ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടി ഭരണഘടനാ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ട് ഇന്നേയ്ക്കു 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. 2 വര്‍ഷവും 11 മാസവും 18 ദിവസവുമാണ് ഭരണഘടനാ നിര്‍മ്മാണത്തിനുവേണ്ടി ഭരണഘടനാ നിര്‍മ്മാണസഭ ചിലവഴിച്ചത്. ആദ്യം സമ്മേളനം 1946 ഡിസംബര്‍ മാസം 9-)0 തീയതിയും അവസാന സമ്മേളനം 1950 ജനുവരി മാസം 24-)0 തീയതിയുമായിരുന്നു. 1947 ജൂലൈ 18-ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റിന്റെ 8 ആം വകുപ്പ് പ്രകാരം ഇന്ത്യയുടെ ആദ്യത്തെ നിയമനിര്‍മ്മാണസഭ എന്ന പദവി ഭരണഘടന നിര്‍മ്മാണ സഭയ്ക്ക് ലഭിക്കുകയും ഭരണഘടന നിര്‍മ്മാണത്തിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സഭ കൈവരിക്കുകയും ചെയ്തു. 1950 ജനുവരി മാസം 26-)0 തിയതി ഭരണഘടന പൂര്‍ണ്ണമായും നിലവില്‍ വരുകയും അത് ഭാവി ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണമായി മാറുകയും ചെയ്തു. പൗരബോധവും രാഷ്ട്രബോധവും സമന്വയിക്കുന്ന ഒരു ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് സമ്പൂര്‍ണ്ണമായ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണം സാധ്യമാക്കിയിട്ടുള്ളത്.
ഭരണഘടന ആരംഭിക്കുന്നത് നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്ന വാക്യത്തോടെയാണ്. ഭരണഘടന അതിന്റെ പൂര്‍ണമായ അധികാരം നിക്ഷിപ്തമാക്കിയിരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളിലാണ്. ‘നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് നമുക്ക് പിന്നിലുള്ള ജനങ്ങളുടെ ശക്തിയിലാണ് നിഷ്പക്ഷരായ ജനങ്ങള്‍ നമ്മള്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നതുവരെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ നമ്മള്‍ പരാമാവധി ശ്രമിക്കുക തന്നെ വേണം.’ 1946 ഡിസംബര്‍ 13-)0 തിയതി ലക്ഷ്യ പ്രമേയം (objective resolution) അവതരിപ്പിക്കുന്നതിന് മുന്‍പ് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സൂചിപ്പിച്ച വാക്കുകളാണിത്. ഭരണഘടനയുടെ ശക്തിയും ഗതിയും ജനങ്ങളാണ്. ഭരണഘടനയില്‍ പ്രതിപാദിക്കുന്ന പരമാധികാരം പൂര്‍ണ്ണമായും രാജ്യത്തിന്റെ അനശ്വരമായ അസ്തിത്വമായ ജനങ്ങളാല്‍ നിയന്ത്രിതമാണ്. എല്ലാ ബാഹ്യ ശക്തികളുടെയും എല്ലാവിധ സ്വാധീനത്തെയും ഒഴിവാക്കി രാജ്യം രാജ്യത്തിന്റെ തന്നെ നിയന്ത്രണത്തിലാവുന്ന രാഷ്ട്രീയ പ്രക്രിയയാണ് പരമാധികാരമെന്നതുകൊണ്ട് ഭരണഘടന വിവക്ഷിക്കുന്നത്. നൂറ്റാണ്ടുകളോളം നിരവധി വൈദേശിക ശക്തികളാല്‍ നിയന്ത്രിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യന്‍ ജനത ഭരണഘടനയിലൂടെ സ്വയം രാജ്യത്തിന്റെ പരമാധികാരികളാവുന്നിടത്താണ് ഇതിന്റെ പ്രസക്തി.
