UPDATES

സയന്‍സ്/ടെക്നോളജി

Nomophobia: മനുഷ്യത്വത്തിനു മുന്നില്‍ മതിലാകുന്ന സ്മാര്‍ട്ട് ഫോണ്‍ മാനിയ 

നമ്മുടെ ജീവിതവും ഔചിത്യ ബോധവും ധാര്‍മ്മിക ചിന്തകളുമെല്ലാം ഒരു സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന്റെ ഇത്തിരി ചതുരത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു

                       

മാനവികമായ സംവേദനങ്ങളെയും, ആശയവിനിമയങ്ങളെയും സാങ്കേതികവിദ്യ കീഴ്‌പ്പെടുത്തുകയും, ലോകം വിഡ്ഢികളായ ഒരു തലമുറയാല്‍ സമ്പന്നമാവുകയും ചെയ്യുന്ന ഒരു കാലത്തെ ഞാന്‍ ഭയക്കുന്നു എന്ന് പ്രവചിച്ചത് മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റീന്‍ ആണ്. എല്ലാ ശാസ്ത്രജ്ഞരും പ്രവാചകര്‍ ആണ് എന്നത് നമ്മുടെ അറിവായിരിക്കില്ല , പക്ഷേ ഇവിടെ ഐന്‍സ്‌റീന്റെ ഭയം അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമായിരിക്കുന്നു. നമ്മുടെ സാങ്കേതികവിദ്യ അത്ഭുതകരമായി പുരോഗമിച്ചിരിക്കുന്നു; ഒരു പക്ഷേ മനുഷ്യന്‍ എന്ന ജൈവപരതയുടെ ആയാസരഹിതമായ ഉള്‍ച്ചേരലിനും ഉപരിയായി. നവമാധ്യമങ്ങളില്‍ ഒരു കൗമാരക്കാരന്റെതായി പ്രചരിക്കുന്ന ഒരു (കറുത്ത) ഹാസ്യമുണ്ട്.

‘ഇന്നലെ അല്‍പ്പനേരം ഇന്റര്‍നെറ്റ് ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കളോടും, കുടുംബാംഗങ്ങളോടും ഇടപഴകി. അവരൊക്കെ എന്ത് നല്ല മനുഷ്യര്‍ ആണെന്നോ?’

കേരളത്തിലെയെങ്കിലും ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ കൗമാരക്കാരന്റെ, അല്ലെങ്കില്‍ യുവാവിന്റെ ജീവിതത്തിന്റെ അതിശയോക്തിയില്ലാത്ത നേര്‍സാക്ഷ്യം തന്നെയാണ് ഈ തമാശ.

Nomophobia, എന്നത് നിഘണ്ടുവിലെ പുതിയ പദമാണ്. അത് സൂചിപ്പിക്കുന്ന മനോവൈകല്യങ്ങളും ആധുനിക കാലത്തിന്റെതാണ്. വ്യക്തമായി പറഞ്ഞാല്‍ ഒരു പതിറ്റാണ്ടിനു താഴെ മാത്രം പ്രായമുള്ള ‘ഫോബിയ’. തന്റെ പോക്കറ്റിലോ, കയ്യിലോ കൊണ്ട് നടക്കുന്ന, കോള്‍ വിളിക്കാനുള്ള സംവിധാനം മുതല്‍, കാമറ തുടങ്ങി ലോകത്തിന്റെ മാപ്പ് സ്‌ക്രീനില്‍ തെളിയുന്നത് വരെയുള്ള സംവിധാനങ്ങള്‍ ഉള്ള സ്മാര്‍ട്ട് ഫോണ്‍ (മിനി കമ്പ്യൂട്ടര്‍ എന്ന് തന്നെ വിളിക്കാം) തനിക്കു അനായാസമായി വിരല്‍ത്തുമ്പില്‍ ഉപയോഗിക്കുവാനുള്ള ആക്സസ് ഇല്ലാതാകുന്നുണ്ടോ എന്ന ജിജ്ഞാസയാണ് Nomophobia എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ‘Phobia’ ഇവിടെ ഒരു അനാവശ്യ വാക്കായി കണക്കാക്കാം. കാരണം സ്മാര്‍ട്ട് ഫോണുമായി നമുക്കുള്ളത് ഒരു Anxiety മാത്രമാണെന്ന് തോന്നുന്നു.

