ദിവസങ്ങൾക്ക് ശേഷം ഇന്ത്യാ പാക് അതിർത്തി (എൽഒസി) ഇന്നലെ ശാന്തമായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. ഷെല്ലാക്രമണങ്ങളോ വെടിവയ്പ്പോ റിപ്പോർട്ട് ചെയ്തിട്ടില്ല. 19 ദിവസങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ ശാന്തമായ രാത്രിയായിരുന്നു ഇന്നലത്തേതെന്ന് സൈനിക വൃത്തം വ്യക്തമാക്കി.
”ജമ്മു കശ്മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റ് പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. സമീപ ദിവസങ്ങളിലെ ആദ്യത്തെ ശാന്തമായ രാത്രിയാണിത്, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല”.
ഇന്നലെ രാത്രിയും ഇന്നു പുലർച്ചെ ഇതുവരെയും അതിർത്തി മേഖല സാധാരണ നിലയിലായിരുന്നു. ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. പഞ്ചാബിൽ സ്ഥിതി ശാന്തമായി തുടരുന്നു. പലയിടങ്ങളിലും,മുൻ കരുതലിൻ്റെ ഭാഗമായി ജനങ്ങൾ ലൈറ്റുകൾ ഓഫ് ചെയ്ത് ബ്ലാക്ക് ഔട്ട് നടപ്പാക്കി. അതിർത്തി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കില്ല.
കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. ഏപ്രിൽ 23 മുതൽ മെയ് 6 വരെ നിയന്ത്രണരേഖയിലെ ഒന്നിലധികം മേഖലകളിൽ വെടിവയ്പ്പും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മെയ് 7നും 11നുമിടയിലായി ആക്രമണം കനപ്പിക്കുകയും ചെയ്തിരുന്നു.
ഷെല്ലാക്രമണത്തെ തുടർന്ന് പൂഞ്ചിലെ സുരൻകോട്ട് എന്ന അതിർത്തി പ്രദേശം പൂർണ്ണമായി തകർന്നതായാണ് റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് സുരൻകോട്ട് കനത്ത ഷെല്ലാക്രമണത്തിനാണ് സാക്ഷ്യം വഹിച്ചത്. ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ പട്ടണം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ചിലർ അടുത്തുള്ള കുന്നിൻ ഗ്രാമങ്ങളിലും ബങ്കറുകളിലും അഭയം തേടി, മറ്റുള്ളവർ ജമ്മുവിന്റെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറി. സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടതോടെ, പൂഞ്ചിലെ വീടുകളിലേക്ക് ഉടൻ മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിന് സമ്മതിച്ചതായുള്ള പ്രഖ്യാപനമുണ്ടാവുന്നത്. കര, വ്യോമ, സമുദ്ര മേഖലകളിലെ എല്ലാ ആക്രമണങ്ങളും സൈനിക നടപടികളും നിർത്തി വക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ആദ്യം ലോകത്തെ അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം, ശ്രീനഗർ, ഗുജറാത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടെ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോണുകൾ കണ്ടെത്തി. പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾ വീണ്ടും സമാധാനപരമായി നീങ്ങുകയാണ്.
content summary: No Shelling or Gunfire Reported, First Peaceful Night in 19 Days Along LoC, Says Army.