രാജ്യത്തെയും ജനങ്ങളെയും എങ്ങിനെ രൂപപ്പെടുത്താമെന്നു ഭരണഘടന ലക്ഷ്യം വയ്ക്കുന്ന ആശയങ്ങള്‍ ചുരുക്കത്തില്‍ പ്രതിപാദിക്കുന്നത് ഭരണഘടനയുടെ ആമുഖത്തിലാണ്. അതുകൊണ്ടാണ് ആമുഖം ഭരണഘടനയുടെ രാഷ്ട്രീയജാതകമാണെന്ന് കെ. എം. മുന്‍ഷി സൂചിപ്പിച്ചത്. സമത്വവും, സ്വാതന്ത്ര്യവും, സാഹോദര്യവും ജനാധിപത്യവും തൊട്ടുതീണ്ടാതിരിക്കുന്ന ഇന്ത്യന്‍ ജനതയെ ഈ മൂന്ന് തത്വങ്ങളില്‍ ഊന്നി നില്‍ക്കുന്ന വ്യക്തി ജീവിതത്തിന്റെ ഉടമകളാക്കി ഭരണഘടന ധാര്‍മികതയ്ക്കുള്ളില്‍ ജീവിക്കുന്ന ജനതയാക്കി മാറ്റാനുള്ള നിരന്തര പരിശ്രമമാണ് ഭരണഘടനയെ ജീവസ്സുറ്റതാക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന്റെ ദൈനംദിന ജീവിതംപോലും ഭരണഘടന ധാര്‍മികതയുടെ ശരി തെറ്റുകള്‍ക്കും വിശകലനങ്ങള്‍ക്കും വിഷയമാകുന്നുണ്ട്. സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന തത്ത്വം ഭരണഘടനാ മൂല്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഇവ ഒരു ക്ഷേമരാഷ്ട്രത്തിന്റെ രൂപീകരണത്തിനും അതിന്റെ പുരോഗതിക്കും വേണ്ട അടിസ്ഥാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തെ കേവലം രാഷ്ട്രീയ പ്രക്രിയ എന്നതിലുപരി പൗരന്റെ സാമൂഹ്യ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട അവിഭാജ്യമായ ഘടകമായ സാമൂഹ്യ ജനാധിപത്യമായിക്കൂടി ഭരണഘടനയില്‍ വിലയിരുത്തപ്പെടുന്നു. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും ജനാധിപത്യത്തിലും സമന്വയിച്ച് നില്‍ക്കുന്ന ജീവിതരീതിയാണ് സാമൂഹ്യ ജനാധിപത്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഭരണഘടനയോടുള്ള ഓരോ പൗരനും സൂക്ഷിക്കുന്ന ഏറ്റവും ഉന്നതമായ ആദരവാണ് ഭരണഘടനാ ധാര്‍മ്മികതയുടെ അടിസ്ഥാനമായി ഡോ. ബി. ആര്‍. അംബേദ്ക്കര്‍ വിലയിരുത്തിയത്. ഭരണഘടനാ ധാര്‍മ്മികത ഭരണഘടനയുടെ ഓരോ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. ‘ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന പ്രമാണമെന്നനിലയില്‍ വിവിധ അനുച്ഛേദങ്ങളില്‍ ധാര്‍മ്മികതയും ആദര്‍ശങ്ങളും, മൂല്യങ്ങളും ഉള്ളടക്കം ചെയ്തിരിക്കുന്നു. ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നില്ലെങ്കില്‍ക്കൂടി ഇവ ഭരണഘടനയില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്’ എന്നാണ് കല്‍പ്പന മേത്ത കേസില്‍ സുപ്രീം കോടതി ഭരണഘടന ധാര്‍മ്മികതയെപ്പറ്റി പരാമര്‍ശിച്ചത്. ഭരണഘടനയില്‍ ഉടനീളം പരന്നു നില്‍ക്കുന്ന ഉദാത്തമായ മാര്‍ഗ്ഗദര്‍ശനമാണ് ഭരണഘടന ധാര്‍മ്മികത. വിവിധ വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിച്ച ഇന്ത്യന്‍ ജനതയ്ക്ക് അത്തരം വിശ്വാസങ്ങള്‍ക്കുപരി ഭരണഘടനയില്‍ പൊതുവായ വിശ്വാസമുണ്ടാക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭരണഘടനയിലെ എഴുത്തുകള്‍ കേവലം പുറം ചട്ടമാത്രമാണ് അതിന്റെ ജീവനും രക്തവും ഭരണഘടനാ ധാര്‍മ്മികതയാണെന്നതാണ് ഡോ. ബി. ആര്‍. അംബേദ്ക്കര്‍ വിലയിരുത്തിയത്. എല്ലാ വിഭാഗങ്ങളും തുല്യഅളവില്‍ രാജ്യത്ത് പരിഗണിക്കപ്പെടുകയും പ്രതിനിധികരിക്കപ്പെടുകയും ചെയ്യുകയും എല്ലാവിധ വേലിക്കെട്ടുകള്‍ക്കുമപ്പുറം ഭരണഘടനയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭരണക്കര്‍ത്തകളുടെയും ജനങ്ങളുടെയും പരമാവധി സഹവര്‍ത്തിത്വം സാധ്യമാക്കുക എന്നതുകൂടി ഭരണഘടന ധാര്‍മ്മികതയുടെ ഭാഗമാണ്.
