പ്രഥമ ട്വന്റി-20 ലോകകിരീടം തന്നെ ഇന്ത്യക്കു നേടിക്കൊടുത്ത മഹേന്ദ്ര സിംഗ് ധോണി ട്വന്റി-20 മത്സരത്തിനു യോജിച്ച കളിക്കാരനാണോ എന്നു തനിക്കു സംശയമുണ്ടെന്നു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഒരു അഭിമുഖത്തിനിടയിലാണു ധോണിയെ കുറിച്ച് ഗാംഗുലിയുടെ ഈ പരാമര്‍ശം വന്നത്. ഏകദിനത്തില്‍ ധോണി ചാമ്പ്യനാണ്. പക്ഷേ ട്വന്റി-20 യില്‍ ധോണി മികച്ച കളിക്കാരനാണോ എന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നാണു ഗാംഗുലി പറയുന്നത്. പത്തുവര്‍ഷത്തെ ട്വന്റി-20 കരിയറില്‍ ധോണിക്ക് ആകെയുള്ളത് ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമാണ്.. അതൊരിക്കലും നല്ലൊരു റെക്കോര്‍ഡ് അല്ല- ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അതേ അഭിമുഖത്തില്‍ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും ധോണി ട്വന്റി-20 മത്സരത്തില്‍ റണ്‍സ് നേടേണ്ടത് ആവശ്യമാണെന്നു പറഞ്ഞ് പരോക്ഷമായി ഗാംഗുലിയുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.
ഗാംഗുലിയുടെ അഭിപ്രായങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഐപിഎല്ലില്‍ ധോണിയുടെ പ്രകടനവും. കഴിഞ്ഞ സീസണില്‍ പൂനെയുടെ ക്യാപ്റ്റനായിരുന്ന ധോണിയെ ഇത്തവണ ക്യാപറ്റന്‍ സ്ഥാനത്തു നിന്നും ടീം ഒഴിവാക്കി. പകരം സ്റ്റീവ് സ്മിത്തിനെ നിയമിച്ചു. ഈ സീസണിലും കളിച്ച മൂന്നു കളിയിലും ധോണി നിരാശപ്പെടുത്തി. 12,5, 11 എന്നിങ്ങനെയാണു ധോണിയുടെ സ്‌കോര്‍. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി അറിയപ്പെടുന്ന 35 കാരനായ ധോണിയുടെ ആരാധാകരെ ഒട്ടും സന്തോഷിപ്പിക്കുന്ന വാര്‍ത്തകളല്ല എന്തായാലും ഇപ്പോള്‍ പുറത്തുവരുന്നത്.