്‍ വണ്‍’, ‘സഹകരിക്കണം’, ‘അഡ്‌ജെസ്റ്റ്‌മെന്റ് ചെയ്യു’, ‘ഒന്നു നഷ്ടപ്പെട്ടാലല്ലേ…’ തുടങ്ങിയ കോഡ് വാക്കുകളൊക്കെ എത്ര പരസ്യമായാണ് സിനിമയില്‍ തുടരുന്നത്. അതങ്ങനെ തുടരുന്നിടത്തോളം ഈ ഗോഡ്ഫാദര്‍മാര്‍ നിലനില്‍ക്കും. അവര്‍ക്കു വിധേയരാകാന്‍ വിസമ്മതിക്കുന്നവര്‍ പ്രബലമാകാത്തിടത്തോളം ഗോഡ്ഫാദര്‍ സംസ്‌കാരം അവസാനിക്കില്ല. ഇപ്പോഴും മുന്‍നിര അഭിനേത്രിമാര്‍ വരെ പറയുന്നത്; എനിക്കീ ചാന്‍സ് കിട്ടിയത് അദ്ദേഹം കാരണമാണ്, അദ്ദേഹത്തിന്റെ സപ്പോര്‍ട്ടാണ് ഈ വേഷം ചെയ്യാന്‍ സഹായകമായത്, അദ്ദേഹമെനിക്ക് ചേട്ടനാണ്, ഗുരുവാണ്, എല്ലാമാണ്’. ഇതാണു വിധേയത്വം, ഈ കീഴടങ്ങലാണ് പ്രശ്‌നം.

മൊത്തം സിനിമ ഇന്‍ഡ്രസ്ട്രിയേയും നോക്കാം, അതില്‍ താരങ്ങള്‍ മാത്രമല്ല, സാങ്കേതികപ്രവര്‍ത്തകര്‍ തൊട്ട് തിയേറ്റര്‍ ഉടമകളിലേക്കു വരെ ചെല്ലാം. ഇവിടെയെല്ലാം കാണുന്ന് അണ്‍കോയ്മ തന്നെയാണ്. മൊത്തത്തില്‍ മാറണം. പഴയകാലത്തെങ്ങനെയായിരുന്നു; ഒരു നോവല്‍ വായിച്ചോ, കഥ വായിച്ചോ, അല്ലെങ്കില്‍ ഏതെങ്കിലും മറുഭാഷ ചിത്രം കണ്ടോ താത്പര്യം തോന്നുന്ന നിര്‍മാതാവ് ആദ്യം ഇക്കാര്യം ഒരു രചയിതാവിനോടു പങ്കുവച്ച് തിരക്കഥ തയ്യാറാക്കി, പിന്നെയൊരു സംവിധായകനെ സമീപിച്ച് അവരെല്ലാം കൂടി പ്രധാന അഭിനേതാക്കളെ തെരഞ്ഞെടുത്ത്, നിര്‍മാതാവിന്റെ കൈയിലെ പൈസയ്ക്ക് നില്‍ക്കുന്ന തരത്തില്‍ ഒരു സിനിമ എടുക്കുന്നു. ഇന്നത് റിവേഴ്സ് ഗിയറിലാണ് പോകുന്നത്. സിനിമ കളിക്കേണ്ട തീയേറ്റര്‍ വരെ നായകന്മാര്‍ തീരുമാനിക്കും, സിനിമകള്‍ കളിക്കേണ്ടെന്ന തീരുമാനവും അവരെടുക്കും. ഇതൊരു സിസ്റ്റമായി തീര്‍ന്നിരിക്കുകയാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ സ്വയം മാറാന്‍, അതും തങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് മാറാന്‍ തയ്യാറാകും എന്നു കരുതരുത്, അവരെ മാറ്റുകയാണ് വേണ്ടത്.

ദിലീപ് കേസിന്റെ തുടക്കകാലത്ത് എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തിന്റെ ആദ്യദിവസം അന്നത്തെ പ്രസിഡന്റ് ഇന്നസെന്റിന്റെ ഒരു കമന്റ് ഇങ്ങനെയായിരുന്നു; യോഗ്യയായ ഒരു സ്ത്രീ വന്നാല്‍ അമ്മ പ്രസിഡന്റ് പദം കൈമാറാം. അതൊരു വെല്ലുവിളിയായിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന യോഗ്യമായ പദവിയിലേക്ക് വരാന്‍ അര്‍ഹയായ ഒരു സ്ത്രീ ഉണ്ടോ എന്ന വെല്ലുവിളി. സ്ത്രീകളുടെ യോഗ്യതകളെക്കുറിച്ച് പുരുഷന്മാര്‍ ധരിച്ചു വച്ചിരിക്കുന്ന ബോധ്യങ്ങളില്‍ നിന്നാണ് ഇത്തരം വെല്ലുവിളികള്‍ നടക്കുന്നത്.

സ്ത്രീകള്‍ക്ക് എന്തു ചെയ്യാമെന്ന് ഇപ്പോള്‍ കുറച്ചെങ്കിലും സിനിമയിലെ ആണ്‍ബോധക്കാര്‍ക്കും അവരുടെ അനുയായികള്‍ക്ക് മനസിലായി കാണണം. മുന്‍പൊരു ജനറല്‍ബോഡിക്കാലത്ത് ‘ നായകന്മാര്‍ക്ക്’ ഒപ്പം ഇരിക്കാന്‍ പോലും ഇടം കൊടുക്കാതെ പിന്‍നിരയില്‍ നിര്‍ത്തിയിട്ടും, മാധ്യമപ്രവര്‍ത്തകരെ കൂക്കി വിളിച്ച് തങ്ങളുടെ വിധേയത്വം പ്രകടമാക്കിയ സ്ത്രീകള്‍ ഇന്നും സിനിമ ലോകത്തുണ്ട്. ഇത്തവണയും അത്തരം പ്രതിനിധികളെ കണ്ടിരുന്നു. എനിക്കിങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും, ഞാനിങ്ങനെയൊന്നും കേട്ടിട്ടില്ലെന്നും പറയാന്‍ കൊണ്ടു വന്നിരുത്തിയവര്‍. അവര്‍ കൂടുതല്‍ ദുര്‍ബലരും, എണ്ണത്തില്‍ കുറഞ്ഞവരുമായി മാറുകയാണ്. പൊരുതുന്ന, അനീതെ തട്ടിക്കേള്‍ക്കുന്ന സ്ത്രീകളാണ് ഇപ്പോള്‍ കൂടുതലും. ആ സ്ത്രീകള്‍ തീര്‍ച്ചയായും മാറ്റം കൊണ്ടു വരും. ഗോഡ്ഫാദര്‍മാരൊക്കെ പെയ്‌തൊഴിയുകയും, ഈ ആകാശത്ത് തിളക്കമുള്ള നക്ഷത്രങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യും. No godfather’s for actress women exploitation in malayalam cinema industry

Content Summary; no godfather’s for actress women exploitation in malayalam cinema industry

Advertisement
×