എങ്കിലും ആ ജിജ്ഞാസ അത്രമേല്‍ വികൃതമാണ് എന്ന് പറയാതെ വയ്യ. മരിച്ചുകിടക്കുന്ന സിനിമ താരത്തിന്റെ എരിയുന്ന ചിതയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതും, പാതയുടെ നടുവില്‍ ജീവനായി കേഴുകയും, പോക്കറ്റില്‍ നിന്ന് പണമെടുത്തുയര്‍ത്തി തന്നെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കെഞ്ചുന്നവന്റെ വീഡിയോ എടുത്തും, മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് അബദ്ധത്തില്‍ ചാടിപ്പോയ മനുഷ്യന്റെ ദയനീയ മരണം കാമറയില്‍ പകര്‍ത്തിയും, സ്വന്ത-ബന്ധുക്കളുടെ പോലും സ്വകാര്യനിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് കാഴ്ച വയ്ക്കുന്ന കൗമാരങ്ങളുടെയും ആസുരതയോളം, ഈ സ്മാര്‍ട്ട്‌ഫോണ്‍ വൈകൃതങ്ങള്‍ ഭീഷണിയായിരിക്കുന്നു.

ഇന്ത്യയിലെ ആയിരം മധ്യവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കിടയില്‍ 2015 ല്‍ നടത്തിയ ഒരു സര്‍വ്വേയില്‍, അവരില്‍ 72 % കുട്ടികള്‍ 11-12 വയസ്സുമുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ ആവുകയും, ഇവരില്‍ 40 ശതമാനത്തോളം അതിനു അടിമകളാവുകയും ചെയ്തിരിക്കുന്നു എന്ന് തെളിയിക്കുന്നു. നമ്മുടെ നാട്ടിലെ പ്രവാസികള്‍ അടക്കമുള്ള മധ്യവര്‍ഗ്ഗ മാതാപിതാക്കള്‍ പ്രായമാവാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചുകൊണ്ട് ‘സ്‌നേഹം പ്രകടിപ്പിക്കുന്നതും’ അപകടകരമായ പ്രവണതയാണ്. പക്ഷേ ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ഒട്ടും വൈകാതെ തന്നെ സൈബറിടത്തിന്റെ അപകടച്ചുഴികളില്‍ പെടുന്നതായും, പിന്നീടങ്ങോട്ട് അതിന്റെ ഉപയോഗമെല്ലാം മനുഷ്യത്വത്തെപ്പോലും മറന്നുകൊണ്ടാവുന്നതും നിത്യ കാഴ്ചയാണ്.

നമ്മുടെ കൗമാരങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അശാസ്ത്രീയമായ വ്യക്തിത്വ വികാസത്തിന്റെ ഇരുട്ടില്‍ നിന്ന് ഒരു വിളക്കുമായി നാം കാരണം അന്വേഷിച്ചു നടന്നാല്‍ തീര്‍ച്ചയായും എത്തിപ്പെടുക നിയന്ത്രണങ്ങള്‍ ഇല്ലാതെ അവര്‍ക്ക് ഉപയോഗിക്കാനാവുന്ന സ്മാര്‍ട്ട് ഫോണുകളിലേക്കും, കമ്പ്യുട്ടറിലേക്കും, ഇന്റര്‍നെറ്റിലേക്കും തന്നെയാണ്. ഇത് ഇന്ത്യയുടെയോ, കേരളത്തിന്റെയോ, മാത്രം പ്രശ്‌നമാണോ? അല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ വെള്ളിവെളിച്ചം എത്തിചേര്‍ന്നുകൊണ്ടിരിക്കുന്ന മൂന്നാംലോക വികസ്വര രാജ്യങ്ങളുടെ പ്രശ്‌നം മാത്രമോ? അല്ല എന്നാണു ലോകത്ത് നടക്കുന്ന പഠനങ്ങളും, സാമൂഹ്യ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളും തെളിയിക്കുന്നത്.

Internet addiction disorder (IAD) അല്ലെങ്കില്‍ problematic internet use (PIU) or compulsive internet use (CIU) എന്ന വിഷയത്തില്‍ ലോകത്ത് നടന്ന ആദ്യത്തെ പഠനം നടത്തുന്നതും അതൊരു മാനസിക വൈകല്യം ആണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്നതും 1995 ല്‍ ഇവാന്‍ ഗോള്‍ഡ്ബര്‍ഗ് എന്ന പാശ്ചാത്യ ഗവേഷകനാണ്. തൊണ്ണൂറുകളില്‍ ലോകത്ത് ഇന്ന് കാണുന്ന രൂപത്തില്‍ ഇന്റര്‍നെറ്റ് വ്യാപിച്ചിട്ടില്ല എന്നതും, നമ്മുടെ കൗമാരക്കാരിലും, യുവാക്കളിലും ഇത്രയും സ്വാധീനം ചെലുത്തുന്നില എന്നതും കാരണമായിരിക്കാം അന്ന് അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ അത്ര പ്രശസ്തമായില്ല. പക്ഷേ ഒരു ദശകം പിന്നിട്ടപ്പോള്‍ പടിഞ്ഞാറന്‍ ലോകത്ത് ഇന്റര്‍നെറ്റും, അതിന്റെ സാമൂഹ്യപ്രത്യാഘാതങ്ങളും മുളപൊട്ടി തുടങ്ങി. യൂറോപ്പിലാകെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും കൗമാരക്കാരുടെ ആസക്തിയും, അതിന്റെ കൗണ്‍സിലിംഗുകളും വളരെ പ്രസക്തമായി തുടങ്ങി. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ആരോഗ്യ കേന്ദ്രങ്ങളിലും യൂറോപ്പിലാകെ കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെ ബഹളമാണ്. സര്‍വ്വകലാശാലകളില്‍, സാമൂഹ്യ ഗവേഷകരില്‍ ഇതു ചൂടുള്ള നവീനമായ ഒരു പഠന വിഷയവും.

ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ എല്ലാം കൗമാര, യൗവ്വനങ്ങളുടെ സാങ്കേതികവിദ്യ ആസക്തി ( technology addiction) ഒരു സാമൂഹ്യ പ്രശ്‌നമായി തീര്‍ന്നിട്ടുണ്ട്. പൊതുവേ ഇത്തരം കാര്യങ്ങളുടെ കുതിപ്പിനൊപ്പം, യൂറോപ്പിന്റെയും ഗള്‍ഫിന്റെയും പണസ്വാധീനം ഉള്ള ഒരു സമൂഹം എന്നനിലയില്‍ സഞ്ചരിക്കുന്ന കേരളീയ കൗമാരവും യൂറോപ്പിലെ സ്ഥിതി ഇവിടെയും സംജാതമാക്കി എന്ന് കാണുവാന്‍ കഴിയും. സൈബര്‍ മനഃശാസ്ത്രവും, പെരുമാറ്റവും ( Cyber Psychology and Behavior) എന്ന വിഷയത്തില്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തിയ The Center for On-Line Addiction എന്ന പുനരധിവാസ കേന്ദ്രത്തിന്റെ സ്ഥാപക മെമ്പര്‍ ആയ ഡോ. കിമ്പര്‍ലി യൂങ്ങ് തൊണ്ണൂറുകളുടെ അവസാനം നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സൈബര്‍ ആസക്തിയെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. അവ 1) സൈബര്‍ സെക്‌സ് അഥവാ സൈബര്‍ പോണോഗ്രഫി അഡിക്ഷന്‍ 2) സൈബര്‍ ലോകത്തെ വെര്‍ച്ച്വല്‍ ബന്ധങ്ങളിലുള്ള അമിതമായ ഇടപഴകല്‍ 3) ഓണ്‍ലൈന്‍ ഗാംബ്ലിംഗ്, ഓണ്‍ലൈന്‍ ട്രേഡിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ഷന്‍ 4) ഇന്റര്‍നെറ്റില്‍ നിന്നും ഡാറ്റകള്‍ അമിതമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന അഡിക്ഷന്‍ 5) കംപ്യുട്ടര്‍ ഗെയിമുകള്‍ ഓണ്‍ലൈന്‍ ആയി കളിക്കുന്നതില്‍ ഉള്ള അഡിക്ഷന്‍ എന്നിങ്ങനെയാണ്.

രണ്ടായിരാമാണ്ട് തുടങ്ങി ഒന്നരപതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ഈ വേളയില്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പോലും മുകളില്‍ പറഞ്ഞ അഞ്ചുതരം ആസക്തികളും കൗമാര യൗവനക്കാരില്‍ ഭീതിതമാം വിധം വ്യാപകമാണ് എന്ന് കാണാന്‍ കഴിയും. ഗള്‍ഫ് യൂറോപ്യന്‍ പണത്തിന്റെ സ്വാധീനവും, ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും വ്യാപനവും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്നു കാണാന്‍ കഴിയും.

ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ പഠനവും, ഗവേഷണ പ്രവര്‍ത്തനങ്ങളും ആയാസരഹിതമാക്കുന്നുണ്ട് എന്നുള്ളത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. പരമ്പരാഗതമായ അധ്യാപന രീതികള്‍ക്കുപരിയായി കൂടുതല്‍ അറിവുകളും, വിദ്യകളും നേടാന്‍ ഇന്റര്‍നെറ്റ് തന്നെയാണ് സഹായിക്കുന്നത്. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇന്ന് മറ്റാരേക്കാളും വിദ്യാര്‍ഥികളെ സഹായിക്കുന്നത് ഇന്റര്‍നെറ്റ് ആണ്. പക്ഷേ നാം ഇവര്‍ക്ക് ശീലാശ്ലീലങ്ങളില്‍ നിയന്ത്രണ രേഖകള്‍ വയ്ക്കുന്നുണ്ടോ? ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ധാര്‍മ്മികതയും, നൈതികതയും, മൂല്യബോധങ്ങളും നാം ഇവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ? LKG ക്ലാസില്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു ഇരിന്നു സ്വാഭാവികമായി പഠിക്കാന്‍ അനുവദിക്കാത്ത സമൂഹമായ നമുക്ക് കൗമാരക്കാര്‍ക്ക് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കുവാന്‍ കഴിയുന്നുണ്ടോ? നമ്മുടെ മക്കള്‍ക്ക് ആധുനിക സ്മാര്‍ട്ട് ഫോണുകളും, ടാബ്‌ലറ്റുകളും സമ്മാനമായി നല്‍കുമ്പോള്‍ അവയുടെ നേരും നെറികേടും തിരിച്ചറിഞ്ഞു ഉപയോഗിക്കാനുള്ള പക്വത കുട്ടികള്‍ക്ക് ആയിട്ടുണ്ടോ എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?

