ലോകത്തിലെ ആദ്യത്തെ ഇമ്മേഴ്‌സീവ് വോയ്‌സ്, ഓഡിയോ കോളുമായി രംഗത്തെത്തി നോക്കിയ. പുതിയ 3 ജി പിപി ഇമ്മേഴ്‌സീവ് വോയ്‌സ് ആൻഡ് ഓഡിയോ സർവീസസ് മോണോഫോണിക് ടെലിഫോണിങ് ആണ് പ്രത്യേകത. നോക്കിയ അവതരിപ്പിക്കുന്ന ഇമ്മേഴ്‌സീവ് വോയ്‌സ് ആൻഡ് ഓഡിയോ സർവീസസ് തത്സമയ വോയ്‌സ് കോളിംഗ് അനുഭവത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന 5ജി അഡ്വാൻസ്ഡ് സ്റ്റാന്റേർഡിന്റെ ഭാഗമായാണ് നോക്കിയ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 3ഡി ശബ്ദം ഉപയോഗിക്കുന്നതിനാൽ ഫോണിലൂടെയുള്ള സംഭാഷണങ്ങൾ കൂടുതൽ മികച്ചതാക്കാൻ ഇമ്മേഴ്‌സീവ് വോയ്‌സ്, ഓഡിയോ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് നോക്കിയ അവകാശപ്പെടുന്നത്. nokia
“വോയ്‌സ് കോളുകളുടെ ഭാവി ഞങ്ങൾ ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്,” എന്നാണ് ഫിന്നിഷ് ബിസിനസ് എക്സിക്യൂട്ടീവും നോക്കിയയുടെ പ്രസിഡൻ്റും സിഇഒയുമായ പെക്ക ലൻഡ്മാർക്ക് പറഞ്ഞിരുന്നു. ആദ്യത്തെ 2ജി കോൾ ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന വ്യക്തികൂടിയാണ് പെക്ക ലൻഡ്മാർക്ക്.
എന്താണ് ഇമ്മേഴ്‌സീവ് വോയ്‌സ്, ഓഡിയോ കോളുകൾ ?
3ഡി ഓഡിയോ അവതരിപ്പിക്കുന്നു എന്നതാണ് നോക്കിയയുടെ ഈ പുതിയ സാങ്കേതികവിദ്യയുടെ മികവ്. കോളർമാരുടെ പരിസ്ഥിതിയെ മനസ്സിലാക്കാനും ഒരു സ്ഥലത്ത് ഉള്ളതുപോലെയുള്ള അനുഭവം ഉളവാക്കാനും ഈ വിദ്യ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. അതായത് നോക്കിയ ഫോണിലൂടെ ആശയവിനിയമയം നടത്തുന്നവർക്ക് അവർ പരസ്പരം അടുത്ത ഇരുന്നു സംസാരിക്കുന്നത് പോലെയാണ് അനുഭവവേദ്യമാകുക. നിലവിൽ, ഒരു സെല്ലുലാർ നെറ്റ്‌വർക്കിലൂടെ ചെയ്യുന്ന എല്ലാ ഫോൺ കോളുകളും മോണോഫോണിക് ആണ്, അതായത് ഓഡിയോ ഒരൊറ്റ ചാനലിലേക്ക് കംപ്രസ് ചെയ്യുന്നു. മറുവശത്ത്, സ്പേഷ്യൽ ഓഡിയോ, ഒന്നിലധികം ചാനലുകളിലൂടെ ഡെലിവർ ചെയ്യപ്പെടുന്ന ശബ്ദങ്ങൾ വ്യത്യസ്ത ദിശകളിൽ നിന്ന് വരുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ്. ഇമ്മേഴ്‌സീവ് സ്പേഷ്യൽ കമ്മ്യൂണിക്കേഷൻ വഴി കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ മെച്ചപ്പെട്ട അനുഭവമാണ് ഉപയോക്താക്കൾക്കായി നോക്കിയ ഒരുക്കിയിരിക്കുന്നത്.
മീറ്റിംഗിൽ പങ്കെടുക്കുന്നവരുടെ തത്സമയ ലൊക്കേഷൻ ഉപയോഗിച്ചുകൊണ്ട് പങ്കെടുക്കുന്നവരുടെ ശബ്ദം വേർതിരിച്ച് കേൾക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. ഭൂരിഭാഗം സ്‌മാർട്ട്‌ഫോണുകളിലും കുറഞ്ഞത് രണ്ട് മൈക്രോഫോണുകളെങ്കിലുമുണ്ട്. ഇതുപയോഗിച്ച് ഒരു കോളിൻ്റെ സവിശേഷതകൾ തത്സമയം കൈമാറുന്നതിലൂടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാക്കാൻ കഴിയും.
ആപ്പിൾ മ്യൂസിക് , നെറ്ഫ്ലിസ്, എച്ച് ബി ഓ മാക്സ് , ഡിസ്‌കവറി പ്ലസ്, ഡിസ്നി പ്ലസ് തുടങ്ങിയ ആപ്പുകൾ സ്പേഷ്യൽ ഓഡിയോ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത്യാധുനിക ഉപകരണങ്ങളിൽ മാത്രമേ ഇവ പ്രവർത്തിച്ചിരുന്നുള്ളു. വ്യക്തിഗത കോളുകൾക്ക് പുറമെ കോൺഫറൻസ് കോളുകളിലും ഇമ്മേഴ്‌സീവ് വോയ്‌സ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തുമെന്ന് നോക്കിയ ടെക്‌നോളജീസ് ഓഡിയോ റിസർച്ച് മേധാവി ജിറി ഹൂപാനിമി പറഞ്ഞിരുന്നു. കൂടുതൽ സ്വാഭാവികമായ മീറ്റിംഗ് അന്തരീക്ഷം ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ജിറി ഹൂപാനിമി വ്യക്തമാക്കി. എങ്കിലും ഇമ്മേഴ്‌സീവ് വോയ്‌സ് സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗത്തിൽ വരാൻ കുറച്ചു വർഷങ്ങളെടുക്കും എന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. 5ജി നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് നോക്കിയ ഫോൺ കോൾ പരീക്ഷിച്ചത്.
2007-ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിറ്റുകൊണ്ടിരുന്നത് നോക്കിയ കോർപറേഷനാണ്. ജി.എസ്.എം., സി.ഡി.എം.എ., ഡബ്ലിയു-സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു. അത് പോലെ തന്നെ മൊബൈൽ ഫോണിതര ഉല്പന്നങ്ങളും ഇവർ പുറത്തിറക്കുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നെങ്കിലും, 2009 -നു ശേഷം നേരിടേണ്ടി വന്ന ഓഹരി വിലയിടിവിനെ തുടർന്ന് മുൻപുണ്ടായിരുന്ന മൊബൈൽ വിൽപനയിലെ കുതിപ്പ് തകർന്നു. 2011 -ന്റെ തുടക്കം മുതൽ, 2013 വരെയുള്ള കാലഘട്ടത്തിൽ വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോക്കിയ പത്താം സ്ഥാനത്തിൽ എത്തി.
content summary : Nokia makes ‘world’s first’ phone call made using spatial audio