രാജ്യത്തെ ഒരു ക്ഷേമരാഷ്ട്രമായി വിഭാവനം ചെയ്യുമ്പോള്‍ തന്നെ ഭരണഘടനാ മൂല്യങ്ങളില്‍ ജീവിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും ഭരണഘടന ഉറപ്പാക്കുന്നു. സമത്വവും സ്വാതന്ത്ര്യവും സഹോദര്യവും വ്യക്തികള്‍ക്കുള്ള അന്തസ്സും പരസ്പരം പ്രദാനം ചെയ്യാന്‍ ശേഷിയുള്ള ഒരു ജനതയുടെ കൈകളില്‍ മാത്രമേ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതമായിരിക്കുകയുള്ളുവെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു ബോധ്യമുണ്ടായിരുന്നു. ഭരണഘടനാ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഹോദര്യമാണ്. നെഹ്രുവിന്റെ ലക്ഷ്യ പ്രമേയത്തില്‍ ഇല്ലാതിരുന്നിട്ടുകൂടി ഡ്രാഫ്റ്റിങ് കമ്മിറ്റി ഉള്‍പ്പെടുത്തിയ പദമാണ് ‘സാഹോദര്യം’. വ്യക്തികള്‍ക്കുള്ള മാന്യതയും രാജ്യത്തിന്റെ ഐക്യവും പൂര്‍ണ്ണതയും സാക്ഷാത്കരിക്കുന്ന തരത്തിലുമുള്ള ജനതയുടെ സാര്‍വത്രികമായ സാഹോദര്യത്തെയാണ് ഭരണഘടനയിലൂടെ ഉറപ്പാക്കുന്നത്. ഭരണഘടനയില്‍ മൗലീക കടമകളെക്കുറിച്ച് പറയുന്ന അനുച്ഛേദം 51 A (e) യില്‍ സാഹോദര്യം എന്ന മൂല്യം ഇന്ത്യന്‍ പൗരന്‍ പാലിക്കേണ്ട കടമയായിക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജാതി മത വര്‍ഗ്ഗ ചിന്തകളില്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന ഒരു ജനതയുടെ മനസിലും ജീവിതത്തിലും സഹോദര്യത്തെയും, വ്യക്തിയുടെയും അന്തസ്സിനേയും ഒരു ഇന്ത്യന്‍ പൗരന്‍ നിയമപരമയും അടിസ്ഥാനപരമായും പാലിക്കേണ്ട കടമയും ഉത്തരവാദിത്വവുമായി മാറ്റുകയാണ് ഭരണഘടനാ ചെയ്യുന്നത്. ജസ്റ്റിസ്. എച്ച്. ആര്‍. ഖന്ന അദ്ദേഹത്തിന്റെ മേക്കിങ് ഓഫ് ഇന്ത്യാ’ സ് കോണ്‍സ്റ്റിട്യൂഷന്‍ എന്ന പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് ‘നമ്മുടെ സ്ഥാപക പിതാക്കന്‍മ്മാര്‍ നമുക്കായി കരുതിവെച്ച പൈതൃക മൂല്യമാണ് ഇന്ത്യന്‍ ഭരണഘടനയെങ്കില്‍, നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍, ഭരണഘടനയുടെ അനുച്ഛേദങ്ങളില്‍ ജീവിക്കുന്ന ആ മൂല്യങ്ങളുടെ സംരക്ഷകരും പരിപാലകരും തന്നെയാണ്. ഭരണഘടന ഒരു കടലാസ് പേപ്പര്‍ അല്ല മറിച്ച് ഒരു പൗരന്‍ നിര്‍ബന്ധമായും ജീവിക്കേണ്ട ജീവിതശൈലിയാണ്. ഈ ഭരണഘടനാ ദിനത്തില്‍ ഓരോ ഇന്ത്യന്‍ പൗരനും ദൃഢപ്പെടുത്തേണ്ട ഒരു പ്രതിജ്ഞ കൂടിയാണ്. November 26, Constitution day of India
Content Summary; November 26, Constitution day of India