മുകളില്‍ സൂചിപ്പിച്ച രൂപത്തിലുള്ള ശാസ്ത്രീയ പഠന ഗവേഷണ സാഹചര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, നമ്മുടെ നാട്ടിലെ പ്രായോഗിക ജീവിതത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗങ്ങള്‍ പരിഗണിച്ചാലും ജുഗുപ്‌സാവഹമാണ് കാര്യങ്ങള്‍. ഒരു കല്യാണ വീട്ടില്‍ പോയാല്‍ നേരെ ചൊവ്വേ കെട്ടുകാണുവാന്‍ കഴിയില്ല. ഒരു ഉദ്ഘാടനത്തിനോ, സെമിനാറിനോ, ഷോപ്പിംഗ് മാളിലോ എവിടെപ്പോയാലും ഇത് തന്നെ സ്ഥിതി. മരണവീട്ടില്‍പ്പോലും സാഹചര്യത്തിന് യോജിക്കാത്ത റിംഗ് ടോണും, കാമറ ഓണ്‍ ചെയ്തു ഉയര്‍ത്തിപ്പിടിച്ച ഫോണുമായി യുവക്കാള്‍ യാതൊരുവിധ സങ്കോചവുമില്ലാതെ അസ്ഥാനത്ത് ജുഗുപ്‌സാവഹമായി പെരുമാറുന്നത് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു. നടന്‍ കലാഭവന്‍ മണിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴും, സെല്‍ഫികളും, വീഡിയോയും എടുക്കുവാന്‍ നടക്കുന്ന യുവാക്കള്‍ ആ ചടങ്ങിലെ കയ്പ്പുള്ള കാഴ്ചയായിരുന്നു.

രക്തം വാര്‍ന്നു മനുഷ്യര്‍ റോഡില്‍ കിടന്നു മരിച്ചുകൊണ്ടിരിക്കുമ്പോഴും, വെള്ളത്തില്‍ മുങ്ങി ജീവനായി കേഴുമ്പോഴും, അപകടത്തില്‍ പെട്ട് രക്ഷപ്പെടുത്താന്‍ നിലവിളിക്കുമ്പോഴും, സഹോദരിയുടെ, അല്ലെങ്കില്‍ സഹജീവിയായ സ്ത്രീയുടെ, സഹയാത്രികയുടെ, പഠിപ്പിക്കുന ടീച്ചറുടെ പോലും വസ്ത്രം അല്‍പ്പം മാറുമ്പോഴുമെല്ലാം, നമ്മുടെ കയ്യിലെ പിശാചിന്റെ കാമറ ഓണ്‍ ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു തലമുറ തീരാശാപമായിരിക്കും എന്നതില്‍ സംശയമില്ല. സാമൂഹ്യ ശാസ്ത്രജ്ഞരും, അക്കാദമിക് പണ്ഡിതരും, വിദ്യാഭ്യാസ വിചക്ഷണരും, മത പുരോഹിതരും, ഭരണകൂടം തന്നെയും ജാഗ്രത പാലിക്കേണ്ട കെട്ടനാളുകള്‍ വന്നെത്തിയിരിക്കുന്നു എന്നതാണ് സത്യം.

ചുരുക്കത്തില്‍ നമ്മുടെ ജീവിതവും, ഔചിത്യ ബോധവും, ധാര്‍മ്മിക ചിന്തകളുമെല്ലാം ഒരു സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന്റെ ഇത്തിരി ചതുരത്തിലേക്ക് ചുരുങ്ങിയിരിക്കുന്നത്, സാങ്കേതികവിദ്യ അശ്ലീലം പോലെ അതിജയിക്കുകയും, മനുഷ്യനും, മനുഷ്യത്വവും തോല്‍ക്കുകയും ചെയ്യുന്ന ആസുര കാഴ്ചകളും അതിന്റെ ആശങ്കകളും നിലനില്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകവയ്യ..!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