യുക്രെയ്ന് എതിരായ ആക്രമണങ്ങളിൽ റഷ്യ ഉപയോഗിച്ചത് ഉത്തര കൊറിയയിൽ നിന്നുള്ള ആയുധങ്ങളെന്ന് റിപ്പോർട്ട്. യുക്രെയിനിലെ നിരപരാധികൾക്കെതിരെ പലപ്പോഴായി റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിലെല്ലാം ഉപയോഗിച്ചിരുന്നത് ഉത്തരകൊറിയയുടെ ആയുധങ്ങളായിരുന്നു. യുഎൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 മുതൽ റഷ്യയ്ക്ക് 20,000ത്തിലധികം കണ്ടെയ്നർ യുദ്ധോപകരണങ്ങൾ ഉത്തര കൊറിയ നൽകിയിട്ടുള്ളതായി യുഎസ്, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവയുൾപ്പെടെ 11 രാജ്യങ്ങൾ ഉൾപ്പെടുന്ന മൾട്ടിലാറ്ററൽ സാങ്ഷൻസ് മോണിറ്ററിംഗ് ടീം പറഞ്ഞു. ഐക്യരാഷ്ട്ര സഭ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉത്തര കൊറിയയും റഷ്യയും ഏർപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മോണിറ്ററിംഗ് ടീം വ്യക്തമാക്കി.
2024 ജൂണിൽ, ഉത്തരകൊറിയൻ ഭരണാധികാരി കിമ്മും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്ത ഉടമ്പടിയിൽ ഒപ്പുവച്ചുതായി റിപ്പോർട്ടുകളുണ്ട്. റഷ്യയോ ഉത്തര കൊറിയയോ ആക്രമിക്കപ്പെട്ടാൽ ഇരു രാജ്യങ്ങളും പരസ്പരം സഹായിക്കാൻ സന്നദ്ധരാ യിരിക്കണമെന്ന് ഉടമ്പടിയിൽ പറയുന്നു. ഉപരോധം ഏർപ്പെടുത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് 2024 മുതൽ ഐക്യരാഷ്ട്ര സംഘടന നിരീക്ഷിച്ച് വരികയാണ്. ഈ നിരീക്ഷണത്തിൽ ഒൻപത് ദശലക്ഷം റൗണ്ട് പീരങ്കികളും റോക്കറ്റ് ലോഞ്ചർ വെടിയുണ്ടകളും കൊറിയയിൽ നിന്ന് റഷ്യയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്.
യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് വിരുദ്ധമായി ഉത്തര കൊറിയയും റഷ്യയും തങ്ങളുടെ സൈനിക സഹകരണങ്ങൾ തുടരാനും ആഴത്തിലാക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മോണിറ്ററിംഗ് ടീം വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങൾക്ക് ഉൾപ്പെടെ യുക്രെയ്ന് മേൽ നടത്തിയ എല്ലാ ആക്രമണങ്ങൾക്കും ഉത്തര കൊറിയയുടെ പിന്തുണയുണ്ടായിരുന്നതായാണ് റിപ്പോർട്ട്. സൈനിക ശക്തി കൂടുതലായ ഉത്തര കൊറിയ എന്നാൽ സൈനിക സഹായം നൽകാതെയാണ് റഷ്യയുമായി ആയുധങ്ങളുടെ കൈമാറ്റം നടത്തിയത്. 2023 സെപ്തബറിൽ റഷ്യയിലേക്ക് വെടിക്കോപ്പുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയതിന് ശേഷം ഉത്തര കൊറിയ കുറഞ്ഞത് 100 ബാലിസ്റ്റിക് മിസൈലുകൾ, തോക്കുകൾ, മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, യുദ്ധോപകരണങ്ങൾ എന്നിവ കൈമാറിയതായി റിപ്പോർട്ട് പറയുന്നു. കടൽ, വ്യോമ, റെയിൽ എന്നിങ്ങനെ സാധ്യമാകുന്ന എല്ലാ മാർഗങ്ങളിലൂടെയും ആയുധങ്ങളുടെ കൈമാറ്റം നടത്തിയിരുന്നു. യുക്രെയ്ന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും ജനവാസ മേഖലകളെ ഭയപ്പെടുത്താനും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഉത്തരകൊറിയയിൽ നിന്ന് പുറത്തുവന്ന റിപ്പോർട്ടുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മിസൈൽ പ്രയോഗത്തിൽ മികവ് പുലർത്തുന്നതിനായി കൂടുതൽ ഇലക്ട്രോണിക് സഹായങ്ങൾ കൂടി കൊറിയ റഷ്യയ്ക്ക് നൽകിയിരുന്നതായി പറയുന്നു. 11,000 ത്തോളം സൈനികരെ യുക്രെയ്ന് എതിരെയുള്ള ആക്രമണത്തിൽ റഷ്യയ്ക്ക് കൊറിയ നൽകിയിരുന്നു. റഷ്യയ്ക്ക് വേണ്ടി പോരാടാൻ കൊറിയ സൈനികരെ നൽകിയിരുന്നതായി പുടിനും കിംമും സ്ഥിരീകരിച്ചിരുന്നു.
content summary: North Korean Weapons in Russian Hands ‘Terrorise’ Ukrainian Cities
This post was last modified on May 30, 2025 2:28 pm
Leave a Comment