വിർജീനിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി ഡെമോക്രാറ്റുകൾ. ഡെമോക്രാറ്റുകളുടെ ഈ വിജയം എല്ലാവരും ആഘോഷിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ തോൽവിക്ക് കാരണമായ രണ്ട് പ്രധാന ഘടകങ്ങളെക്കുറിച്ചും പോളിൽ അതെങ്ങനെയാണ് വിലയിരുത്തപ്പെട്ടത് എന്നതിനെക്കുറിച്ചുമുള്ള ന്യായീകരണവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് അഭിപ്രായം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കന്മാർ തോൽക്കാൻ കാരണം ട്രംപ് നേരിട്ട് മത്സരത്തിൽ പങ്കെടുക്കാതിരുന്നതാണെന്നും ഗവൺമെൻ്റിൻ്റെ ഷട്ട്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണെന്ന് ട്രംപ് കുറിച്ചു. തൻ്റെ പോസ്റ്റിൽ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ന്യൂയോർക്ക്, ന്യൂജേഴ്‌സി, വിർജീനിയ എന്നിവിടങ്ങളിലെ വിവിധ തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ വിജയം നേടിയതിന് ശേഷമാണ് പ്രസിഡൻ്റിൻ്റെ ഈ ട്രൂത്ത് സോഷ്യൽ പോസ്റ്റ് വന്നത്.
ന്യൂയോർക്കിൽ ഡെമോക്രാറ്റായ സോഹ്രാൻ മംദാനിയാണ് വിജയിച്ചത്. മേയർ തിരഞ്ഞെടുപ്പിൻ്റെ തലേദിവസം ട്രംപ് പിന്തുണ പ്രഖ്യാപിച്ച ആൻഡ്രൂ കൂമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ന്യൂജേഴ്‌സിയിൽ ഡെമോക്രാറ്റായ മൈക്കി ഷെറിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
ട്രംപ് തിരഞ്ഞെടുപ്പിൽ പിന്തുണച്ച ജാക്ക് സിയാട്ടറെല്ലിയെ ആണ് ഷെറിൽ പരാജയപ്പെടുത്തിയത്. ഇതോടെ, 1960 ന് ശേഷം ആദ്യമായി ന്യൂജേഴ്‌സിയിൽ ഡെമോക്രാറ്റുകൾക്ക് തുടർച്ചയായി മൂന്ന് തവണ ഗവർണർ പദവി നേടാൻ ഷെറിലിൻ്റെ വിജയം വഴിയൊരുക്കി. 1960 ന് ശേഷം ഒരു പാർട്ടിക്കും തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ന്യൂജേഴ്‌സിയിൽ ഗവർണർ പദവി നിലനിർത്താൻ കഴിഞ്ഞിട്ടില്ല.
വിർജീനിയയിൽ ഡെമോക്രാറ്റായ അബിഗെയ്ൽ സ്പാൻബെർഗർ ഗവർണർ പദവിയിലേക്ക് വിജയിച്ചു. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി വിർജീനിയ കോമൺവെൽത്തിനെ നയിക്കുന്ന ആദ്യ വനിത എന്ന നേട്ടം സ്പാൻബെർഗർ സ്വന്തമാക്കി.
Content Summary: ‘No Trump on ballot’, US President shares why republicants failed in the election
This post was last modified on November 5, 2025 11:00 am
Leave a Comment